രണ്ടുമാസത്തെ വേനലവധികഴിഞ്ഞ് അടുത്തയാഴ്ച വിദ്യാലയങ്ങളിലേക്കെത്തുമ്പോള്‍ കുട്ടികള്‍ക്ക് മുന്നൊരുക്കങ്ങള്‍വേണമെന്ന് വിദഗ്ധര്‍. പുതിയപുസ്തകവും പുതിയവസ്ത്രവും ബാഗും കുടയുമെല്ലാം ഒരുക്കുന്നതോടൊപ്പം മനസ്സിനും വേണം ചില ഒരുക്കങ്ങള്‍. ഇതില്‍ പ്രധാനപ്പെട്ടതാണ് ഡിജിറ്റല്‍ ഉപകരണങ്ങളില്‍നിന്നുള്ള മുക്തിപരിശീലനം.

To advertise here,

അവധിക്കാലത്ത് യാത്രകളും ക്യാമ്പുകളുമായി സമയംചെലവിട്ടെങ്കിലും മിക്കകുട്ടികളും അന്‍പതിലേറെ ദിവസം കുറേസമയം വ്യത്യസ്ത ഡിജിറ്റല്‍ ഉപകണങ്ങള്‍ക്കൊപ്പമായിരുന്നെന്നാണ് വിലയിരുത്തല്‍.

ഡിജിറ്റല്‍മുക്തി: ചില മാര്‍ഗനിര്‍ദേശങ്ങള്‍

  • പെട്ടെന്നുകയറി നാളെമുതല്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് കുഞ്ഞുങ്ങളോട് പറയരുത്.
  • ദിനചര്യകളില്‍ മാറ്റംവരുത്തി, പതുക്കെ ഡിജിറ്റല്‍ ഉപകരണ ഉപയോഗം കുറയ്ക്കണം
  • പുസ്തകംപൊതിയാന്‍, ലേബല്‍ ഒട്ടിക്കാന്‍, പേരുകളെഴുതാന്‍ അവരെ കൂടെക്കൂട്ടണം
  • പഴയപുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നയിടത്തുനിന്ന് അവ മാറ്റി വൃത്തിയാക്കി പുതിയപുസ്തകങ്ങള്‍ അവിടെ അടുക്കിവെക്കാം
  • ആദ്യപാഠം വായിച്ച് പരിചയപ്പെടാനുള്ള ശ്രമം കുട്ടികളോടൊപ്പമിരുന്ന് രക്ഷിതാക്കള്‍ക്കും ചെയ്യാം
  • ഓരോദിവസത്തേക്കുംവേണ്ട പ്രഭാതഭക്ഷണത്തിന്റെയും ഉച്ചഭക്ഷണത്തിന്റെയും വൈകുന്നേര സ്‌നാക്കുകളുടെയും ടൈംടേബിള്‍ കുട്ടികളെക്കൊണ്ടുതന്നെ തയ്യാറാക്കിക്കാം
  • കൈയെഴുത്തുപരിശീലനം എന്നനിലയ്ക്ക് ഇരട്ടവരി-നാലുവരി കോപ്പികള്‍ എഴുതിക്കാം
  • ദിനപത്രങ്ങളിലെ പ്രധാനവാര്‍ത്തകള്‍ വായിച്ച് ഒരു പുസ്തകത്തില്‍ അതിലെ പത്തുവാര്‍ത്തയുടെ തലക്കെട്ട് എഴുതിക്കുക. അതില്‍നിന്ന് ചില ചോദ്യങ്ങള്‍തയ്യാറാക്കി രക്ഷിതാക്കളോടുചോദിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കാം
  • കുട്ടികളോടൊപ്പം ചെലവിടാന്‍ കുറച്ചുസമയം കണ്ടെത്തണം. ഇതിന് യാത്രകള്‍ ഗുണംചെയ്യും. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്ത യാത്രകളാണ് ഗുണംചെയ്യുക
  • യോഗ, സൂംബ, എയ്റോബിക്‌സ്, നീന്തല്‍, നടത്തം പോലുള്ള വ്യായാമങ്ങള്‍ ഒന്നിച്ചുചെയ്യാന്‍ ശ്രമിക്കാം
  • വീട്ടുകാരുടെ ശ്രമംകൊണ്ട് ഡിജിറ്റല്‍ ഉപകരണത്തോടുള്ള അഡിക്ഷന്‍ കുറയ്ക്കാന്‍സാധിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടാല്‍, ഉടനെ ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റുകളെ ബന്ധപ്പെടുക. പോലീസിന്റെയോ, മറ്റ് വിദഗ്ധരുടെയോ കൗണ്‍സലിങ് കേന്ദ്രവുമായി ബന്ധപ്പെട്ട് ചികിത്സതേടുകയുമാകാം

(വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. എസ്.ആര്‍. രതീഷ്, ലക്ചറര്‍ ഇന്‍ ക്‌ളിനിക്കല്‍ സൈക്കോളജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ്-ഇംഹാന്‍സ്)

ഹെല്‍പ്പ് ലൈനുമായി പോലീസും

കുട്ടികളുടെ ഡിജിറ്റല്‍മുക്തിക്കായി പോലീസ് ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ (ഡി-ഡാഡ്) പദ്ധതി പ്രത്യേകമായി നടത്തുന്നുണ്ടെന്നും അതുവഴി ധാരാളം കുട്ടികള്‍ക്ക് ഗുണമുണ്ടായിട്ടുണ്ടെന്നും കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ അരുണ്‍ കെ. പവിത്രന്‍ അറിയിച്ചു.

അവധിക്കാല ഫോണ്‍ അഡിക്ഷനില്‍നിന്ന് രക്ഷപ്പെടാന്‍ പോലീസ് 'ചിരി' ഹെല്‍പ്പ് ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 9497900200 എന്ന നമ്പറില്‍വിളിച്ച് സഹായംതേടാം.