ല കാരണങ്ങളാൽ തലവേദന അനുഭവപ്പെടാം. സമ്മർദം കൂടുമ്പോഴും ശരീരത്തിലെ ജലാംശം കുറയുമ്പോഴും സൈനസ്, മൈ​ഗ്രേൻ എന്നിവ കാരണവുമൊക്കെ തലവേദന പ്രത്യക്ഷമാകാറുണ്ട്. മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും തലവേ​ദന കാണാറുണ്ട്. എന്നാൽ പലപ്പോഴും കുട്ടികളിലെ തലവേദനയെ പഠിക്കാനുള്ള മടിയുമായി ബന്ധപ്പെടുത്തുന്നവർ ഏറെയാണ്. പഠിക്കാനിരിക്കുമ്പോഴേക്കും തലവേ​ദനയെത്തി എന്ന് പരാതിപ്പെടുന്ന മാതാപിതാക്കൾ അതത്ര നിസ്സാരമാക്കരുതെന്ന് പറയുകയാണ് ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ. 

To advertise here,

കുട്ടികൾ തലവേദനയുടെ തീവ്രത പങ്കുവെക്കുമ്പോൾ മാതാപിതാക്കൾ അത് നിസ്സാരമാക്കരുതെന്നാണ് ഡോ.സുധീർ കുമാർ പറയുന്നത്. കുട്ടികളിലും മൈ​ഗ്രേൻ സാധാരണമാണെന്നും അതാവാം തലവേദനയ്ക്ക് പിന്നിലെന്നും അദ്ദേഹം പറയുന്നു. അഞ്ചുവയസ്സിനും പത്ത് വയസ്സിനും ഇടയിലുള്ള നിരവധി കുട്ടികളെ ചികിത്സിച്ചതിന്റെ ഭാ​ഗമായാണ് താൻ ഇക്കാര്യം മനസ്സിലാക്കിയതെന്നും അദ്ദേഹം പറയുന്നു. 

പലപ്പോഴും കുട്ടികൾ കൃത്യമായി അവരുടെ ലക്ഷണങ്ങൾ പങ്കുവെക്കാറില്ല, ഇത് കൃത്യമായി രോ​ഗസ്ഥിരീകരണം നടത്തുന്നതിൽ വെല്ലുവിളിയാകും. പലപ്പോഴും കുട്ടികൾ പഠനം ഒഴിവാക്കാൻ വേണ്ടിയാണ് തലവേദനയുണ്ടെന്ന് പരാതിപ്പെടുന്നതെന്ന് മാതാപിതാക്കൾ കരുതുന്നത്. കുട്ടികളിലെ മൈ​ഗ്രേയ്നിനും കൃത്യമായ ചികിത്സയുണ്ടെന്നും അദ്ദേഹം പറയുന്നു. 

കുട്ടികളിലെ മൈ​ഗ്രേൻ

മുതിർന്നവരുടേതുപോലെ തന്നെ കുട്ടികളിലും മൈ​ഗ്രേൻ പ്രകടമാകാറുണ്ട്. മുതിർന്നവരിലെ മൈ​ഗ്രേൻ പൊതുവേ ഒരുവശത്തുമാത്രം വേദനയായാണ് പ്രകടമാകുന്നതെങ്കിൽ കുട്ടികളിൽ ഇരുവശത്തും വേദന അനുഭവപ്പെടാം. മുതിർന്നവരുടേതുപോലെ നീണ്ട മൈ​ഗ്രേൻ അറ്റാക്കല്ല കുട്ടികളിൽ ഉണ്ടാവുക. എങ്കിലും പഠനത്തേയും പാഠ്യേതര വിഷയങ്ങളേയും ബാധിക്കുമെന്നതിനാൽ വിദ​ഗ്ധ ചികിത്സ തേടേണ്ടതുണ്ട്. 

കുട്ടികളിലെ മൈ​ഗ്രേൻ ലക്ഷണങ്ങൾ

അസഹ്യമായ തലവേദനയാണ് പ്രധാനലക്ഷണം. തലയുടെ മുൻവശത്തോ ഇരുവശങ്ങളിലോ ആയാണ് വേദന പൊതുവേ പ്രകടമാവുകയെങ്കിലും തലമുഴുവനായോ ഒരുഭാ​ഗത്തുമാത്രമായോ പ്രത്യക്ഷമാവുകയും ചെയ്യാം. തലവേദനയ്ക്കൊപ്പം തലകറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയായ്ക, ശബ്​ദത്തോടും വെളിച്ചത്തോടുമുള്ള അസ്വസ്ഥത, വിശപ്പില്ലായ്മ, അടിവയറിൽ വേദന, ഛർദി, ഓക്കാനം തുടങ്ങിയവയും അനുഭവപ്പെടാം.