സെലിബ്രിറ്റി ഷെഫും ഫുഡ് നെറ്റ്‌വര്‍ക്ക് സ്റ്റാറും റെസ്‌റ്റോറന്റ് ശൃംഖലകളുടെ ഉടമസ്ഥനുമായ മൈക്കല്‍ ചിയാരെല്ലോ അന്തരിച്ചു. 61 വയസ്സായിരുന്നു. ശനിയാഴ്ച കാലിഫോര്‍ണിയയിലെ നാപ്പയിലെ ക്യൂന്‍ ഓഫ് ദ വാലി മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. 

To advertise here,

ഗുരുതരമായ അലര്‍ജിയെ തുടര്‍ന്നുണ്ടായ അനഫിലാക്റ്റിക് ഷോക്കാണ് മരണകാരണം. ഇറ്റാലിയന്‍ സ്വാധീനമുള്ള പാചകരീതികളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടേയും പ്രശസ്തനായ വ്യക്തിയാണ് ചിയാരെല്ലെ. 

സ്വന്തം റെസ്റ്റോറന്റ് ഗ്രൂപ്പായ 'ഗ്രൂപ്പോ ചിയാരെല്ലോ'യാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മരണസമയത്ത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ അടുത്തുണ്ടായിരുന്നെന്നും അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തരുതെന്നും വാര്‍ത്താ കുറിപ്പില്‍ റെസ്റ്റോറന്റ് ഗ്രൂപ്പ് പറയുന്നു. മുന്‍ ഭാര്യ എയ്‌ലീന്‍ ഗൊര്‍ദൊന്‍, മക്കളായ എയ്ഡന്‍, മാര്‍ഗോക്‌സ്, ഫെലീസിയ, ജിയാന എന്നിവരാണ് മരണസമയത്ത് അടുത്തുണ്ടായിരുന്നത്. 

1962 ജനുവരി 26-ന് ജനിച്ച ചിയാരെല്ലോ 1985-ല്‍ ഫുഡ് ആന്‍ഡ് വൈന്‍ മാഗസിന്റെ ഷെഫ് ദ ഇയര്‍ പുരസ്‌കാരം നേടി. 1987-ലാണ് അദ്ദേഹം തന്റെ ആദ്യ റെസ്‌റ്റോറന്റ് തുടങ്ങുന്നത്. ടോപ് ഷെഫ്, ടോപ് ഷെഫ് മാസ്റ്റേഴ്‌സ്, ദി നെക്സ്റ്റ് അയണ്‍ ഷെഫ്, ഈസി എന്റര്‍ടെയ്‌നിങ് വിത്ത് മൈക്കല്‍ ചിയാരെല്ലോ തുടങ്ങി നിരവധി ഷോകളില്‍ അദ്ദേഹം പങ്കെടുത്തു. നിരവധി പാചക പുസ്തകാരങ്ങള്‍ എഴുതിയിട്ടുണ്ട്. 1999-ല്‍ വൈന്‍ നിര്‍മാണത്തിനും തുടക്കമിട്ടു. ചിയാരെല്ലോ ഫാമിലി വൈന്‍യാര്‍ഡ്‌സ് എന്ന പേരിലാണ് വൈന്‍ പുറത്തിറക്കുന്നത്. 

എന്താണ് അനഫിലാക്സിസ്?

ഗുരുതരമായതും ജീവന്‍ വരെ പോകാവുന്നതുമായ അലര്‍ജിയാണ് അനഫിലാക്സിസ്. പ്രാണികളുടെ കടിയേല്‍ക്കുക, ഭക്ഷണപദാര്‍ത്ഥങ്ങള്‍, മരുന്നുകള്‍ എന്നിവയെല്ലാം ഇതിന് കാരണമാകാം. രക്തത്തിലെ ശ്വേതരക്താണുക്കളില്‍ നിന്നും ഹാനികരമായ ചില രാസപദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നതാണ് അനഫിലാക്സിസ്നു കാരണം. ഇത് പിന്നീട് ശരീരം മുഴുവന്‍ വ്യാപിക്കുന്നു. 

അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളുമായി സമ്പര്‍ക്കം ഉണ്ടായശേഷം മിനിറ്റുകള്‍ക്കം തന്നെ രോഗലക്ഷണങ്ങള്‍ ഉണ്ടായേക്കാം. കൃത്യമായ സമയത്ത് വൈദ്യസഹായം ലഭ്യമാക്കിയില്ലെങ്കില്‍ രോഗിയുടെ ജീവന്‍ അപകടത്തിലാകും. ഏതെങ്കിലും തരത്തിലുള്ള അലര്‍ജിയുള്ളവരില്‍ ഇതിന് സാധ്യത കൂടുതലുമാണ്.  

ലോകത്ത് രണ്ട് ശതമാനം ആളുകള്‍ അവരുടെ ജീവിതകാലത്ത് ഏതെങ്കിലും തരത്തിലുള്ള അനഫിലാക്സിസിന് ഇരയാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ലക്ഷണങ്ങള്‍ 

ദേഹമാസകലം ഉള്ള ചൊറിച്ചില്‍, ചുവന്നു തടിക്കല്‍, ചുണ്ട് തടിച്ചു വീര്‍ക്കുക, ദേഹം നീരുവെയ്ക്കല്‍, നാവു തടിച്ചു വീര്‍ക്കല്‍ മുതലായവയാണ് സാധാരണയായി കണ്ടുവരുന്ന ചര്‍മസംബന്ധിയായ രോഗലക്ഷണങ്ങള്‍. കുറഞ്ഞ രക്തസമ്മര്‍ദം, ശ്വാസതടസം, ശ്വാസം എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയുമുണ്ടാവാം. ശ്വാസനാളത്തിലെ പേശികള്‍ ചുരുങ്ങുന്നതും തൊണ്ടവീക്കം മൂലവുമാണ് ശ്വാസതടസം ഉണ്ടാവുന്നത്. ഹൃദയാഘാതം, ഹൃദയമിടിപ്പിലുള്ള വ്യത്യാസങ്ങള്‍, കുറഞ്ഞ രക്തസമ്മര്‍ദം, ഛര്‍ദ്ദി മുതലായ ലക്ഷണങ്ങളും ഉണ്ടാകാം.

പ്രതിരോധം, ചികിത്സ 

രോഗകാരിയായ വസ്തുവുമായുള്ള സമ്പര്‍ക്കം കഴിയുന്നതും ഒഴിവാക്കുക എന്നുള്ളതാണ് അനഫിലാക്സിസിന്റെ പ്രധാന പ്രതിരോധം. രോഗകാരിയായ വസ്തുവിനോടുള്ള സംവേദനക്ഷമത കുറയ്ക്കുക എന്നത് മറ്റൊരു രീതിയാണ്. ഇത്തരത്തില്‍ തേനീച്ച കുത്തല്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയോടുള്ള അലര്‍ജി കുറയ്ക്കാവുന്നതാണ്. അലര്‍ജിയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിവതും ഒഴിവാക്കുകയാണ് ഉത്തമം. അഡ്രിനാലിന്‍, സ്റ്റിറോയിഡ് മുതലായവ അനഫിലാക്‌സിന് ഫലപ്രദമാണ്. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ രോഗി മരിച്ചേക്കാം.