രുചിയിലും പോഷകഗുണത്തിലും ഏറെ മുന്നിലാണ് കശുവണ്ടിപ്പരിപ്പ്. വിഭവങ്ങളുടെ രുചി വര്‍ധിപ്പിക്കുന്നതിന് പുറമെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പ്രധാനം ചെയ്യുന്നതിനും കശുവണ്ടി സഹായിക്കുന്നു. ഹൃദ്രോഗമുള്‍പ്പടെയുള്ള രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും കശുവണ്ടി ഉത്തമമാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, കശുവണ്ടി കഴിക്കുന്നത് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് കാരണമാകുമോ?. ഇല്ല എന്നാണ് വിദഗ്ധർ പറയുന്നത്. ഒരു ചെറിയ ബൗൾ കശുവണ്ടി (75 ഗ്രാം) കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മിതമായി മാത്രമേ വർധിപ്പിക്കുകയുള്ളൂവെന്ന് ഡയറ്റീഷ്യൻ ഗരിമ ഗോയലിനെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
75 ഗ്രാം കശുവണ്ടിയിൽ ഏകദേശം 20 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. ഇതിൽ 3 ഗ്രാം ഡയറ്ററി ഫൈബർ ആയതിനാൽ, മൊത്തം കാർബോഹൈഡ്രേറ്റിന്റെ അളവ് 17 ഗ്രാം ആണ്. അതേസമയം, 75 ഗ്രാം കശുവണ്ടിയുടെ കലോറി മൂല്യം 440 kcal ആണ്. എന്നാൽ, ഇതിന് കാരണം കാർബോഹൈഡ്രേറ്റുകളല്ല. കൂടാതെ, കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ്(22), ഗ്ലൈസെമിക് ലോഡ് എന്നിവയും പ്രമേഹരോഗികളെ സംബന്ധിച്ച് കശുവണ്ടി ഒരു മികച്ച ഓപ്ഷനാകുന്നു.
ധാരാളം പ്രോട്ടീൻ
കശുവണ്ടിയിൽ 14 ഗ്രാം പ്രോട്ടീനും 34 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ദഹനം സാവധാനത്തിലാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കും. കൂടാതെ, കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിൽ വീക്കം തടയാൻ സഹായിക്കുന്ന oleic acid അടങ്ങിയിട്ടുണ്ട്.
പ്രമേഹരോഗികൾക്ക് കഴിക്കാമോ?
കശുവണ്ടി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ചെറിയ വർധനവിന് കാരണമാകുമെന്നതിനാൽ കഴിക്കുന്ന അളവിൽ പ്രമേഹമുള്ളവർ ശ്രദ്ധിക്കേണ്ടതുണ്ട്. കശുവണ്ടി കഴിക്കുന്നത് പഞ്ചസാരയുടെ അളവിനെ കാര്യമായി ബാധിക്കില്ലെങ്കിലും കലോറി വർധിപ്പിക്കുകയും അത് ശരീരഭാരം കൂടാൻ കാരണമാകുകയും ചെയ്യും. കൂടുതൽ അളവിൽ കശുവണ്ടി കഴിക്കുകയാണെങ്കിൽ അത് രക്തത്തിലെ പഞ്ചസാരയുടെ വർധനവ് സന്തുലിതമാക്കാൻ വെജിറ്റബിൾ സാലഡ്, തൈര് തുടങ്ങിയ നാരുകളടങ്ങിയതോ പ്രോട്ടീൻ ധാരാളമുള്ളതോ ആയ ഭക്ഷണങ്ങളോടൊപ്പം കശുവണ്ടി കഴിക്കുക.
ഈ നട്സ് കഴിക്കാം
ബദാം
ബദാമിൽ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ഫൈബർ, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഒരു പിടി ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും വയറുനിറഞ്ഞതായി തോന്നാനും സഹായിക്കും.
പിസ്ത
ഉയർന്ന അളവിലുള്ള ഫൈബറിന്റെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും സാന്നിധ്യം കൊണ്ട് പ്രമേഹരോഗികൾക്ക് കഴിക്കാൻ പറ്റിയ മറ്റൊരു മികച്ച നട്സാണ് പിസ്ത. ഇവ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുകയും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.
ബ്രസീൽ നട്ട്സ്
ബ്രസീൽ നട്ട്‌സിൽ സെലിനിയം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും പ്രമേഹത്തിന്റെ സങ്കീർണതകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ആന്റിഓക്സിഡന്റാണ്. കൂടാതെ ഇവയിൽ ആരോഗ്യകരമായ കൊഴുപ്പുകളും ഫൈബറും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ മികച്ച നിയന്ത്രണത്തിനും ഹൃദയാരോഗ്യത്തിനും സഹായിക്കും.
ഹേസൽനട്ട്
വൈറ്റമിൻ ഇ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ ഒരു മികച്ച ഉറവിടമാണ് ഹേസൽനട്ട്. ഹേസൽനട്ടിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും.
വാൾനട്ട്
ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ വാൾനട്ട് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, വാൾനട്ടിൽ അടങ്ങിയിട്ടുള്ള ഉയർന്ന ഫൈബർ പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ചെയ്യുന്നു.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Discover if cashews impact blood sugar levels. Learn about their glycemic index and suitability for diabetics. Get expert insights on safe consumption.
Published: 22 Nov 2025, 06:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented