പരിപ്പും സാമ്പാറും തീയലും പുളിശ്ശേരിയുമൊക്കെ സ്ഥിരമായി ഉണ്ടാക്കുമ്പോൾ ഒരു വേറിട്ട ഒഴിച്ചുകറി വേണമെന്ന് തോന്നാറില്ലേ? അതിനൊരു പരിഹാരമായി ദേ ഈ കറിയുണ്ടാക്കി നോക്കിക്കോളൂ. ഇത്തിരി രാജകീയ പരിവേഷത്തോടെയാ അന്നുമിന്നും ഈ ഭവാൻ ഊണിനായി അവതരിക്കുക. കാരണം ഇതിലേ നായകന്റെ താരപരിവേഷം തന്നെ. ആരെന്നല്ലേ? അതാണ് പച്ചക്കശുവണ്ടി.
വേനൽക്കാലത്ത് പറമ്പിലെ കശുമാവ് പൂക്കുമ്പോൾ കൊതിയോടെ കാത്തിരിക്കും പച്ചകശുവണ്ടി വിഭവങ്ങൾക്കായി. കൊങ്കണികൾ ഇവയേ 'ബിബ്ബോ 'എന്ന് വിളിക്കും. ഇവകൊണ്ട് സാദാ ഉപ്പേരിയായ 'ബിബ്ബ്യ ഉപ്കരി' യാണ് പ്രധാനമായും ഉണ്ടാക്കുക. നല്ല വെന്തു മൃദുവായ ബിബ്ബോയിൽ അല്പം തേങ്ങാ കൂടെ ചേർത്തെടുക്കും. ചോറിനൊപ്പം മാത്രമല്ല, പൂരിക്കൊപ്പവും ഇത് വിളമ്പും. ഇനി പാച്ചക്കശുവണ്ടിക്കൊപ്പം നല്ല പിഞ്ചു കോവയ്ക്ക കൂടെ അരിഞ്ഞു ചേർത്തും ഇതേ ഉപ്കരിയുണ്ടാക്കും. കൊങ്കണികളുടെ വിവാഹ സദ്യകൾക്കും മറ്റും ഈ വിഭവത്തിന് വിശേഷ സ്ഥാനമാണ്. മഡ്ഗണേ എന്നു കൊങ്കണികൾ വിളിക്കുന്ന കടലപരിപ്പ് പായസത്തിലും പച്ചക്കശുവണ്ടി ചേർക്കും. രുചിയാണെങ്കിൽ അവർണ്ണനീയം.
പച്ചക്കശുവണ്ടി പൊളിച്ചെടുക്കുന്നത് അല്പം മെനക്കേടുള്ള ജോലിയാണെങ്കിലും ഇതിനോടുള്ള അടങ്ങാത്ത പ്രിയം മൂലം ആ ജോലിഭാരം നമ്മൾ സഹിക്കും.
ഇനി പച്ചക്കശുവണ്ടി കിട്ടാത്ത നാടുകളിലും, സീസൺ അല്ലാത്ത കാലത്തും കൊതി മൂത്താൽ ഇതിനൊരു പ്രതിവിധി ഉണ്ട് കേട്ടോ. നമ്മുടെ സാദാ ഉണക്ക കശുവണ്ടി തലേന്ന് രാത്രി തന്നെ വെള്ളത്തിൽ കുതിർത്ത് വെയ്ക്കും. രാവിലെ ആകുമ്പോഴേക്കും പച്ച കശുവണ്ടിയോട് അടുത്തു നിൽക്കുന്ന അതേ രുചിയോടെയുള്ള പരുവത്തിൽ നമുക്ക് കിട്ടുകയും ചെയ്യും.
ഇനി ഇന്ന് പരിചയപ്പെടുത്തുന്ന ഒഴിച്ച് കറിയായ 'ബിബ്ബ്യ ഹുമ്മൺ' വിശേഷങ്ങളിലേക്ക്. പേരിൽ ബിബ്ബോ എന്ന് മാത്രം പറയുമെങ്കിലും പച്ച കാശുവണ്ടി കൂടാതെ ഉരുളക്കിഴങ്ങും ഈ കറിയിൽ ചേർക്കും. ചോറിനോപ്പമാണ് ബിബ്ബ്യ ഹുമ്മൺ വിളമ്പുക. എങ്കിലും നീർ ദോശയ്ക്കൊപ്പവും ഈ കറി അതീവ രുചികരമാണ്.
പാചകരീതിയിലേക്ക് :
ചേരുവകൾ :
1.പച്ചക്കശുവണ്ടി 1 കപ്പ്
2.ഉരുളക്കിഴങ്ങ് 2 വലുത്
3.തേങ്ങ ഒന്നര കപ്പ്
4.വറ്റൽ മുളക് 10-12
5.വാളൻ പുളി- ചെറുനെല്ലിക്ക വലുപ്പം
6.പച്ചമുളക്- 2
7.കായം ഒരു ടീസ്പൂൺ
8.ഉപ്പ് ആവശ്യത്തിന്
9.വെളിച്ചെണ്ണ- 2-3 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി ചെത്തി വലിയ കഷ്ണങ്ങളാക്കുക.
ഉരുളക്കിഴങ്ങും പച്ചക്കശുവണ്ടിയും പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ഉപ്പ് ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു കുക്കറിൽ വേവിയ്ക്കുക.
വറ്റൽമുളക് അല്പം എണ്ണയിൽ ചുവക്കെ വറുക്കുക. തേങ്ങ, വറുത്ത വറ്റൽമുളക്, വാളൻ പുളി എന്നിവ മഷി പോലെ അരച്ചെടുക്കുക.
ഈ അരപ്പ് വേവിച്ച കൂട്ടിൽ ചേർത്ത് ഒഴിച്ച് കറിക്ക് പാകമായ അളവിൽ ആവശ്യമായ വെള്ളമൊഴിച്ചു തിളപ്പിക്കുക. തിളച്ചു കുറുകി വരുമ്പോൾ കായപ്പൊടി ചേർത്തിളക്കി വാങ്ങി വെയ്ക്കാം. മീതെ പച്ച വെളിച്ചെണ്ണ ചേർക്കാം.
ശ്രദ്ധിക്കുക:
പച്ചക്കശുവണ്ടി കിട്ടാത്തവർ സാദാ ഉണക്ക കശുവണ്ടി മേൽപ്പറഞ്ഞപോലെ വെള്ളത്തിൽ ഒരു രാത്രി മുഴുവനും കുതിർത്തു പിറ്റേന്ന് എടുത്തു ഉപയോഗിക്കാവുന്നതാണ്.
Content Highlights: Discover Bibbya Humman, a royal Konkani curry featuring green cashews and potatoes in a flavorful coconut base
Published: 30 Sept 2025, 03:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented