സ്തനാർബുദത്തോടുള്ള പോരാട്ടത്തേക്കുറിച്ച് നിരന്തരം തുറന്നുപറഞ്ഞ് ശ്രദ്ധനേടിയിട്ടുള്ള താരമാണ് ഹിന്ദി ടെലിവിഷൻ താരം ഛവി മിത്തൽ. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലേറ്റ പരിക്കിനേത്തുടർന്ന് ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴകളുള്ള കാര്യം തിരിച്ചറിഞ്ഞതെന്ന് ഛവി പറഞ്ഞിട്ടുണ്ട്. മാമോ​ഗ്രാമുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനകൾ നടത്തി സ്തനാർബുദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തിൽ മുഴകൾ കണ്ടെത്തിയാൽ അവ​ഗണിക്കരുതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ അർബുദത്തിന് പിന്നാലെ ലൂപസ് രോ​ഗത്തോടുള്ള പോരാട്ടത്തേക്കുറിച്ചുകൂടി പങ്കുവെച്ചിരിക്കുകയാണ് ഛവി. 

To advertise here,

നേരത്തേയും ലൂപസ് രോ​ഗത്തേക്കുറിച്ച് പറഞ്ഞിട്ടുള്ള ഛവി, രോ​ഗംവീണ്ടും തിരികെ വന്നതിനേക്കുറിച്ചാണ് കുറിച്ചിരിക്കുന്നത്. ഇപ്പോൾ തന്റെ ശരീരത്തിൽ നൂറോളം അത്തരത്തിലുള്ള പാടുകളുണ്ട്. മുഖത്തും കഴുത്തിലും പുറകിലും കൈകളിലും നെഞ്ചിലും വയറിലുമൊക്കെ വെള്ളപ്പാടുകളുണ്ട്. ഇതിന് പരിഹാരമായി എന്താണ് ചെയ്യേണ്ടതെന്നതിനേക്കുറിച്ച് ധാരണയില്ല. സ്റ്റിറോയ്ഡുകൾ തുടങ്ങിയെങ്കിലും ഫലം കാണുന്നില്ല. ഇവ ഇടയ്ക്കിടെ ഉണ്ടാവുകയും മാഞ്ഞുപോവുകയും വീണ്ടും ഉണ്ടാവുകയും ചെയ്യുന്നു. ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടായാലും മുന്നിലുള്ള അനു​ഗ്രഹിക്കപ്പെട്ട കാര്യങ്ങളെ മുൻനിർത്തി ജീവിതം നയിക്കണമെന്നും ഛവി പറയുന്നു.

എന്താണ് ലൂപസ്?

സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂൺ അസുഖത്തിന്റെ ചുരുക്കപ്പേരാണ് SLE അഥവാ 'ലൂപസ്'. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന വ്യതിയാനമാണ് ലൂപസ് രോ​ഗത്തിന് കാരണമാകുന്നത്. രോഗപ്രതിരോധ സംവിധാനം ശരീരത്തിനെതിരെ തിരിഞ്ഞ് ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുകയാണ് ഇവിടെ ചെയ്യുന്നത്. സാധാരണ, രോ​ഗപ്രതിരോധശക്തി പുറത്തുനിന്നുള്ള ബാക്ടീരിയ, വൈറസ് തുടങ്ങിയവയിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. എന്നാൽ ഇതിനുവിപരീതമായി രോ​ഗപ്രതിരോധശക്തി സ്വന്തംകോശങ്ങളെ ആക്രമിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നതാണ് ലൂപസ് രോ​ഗം. ഏതു പ്രായക്കാരേയും രോ​ഗം ബാധിക്കാമെങ്കിലും പതിനഞ്ചുമുതൽ നാൽപത്തിനാലു വയസ്സുവരെ പ്രായമുള്ള സ്ത്രീകളിലാണ് കൂടുതൽ കാണാറുള്ളത്. തൊലി, കണ്ണ്, അസ്ഥി, ഹൃദയം, സന്ധികൾ, വൃക്ക, ശ്വാസകോശം, കരൾ തുടങ്ങിയ ഭാ​ഗങ്ങളേയൊക്കെ ലൂപസ് രോ​ഗം ബാധിക്കാം. 

രോഗലക്ഷണങ്ങൾ

  • രോഗത്തിന്റെ തുടക്കത്തിൽ ത്വക്കിലുണ്ടാകുന്ന ചുവന്ന ഫോട്ടോസെൻസിറ്റീവ് പാടുകളായോ കവിൾത്താടങ്ങളിലെ ചുവന്ന പുള്ളികളായോ (Butterfly rash) കാണാം. 
  • ത്വക്കിലെ തിണർപ്പ്
  • അടിക്കടി വായിലുണ്ടാകുന്ന പുണ്ണുകൾ, സന്ധികളിൽ ഉണ്ടാകുന്ന വേദന, നീർക്കെട്ട്
  • വിട്ടുമാറാത്ത പനി
  • അതിയായ ക്ഷീണം
  • തലയോട്ടി കാണും വിധമുള്ള മുടികൊഴിച്ചിൽ 
  • കാലുകളിലെ നീര്
  • അപസ്മാരം,ഓർമക്കുറവ്
  • ശ്വാസതടസ്സം
  • നെഞ്ചുവേദന
  • തലവേദന

പ്രാരംഭഘട്ടത്തിൽ തന്നെ രോ​ഗം തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ആന്തരിക അവയവങ്ങളെ സാരമായി ബാധിച്ചേക്കാം. വൃക്കകൾ, ശ്വാസകോശം, മസ്തിഷ്‌കം, നാഡികൾ മുതലായ അവയവങ്ങളെയാണ് ലൂപസ് രോഗം ബാധിക്കുന്നത്.