മരണത്തെ മുന്നിൽക്കണ്ട് വന്നതിനേക്കുറിച്ച് തുറന്നുപറഞ്ഞ് അമേരിക്കൻ ​ഗായികയും നടിയും അവതാരകയുമായ ടോണി ബ്രാക്സ്റ്റൺ. ഹൃദയാഘാതത്തിന് തൊട്ടടുത്തുനിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയതിനേക്കുറിച്ചാണ് ടോണി തുറന്നുപറഞ്ഞത്. ലൂപസ് എന്ന ഓട്ടോഇമ്മ്യൂൺ ഡിസീസിനോട് പോരാടുന്നതിനേക്കുറിച്ച് നേരത്തേ പങ്കുവെച്ചിട്ടുള്ള താരവുമാണ് ടോണി ബ്രാക്സ്റ്റൺ. 

To advertise here,

തുടക്കത്തിൽ അസ്വാഭാവികമായ പലലക്ഷണങ്ങളും ശരീരത്തിൽ പ്രകടമായെങ്കിലും കാര്യമാക്കിയില്ലെന്നും പിന്നീട് ​ഗുരുതരമായപ്പോഴാണ് എത്രത്തോളം തീവ്രമായിരുന്നുവെന്ന് മനസ്സിലായതെന്നും ടോണി പറയുന്നു. വിശദമായ പരിശോധനകൾക്കൊടുവിലാണ് രക്തധമനിയിൽ ബ്ലോക്ക് ഉണ്ടെന്നും ഹൃദയാഘാതസാധ്യത കൂടുതലായിരുന്നുവെന്നും കണ്ടെത്തിയത്. ഹൃദയാഘാതം ഉണ്ടാകുന്നതിന് മുമ്പ് തിരിച്ചറിഞ്ഞ് ചികിത്സിക്കാനായി എന്നാണ് ടോണി പറയുന്നത്. 

ഹൃദയത്തിലെ പ്രധാന രക്തധമനിയുടെ എൺപത് ശതമാനവും ബ്ലോക്ക് ആണെന്നാണ് ‍ഡോക്ടർ പറഞ്ഞത്. ഹൃദയാഘാതം ഉണ്ടായെങ്കിൽ തനിക്ക് അതിജീവിക്കാൻ കഴിഞ്ഞേക്കില്ല. ലക്ഷണങ്ങൾ കണ്ടയുടൻ വൈകാതെ ടെസ്റ്റ് ചെയ്തതാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും ടോണി പറയുന്നു. 2008-ലാണ് ടോണിക്ക് ലൂപസ് സ്ഥിരീകരിക്കുന്നത്. ലൂപസ് ഉള്ളവരിൽ ഹൃദ്രോ​ഗസാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നുണ്ട്.

ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?

ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്‌നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.

പ്രാഥമിക പരിശോധനയിൽ നിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. എന്നാൽ ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു. 

എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ചുമുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്‌നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.

എന്താണ് ലൂപസ്?

സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂൺ അസുഖത്തിന്റെ ചുരുക്കപ്പേരാണ് SLE അഥവാ 'ലൂപസ്'. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന വ്യതിയാനമാണ് ലൂപസ് രോ​ഗത്തിന് കാരണമാകുന്നത്. രോഗപ്രതിരോധ സംവിധാനം ശരീരത്തിനെതിരെ തിരിഞ്ഞ് ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുകയാണ് ഇവിടെ ചെയ്യുന്നത്. സാധാരണ, രോ​ഗപ്രതിരോധശക്തി പുറത്തുനിന്നുള്ള ബാക്ടീരിയ, വൈറസ് തുടങ്ങിയവയിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. എന്നാൽ ഇതിനുവിപരീതമായി രോ​ഗപ്രതിരോധശക്തി സ്വന്തംകോശങ്ങളെ ആക്രമിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നതാണ് ലൂപസ് രോ​ഗം. ഏതു പ്രായക്കാരേയും രോ​ഗം ബാധിക്കാമെങ്കിലും പതിനഞ്ചുമുതൽ നാൽപത്തിനാലു വയസ്സുവരെ പ്രായമുള്ള സ്ത്രീകളിലാണ് കൂടുതൽ കാണാറുള്ളത്. തൊലി, കണ്ണ്, അസ്ഥി, ഹൃദയം, സന്ധികൾ, വൃക്ക, ശ്വാസകോശം, കരൾ തുടങ്ങിയ ഭാ​ഗങ്ങളേയൊക്കെ ലൂപസ് രോ​ഗം ബാധിക്കാം. 

രോഗലക്ഷണങ്ങൾ

  • രോഗത്തിന്റെ തുടക്കത്തിൽ ത്വക്കിലുണ്ടാകുന്ന ചുവന്ന ഫോട്ടോസെൻസിറ്റീവ് പാടുകളായോ കവിൾത്താടങ്ങളിലെ ചുവന്ന പുള്ളികളായോ (Butterfly rash) കാണാം. 
  • ത്വക്കിലെ തിണർപ്പ്
  • അടിക്കടി വായിലുണ്ടാകുന്ന പുണ്ണുകൾ, സന്ധികളിൽ ഉണ്ടാകുന്ന വേദന, നീർക്കെട്ട്
  • വിട്ടുമാറാത്ത പനി
  • അതിയായ ക്ഷീണം
  • തലയോട്ടി കാണും വിധമുള്ള മുടികൊഴിച്ചിൽ 
  • കാലുകളിലെ നീര്
  • അപസ്മാരം,ഓർമക്കുറവ്
  • ശ്വാസതടസ്സം
  • നെഞ്ചുവേദന
  • തലവേദന

പ്രാരംഭഘട്ടത്തിൽ തന്നെ രോ​ഗം തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ആന്തരിക അവയവങ്ങളെ സാരമായി ബാധിച്ചേക്കാം. വൃക്കകൾ, ശ്വാസകോശം, മസ്തിഷ്‌കം, നാഡികൾ മുതലായ അവയവങ്ങളെയാണ് ലൂപസ് രോഗം ബാധിക്കുന്നത്.