ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം കനക്കുന്നതിനിടെ ലൂപസ് രോഗികളുടെ നിരക്കിൽ വർധനവ്. അമിതമായ ചൂട് ലൂപസ് രോഗികളുടെ നിരക്ക് കൂട്ടിയെന്ന് ഡൽഹിയിലെ ഗംഗാ റാം ഹോസ്പിറ്റലിലെ റുമാറ്റോളജി&ക്ലിനിക്കൽ ഇമ്മ്യൂണോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ആയ ഡോ.ലളിത് ദുഗാൽ പറയുന്നു.
വിട്ടുമാറാത്ത പനിയോടെയാണ് രോഗികൾ വരുന്നതെന്നും മറ്റു വാതരോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ചർമം, സന്ധികൾ, ശ്വാസകോശം, വൃക്ക, കരൾ, ശ്വാസകോശം, മസ്തിഷ്കം തുടങ്ങി ഏത് അവയവങ്ങളേയും ബാധിക്കാമെന്നും ഡോ.ലളിത് പറഞ്ഞു. അതിനാൽ രോഗലക്ഷണങ്ങളുമായി വരുന്നവരിൽ ലൂപസ് രോഗസാധ്യതയുണ്ടോയെന്നത് ആരോഗ്യപ്രവർത്തകർ വിദഗ്ധമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അന്തരീക്ഷത്തിലെ പലഘടകങ്ങളും ഇത്തരം രോഗങ്ങളുടെ സാധ്യത കൂട്ടാമെന്നും അദ്ദേഹം പറയുന്നു. സൂര്യപ്രകാശം അമിതമായി ഏൽക്കുന്നത്, പുക, ആർത്തവശേഷമുള്ള ഹോർമോൺ വ്യതിയാനങ്ങൾ, വൈറൽ അണുബാധകൾ തുടങ്ങിയവയൊക്കെ കാരണമാകാമെന്നും ഡോ. ലളിത് പറയുന്നു.
എന്താണ് ലൂപസ്?
സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂൺ അസുഖത്തിന്റെ ചുരുക്കപ്പേരാണ് SLE അഥവാ 'ലൂപസ്'. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന വ്യതിയാനമാണ് ലൂപസ് രോഗത്തിന് കാരണമാകുന്നത്. രോഗപ്രതിരോധ സംവിധാനം ശരീരത്തിനെതിരെ തിരിഞ്ഞ് ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുകയാണ് ഇവിടെ ചെയ്യുന്നത്. സാധാരണ, രോഗപ്രതിരോധശക്തി പുറത്തുനിന്നുള്ള ബാക്ടീരിയ, വൈറസ് തുടങ്ങിയവയിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. എന്നാൽ ഇതിനുവിപരീതമായി രോഗപ്രതിരോധശക്തി സ്വന്തംകോശങ്ങളെ ആക്രമിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നതാണ് ലൂപസ് രോഗം. ഏതു പ്രായക്കാരേയും രോഗം ബാധിക്കാമെങ്കിലും പതിനഞ്ചുമുതൽ നാൽപത്തിനാലു വയസ്സുവരെ പ്രായമുള്ള സ്ത്രീകളിലാണ് കൂടുതൽ കാണാറുള്ളത്. തൊലി, കണ്ണ്, അസ്ഥി, ഹൃദയം, സന്ധികൾ, വൃക്ക, ശ്വാസകോശം, കരൾ തുടങ്ങിയ ഭാഗങ്ങളേയൊക്കെ ലൂപസ് രോഗം ബാധിക്കാം.
രോഗലക്ഷണങ്ങൾ
- രോഗത്തിന്റെ തുടക്കത്തിൽ ത്വക്കിലുണ്ടാകുന്ന ചുവന്ന ഫോട്ടോസെൻസിറ്റീവ് പാടുകളായോ കവിൾത്താടങ്ങളിലെ ചുവന്ന പുള്ളികളായോ (Butterfly rash) കാണാം.
- ത്വക്കിലെ തിണർപ്പ്
- അടിക്കടി വായിലുണ്ടാകുന്ന പുണ്ണുകൾ, സന്ധികളിൽ ഉണ്ടാകുന്ന വേദന, നീർക്കെട്ട്
- വിട്ടുമാറാത്ത പനി
- അതിയായ ക്ഷീണം
- തലയോട്ടി കാണും വിധമുള്ള മുടികൊഴിച്ചിൽ
- കാലുകളിലെ നീര്
- അപസ്മാരം,ഓർമക്കുറവ്
- ശ്വാസതടസ്സം
- നെഞ്ചുവേദന
- തലവേദന
പ്രാരംഭഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ആന്തരിക അവയവങ്ങളെ സാരമായി ബാധിച്ചേക്കാം. വൃക്കകൾ, ശ്വാസകോശം, മസ്തിഷ്‌കം, നാഡികൾ മുതലായ അവയവങ്ങളെയാണ് ലൂപസ് രോഗം ബാധിക്കുന്നത്.
Content Highlights: surge in lupus cases in north india due to heat waves
Published: 20 Jun 2024, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented