ആലുവ: കളിക്കുന്നതിനിടെ ഏഴുവയസ്സുകാരൻ അബദ്ധത്തിൽ വിഴുങ്ങിയ മോതിരം ഡോക്ടർമാർ പുറത്തെടുത്തു. ആലുവ കുട്ടമശ്ശേരി സ്വദേശിയായ കുട്ടിയാണ് മോതിരം വിഴുങ്ങിയത്.

To advertise here,

കുട്ടി മോതിരം വിഴുങ്ങിയ ഉടൻ തന്നെ വീട്ടുകാർ കുട്ടമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിൽ മോതിരം അന്നനാളത്തിൽ കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലെത്തിക്കുകയും മോതിരം എൻഡോസ്കോപ്പി വഴി പുറത്തെടുക്കുകയുമായിരുന്നു.

ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടർമാരാണ് എൻഡോസ്കോപ്പ് ഉപയോഗിച്ച് മോതിരം പുറത്തെടുത്തത്. ഗ്യാസ്ട്രോ എൻട്രോളജിയിലെ ഡോ. തരുൺ ടോം ഉമ്മൻ, ഡോ. ജോമോൻ എം. ജോർജ്, ഡോ. ജിതിൻ ജോൺ, ഇന്റർവെൻഷണൽ ഹെപ്പറ്റോബിലിയറി റേഡിയോളജി വിഭാഗത്തിലെ ഡോ. എസ്. രാജേഷ്, ഡോ. അഖിൽ ബേബി എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി.

ആരോഗ്യനില തൃപ്തികരമായതോടെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. അന്നനാളത്തിലോ ശ്വാസനാളത്തിലോ ഇത്തരം വസ്തുക്കൾ കുടുങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ അടിയന്തര വൈദ്യസഹായം തേടണമെന്ന് ഡോ. ജോമോൻ എം. ജോർജ് പറഞ്ഞു. വൈകിക്കാതെ ചികിത്സ തേടിയതോടെയാണ് കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും അപകടസാധ്യത കുറയ്ക്കാനും സാധിച്ചതെന്ന് ഡോക്ടർമാർ പ്രതികരിച്ചു.