പ്രായം കൂടുന്നത് തടയാനും യുവത്വം കാത്തുസൂക്ഷിക്കാനുമായി കോടികൾ ചെലവിട്ട് വാർത്തകളിൽ നിറഞ്ഞ ശതകോടീശ്വരനാണ് ബ്രയാൻ ജോൺസൺ. ഇപ്പോഴിതാ 2039 ആകുന്നതോടെ അമരത്വം കൈവരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പറയുകയാണ് ബ്രയാൻ. ഒരുവർഷം നീണ്ട ആന്റി-ഏജിങ് ചികിത്സയുടെ ഫലമായി തന്റെ ജൈവശാസ്ത്രപരമായ പ്രായം കൂടിയിട്ടില്ലെന്നും എഐക്കും തെറാപ്പികൾക്കും നന്ദിയെന്നും ബ്രയാൻ പറഞ്ഞു. 

To advertise here,

എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇതേക്കുറിച്ച് ബ്രയാൻ ജോൺസൺ വ്യക്തമാക്കിയത്. 2019 മുതൽ 2025 വരെയുള്ള ചിത്രങ്ങൾ പങ്കുവെച്ച് തനിക്കുണ്ടായ മാറ്റങ്ങളേക്കുറിച്ചും ബ്രയാൻ കുറിക്കുന്നുണ്ട്. ഒരുവർഷം കടന്നുപോകുന്നു, താൻ അതേ ബയോളജിക്കൽ എയ്ജിൽ തന്നെ തുടരുന്നു എന്ന് ബ്രയാൻ കുറിച്ചു. മനുഷ്യചരിത്രത്തിലെ തീർത്തും ഭ്രാന്തമായ നിമിഷം എന്നാണ് ഇതിനെ ബ്രയാൻ വിശേഷിപ്പിക്കുന്നത്.

ഭൂമിയിൽ ജീവനുണ്ടായ കാലത്തുനിന്നാദ്യമായി വെറും 24 മാസത്തിനുള്ളിൽ ഒരാൾക്ക് യാഥാർഥ്യബോധത്തോടെ ലക്ഷ്യത്തിനായി പരിശ്രമിക്കാനുള്ള ജാലകം തുറക്കപ്പെട്ടിരിക്കുകയാണെന്നും ബ്രയാൻ ജോൺസൺ പറഞ്ഞു.

എന്നാൽ 2039 ആകുമ്പോഴേക്കും അമരത്വം കൈവരിക്കുക എന്നത് എങ്ങനെയാണെന്ന് തനിക്കിപ്പോൾ ധാരണയില്ലെന്നും ബ്രയാൻ പറയുന്നുണ്ട്. പക്ഷേ അമരത്വം കൈവരിക്കുക സാധ്യമാണെന്നും പ്രകൃതി ഇതിനകം അത് കൈവരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഉദാഹരണമായി തുടർച്ചയായി കോശ പുനരുജ്ജീവനം നടക്കുന്നതുകൊണ്ടും മറ്റും വാർധക്യം മെല്ലെയാകുന്ന ഫ്രഷ് വാട്ടർ ഹൈഡ്ര, ടുറിടോപ്സിസ് ഡോനി എന്ന ജെല്ലിഫിഷ്, ലോബ്സ്റ്ററുകൾ എന്നിവയേക്കുറിച്ചും ബ്രയാൻ പറഞ്ഞു.

പ്രകാശവേഗതയേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ ശ്രമിക്കുന്നതുപോലുള്ള ഭൗതികശാസ്ത്രസംബന്ധമായ വിഷയമല്ലിത് മറിച്ച് പരിണാമത്തിലൂടെ പലതവണ കൈവരിച്ച ബയോളജിക്കൽ എഞ്ചിനീയറിങ് സംബന്ധമായ പ്രശ്നമാണെന്നും ബ്രയാൻ കുറിക്കുന്നു.

ആറുവർഷത്തെ തീവ്രമായ ശീലങ്ങളുടെ ഭാഗമായി തന്റെ ഹൃദയാരോഗ്യം, കരുത്ത്, പ്രത്യുത്പാദനക്ഷമത, ഹോർമോണുകൾ തുടങ്ങിയവ പതിനെട്ടുവയസ്സുകാരന്റേതുപോലെ പ്രവർത്തിക്കുന്നുവെന്നും ബ്രയാൻ അവകാശപ്പെടുന്നു. അതേസമയം ഒരുചെവിയിൽ മിതമായ രീതിയിലുള്ള കേൾവിക്കുറവ്, ഘടനാപരമായി നാൽപത്തിരണ്ടുകാരന്റേതുപോലെ തന്നെയുള്ള മസ്തിഷ്കം എന്നിവ പരിമിതികളാണെന്നും ബ്രയാൻ പറയുന്നുണ്ട്.

മനുഷ്യർക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ പ്രാപ്തമായ രീതിയിലുള്ള തെറാപ്പികളും മരുന്നുകളും തന്റെ ജൈവശാസ്ത്രത്തെ ആധാരമാക്കി പരീക്ഷിച്ച് വികസിപ്പിച്ച് വരികയാണെന്നും ബ്രയാൻ പറയുന്നുണ്ട്. സാങ്കേതിക പുരോഗതിയിലുള്ള വിശ്വാസവും ശാസ്ത്രമേഖലയിലെ എഐയുടെ വളർച്ചയുമാണ് തന്റെ ശ്രമങ്ങളെ മുന്നോട്ടു നയിക്കുന്നതെന്നും ബ്രയാൻ പറയുന്നു. 2039-ലേക്കുള്ള ലക്ഷ്യം ശരിയായ ദിശയിലേക്കാണ് നയിക്കുന്നതെന്നും അത് ജീവിതത്തോട് യെസ് എന്നു പറയാനും മരണത്തോട് നോ എന്നു പറയാനുമുള്ളതാണെന്നും ബ്രയാൻ കൂട്ടിച്ചേർക്കുന്നു.

പ്രായം കുറയ്ക്കുന്നതിന്റെ ഭാഗമായി കടുത്ത ഡയറ്റുകൾ, വ്യായാമം, ഉറക്കത്തിന്റെ രീതി, പരീക്ഷണ ചികിത്സകൾ എന്നിവയ്ക്കായി ബ്രയാൻ ജോൺസൺ ഇതിനകം പതിനെട്ടുകോടിയോളം ചെലവഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കർശനമായ ആരോഗ്യചിട്ടകളിലൂടെയും ഹെൽത്ത് സപ്ലിമെന്റുകളിലൂടെയും തന്റെ പ്രായം അഞ്ചുവയസ്സുവരെ കുറച്ചതായി ബ്രയാൻ നേരത്തെ അവകാശപ്പെട്ടിരുന്നു.

അതിനിടെ ബ്രയാൻ ജോൺസണിന്റെ കമ്പനിയായ 'ബ്ലൂപ്രിന്റി'ലെ വിചിത്രമായ പെരുമാറ്റരീതികളെക്കുറിച്ചും ഇതു പുറത്തറിയുന്നത് തടയാനായി ജീവനക്കാരുമായി നിർബന്ധിത കരാർ തയ്യാറാക്കിയിരുന്നതിനേക്കുറിച്ചും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ബ്രയാൻ ജോൺസൺ അല്പവസ്ത്രം ധരിക്കുന്നതിലും ചിലസമയത്ത് വിവസ്ത്രനായി ഓഫീസിലെത്തുന്നതിലും തങ്ങൾക്ക് എതിർപ്പില്ലെന്നതാണ് ജീവനക്കാർ ഒപ്പിട്ടുനൽകിയ കരാറുകളിലെ ഒരു വ്യവസ്ഥ. ബ്രയാൻ ജോൺസൺ ലൈംഗികവിഷയങ്ങൾ ചർച്ചചെയ്യുന്നതിൽ എതിർപ്പില്ലെന്നും ജീവനക്കാർ ഒപ്പിട്ടുനൽകിയ കരാറിലുണ്ടായിരുന്നു. സ്ഥാപനമേധാവിയുടെ പെരുമാറ്റം തങ്ങൾക്ക് സ്വീകാര്യമാണെന്നും കുറ്റകരമായി തോന്നുന്നില്ലെന്നും അൺപ്രൊഫഷണൽ അല്ലെന്നും കരാറിൽ ജീവനക്കാർ സമ്മതിച്ചിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.