കണ്ണൂർ: ബന്ധുവോ സുഹൃത്തോ അങ്ങനെ ആരെയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ അവരെ സന്ദർശിക്കുകയെന്നതാണ് നാട്ടുനടപ്പ്. ഇത്തരം അനാവശ്യസന്ദർശനം ഒഴിവാക്കേണ്ടതാണെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

To advertise here,

ആശുപത്രികൾ അപകടമേഖലകൂടിയാണെന്നതാണ് കാരണം. രോഗാണുക്കളും മറ്റുമായി ആരോഗ്യകരമല്ലാത്ത അന്തരീക്ഷമാണ് അവിടെയുണ്ടാവുക. കോവിഡ് വീണ്ടും പടരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. വായുവിലൂടെ വേഗം പടരുന്ന മറ്റ് വൈറൽപനികളും പകരാം. അനാവശ്യ ആശുപത്രിസന്ദർശനം മൂന്നുവിധത്തിൽ പ്രശ്നങ്ങളുണ്ടാക്കും.

1. സന്ദർശകരിൽനിന്ന് രോഗാണുക്കൾ രോഗിയിലേക്ക്

രോഗം, മരുന്നുകഴിക്കൽ, പ്രായാധിക്യം എന്നിവകൊണ്ടെല്ലാം രോഗിക്ക് പ്രതിരോധശേഷി കുറവായിരിക്കും. സന്ദർശകരിലെ ചെറിയ അണുബാധപോലും രോഗിയിലേക്കെത്താം. സൗഹൃദസന്ദർശനംവഴി രോഗിയുടെ സ്ഥിതി സങ്കീർണമാവാം.

2. രോഗിയിൽനിന്ന് സന്ദർശകരിലേക്ക് രോഗം

സമ്പർക്കം, വായു, എന്നിവയിലൂടെ രോഗിയിൽനിന്ന്‌ രോഗാണുക്കൾ സന്ദർശകരിലേക്കെത്താം.

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ദശലക്ഷക്കണക്കിന് അണുക്കളാണ് അന്തരീക്ഷത്തിലെത്തുക. ഇത് സന്ദർശകരിൽ രോഗംവരാനുള്ള സാധ്യത കൂട്ടുന്നു. പ്രത്യേകിച്ചും പ്രതിരോധശേഷി കുറഞ്ഞവരിൽ.

3. സന്ദർശകബാഹുല്യം

സന്ദർശകർ രോഗിയുടെയും ആശുപത്രിയിലെയും സ്വകാര്യതയ്ക്ക് തടസ്സമാവുന്നു. ഡോക്ടർക്കും നഴസുമാർക്കും രോഗിയെ വേണ്ടവിധം പരിചരിക്കാൻ തടസ്സമാകും.