വൻകുടലിന്റെ തുടക്കമായ സീക്കത്തിൽ നിന്നുള്ള ഒരു ചെറിയ ട്യൂബുലാർ ഘടനയാണ് അപ്പെൻഡിക്‌സ്. ഈ അവയവത്തിന് കൃത്യമായ പ്രവർത്തനങ്ങളൊന്നുമില്ല (Vestigial organ). അപ്പെൻഡിക്‌സിൽ വീക്കം ഉണ്ടാകുന്ന അവസ്ഥയാണ് അപ്പെൻഡിസൈറ്റിസ്. ഇത് ലളിതമോ സങ്കീർണ്ണമോ ആകാം.

To advertise here,

കുട്ടികളേയും അപ്പെൻഡിസൈറ്റിസ് ബാധിച്ചേക്കാം. ചില സമയങ്ങളിൽ കുട്ടികൾക്കുണ്ടാകുന്ന വയറുവേദനയുടെ ഒരുകാരണം ഇതാകാനും സാധ്യതയുണ്ട്. കുട്ടികളിൽ സാധാരണയായി അപ്പെൻഡിക്‌സിനുള്ളിലെ ലിംഫ് ടിഷ്യുവിൽ ഉണ്ടാകുന്ന നീർവീക്കമാണ് അപ്പെൻഡിസൈറ്റിന് പ്രധാന കാരണം. ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയും കാരണമാകും. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അപ്പെൻഡിക്‌സ് വീർക്കുകയും അതിന് നിറംമാറ്റം ഉണ്ടാകുകയും ചെയ്യുന്നു.

കുട്ടിക്ക് അപ്പെൻഡിസൈറ്റിസ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

അപ്പെൻഡിസൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് അടിവയറ്റിൽ താഴത്ത് വലതുഭാഗത്തുണ്ടാകുന്ന വേദന. പലപ്പോഴും, കുട്ടിയുടെ പൊക്കിളിന് ചുറ്റും ആരംഭിക്കുന്ന വേദന പിന്നീടാണ് താഴത്തെ വലതുഭാഗത്തേക്ക് മാറുന്നത്. ഈ അവസരത്തിൽ കുട്ടികൾക്ക് നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ചാടുമ്പോഴോ ചുമയ്ക്കുമ്പോഴോ വേദന വർധിക്കാനും സാധ്യതയുണ്ട്.

മറ്റ് ലക്ഷണങ്ങൾ

  • ഓക്കാനം
  • ഛർദ്ദി
  • വിശപ്പ് കുറയുക
  • പനി
  • ചലിക്കുമ്പോൾ വേദന

രോഗനിർണയം എങ്ങനെ?

  • രക്ത പരിശോധന
  • അൾട്രാസൗണ്ട് സ്‌കാൻ
  • സി ടി സ്‌കാൻ
  • ചികിത്സ

അപ്പെൻഡിക്‌സ് ശസ്ത്രക്രിയയിലൂടെ(അപ്പെൻഡിസെക്ടമി) നീക്കം ചെയ്യുന്നതാണ് സാധാരണ രീതി. മിക്കവാറും കീഹോൾ ശസ്ത്രക്രിയയിലൂടെ തന്നെ രോഗം ഭേദമാകും. ചെറിയ അണുബാധ മാത്രമാണെങ്കിൽ ആന്റിബയോട്ടിക്കുകൾ നൽകിയും ചികിത്സിക്കാറുണ്ട്. എന്നാൽ, തുടക്കത്തിൽ ആന്റിബയോട്ടിക് ചികിത്സ ഫലപ്രദമാണെങ്കിലും ചില കുട്ടികളിൽ അപ്പെൻഡിസൈറ്റിസ് വീണ്ടും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.