ആലപ്പുഴ: അമീബിക് മസ്തിഷ്‌കജ്ജ്വരം ബാധിച്ച് ആലപ്പുഴയിൽ രണ്ടിടങ്ങളിലായി രണ്ടുപേർ മരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് 19-ാം വാർഡ് നീർക്കുന്നം കളത്തിൽ വിജയന്റെ മകൾ ആര്യമോൾ (26), മാവേലിക്കര വഴുവാടി കളീക്കൽ വടക്കതിൽ ബിനു വർഗീസ് (55) എന്നിവരാണു മരിച്ചത്.

To advertise here,

ആര്യമോൾ ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ നഴ്‌സായിരുന്നു. വിദേശത്തു പോകാനായി രണ്ടുമാസം മുൻപ് രാജിവെച്ച് നാട്ടിലെത്തിയതാണ്. ഒരുമാസം മുൻപാണ് രോഗലക്ഷണം കണ്ടത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. ആശുപത്രിവിട്ട് വീട്ടിലെത്തിയശേഷം വീണ്ടും പ്രശ്നം കണ്ടതോടെ പരുമലയിലെ സ്വകാര്യാശുപത്രിയിലെത്തി. അവിടെ ഒരാഴ്ചയോളം കഴിഞ്ഞു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്കു മാറ്റിയെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു.

നിർധന മത്സ്യത്തൊഴിലാളിക്കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ആര്യ. ബെംഗളൂരുവിൽവെച്ച് രോഗം പിടിപെട്ടെന്നാണു സംശയിക്കുന്നത്. അമ്മ: അമ്പിളി. സഹോദരിമാർ: സൂര്യ, രേവതി.

ബിനു വർഗീസ് (55) മാവേലിക്കര പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിലെ കരാർ ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാത്രി കലശലായ തലവേദനയുണ്ടായതിനാൽ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു. മരുന്നു നൽകിയിട്ടും കുറയാഞ്ഞതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ശനിയാഴ്ച മരിച്ചു.

ശരീരം മരുന്നിനോടു പ്രതികരിക്കാതായപ്പോൾ നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് അധികൃതർ റസ്റ്റ് ഹൗസിലെയും വീട്ടിലെയും വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു.

ഭാര്യ: കുളനട വാലിൽ കുടുംബാംഗം മേരി ബിനു. മക്കൾ: ഫേബ മറിയം ബിനു, ഹേബ മറിയം ബിനു. സംസ്കാരം ചൊവ്വാഴ്ച 12.30-ന് പുതിയകാവ് സെയ്ന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.

അമീബിക് മസ്തിഷ്കജ്വരം

നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം അഥവാ അമീബിക് മെനിൻജോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗകാരണമാവുന്നു.

97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ അഞ്ച് മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.

ലക്ഷണങ്ങൾ

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവയുണ്ടാകാം. രോഗം ഗുരുതരാവസ്ഥയിലായാൽ ഓർമ്മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവയുമുണ്ടാകും. ലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.

രോഗം പ്രതിരോധിക്കാം

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തലമുങ്ങി കുളിക്കുന്നതും വെള്ളത്തിലേക്ക് മുങ്ങാംകുഴി ഇട്ട്‌ ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക. മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നത് ഒഴിവാക്കുക

നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ്‌ പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക

കിണറുകൾ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക. അത് അമീബയെ നശിപ്പിക്കുന്നതിനും അതോടൊപ്പം മഞ്ഞപ്പിത്തത്തെ (ഹെപ്പറ്റൈറ്റിസ് എ) തടയുന്നതിനും സഹായിക്കും.

നീന്തൽ കുളങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായും ഒഴുക്കിക്കളയുക. വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കുക. പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്യുക.