മുതുകുളം: ആറാട്ടുപുഴ കിഴക്കേക്കര സ്വദേശിനിക്ക് അമീബിക് മസ്തിഷ്കജ്വരം. മൂന്നാം വാർഡുകാരിയായ 40-കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് വിവരം.
രണ്ടരവർഷം മുൻപ് അരയ്ക്കുതാഴെ തളർന്നുപോയ ഇവർ തുടർച്ചികിത്സയിലായിരുന്നു. ആറുമാസം കൂടുമ്പോൾ എടുക്കേണ്ട ഇഞ്ചക്ഷനും പരിശോധനയ്ക്കുമായി ഏപ്രിൽ 16-ന് ആശുപത്രിയിലെത്തിയിരുന്നു. കഴിഞ്ഞ രണ്ടിന് വീട്ടിൽ തിരികെയെത്തിയെങ്കിലും അവിടെവെച്ച് ശേഖരിച്ച രക്തസാംപിളിന്റെ പരിശോധനാഫലം പോസിറ്റീവായി. തുടർന്ന്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽത്തന്നെ തിരികേ പ്രവേശിപ്പിക്കുകയായിരുന്നു.
മലിനമായ ജലാശയങ്ങളിൽ കുളിക്കുന്നതിലൂടെയാണ് ഈ രോഗം സാധാരണ ബാധിക്കാറുള്ളത്. എന്നാൽ, ഇങ്ങനെ കുളിച്ചിട്ടില്ലെന്നാണ് രോഗി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് വിശദമായ പഠനം നടത്തുമെന്നാണറിയുന്നത്.
രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് പഞ്ചായത്തിൽ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ബോധവത്കരണത്തിന്റെ ഭാഗമായി രോഗം സ്ഥിരീകരിച്ച വാർഡിലെ മുഴുവൻ വീടുകളിലും പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി മുൻകരുതലുകൾ വിവരിക്കുന്ന ലഘുലേഖകൾ നൽകി. ഉച്ചഭാഷിണി വഴിയും ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകുന്നുണ്ട്.
പ്രദേശത്തെ ജലസ്രോതസ്സുകളിൽ നിന്നുള്ള സാംപിളുകളും ശേഖരിച്ചിട്ടുണ്ട്. കുടിവെള്ളസ്രോതസ്സുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തും. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു.
അമീബിക് മസ്തിഷ്കജ്വരം
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം അഥവാ അമീബിക് മെനിൻജോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗകാരണമാവുന്നു.
97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ അഞ്ച് മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.
ലക്ഷണങ്ങൾ
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവയുണ്ടാകാം. രോഗം ഗുരുതരാവസ്ഥയിലായാൽ ഓർമ്മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവയുമുണ്ടാകും. ലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.
രോഗം പ്രതിരോധിക്കാം
- കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തലമുങ്ങി കുളിക്കുന്നതും വെള്ളത്തിലേക്ക് മുങ്ങാംകുഴി ഇട്ട് ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക. മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നത് ഒഴിവാക്കുക
- നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
- വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക
- കിണറുകൾ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക. അത് അമീബയെ നശിപ്പിക്കുന്നതിനും അതോടൊപ്പം മഞ്ഞപ്പിത്തത്തെ (ഹെപ്പറ്റൈറ്റിസ് എ) തടയുന്നതിനും സഹായിക്കും.
- നീന്തൽ കുളങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായും ഒഴുക്കിക്കളയുക. വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കുക. പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്യുക.
Content Highlights: Confirmed case of amoebic meningoencephalitis in a 40-year-old woman from Arattupuzha., Patient is currently receiving treatment at Thiruvananthapuram Medical College Hospital.,
Published: 07 May 2026, 09:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented