മദ്യപാനശീലം പാൻക്രിയാറ്റിക് കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് ലോകാരോഗ്യസംഘടന. മിതമായ അളവിലുള്ള മദ്യപാനം പോലും പാൻക്രിയാറ്റിക് കാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് ലോകാരോഗ്യസംഘടന നടത്തിയ പഠനത്തിൽ പറയുന്നത്. ഓസ്ട്രേലിയ, നോർത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഇരുപത്തിയഞ്ച് ലക്ഷംപേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്.
ലോകാരോഗ്യസംഘടനയ്ക്ക് കീഴിലുള്ള ഇന്റർനാഷണൽ കാൻസർ റിസർച്ച് ഏജൻസിയാണ് പഠനം നടത്തിയത്. പാൻക്രിയാറ്റിക് കാൻസർ സാധ്യത കൂട്ടുന്ന പ്രധാന ഘടകമാണ് മദ്യമെന്ന് ഗവേഷകർ കണ്ടെത്തി. ദിനംപ്രതി ചെറിയൊരു ഗ്ലാസ് വൈൻ കുടിക്കുന്നതും 284 മില്ലി ബിയർ കുടിക്കുന്നതുമൊക്കെ പാൻക്രിയാറ്റിക് സാധ്യത മൂന്നുശതമാനം കൂട്ടുന്നുണ്ട്. കടുത്ത മദ്യപാനികളിൽ അപകടസാധ്യത വീണ്ടും കൂടും.
ദിവസവും പതിനഞ്ച് മുതൽ 30 ഗ്രാം മദ്യപിക്കുന്ന സ്ത്രീകളിൽ പാൻക്രിയാറ്റിക് കാൻസറിനുള്ള സാധ്യത 12ശതമാനം കൂടുതലാണ്. പുരുഷന്മാരിൽ ദിവസവും 30 മുതൽ 60 ഗ്രാം വരെ കുടിക്കുന്നത് രോഗസാധ്യത 15ശതമാനം കൂട്ടുന്നു. 60 ഗ്രാമിന് മുകളിൽ കുടിക്കുന്ന പുരുഷന്മാരിൽ പാൻക്രിയാറ്റിക് കാൻസർ സാധ്യത 36ശതമാനവും കൂടുതലാണ്.
മദ്യപാനശീലം പാൻക്രിയാസിന് വീക്കമുണ്ടാക്കുകയും ഇതുവഴി പാൻക്രിയാറ്റിക് സെല്ലുകൾ തകരാറിലാവുകയും ജനിതകവ്യതിയാനത്തിനും കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയ്ക്കും അതുവഴി കാൻസറിലേക്കും കാരണമാകുമെന്നാണ് കരുതുന്നത്.
പാൻക്രിയാറ്റിക് കാൻസർ-ശ്രദ്ധവേണം
സൈലന്റ് കില്ലർ എന്ന് വിശേഷിപ്പിക്കുന്ന രോഗങ്ങളിലൊന്നാണിത്. പാൻക്രിയാസിലെ കോശങ്ങളുടെ അമിതവളർച്ച മൂലമുണ്ടാകുന്ന അർബുദമാണിത്. ഭക്ഷണം ദഹിക്കാനുള്ള എൻസൈമുകളെ ഉത്പാദിപ്പിക്കുന്നതും രക്തത്തിലെ ഷുഗർനില നിയന്ത്രിക്കാനുള്ള ഹോർമോൺ ഉത്പാദിപ്പിക്കുന്നതുമൊക്കെ പാൻക്രിയാസ് ആണ്. പാൻക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമയാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്നത്. പ്രാരംഭഘട്ടങ്ങളിൽ തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യതയും ഈ അർബുദത്തിൽ കൂടുതലാണ്. അതിനു പ്രധാനകാരണം പാൻക്രിയാറ്റിക് അർബുദം ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് പടരുന്നതിന് മുമ്പ് ലക്ഷണങ്ങളിൽ പ്രകടമാകില്ല എന്നതാണ്.
ലക്ഷണങ്ങൾ
രോഗം വൈകിയ ഘട്ടങ്ങളിൽ മാത്രമേ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ. വയറിന്റെ വശങ്ങളിലോ പുറംഭാഗത്തോ ഉള്ള വേദന, വിശപ്പില്ലായ്മ, വണ്ണം കുറയുക, മഞ്ഞപ്പിത്തം, മൂത്രത്തിന് ഇരുണ്ടനിറം, ചൊറിച്ചിൽ, പ്രമേഹം, കൈയിലോ, കാലിലോ വേദനയും വീക്കവും, അമിതക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
Content Highlights: WHO study links even moderate alcohol consumption to increased pancreatic cancer risk
Published: 28 May 2025, 07:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented