ഷാരൂഖ് ഖാന്‍ നായകനായ റയിസ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ പാക് നടിയാണ് മാഹിറ ഖാന്‍. ഇപ്പോഴിതാ വിഷാദരോഗം അതിജീവിച്ചതിനെ കുറിച്ചും മാനസികാരോഗ്യം വീണ്ടെടുത്തതിനെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് അവര്‍. 2017-ല്‍ നടന്‍ രണ്‍ബീര്‍ കപൂറിനൊപ്പം പുകവലിക്കുന്ന ചിത്രങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് തന്റെ മാനസികാരോഗ്യം വഷളായതെന്ന് ഒരു പോഡ്കാസ്റ്റ് ഷോയില്‍ മാഹിറ വെളിപ്പെടുത്തുന്നു. 

To advertise here,

'ആ  സംഭവം എന്റെയുള്ളിലുണ്ടായിരുന്ന ഉത്കണഠയും വിഷാദവും പുറത്തുകൊണ്ടുവന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയമായിരുന്നു അത്. ആക്രമണത്തിന് ഇരയായതുപോലെ തോന്നി. സോഷ്യല്‍ മീഡിയ നിറയെ ആ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായിരുന്നു. അത് എന്റെ മുന്നില്‍ വന്നുകൊണ്ടേയിരുന്നു. എന്റെ വിശ്വാസം തകര്‍ന്ന സമയമായിരുന്നു അത്. ഞാന്‍ എപ്പോഴും ഉത്കണ്ഠപ്പെട്ടു. ഒരു ദിവസം ഞാന്‍ ബോധരഹിതയായി വീണു. അന്നാണ് ഞാന്‍ ആദ്യമായി തെറാപ്പിസ്റ്റിനെ കാണാന്‍ പോയത്. ഒരു ഫലവും കണ്ടില്ല. ഞാന്‍ പല തെറാപ്പിസ്റ്റുകളേയും മാറിമാറി കണ്ടു. എന്നിട്ടും കാര്യമുണ്ടായില്ല. എന്റെ ജീവിതത്തിലെ മോശം സമയമായിരുന്നു അത്. എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല. എന്റെ കൈകള്‍ എപ്പോഴും വിറച്ചുകൊണ്ടിരുന്നു.  ഒടുവില്‍ ഒരുപാട് ചികിത്സയ്ക്ക് ശേഷം എന്റെ മാനസികാരോഗ്യം മെച്ചപ്പെട്ടു.' അഭിമുഖത്തില്‍ മാഹിറ ഖാന്‍ പറയുന്നു.

2016-ലെ ഉറി ആക്രമണത്തിന് ശേഷം ബോളിവുഡില്‍ അഭിനയിക്കുന്നതില്‍ നിന്ന് പാക് താരങ്ങളെ വിലക്കിയതിനെക്കുറിച്ചും  മാഹിറ തുറന്ന് സംസാരിച്ചു. 'റയിസിന്റെ ഷൂട്ടിങ്ങെല്ലാം പൂര്‍ത്തിയായി എല്ലാം നല്ല നിലയില്‍ അവസാനിച്ചതാണ്. എന്നാല്‍ ഉറി ആക്രമണം എല്ലാം മാറ്റിമറിച്ചു. രാഷ്ട്രീയപരമായി എല്ലാം താറുമാറായി. എനിക്ക് പേടിയുണ്ടായിരുന്നില്ല. എന്നാല്‍ ഭീഷണി സന്ദേശങ്ങള്‍ എന്നെ തേടിയെത്തി. ട്വീറ്റുകളിലൂടേയും ഫോണ്‍ കോളുകളിലൂടേയും ആളുകള്‍ എന്നെ ഭീഷണിപ്പെടുത്തി. റയിസ് എന്ന ചിത്രം പ്രൊമോട്ട് ചെയ്യാന്‍ ഇന്ത്യയിലേക്ക് പോകണ്ട എന്ന തീരുമാനത്തില്‍ ഞാനെത്തി. ആ സിനിമ എന്റെ രാജ്യമായ പാകിസ്താനില്‍ റിലീസ് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. നിരവധി ഷാരൂഖ് ആരാധകര്‍ ഉള്ളതിനാല്‍ തിയേറ്റര്‍ നിറയുമെന്ന് എനിക്കുറപ്പായിരുന്നു.'  മാഹിറ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.