പ്രധാനപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങളിലൊന്നാണ് മൂത്രനാളിയിലെ അണുബാധ അഥവാ യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ. ഇ-കോളി, പ്രോടിയസ്, സ്യൂഡോമാണസ് തുടങ്ങിയ ബാക്ടീരിയകളാണ് മൂത്രരോ​ഗാണുബാധയ്ക്ക് കാരണമാകുന്നത്. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈയവസ്ഥ കൂടുതലായി കണ്ടുവരാറുള്ളത്. സ്ത്രീകളിലെ മൂത്രനാളം ചെറുതായതുകൊണ്ടാണിത്. മൂത്രമൊഴിക്കാതെ പിടിച്ചുവെക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും ലൈം​ഗികബന്ധത്തിനു ശേഷം ശുചിത്വം കാക്കാത്തതുമൊക്കെ അണുബാധയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയിലെ സ്ത്രീകൾക്ക് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷനെക്കുറിച്ച് അവബോധം കുറവാണെന്നാണ് പുതിയൊരു പഠനം പറയുന്നത്. 

To advertise here,

ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ മൂത്രനാളിയിലെ അണുബാധ ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതിനു പിന്നിൽ അവബോധമില്ലായ്മയും സ്റ്റി​ഗ്മയുമാണെന്നാണ് പഠനം പറയുന്നത്. എസ്.എസ്.ആർ.ജി. ഇന്റർനാഷണൽ ജേർണൽ ഓഫ് മെഡിക്കൽ സയൻസസിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ത്രീകളിലെ മൂത്രാശയ അണുബാധയെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നയാളും സാമൂഹികപ്രവർത്തകയുമായ അന്യൗ ചൗധരിയാണ് പഠനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. 

നാൽപതു ശതമാനത്തോളം സ്ത്രീകളും പന്ത്രണ്ടു ശതമാനത്തോളം പുരുഷന്മാരും ജീവിതത്തിൽ ഒരുപ്രാവശ്യമെങ്കിലും മൂത്രനാളിയിലെ അണുബാധ മൂലം വലയുന്നുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. നാൽപതുശതമാനത്തിലധികം സ്ത്രീകളിൽ ഇടയ്ക്കിടെ അണുബാധ കണ്ടുവരുന്നുണ്ടെന്നും ​ഗർഭകാലത്തെ പ്രധാന സങ്കീർണതകളിലൊന്നായി ഇതു കണ്ടുവരുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. മൂത്രനാളിയിലെ രോ​ഗാണുബാധയ്ക്ക് മതിയായ ചികിത്സ തേടാൻ സ്ത്രീകൾ മടികാണിക്കാറുണ്ടെന്നും ഇതവരുടെ ദൈനംദിനജീവിതത്തേയും സാമൂഹിക ഇടപെടലുകളേയും ആത്മവിശ്വാസത്തേയും തകർക്കുമെന്നും പഠനത്തിൽ പറയുന്നു. 

ഡയബറ്റിസ് ഉള്ള സ്ത്രീകളിലും ആർത്തവവിരാമം ആയവരിലും മൂത്രനാളിയിലെ രോ​ഗാണുബാധ കൂടുതലായി കണ്ടുവരാറുണ്ട്. ദിവസവും രണ്ടുലിറ്ററിൽ കുറയാതെ വെള്ളം കുടിക്കാൻ തയ്യാറാവുകയും ഷു​ഗർ നിയന്ത്രിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യുന്നതിലൂടെ രോ​ഗാണുബാധയെ തടയാനാകുമെന്നും വിദ​ഗ്ധർ പറയുന്നു.

മൂത്രനാളിയിലെ അണുബാധ

മൂത്രനാളിയിലെ അണുബാധ അഥവാ യൂറിനറി ട്രാക് ഇൻഫെക്ഷൻ വളരെയധികം വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന അവസ്ഥയാണ്. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, രക്തസ്രാവം, ഇടുപ്പുഭാ​ഗങ്ങളിൽ വേദന എന്നിവയൊക്കെ മൂത്രനാളിയിലെ അണുബാധ ഉണ്ടാക്കുന്ന അസ്വസ്ഥതകളാണ്. യൂറിനറി ട്രാക് ഇൻഫെക്ഷൻ കൂടുതലും ബാധിക്കുന്നത് സ്ത്രീകളെയാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അണുബാധ വൃക്കകളിലേക്കും പടരാൻ സാധ്യതയുണ്ട്. 

മൂത്രസഞ്ചിയിലും മൂത്രനാളിയിലും കണ്ടുവരുന്ന അണുബാധയുടെ ലക്ഷണങ്ങൾ

  • മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ
  • ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക
  • മൂത്രത്തിൽ രക്താംശം ഉണ്ടാവുക
  • വൃക്കകളിൽ അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ പനിയും കുളിരും ഉണ്ടാകാം. ഇങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെ ഡോക്ടറെ കാണുകയും യൂറിൻ മൈക്രോസ്കോപ്പി ടെസ്റ്റും കൾച്ചർ ആൻഡ് സെൻസിറ്റിവിറ്റി ടെസ്റ്റും ചെയ്യേണ്ടതാണ്. മരുന്നുകൾ ഉടൻ തുടങ്ങണം. യൂറിനറി കൾച്ചർ ആൻ‍ഡ് സെൻസിറ്റിവിറ്റി ടെസ്റ്റ് റിസൽട്ട് 72 മണിക്കൂറുകൾക്കുശേഷമേ ലഭിക്കൂ. അതിനനുസരിച്ച് ആവശ്യമായ മരുന്നുകൾ തീരുമാനിക്കുകയും ചെയ്യാം. 

മരുന്നുകൾക്കു പുറമേ അണുബാധ തടയാൻ ചെയ്യാവുന്ന കാര്യങ്ങൾ

  • ധാരാളം വെള്ളം കുടിക്കുക. ഇത് ഇടയ്ക്കിടെ മൂത്രമൊഴിക്കാനും അണുബാധയ്ക്ക് കാരണമാകുന്നതിന് മുമ്പ് ബാക്റ്റീരിയകളെ ശരീരത്തിൽ നിന്ന് പുറന്തള്ളാനും സഹായിക്കും. 
  • ശരിയായ ശുചിത്വം പാലിക്കുക. മൂത്രാശയ അണുബാധ ഉണ്ടാകുന്നത് സാധാരണയായി ഇ-കോളി പോലുള്ള ബാക്റ്റീരിയകൾ കാരണമാണ്. ഇത് ദഹനേന്ദ്രിയ വഴിയിലാണ്(gastrointestinal tract) കാണുന്നത്. അത് മലദ്വാരത്തിൽ നിന്ന് മൂത്രനാളിയിൽ എത്താൻ സാധ്യത കൂടുതലാണ്. യോനീഭാ​ഗത്തിനും മലദ്വാരത്തിനും ഇടയിലുള്ള ഭാ​ഗം കഴുകുകയോ തുടയ്ക്കുകയോ ചെയ്യുമ്പോൾ മുന്നിൽ നിന്ന് പിന്നിലേക്ക് ചെയ്യുക. മലദ്വാരത്തിൽ നിന്ന് യോനിയിലേക്ക് ബാക്റ്റീരിയകൾ പടരുന്നത് തടയാൻ ഇത് സഹായിക്കും. 
  • മൂത്രം ദീർഘനേരം പിടിച്ചുനിർത്തരുത്. അങ്ങനെ ചെയ്താൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ബാക്റ്റീരിയകളുടെ വളർച്ചയ്ക്കും മൂത്രനാളിയിലെ അണുബാധയ്ക്കും വഴിവെക്കും. 
  • ലൈം​ഗികബന്ധത്തിനു ശേഷം മൂത്രമൊഴിക്കുക. ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സൂക്ഷ്മാണുക്കൾ മൂത്രനാളിയിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ലൈം​ഗിക ബന്ധത്തിനു ശേഷം മൂത്രമൊഴിച്ച് സൂക്ഷ്മാണുക്കളെ പുറന്തള്ളേണ്ടത് പ്രധാനമാണ്. 
  • ക്രാൻബെറി ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധ തടയാൻ സഹായിക്കും. 
  • ആർത്തവസമയത്ത് പാഡുകൾ, മെൻസ്ട്രൽ കപ്പ്, ടാംപൂണുകൾ എന്നിവ ഇടയ്ക്കിടെ മാറ്റുക. സ്വകാര്യഭാ​ഗങ്ങളിൽ ബാക്റ്റീരിയ വളർച്ച ഒഴിവാക്കാൻ ആർത്തവ ശുചിത്വം പാലിക്കണം. 
  • പ്രോബയോട്ടിക്കുകൾ കഴിക്കുന്നത് കുടലിന്റെ ആരോ​ഗ്യം നിലനിർത്താൻ സഹായിക്കും. ഇത് അണുബാധകളെ ചെറുക്കുന്നതിന് നല്ല പ്രതിരോധശേഷി നിലനിലനിർത്താൻ ശരീരത്തെ സഹായിക്കുന്നു. 
  • പ്രമേഹം മുതലായ അസുഖങ്ങൾ ചികിത്സിച്ച് ഷു​ഗറിന്റെ അളവ് നിയന്ത്രിക്കണം.
  • മൂത്രത്തിൽ അണുബാധയുടെ ലക്ഷണങ്ങൾ ഉണ്ടായാൽ വേ​ഗം വൈദ്യസഹായം തേടണം. ആവശ്യമെങ്കിൽ ആന്റിബയോട്ടിക്കുകൾ കഴിച്ച് അണുബാധ പൂർണമായും മാറ്റണം. അല്ലെങ്കിൽ സങ്കീർണതകൾക്കുള്ള സാധ്യതയുണ്ട്.