ഥ കുറച്ചു പുറകിലേക്ക് പോകും. കാലം 1974. അന്ന് കേരളത്തില്‍ ഒരു ഡയാലിസിസ് കേന്ദ്രം പോലുമുണ്ടായിരുന്നില്ല. ഒരു വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ പോലും നടന്നിട്ടില്ല. ഡോ. തോമസ് മാത്യു, കേരളത്തിലെ ആദ്യത്തെ നെഫ്രോളജിസ്റ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു.  കേരളത്തിലെ ആദ്യത്തെ വൃക്ക മാറ്റി വെക്കല്‍ നടത്തിയ അദ്ദേഹം ഇന്ന് തന്റെ 78 -ാം വയസ്സിലും ജോലിയില്‍ സജീവമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും നെഫ്രോളജി വിഭാഗം തലവനായി വിരമിച്ച് ഇപ്പോള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നെഫ്രോളജി വിഭാഗം തലവനായി ജോലി ചെയ്യുന്ന ഡോക്ടര്‍ ഇതിനകം അഞ്ഞൂറിലേറെ വൃക്ക മാറ്റല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിക്കഴിഞ്ഞു. ഒപ്പം മെഡിക്കല്‍ ടീച്ചിങ്ങും തുടരുന്നു. 50 വര്‍ഷം പിന്നിടുന്ന ആ അപൂര്‍വ കര്‍മവീഥിയിലൂടെ

To advertise here,

*നെഫ്രോളജി എന്നൊരു പഠനവിഷയം ഉണ്ടെന്ന് കേരളം അറിയുന്നതിന് മുന്‍പ് തന്നെ നെഫ്രോളജിസ്റ്റായ ആളാണ് ഡോക്ടര്‍. യു എസ്സില്‍ ജോലി കിട്ടിയിടത്തു നിന്നാണ് ഡോക്ടര്‍ വൃക്കരോഗപഠനത്തിലേക്ക് വഴിതിരിഞ്ഞത് എന്ന് കേട്ടിട്ടുണ്ട്. അതെങ്ങനെ സംഭവിച്ചു?

= തീര്‍ച്ചയായും അതൊരു വഴിത്തിരിവ് തന്നെയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഞാന്‍ എം.ഡി. ജനറല്‍ മെഡിസിന്‍ പൂര്‍ത്തിയാക്കിയത്. പത്മശ്രീ ഡോക്ടര്‍ കെ.എന്‍.പൈ, ഡോക്ടര്‍ കൃഷ്ണദാസ്, ഡോക്ടര്‍ മാത്യു റോയ്, ഡോക്ടര്‍ ജോര്‍ജ് തോമസ് തുടങ്ങിയ മഹാരഥന്മാരായിരുന്നു ഞങ്ങളുടെ അദ്ധ്യാപകര്‍. എംഡി ലാസ്റ്റ് സെമസ്റ്റര്‍ ആയപ്പോഴേക്കും ഞാനും എന്റെ ഒരു സുഹൃത്തും അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലെ ഒരു ഹോസ്പിറ്റലില്‍ അപേക്ഷിച്ചിരുന്നു. അവിടെ ഞങ്ങള്‍ക്ക് സെലക്ഷന്‍ കിട്ടി. ഈ കാര്യം അറിഞ്ഞ ഡോക്ടര്‍ പൈ, ''താന്‍ വെള്ളക്കാരെ ചികിത്സിക്കാന്‍ പോയാല്‍ ഇവിടെയുള്ള ആളുകളെ ആരാണ് നോക്കാന്‍ പോകുന്നത്?' എന്ന് എന്നോട് ചോദിച്ചു. ''കേരളത്തില്‍ ഇപ്പോള്‍ വൃക്ക രോഗികളെ ചികിത്സിക്കാന്‍ ആരും തന്നെയില്ല. ഈ മേഖലയില്‍ ഇന്ന് പല പുത്തന്‍ സങ്കേതങ്ങളും വന്നു കഴിഞ്ഞു. പക്ഷേ അതൊന്നും കേരളത്തില്‍ എത്തിയിട്ടില്ല. മാത്യുവിന് അത് പഠിച്ചു കൂടെ?' എന്ന അദ്ദേഹത്തിന്റെ ചോദ്യമാണ് എന്നെ ചണ്ടീഗഡിലെ പോസ്റ്റ് ഗ്രാഡുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് 1972-ല്‍ എത്തിച്ചത്. അങ്ങനെ ഞാന്‍ കേരളത്തില്‍ നിന്നും നെഫ്രോളജി പഠിക്കുന്ന ആദ്യത്തെ വിദ്യാര്‍ത്ഥിയായി മാറി. ഇന്ത്യന്‍ നെഫ്രോളജിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട ഡോക്ടര്‍ കിര്‍പാല്‍ സിംഗ് ചുഗിന്റെ കീഴിലാണ് ഞാന്‍ നെഫ്രോളജി ട്രെയിനിങ്ങിന് ചേര്‍ന്നത്. ആദ്യത്തെ ഇന്ത്യന്‍ നെഫ്രോളജിസ്റ്റായിരുന്നു അദ്ദേഹം. വൃക്കരോഗം ഇന്ത്യയില്‍ ഒരു സ്‌പെഷ്യല്‍ പഠനവിഷയമായി മാറിയത് അദ്ദേഹത്തിന്റെ പരിശ്രമത്താലാണ്. ഇന്ത്യയില്‍ തന്നെ നെഫ്രോളജി പഠിക്കുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥി ആയിരുന്നു ഞാന്‍. മദ്രാസില്‍ നിന്നുമുള്ള ഡോക്ടര്‍ അമരേശന്‍ ആണ് അതിനുമുന്‍പ് നെഫ്രോളജി പഠിച്ചത്.

* ആദ്യത്തെ നെഫ്രോളജിസ്റ്റായി കേരളത്തില്‍ തിരിച്ചെത്തിയതില്‍ പിന്നെയുള്ള അനുഭവങ്ങള്‍?

= 1974-ല്‍ ഞാന്‍ ചാണ്ടീഗഢിലെ പഠനം കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെഡിസിനില്‍ ട്യൂട്ടറായി ജോയിന്‍ ചെയ്തു. പക്ഷെ എന്റെ മുന്നില്‍ കടമ്പകളുടെ ഒരു പര്‍വ്വതം തന്നെ പ്രത്യക്ഷപ്പെട്ടു. നെഫ്രോളജി ഒരു പ്രത്യേക വിഭാഗമായി അന്ന് പരിഗണിക്കപ്പെട്ടിരുന്നില്ലല്ലോ. പഠിച്ചതെല്ലാം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമല്ല. ഈ മേഖലയില്‍ ഒന്നും ചെയ്യാനാവാതെ കുറേക്കാലം കഴിച്ചു കൂട്ടേണ്ടി വന്നു. വൃക്കയ്ക്കായി പ്രത്യേകം ഒരു ഡിപ്പാര്‍ട്ട്‌മെന്റ് എന്ന് കേള്‍ക്കുമ്പോള്‍ പലരും ചിരിച്ചു തള്ളുകയാണ് ചെയ്തത്. ഒടുവില്‍ ശ്രീ കെ പി കേശവമേനോന്‍ , ശ്രീ രാജന്‍ മാത്യു അടക്കമുള്ള പത്രപ്രവര്‍ത്തകരുടെയും ഡോ.കെ ജി അടിയോടി, ശ്രീ. എന്‍ കെ ബാലകൃഷ്ണന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെയും ഇടപെടലിലൂടെയാണ് ജനറല്‍ മെഡിസിന്റെ ഭാഗമായി നില്‍ക്കുന്നതിനു പകരം നെഫ്രോളജിക്ക് ഒരു സ്‌പെഷ്യല്‍ പോസ്റ്റ് ഉണ്ടായത്. അങ്ങനെ കേരളത്തിലെ ആദ്യ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ നെഫ്രോളജി ആയി ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയമിക്കപ്പെട്ടു. അന്ന് തൊട്ട് ഇന്നോളം ഉള്ള അനുഭവങ്ങള്‍ എല്ലാം ആത്മകഥയായി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാന്‍.

* എങ്ങനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആദ്യത്തെ ഡയാലിസിസ് നടക്കുന്നത്?

= ആദ്യത്തെ ഡയാലിസിസ് മെഷീന്‍ കേരളത്തില്‍ വന്ന കഥയൊക്കെ രസമാണ്. അന്നൊക്കെ ഗാസ്‌ട്രോ, എലിപ്പനി എന്നിവ പിടിപെട്ടും പാമ്പുകടിയേറ്റും രോഗികള്‍ മരിച്ചുപോകുന്ന നിരവധി കേസുകള്‍ മലബാറില്‍ ഉണ്ടായിരുന്നു. ഡയാലിസിസ് ചെയ്താല്‍ ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. പക്ഷെ, ഒരു ഡയാലിസിസ് മെഷീന്‍ എന്ന സ്വപ്നം നടക്കാന്‍ ഒരു സാധ്യതയും ഇല്ല. ഗവണ്‍മെന്റില്‍ നിന്നും വല്ലതും നടന്ന് കിട്ടാനുള്ള പ്രൊസീജറുകള്‍ ഒരുപാട് നൂലാമാലകള്‍ ഉള്ളതാണല്ലോ. ഒടുവില്‍ ഞാന്‍ ചണ്ടീഗഡിലെ എന്റെ ഗുരു ഡോക്ടര്‍ ചുഗിന് കത്തെഴുതി. അദ്ദേഹത്തിന്റെ നിഘണ്ടുവില്‍ അസാധ്യം എന്നൊരു വാക്കേ ഇല്ല. അമേരിക്കയില്‍ നിന്ന് രണ്ട് മെഷീനുകള്‍ ഫ്രീ ആയി കേരളത്തിലേക്ക് കയറ്റി അയക്കുവാന്‍ അദ്ദേഹം ഏര്‍പ്പാടുകള്‍ ചെയ്തു. കൊച്ചി തുറമുഖത്ത് ആ മെഷീനുകള്‍ കപ്പലില്‍ എത്തി. മെഷീനുകള്‍ വന്നതോടെ മുന്നിലെ പ്രതിബന്ധങ്ങളെല്ലാം ഒന്നൊന്നായി ഉരുകിപ്പോയി. പിന്നെ എല്ലാം വേഗത്തില്‍ ആയിരുന്നു. മരണാസന്നരായിക്കിടന്നിരുന്ന നിരവധി രോഗികള്‍ ഡയാലിസിസിന്റെ സഹായത്തോടെ ഒന്നൊന്നായി രക്ഷപ്പെട്ടു. പത്രങ്ങളില്‍ വാര്‍ത്ത വന്നു. ധാരാളം റിപ്പോര്‍ട്ടുകള്‍ വന്നു. അങ്ങനെ എല്ലാം ശുഭമായി.

* അങ്ങനെയാവും മെക്ക ഓഫ് കിഡ്‌നി ഡിസീസ് ട്രീറ്റ്‌മെന്റ് എന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് അറിയപ്പെട്ടു തുടങ്ങിയത് അല്ലെ?

= 1985 -ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആദ്യത്തെ വൃക്ക മാറ്റിവെക്കല്‍ നടക്കുന്നത്. അന്ന് കേരളത്തില്‍ വേറെ എവിടെയും കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ ഇല്ല. യൂറോളജി വിഭാഗത്തിന്റെ അന്നത്തെ തലവന്‍ ഡോക്ടര്‍ റോയി ചാലി ആണ്. രോഗികളെ ഞങ്ങള്‍ ഒന്നിച്ചാണ് നോക്കിയിരുന്നത്. ഒന്ന് സര്‍ജറി, ഒന്ന് മെഡിസിന്‍. യൂറോളജിയും നെഫ്രോളജിയും ഒന്നുചേര്‍ന്ന് ജോലി ചെയ്യാന്‍ തുടങ്ങി. അങ്ങനെ ആദ്യത്തെ വൃക്കമാറ്റ ശസ്ത്രക്രിയ കേരളത്തില്‍ സാധ്യമായി. 1985- ലെ കിഡ്‌നി മാറ്റിവയ്ക്കലിനു ശേഷം ഇവിടെയും നെഫ്രോളജിയില്‍ പി.ജി. കോഴ്‌സുകള്‍ തുടങ്ങാന്‍ വേണ്ടി നിരന്തരം സര്‍ക്കാറിന് എഴുതി. അങ്ങനെ കേരളത്തില്‍ ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നെഫ്രോളജിയില്‍ ഡി എം കോഴ്‌സ് 1990-ല്‍ സാങ്ഷന്‍ ആയി. ഡോക്ടര്‍ സിബിസി വാര്യര്‍ സാറിന് പാമ്പുകടിയേറ്റ രോഗികളുടെ ചികിത്സയില്‍ വലിയ താല്പര്യമായിരുന്നു. അദ്ദേഹത്തിനോടൊപ്പം പാമ്പുകടിയേറ്റ രോഗികള്‍ക്ക് മാത്രമായി ഒരു ഐസിയു സ്റ്റാര്‍ട്ട് ചെയ്തതും ആ കാലത്താണ്. ഇന്ത്യയില്‍ തന്നെ മറ്റൊരു ആശുപത്രിയിലും അന്ന് ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള രോഗികള്‍ വൃക്കരോഗചികില്‍സയ്ക്ക് കോഴിക്കോട്ടേക്ക് എത്തി. ഇതിന്റെയൊക്കെ ഫലമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മെക്ക ഓഫ് കിഡ്‌നി ഡിസീസ് ട്രീറ്റ്‌മെന്റ് എന്ന് അറിയപ്പെടാന്‍ തുടങ്ങി.

* വൃക്കരോഗചികിത്സാ മേഖലയില്‍ ഡോക്ടര്‍ 50 വര്‍ഷങ്ങള്‍ പിന്നിടുകയാണല്ലോ. ഈ മേഖലയില്‍ ഉണ്ടായ മാറ്റങ്ങള്‍ ഒന്ന് വിലയിരുത്താമോ?

= ആദ്യത്തെ ഡയാലിസിസ് മെഷീന്‍ കേരളത്തില്‍ എത്തിയ കഥ പറഞ്ഞല്ലോ. ആ മെഷീന്‍ സെറ്റ് ചെയ്യല്‍ ഒക്കെ ഭീമമായ ജോലി ആയിരുന്നു. പക്ഷെ ഇന്ന് വീട്ടില്‍ ഇരുന്നുകൊണ്ട് രോഗിക്ക് ഒറ്റയ്ക്ക് ഡയാലിസിസ് ചെയ്യാവുന്ന വിധത്തില്‍ ഈ രംഗം പരിണമിച്ചു കഴിഞ്ഞു. കോഴിക്കോട് ജില്ലയില്‍ തന്നെ ദിവസവും ആയിരത്തോളം ഡയാലിസിസുകള്‍ ചെയ്യുവാന്‍ സാധിക്കുന്നുണ്ട്. പല സ്വകാര്യ സംഘടനകളും ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ധാരാളം ഫണ്ടുകളും സഹായങ്ങളും ഉണ്ട്. കാലങ്ങളോളം സര്‍ക്കാര്‍ സംവിധാനത്തിനായി കാത്തിരിക്കേണ്ട അവസ്ഥയും ഇല്ല. കാര്യങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ എളുപ്പമാണ്. കൃത്യമായ ഡയഗ്‌നോസിസും ഇപ്പോള്‍ സാധ്യമാണ്. പണ്ടില്ലാത്ത പല ചികിത്സകളും ഇന്നുണ്ട്. റോബോട്ടിക് സര്‍ജറി ഒക്കെ വന്നുകഴിഞ്ഞല്ലോ. കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ക്കിടയില്‍ വൃക്കചികിത്സാരംഗത്ത് വന്‍ കുതിച്ചു ചാട്ടങ്ങളാണ് ഉണ്ടായത്. ശരീരം കീറിമുറിച്ചുള്ള ഓപ്പറേഷന്‍ കൂടാതെ കിഡ്‌നി സ്റ്റോണ്‍ റിമൂവ് ചെയ്യുന്നതൊക്കെ ഉദാഹരണമായി പറയാം. 

* വൃക്കമോഷണ വിവാദങ്ങള്‍ എന്നും നാം കേള്‍ക്കാറുണ്ട്. പല സിനിമകളിലും അവയവ മോഷണ തട്ടിപ്പുകള്‍ കണ്ട് ആളുകള്‍ പേടിക്കാറുമുണ്ട്. ഈ വിഷയത്തില്‍ ഡോക്ടര്‍ക്ക് എന്താണ് പറയാനുള്ളത്?

= വൃക്ക മോഷണം എന്നത് ഒരു കല്പിതകഥയാണ്. മാധ്യമങ്ങളില്‍ വരുന്ന കഥയൊക്കെ കണ്ടാല്‍ റൊട്ടി വാങ്ങിക്കും പോലെ ഒരാള്‍ക്ക് കിഡ്നി വാങ്ങിക്കാന്‍ പറ്റും എന്നാണ് തോന്നുക. സയന്റിഫിക്കായ കാര്യങ്ങള്‍ അറിയാതെ, ഒരു ഡോക്ടറെ പോലും കണ്ട് സംസാരിക്കാതെ സിനിമാക്കഥ എഴുതുന്ന ആളുകള്‍ വേറെ. വളരെ കോമ്പ്‌ളിക്കേറ്റഡായ ഒരു കാര്യമാണ് വൃക്ക മാറ്റിവെക്കല്‍. അതങ്ങനെ സൂത്രത്തില്‍ ചെയ്യാനൊന്നും പറ്റുകയില്ല. സാമാന്യബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മാസങ്ങളോളം ടെസ്റ്റുകള്‍ ഒക്കെ കഴിഞ്ഞാണ് കിഡ്നി മറ്റൊരാള്‍ക്ക് ചേരുന്നതാണോ എന്നത് തന്നെ നോക്കുന്നത്. നാലും അഞ്ചും ഡോക്ടര്‍മാര്‍ ഒന്നിച്ചുചേര്‍ന്നാണ് ഇത്തരം മേജര്‍ സര്‍ജറികള്‍ നടത്തുന്നത്. അപകടം പറ്റി ആശുപത്രിയില്‍ എത്തിയ ആളുടെ കിഡ്നി സെക്കന്‍ഡ് വച്ച് അടിച്ചു മാറ്റി മറ്റൊരാള്‍ക്ക് പിടിപ്പിക്കുന്നതൊക്കെ വന്യഭാവനയിലേ നടക്കുകയുള്ളൂ.

* പക്ഷെ, കത്രികയൊക്കെ വയറ്റില്‍ മറന്നുവെക്കുന്ന സംഭവമൊക്കെ യാഥാര്‍ഥ്യമായി നമ്മുടെ മുന്നില്‍ ഉണ്ടല്ലോ?

= അതിന് പല കാരണങ്ങള്‍ ഉണ്ട്. ഇതിന്റെ എല്ലാ വശങ്ങളും നാം അറിയേണ്ടതുണ്ട്. ഒരു ശസ്ത്രക്രിയ എന്നത് പല ആളുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു സിസ്റ്റമാണ്. ഓരോ ശസ്ത്രക്രിയയിലും പല വലിപ്പത്തിലും ആകൃതിയിലും ഉള്ള കത്രികകളും ചവണകളും പല അളവില്‍ പഞ്ഞിയും ഒക്കെ ഉപയോഗിക്കേണ്ടി വരും. ശസ്ത്രക്രിയക്ക് മുന്‍പ് ഇതെല്ലാം എണ്ണമിട്ട് എഴുതി റെക്കോര്‍ഡ് ആക്കുകയും ശസ്ത്രക്രിയക്ക് ശേഷം ഉപയോഗിച്ച അത്രയും സാധനങ്ങള്‍ തിരികെ വന്നോ എന്നതിന്റെ കൃത്യത ഉറപ്പാക്കുകയും ചെയ്യേണ്ട ചുമതല നേഴ്സിനാണ് ഉണ്ടാവുക. ഡോക്ടര്‍ക്ക് അത്തരം കണക്കെടുപ്പുകള്‍ നടത്തേണ്ടി വരാറില്ല. തുടര്‍ച്ചയായി ശസ്ത്രക്രിയകള്‍ ചെയ്യുന്ന ഡോക്ടര്‍ക്ക് ഇത്തരം എല്ലാ കാര്യങ്ങളും നോക്കാന്‍ പറ്റുമോ എന്ന് ഓര്‍ത്തുനോക്കൂ. ഒരു യൂട്രസ് ഓപ്പറേഷന്‍ തന്നെ ഉദാഹരണമായി എടുക്കാം. ഇരുപതോളം കത്രികകള്‍, ചവണകള്‍, ധാരാളം പഞ്ഞിക്കെട്ടുകള്‍ ഒക്കെ അതിന് ആവശ്യമുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇതുവല്ലതും മിസ്സിംഗ് ആണോ എന്ന് കണ്ടുപിടിക്കേണ്ട ചുമതല ഇന്‍ചാര്‍ജായ നേഴ്‌സിനാണ്. അവര്‍ക്ക് വരുന്ന പിഴവ് കൂടിയാണ് ഇത്തരം സംഗതികള്‍. അത് ഒരിക്കലും ഡോക്ടറുടെ മാത്രം കുറ്റമല്ല. ഇത് ഒരു പ്രത്യേക സിസ്റ്റമാണെന്നും ഇതിനെല്ലാം കണക്ക് സൂക്ഷിക്കാന്‍ ചുമതല ഉള്ളവര്‍ ഉണ്ടെന്നും എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ട്? 

* കേരളം ആരോഗ്യത്തില്‍ നമ്പര്‍ വണ്‍ എന്ന് പറയുമ്പോഴും പലരും ചികിത്സയ്ക്കായി വിദേശത്ത് പോകാറുണ്ടല്ലോ? അതെന്തുകൊണ്ടാണ്?

= കേരളത്തിന്റെ ആരോഗ്യമേഖല നമ്പര്‍ വണ്‍ തന്നെയാണ്. സര്‍ക്കാര്‍ തലത്തിലും അതേപോലെ സ്വകാര്യ മേഖലയിലും മികച്ച ആശുപത്രികളും മികച്ച ഡോക്ടര്‍മാരും ഇവിടെയുണ്ട്. ഇവിടുത്തെ നേഴ്സിങ് കെയര്‍ വളരെ നല്ലതാണ്. കൂടുതല്‍ നല്ല ചികിത്സ പുറത്ത് കിട്ടും എന്നത് ഒരു മിഥ്യാധാരണയാണ്. ഇന്ന് ഓരോ രോഗത്തിനും യൂണിവേഴ്‌സല്‍ ആയി തന്നെ ഒരേതരം ചികിത്സാമാനദണ്ഡങ്ങളും നിര്‍ദേശങ്ങളും ആണുള്ളത്. എല്ലാ രാജ്യങ്ങളും ഇത് ഒരേപോലെ പാലിക്കണം. അപ്പോള്‍ ചികിത്സയില്‍ വ്യത്യാസം എവിടെ? ആശുപത്രിയിലെ ഭൗതിക സൗകര്യങ്ങളില്‍ വ്യത്യാസം വന്നെന്നിരിക്കാം. ഇത്തരം കാര്യങ്ങളില്‍ ഉള്ള അജ്ഞത കാരണമാണ് ആളുകള്‍ ഇങ്ങനെ ചെയ്യുന്നുണ്ടാവുക. മിക്ക വിദേശ രാജ്യങ്ങളിലും ഇവിടെ കിട്ടുന്നത്ര എളുപ്പത്തില്‍ ചികിത്സ പോലും കിട്ടുകയില്ല എന്നത് മറ്റൊരു വശം. ബ്രിട്ടനിലും കാനഡയിലും അമേരിക്കയിലുമൊക്കെ ഉള്ളവരോട് ചോദിച്ചു നോക്കൂ. ഒരു സ്‌പെഷ്യലിസ്റ്റിനെ കാണാന്‍ മാസങ്ങളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. സാധാരണക്കാര്‍ക്ക് മാത്രമല്ല, ഡോക്ടര്‍മാര്‍ക്ക് പോലും ഇതാണ് അനുഭവം. ഇവിടുത്തെപ്പോലെ നേരെയങ്ങു പോയി ഡോക്ടറെ കാണുന്ന രീതി ഇംഗ്ലണ്ടിലോ അമേരിക്കയിലോ കാനഡയിലോ ഒന്നും ഇല്ല. മറ്റൊന്ന് കൂടി ഓര്‍ക്കണം. കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച ചികിത്സ തേടി മറ്റു രാജ്യങ്ങളില്‍ നിന്നും രോഗികള്‍ കേരളത്തിലേക്കും ഇന്ത്യയിലേക്കും ധാരാളമായി ഇപ്പോള്‍ വരുന്നുണ്ട്. വേണ്ട സമയത്ത് ചികിത്സ കിട്ടാത്തതിനാല്‍ വിമാനം കയറി ഇവിടേക്ക് വരുന്ന വിദേശമലയാളികളുടെ കണക്കുകള്‍ ആരറിയുന്നുണ്ട്! ഇവിടെയുള്ളവര്‍ ഭാഗ്യവാന്മാരാണ് എന്ന് എന്നോട് തന്നെ എത്രയോ പേര്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്.

* പുറത്തുപോയുള്ള മെഡിസിന്‍ പഠനത്തെപ്പറ്റിയും ഡോക്ടര്‍ക്ക് ഇതേ അഭിപ്രായമാണോ?

= പണ്ടുകാലത്ത് പുറത്തുപോയി പഠിക്കുന്നത് ഒരു വലിയ കാര്യം തന്നെയായിരുന്നു. പുറത്തുള്ളത്ര മികച്ച സംവിധാനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. പക്ഷെ ഇന്നത്തെ സ്ഥിതി അതല്ല. ലോകോത്തര നിലവാരത്തിലുള്ള മെഡിസിന്‍ പഠനം ഇവിടെ സാധ്യമാണ്. ഏതു സ്‌പെഷ്യലൈസേഷനും ഇവിടുണ്ട്. പഠന സംവിധാനങ്ങളിലും നാം അപ്ഡേറ്റഡാണ്. ഇതൊക്കെ തന്നെയേ പുറത്തു ചെന്നാലും കിട്ടുകയുള്ളൂ. പക്ഷെ, ചികിത്സാമേഖലയില്‍ നാം മുന്നിലെത്തിയെങ്കിലും ഗവേഷണരംഗത്ത് വിദേശരാജ്യങ്ങള്‍ തന്നെയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത് എന്നതും ഒരു സത്യമാണ്.
ഇതിനേക്കാള്‍ പ്രധാനമായ കാര്യങ്ങള്‍ വേറെയുണ്ട്. പുറത്ത് പോയി പഠിച്ചു കിട്ടുന്ന ചില ഡിപ്ലോമകള്‍ക്ക് ഇവിടെ അംഗീകാരമില്ല. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അവ അംഗീകരിക്കുന്നില്ല എന്നതാണ് പരമാര്‍ത്ഥം. ചഅആഒ അംഗീകാരമുള്ള ആശുപത്രികളില്‍ എം ആര്‍ സി പി , എഫ് ആര്‍ സി പി എന്നൊക്കെ ബോഡ് വെക്കാന്‍ പറ്റുകയില്ല. കാരണം അതൊരു ഡിഗ്രി അല്ല എന്നത് തന്നെ. റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും ഒക്കെ മെഡിക്കല്‍ പഠനം കഴിഞ്ഞു വരുന്ന കുട്ടികള്‍ ഇവിടെ എത്തിയാല്‍ എംബിബിഎസ് തത്തുല്യ പരീക്ഷ എഴുതി ജയിക്കണം. എങ്കില്‍ മാത്രമേ പ്രാക്ടീസ് ചെയ്യാന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം കിട്ടുകയുള്ളൂ. അല്ലാതെ ചികില്‍സിച്ചാല്‍ അവര്‍ വ്യാജഡോക്ടര്‍മാരെ പോലെ ആകും. ഇന്ത്യയില്‍ മാത്രമല്ല, മിക്ക രാജ്യങ്ങളിലും ഇത് പോലെ തന്നെയാണ് നിയമങ്ങള്‍.

* പണ്ട് ഉള്ളതുപോലെ ഫാമിലി ഡോക്ടര്‍ എന്ന ആശയം തന്നെ ഇല്ലാതായി എന്ന് തോന്നുന്നുണ്ടോ?

= മുന്‍പൊക്കെ ഡോക്ടര്‍മാര്‍ ഒരു രോഗിയെ കണ്ടാല്‍ ആ ശരീരത്തിനുള്ള എല്ലാ കേടുകളും കണ്ടുപിടിച്ചിരുന്നു. ഓരോ രോഗിയെയും നോക്കാന്‍ അന്നൊക്കെ അരമണിക്കൂറെങ്കിലും എടുത്തിരുന്നു. രോഗിയുടെ രോഗവിവരങ്ങള്‍ മാത്രമല്ല, കുടുംബ വിശേഷങ്ങള്‍ വരെ ഡോക്ടര്‍മാര്‍ ചോദിച്ചറിയും. ഇന്നത്തെ ഡോക്ടര്‍- രോഗി ബന്ധത്തില്‍ വളരെയധികം വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. രോഗിയുടെ ലാബ് റിസള്‍ട്ട്, എക്‌സ്‌റേ, എം.ആര്‍,ഐ,സി.ടി സ്‌കാന്‍ തുടങ്ങിയവ മാത്രം നോക്കുന്ന ഒരു രീതിയാണ് വ്യാപകം. കുടുംബ പശ്ചാത്തലം, രോഗിയുടെ സ്വഭാവസവിശേഷതകള്‍ ഇതൊക്കെ വെച്ചുള്ള അസസ്‌മെന്റ് ഇന്ന് കുറവാണ്. ദേഹപരിശോധന വിരളമായി. സ്‌കാനിങ് റിപ്പോര്‍ട്ട് മാത്രം നോക്കി രോഗ നിര്‍ണയം നടത്തുന്ന രീതിയോട് എനിക്ക് യോജിപ്പില്ല. രോഗിക്ക് മറ്റെന്തൊക്കെ പ്രശ്‌നങ്ങളുണ്ട് എന്ന് വിദഗ്ധ പരിശോധന നടത്തിയിരിക്കുക തന്നെ വേണം.' ഡോക്ടറേ, ഞാന്‍ വാട്‌സാപ്പില്‍ റിപ്പോര്‍ട്ട് അയക്കാം. ഒന്ന് നോക്കി പറഞ്ഞു തരണേ' എന്നാണ് ചിലരൊക്കെ ആവശ്യപ്പെടുന്നത്. രോഗി ആര്, എന്ത് എന്ന് പോലും അറിയാതെയുള്ള പരിശോധന. ഇതിനോടൊന്നും എനിക്ക് യോജിക്കാനെ പറ്റുന്നില്ല. ലോകത്ത് എല്ലായിടത്തും തന്നെ ഇത്തരത്തില്‍ മാറ്റം വന്നു കഴിഞ്ഞു. എല്ലാം കൊമേഴ്‌സ്യലൈസ് ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. രോഗി എന്നത് ഒരു ഉല്‍പ്പന്നം മാത്രമായി മാറുകയാണല്ലോ.
രോഗിയുമായി ഡോക്ടര്‍ക്ക് ആത്മബന്ധം വേണം എന്നാണ് എന്റെ ഗുരുനാഥന്മാര്‍ എന്നെ പഠിപ്പിച്ചത്. രോഗിയെ വിശദമായി തൊട്ടു പരിശോധിക്കാതെ രോഗനിര്‍ണയം നടത്തുന്നത് എനിക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. കോവിഡ് സമയത്ത് പക്ഷേ ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കാതെ തരമില്ലായിരുന്നു. രോഗിയുടെ ശാരീരികാവസ്ഥ റീഡ് ചെയ്യുന്ന യന്ത്രങ്ങള്‍ വരെ ഇപ്പോള്‍ ഉണ്ടല്ലോ. പക്ഷേ ഡോക്ടര്‍-രോഗി ബന്ധം എന്നത് ഇതിനെല്ലാം അപ്പുറമാണ്.

* വൃക്കയുടെ ആരോഗ്യത്തിന് നാം പ്രത്യേകിച്ച് എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?

= ജീവിതശൈലീരോഗങ്ങള്‍, സ്ട്രെസ്, ഉറക്കമില്ലായ്മ ഇതെല്ലാം വൃക്കയ്ക്ക് വെല്ലുവിളികളാണ്. കൂടാതെ കലോറി കൂടിയ ഭക്ഷണവും വ്യായാമമില്ലാത്ത അവസ്ഥയും അമിതഭാരവും ഫാസ്റ്റ് ഫുഡും വൃക്കകളുടെ തകരാറിലേക്ക് നയിക്കാറുണ്ട്. പ്രമേഹവും ബിപിയും നിയന്ത്രണത്തിലല്ലാതെ തുടര്‍ന്നാല്‍ വൃക്ക കേടുവരും എന്നത് ആളുകള്‍ ഓര്‍ക്കാറില്ല. ഇന്ന് കാണുന്ന 50 ശതമാനം വൃക്കരോഗങ്ങളും നിയന്ത്രണത്തില്‍ അല്ലാത്ത ബ്ലഡ് പ്രഷര്‍, ഷുഗര്‍ എന്നിവ കാരണം വരുന്നതാണ്. വേദനസംഹാരികളുടെ അമിതോപയോഗം വൃക്കയെ തകരാറിലാക്കും. സ്ത്രീകളില്‍ ഇടയ്ക്കിടെ വരുന്ന യൂറിനറി ഇന്‍ഫെക്ഷന്‍ വൃക്കരോഗം വരാനുള്ള സൂചനയായി കണക്കാക്കാം. കുട്ടികളില്‍ നിന്നുതന്നെ വൃക്ക സംരക്ഷണം തുടങ്ങണം. 30 ശതമാനം കുട്ടികള്‍ക്കും പൊണ്ണത്തടി ഉണ്ടെന്നാണ് കണക്ക്. ഇത് ഭാവിയില്‍ രോഗങ്ങളിലേക്ക് നയിക്കും. ഇത്തരം കാര്യങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ മാറിയ സാഹചര്യത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഇടയ്ക്ക് വൃക്ക പരിശോധന നടത്തേണ്ടതുണ്ട്. കാരണം 50 ശതമാനത്തിലേറെ തകരാറില്‍ ആയാല്‍ മാത്രമേ വൃക്കരോഗലക്ഷണങ്ങള്‍ പുറത്ത് കാണുകയുള്ളൂ.

* സത്യത്തില്‍ വൃക്കയ്ക്ക് ശരീരത്തില്‍ എന്തൊക്കെയാണ് പണി?  

= വളരെ സങ്കീര്‍ണമായ പ്രവര്‍ത്തന പദ്ധതികള്‍ ഉള്ള ഒരു ജോഡി അവയവങ്ങള്‍ ആണ് നമ്മുടെ വൃക്കകള്‍. ശരീരത്തിന്റെ ആന്തരിക പരിതസ്ഥിതി നിയന്ത്രിക്കുക, ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കുക, ശരീരത്തിന്റെ ആസിഡ്-ബേസ് തുലനനില പാലിക്കുക, ചുവന്ന രക്താണുക്കളെ നിര്‍മിക്കാന്‍ സഹായിക്കുക, കാല്‍സ്യത്തെ ശേഖരിച്ചു വെക്കുക, എല്ലിന്റെ വളര്‍ച്ചയെ സഹായിക്കുക, സോഡിയം-പൊട്ടാസ്യം ലെവല്‍ കാക്കുക ഇതെല്ലാം വൃക്കയുടെ ജോലിയാണ്. ഇതിനൊപ്പമാണ് രക്തത്തെ അരിച്ച് ശുദ്ധീകരിക്കുന്ന ജോലി. ദിവസത്തില്‍ ഇരുപതിലധികം പ്രാവശ്യം വൃക്കകള്‍ ശരീരത്തിലെ മുഴുവന്‍ രക്തത്തെയും അരിച്ച് മാലിന്യങ്ങള്‍ മൂത്രത്തിലൂടെ പുറന്തള്ളിക്കൊണ്ടിരിക്കുകയാണ്.ഒരു നിമിഷം പോലും റെസ്റ്റില്ല. നമ്മുടെ ആയുസിന്റെ നീളം തീരുമാനിക്കുന്നതിലും വൃക്കകള്‍ക്ക് റോള്‍ ഉണ്ട്. വൃക്കയിലുള്ള ക്‌ളോത്തോ ജീന്‍ നമ്മുടെ ആയുര്‍ദൈര്‍ഘ്യത്തെയും വാര്‍ധക്യത്തെയുമൊക്കെ നിര്‍ണയിക്കുന്നു എന്നാണ് പുത്തന്‍ അറിവ്.  

* വെളുക്കാന്‍ ക്രീം തേച്ചിട്ട് പലരും കിഡ്‌നി രോഗികളായി മാറിയ സംഭവം ഈയിടെ ഉണ്ടായല്ലോ? മുഖത്ത് തേക്കുന്ന ക്രീം എങ്ങനെയാണ് കിഡ്‌നിയെ ബാധിക്കുന്നത്?

= നെഫ്രോട്ടിക് സിന്‍ഡ്രം എന്നൊരു രോഗമുണ്ട്. മുഖത്തും കാലിലും നീര് വരുന്നതൊക്കെ ആണ് ലക്ഷണം. യൂറിന്‍ വഴി പ്രോട്ടീന്‍ ധാരാളമായി നഷ്ടപ്പെടും. ഏത് പ്രായത്തിലും ഇത് വരാം. നെഫ്രോട്ടിക് സിന്‍ഡ്രം വന്നാല്‍ കിഡ്നി ബയോപ്‌സി ചെയ്യണം. ഇതിന്റെ റിപ്പോര്‍ട്ട് പല ലാബുകളിലേക്കാണ് അയക്കുക. ഈയിടെ അങ്ങനെ നെഫ്രോട്ടിക് സിന്‍ഡ്രം വന്ന കുറെ രോഗികളുടെ പല ആശുപത്രികളില്‍ നിന്നുള്ള ബയോപ്‌സി റിപ്പോര്‍ട്ടുകള്‍ ചെന്നൈയിലുള്ള ഒരു ബയോപ്‌സി സെന്ററിലേക്ക് അയച്ചു. അവര്‍ നോക്കിയപ്പോള്‍ ഇതിലെല്ലാം ഹെവി മെറ്റലിന്റെ സാന്നിധ്യം കണ്ടു. അതാണ് രോഗ കാരണം എന്ന് മനസ്സിലായി. അവര്‍ വീണ്ടും ടെസ്റ്റ് നടത്തുകയും മെര്‍ക്കുറി ആണ് ശരീരത്തില്‍ അപകടകരമായി എത്തിയിട്ടുള്ളത് എന്നും കണ്ടുപിടിച്ചു. മെര്‍ക്കുറി ഇവരുടെ ശരീരത്തില്‍ വന്നത് എങ്ങനെയാണ് എന്ന പരിശോധനയിലാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്. എല്ലാ രോഗികളും വെളുക്കാന്‍ വേണ്ടിയുള്ള ഫെയ്സ് ക്രീം പുരട്ടുന്ന ആളുകള്‍ ആയിരുന്നു. അതും ഡോക്ടര്‍മാരൊന്നും പ്രിസ്‌ക്രൈബ് ചെയ്യാതെ സോഷ്യല്‍ മീഡിയ വഴിയൊക്കെ കണ്ട് വാങ്ങിച്ച ക്രീമുകള്‍. അതിലടങ്ങിയ മെര്‍ക്കുറിയാണ് ശരീരത്തില്‍ എത്തിയത്. ഉണ്ടാക്കിയ കമ്പനി ഏത് എന്ന് പോലും കണ്ടുപിടിക്കാന്‍ പറ്റാത്ത, ഇന്‍ഗ്രീഡിയന്റ്‌റ്‌സ് വ്യക്തമാക്കാത്ത അത്തരം ക്രീമുകള്‍ ഉപയോഗിക്കുന്ന പ്രവണത ഇങ്ങനെ പല കുഴപ്പത്തിലും നമ്മെ ചാടിക്കും.

* വൃക്കദാനത്തെ പറ്റി ആളുകള്‍ക്കിടയില്‍ ഇപ്പോഴും ആശങ്കകള്‍ ഉണ്ട്. ആര്‍ക്കൊക്കെ വൃക്കദാനം നടത്താന്‍ കഴിയും?

= ദൈവം നമുക്ക് രണ്ടു വൃക്കകള്‍ തന്നിരിക്കുന്നത് ഒന്ന് ദാനം ചെയ്യാനാണ് എന്നൊരു ചൊല്ലുണ്ട്. ചിലര്‍ക്കൊക്കെ ജന്മനാല്‍ തന്നെ ഒരു വൃക്കയെ കാണുകയുള്ളൂ. ചിലര്‍ക്ക് ഒന്ന് ചുരുങ്ങിപ്പോയ നിലയില്‍ കാണാം. രണ്ടു വൃക്കകള്‍ തമ്മില്‍ ഒട്ടിയ നിലയിലും ചിലര്‍ക്ക് കാണാം. ഒരു വൃക്ക ജന്മനാല്‍ തന്നെ പ്രവര്‍ത്തിക്കാത്ത ആളുകളും ഉണ്ട്. ഇവരൊക്കെ സാധാരണ പോലെ ജീവിതം നയിക്കുകയും ചെയ്യും. കാരണം ഒരാള്‍ക്ക് ജീവിക്കാന്‍ അര കിഡ്നി മതി എന്നാണ് പറയുക. അത്രയ്ക്ക് പവര്‍ഫുള്ളാണ് കിഡ്നി. രണ്ട് വൃക്കകള്‍ എന്നതൊക്കെ എത്ര വലിയ ആഡംബരമാണെന്നു മനസ്സിലായില്ലേ? അതുകൊണ്ടു തന്നെ വൃക്കദാനം എന്നത് ഒരിക്കലും പേടിക്കേണ്ട ഒരു സംഗതിയെ അല്ല. 18-65 വയസ്സിനിടയില്‍, ആരോഗ്യമുള്ള ആര്‍ക്കും വൃക്ക ദാനം നടത്താം. വൃക്കദാനത്തെ പറ്റി നമ്മുടെ സമൂഹത്തില്‍ വലിയ തോതില്‍ ബോധവതക്കരണം ആവശ്യമാണ്. നമുക്ക് ജീവിക്കാന്‍ ഒരു വൃക്ക ധാരാളം മതി. മറ്റേ വൃക്ക ആവശ്യമുള്ള ആള്‍ക്ക് ദാനം ചെയ്യാന്‍ നാം തയ്യാറാവണം. ഒരിക്കലും പണത്തിനായി വൃക്ക കൊടുക്കരുത്, പണം കൊടുത്ത് വാങ്ങിക്കുകയുമരുത്. സ്‌നേഹത്തോടെ ഒരു ജീവന്‍ രക്ഷിക്കാന്‍ ചെയ്യേണ്ട മഹത്തായ പ്രവൃത്തിയാണത്.

ഡോ. എം തോമസ് മാത്യു

പത്തനം തിട്ടയിലെ കുറിയന്നൂരില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം ആലപ്പുഴയില്‍. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്, തിരുവനന്തപുരം ഗവ മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിസിനില്‍ എം.ഡി, ചണ്ടീഗഡിലെ പി.ജി.ഐ.എം.ഇ.ആറില്‍ നിന്നും നെഫ്രോളജിയില്‍ ഡി എം. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡും ഗുഡ് സര്‍വീസ് എന്‍ട്രിയും ലഭിച്ചു. ഐ.എം.എ, നെഫ്രോളജി സൊസൈറ്റി ഓഫ് ഇന്ത്യ, ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ, കേരള നെഫ്രോളജി അസോസിയേഷന്‍ എന്നിവയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, നെഫ്രോളജി സൊസൈറ്റിയുടെ പ്രശസ്തമായ സ്‌ക്രിബ്‌നര്‍ അവാര്‍ഡ് തുടങ്ങി ധാരാളം പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഭാര്യ ഇന്ദിര. മക്കള്‍: ഡോ. ജയന്ത്(നെഫ്രോളജിസ്റ്റ്), ഡോ.അനില(കിഡ്നി പാത്തോളജിസ്റ്റ്).