പ്രായത്തിന് യോജിക്കാത്തവിധം പേശികൾപെരുത്ത മധ്യവയസ്‌കൻ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറിവന്നു. മുറിക്കകത്ത് രോഗികളെ പിരിശോധിച്ചുകൊണ്ടിരുന്ന യുവാവായ ഡോക്ടർ സ്റ്റെതസ്‌കോപ്പ് കഴുത്തിൽനിന്നെടുത്ത് താഴെവെച്ച് മുഖത്ത് ഭംഗിയുള്ളൊരു ചിരിവരുത്തിക്കൊണ്ട് പറഞ്ഞു:

To advertise here,

‘‘ഇരിക്കൂ’’

‘‘ഞാൻ...’’ സ്വയം പരിചയപ്പെടുത്താനുള്ള ആഗതന്റെ ശ്രമം തടഞ്ഞുകൊണ്ട് ഡോക്ടർ പറഞ്ഞു:

‘‘എനിക്കറിയാം. അത്യാവശ്യം വായനയൊക്കെയുള്ള ആളാണ് ഞാൻ.’’

‘‘ന്നാലേ എനിക്കു കുറച്ച് ടോണിക്ക് വേണം. ഇപ്പം മൊത്തത്തിലൊരു ഉഷാറില്ല. എഴുതാനും തോന്നുന്നില്ല.’’

ചിരിച്ചുകൊണ്ട് ഡോക്ടർ തന്റെ കൺസൾട്ടിങ് ടേബിളിനോട് ചേർന്ന അലമാരയുടെ വാതിൽ തുറന്നുകൊടുത്തിട്ട് പറഞ്ഞു:

‘‘മുകളിലെ തട്ടിൽ കാണുന്നതൊക്കെ ഉഷാറുകിട്ടാനുള്ള ടോണിക്കുകളാണ്. എടുത്തോളൂ.’’

ഡോക്ടർക്കുമുന്നിലുണ്ടായിരുന്ന രോഗി അതിശയഭാവത്തിൽ ടോണിക് തേടിവന്ന മനുഷ്യനെ നോക്കിയിരിക്കയാണ്. ഡോക്ടർ ചിരിച്ചുകൊണ്ടു പറഞ്ഞു:

‘‘അറിയില്ലേ, ഇതാണ് വൈക്കം മുഹമ്മദ് ബഷീർ. വലിയ എഴുത്തുകാരനാ.’’

എഴുപതുകളിൽ കോഴിക്കോട് മാവൂർ റോഡിൽ ഉണ്ടായിരുന്ന വീടിനോടുചേർന്ന കൺസൾട്ടിങ് റൂമിലായിരുന്നു ഈ രംഗം അരങ്ങേറിയത്. ആ വീട്‌ ഇന്നില്ല, ബഷീറും പോയി. പഴയ കഥകൾ ഓർത്തുകൊണ്ട് അന്നത്തെ ആ ഡോക്ടർ കൊച്ചിയിലുണ്ട്. രവിപുരത്ത് ചിങ്ങനേഴത്ത് തറവാട്ട് വളപ്പിലുള്ള വീട്ടിൽ 99 വയസ്സിന്റെ നിറവിൽ ആയുരാരോഗ്യസൗഖ്യത്തോടെ കഴിയുന്ന ഡോക്ടറുടെ പേര് ചിങ്ങനേഴത്ത് കൃഷ്ണൻ രാമചന്ദ്രൻ. അങ്ങനെ നീട്ടിപ്പറയണമെന്നില്ല. സി.കെ.ആർ. എന്ന ചുരുക്കപ്പേരിൽ വൈദ്യമേഖലയിൽ പ്രസിദ്ധനാണ് മലയാളികളുടെ സ്വന്തം ഭിഷഗ്വരൻ സി.കെ. രാമചന്ദ്രൻ. ബഷീറും എം.ടി.യുമുൾപ്പെടെയുള്ള സാഹിത്യനായകർ മാത്രമല്ല, കരുണാകരനും നായനാരും ബാഫക്കി തങ്ങളും ഉൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കളും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും പ്രൊഫ. എം.കെ. സാനുവുമെല്ലാം ഡോക്ടറുടെ രോഗീസൗഹൃദപ്പട്ടികയിൽ ഉൾപ്പെടുന്നു.

മോഡേൺ മെഡിസിനുപുറമേ ആയുർവേദവും ഡോക്ടർ പഠിക്കാൻ കാരണമെന്താണ് ?

= കുടുംബത്തിന്റെ പാരമ്പര്യമനുസരിച്ച് വീട്ടിലെ ഒരാൾ ആയുർവേദം പഠിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. മൂത്തയാളാണ് സാധാരണ പഠിക്കുക. എന്റെ ചേട്ടൻ പക്ഷേ, നേരേപ്പോയി എംബിബിഎസിന് ചേർന്നു. പിന്നെയുള്ളത് ഞാനാണ്. എനിക്ക് ഒഴിഞ്ഞുമാറാൻ പറ്റിയില്ല. അങ്ങനെയാണ് ആയുർവേദം പഠിക്കുന്നത്. പതിമ്മൂന്നാം വയസ്സിൽ വടക്കൻ പറവൂരിലെ പി.ആർ. ശാസ്ത്രികളുടെ അടുത്തുചെന്ന് പഠിച്ചു. അവിടെ നല്ല അധ്യാപകരായിരുന്നു. വർഗീസ്, നാരായണൻ നായർ, സുബ്രഹ്മണ്യൻ... അങ്ങനെ പ്രഗല്‌ഭരായ ചിലർ. അതുകഴിഞ്ഞ് തിരുവന്തപുരത്തുപോയി പഠിച്ച് വൈദ്യകലാനിധി ബിരുദം നേടി. തിരിച്ച് എറണാകുളത്ത് എത്തിയപ്പോൾ ഇനിയും പഠിക്കണമെന്നുതോന്നി. ആയുർവേദം മാത്രം പോരാ, അനാട്ടമിയും ഫിസിയോളജിയും എല്ലാം പഠിക്കണം. ആധുനിക വൈദ്യം പഠിക്കണമെന്ന മോഹമായതോടെ റാങ്ക് മെച്ചപ്പെടുത്താനായി ഒരിക്കൽക്കൂടി എസ്എസ്എൽസി പരീക്ഷ എഴുതി. അങ്ങനെ 1947-ൽ നാലാം റാങ്കോടെ വീണ്ടും ജയിച്ച് മഹാരാജാസ് കോളേജിൽ ഇന്റർമീഡിയറ്റിനു ചേർന്നു. തുടർന്ന് മദ്രാസിലെ സ്റ്റാൻലി മെഡിക്കൽ കോളേജിൽ എംബിബിഎസിനു ചേർന്നു. സ്വർണമെഡലോടെ വിജയം. എംബിബിഎസ് കഴിഞ്ഞപ്പോൾ ഗവൺമെന്റ് സർവീസിൽ ജോലികിട്ടി. എറണാകുളം കണ്ണമാലിയിലെ സർക്കാർ ആശുപത്രിയിൽ. പക്ഷേ, അങ്ങോട്ടെത്തിപ്പെടുക അന്ന് വളരെ ബുദ്ധിമുട്ടായിരുന്നു. ആറ് മൈൽ നടക്കണം. റോഡൊന്നും ഇല്ല. കുറച്ചുകാലം അവിടെ ജോലിചെയ്തു. ഒരു പള്ളിയുണ്ടായിരുന്നു അവിടെ; ഒരു പള്ളീലച്ചനും. അവിടെയായിരുന്നു കിടപ്പ്. ഭക്ഷണം അച്ചൻ തരും. രാവിലെവരുന്ന രോഗികളെ നോക്കും. വലിയ മഴക്കാലംവന്ന് വെള്ളം കയറിയപ്പോൾ അവിടേക്ക് പോകാൻ പറ്റാതെയായി. ആ ജോലി ഉപേക്ഷിച്ചു.

എറണാകുളത്തുകാരനായ താങ്കൾ പിന്നെ എങ്ങനെയാണ് മലബാറുകാരുടെ സ്വന്തം സി.കെ.ആറായത് ?

= സർക്കാർ സർവീസ് വിട്ടശേഷം ഉപരിപഠനത്തിനായി ലണ്ടനിലേക്കുപോയി. ലണ്ടനിലെയും ഗ്ലാസ്ഗോയിലെയും എഡിൻബറോയിലെയും റോയൽ കോളേജുകളിൽനിന്ന് എംആർസിപി ബിരുദം നേടി. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ മെഡിക്കൽ രജിസ്ട്രാറായും ലണ്ടൻ സ്‌കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനിൽ അധ്യാപകനായും ജോലിചെയ്തു. നാട്ടിലേക്കു പോരണമെന്നു തോന്നിയതോടെ വിദേശവാസം മതിയാക്കി 1960-ൽ എറണാകുളത്ത് തിരിച്ചെത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ. കെ.എൻ. പിഷാരടിയുടെ നിർദേശപ്രകാരം അവിടെയെത്തി അപേക്ഷനൽകി. ഇന്റർവ്യൂനടത്തി അന്നുതന്നെ അവിടെ മെഡിസിൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനംകിട്ടി. തൃശ്ശൂരിനു വടക്കോട്ട് കേരളത്തിലെ ഏറ്റവും പ്രധാന ചികിത്സാലയമാണ് അക്കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജ്. പതുക്കെ ഞാൻ കോഴിക്കോട്ടുകാരനായി മാറുകയായിരുന്നു.

1981-ൽ വിരമിച്ചശേഷവും സി.കെ.ആർ. കോഴിക്കോട്ടുതന്നെ തുടർന്നു. കോഴിക്കോട് പട്ടണത്തിൽ മാവൂർറോഡിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു തൊട്ടടുത്തായിരുന്നു വീട്. പുലർച്ചെമുതൽ രാത്രി വൈകുംവരെ അദ്ദേഹത്തിന്റെ വീടിനുമുന്നിൽ രോഗികളുടെ തിരക്കായിരുന്നു. 2008-ലാണ് കോഴിക്കോട്ടെ വീടുവിറ്റ് എറണാകുളത്തെ താറവാട്ടിലേക്കുമടങ്ങിയത്.

ആയുർവേദവും മോഡേൺ മെഡിസിനും പഠിച്ച ആളെന്നനിലയിൽ ചോദിക്കുകയാണ്, ആയുർവേദത്തിൽ ഇന്ന് വേണ്ടത്ര ഗവേഷണങ്ങൾ നടക്കുന്നില്ല എന്ന് തോന്നുന്നുവോ ?

= ആയുർവേദത്തിൽ ഓരോ രോഗത്തിനും ഇന്ന മരുന്ന് എന്നില്ല. പല പച്ചമരുന്നുകൾ കൂട്ടിയാണ് ഓരോ കഷായവും അരിഷ്ടവുമെല്ലാം ഉണ്ടാക്കിയെടുക്കുന്നത്. അപ്പോൾ ഒരു രോഗം മാറ്റുന്നത് ഇന്ന മരുന്നാണെന്ന് വ്യക്തമായി പറയാനാവില്ല. ഉദാഹരണത്തിന്, ദശമൂലാരിഷ്ടം. ഒരുപാട് പച്ചമരുന്നുകൾ അതിലടങ്ങിയിരിക്കുന്നു. അതിൽ ഏതാണ് ഓരോ രോഗവും മാറ്റുന്നതെന്നു പറയാനാവില്ല. പക്ഷേ, ആയുർവേദം ഇപ്പോഴും വളരെ സുഗമമായി മുന്നോട്ടുപോകുന്നു. രോഗങ്ങൾ ഭേദപ്പെടുത്തുന്നുമുണ്ട്. നാടിന്റെ പൈതൃകമാണ് ആയുർവേദം. അത് നിലനിൽക്കും. താരതമ്യത്തിൽ പ്രസക്തിയില്ലാത്തവിധം വ്യത്യസ്തശൈലിയും രീതിയും ഉള്ളതാണ് മോഡേൺ മെഡിസിനും ആയുർവേദവും. മോഡേൺ മെഡിസിനിൽ അനാട്ടമിയും ഫിസിയോളജിയും ഒന്നിച്ചുകൊണ്ടുപോകുന്ന രീതിയാണ്. ഒരു മരുന്ന് എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നതെന്നും രോഗത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നതെന്നും കൃത്യമായി പറയാനാകും. ആയുർവേദമരുന്ന് തീർച്ചയായും മേൽപ്പറഞ്ഞ പ്രവൃത്തികൾ ചെയ്യുന്നുണ്ടാകും. പക്ഷേ, ഗവേഷണത്തിലൂടെ ഇപ്പോഴും നമുക്കത് കണ്ടെത്താൻ കഴിയുന്നില്ല. ചരകന്റെയും സുശ്രുതന്റെയും കാലത്ത് അനുഭവത്തിലൂടെയാണ് അവർ കാര്യങ്ങൾ മനസ്സിലാക്കിയത്. നിരന്തരം രോഗിയിൽ മരുന്നുകൾ പരീക്ഷിച്ചായിരുന്നു അത്. ഗവേഷണങ്ങൾ വേണ്ടരീതിയിൽ നടക്കാതെപോകുന്നതാണ് ആയുർവേദത്തിന് തിരിച്ചടിയാകുന്നത്.

അഞ്ചുപതിറ്റാണ്ടുനീണ്ട കോഴിക്കോടൻ ജീവിതത്തിനിടെ പ്രശസ്തരും പ്രഗല്‌ഭരുമായ ഒരുപാട് വ്യക്തികളെ ചികിത്സിക്കുകയും ഉറ്റസൗഹൃമുണ്ടാക്കുകയും ചെയ്തിരുന്നുവല്ലോ...

= രാഷ്ട്രീയത്തിലും സാഹിത്യത്തിലും കലയിലുമെല്ലാം പ്രവർത്തിച്ച് പേരെടുത്ത ഒരുപാട് പ്രമുഖവ്യക്തികളുമായി അടുപ്പമുണ്ടാക്കാൻ കഴിഞ്ഞു. ബാഫഖി തങ്ങളിൽനിന്ന് തുടങ്ങാം. നല്ല സൗഹൃദമായിരുന്നു. തങ്ങൾക്ക് ശരീരം മുഴുവൻ വേദനയാണെന്നുപറഞ്ഞ് അദ്ദേഹത്തിന്റെ ഒരു മരുമകൻ എന്നെ കാണാൻവന്നു. അവിടെച്ചെന്ന് പരിശോധിക്കണം. അങ്ങനെ വീട്ടിൽപ്പോയി ചികിത്സിക്കുന്ന രീതി സർക്കാർ ആശുപത്രികളില്ല. അതുകൊണ്ടുതന്നെ മേലധികാരികളുടെ അനുവാദം കിട്ടിയാൽ ചെല്ലാമെന്നു പറഞ്ഞു. തങ്ങൾക്ക് ഭരണതലത്തിലും മറ്റും നല്ല സ്വാധീനമുണ്ടല്ലോ? എന്നെ തേടിവന്നയാൾ ഒരു മന്ത്രിയെ വിളിച്ച് കാര്യംപറഞ്ഞു. എല്ലാവർക്കും തങ്ങളെ ആവശ്യമാണല്ലോ. അതുകൊണ്ട് അനുമതികിട്ടി. പോയിനോക്കി. ചികിത്സിച്ചു. രോഗം മാറി. പിന്നീട് അദ്ദേഹം എന്നെ കാണാനായി ഇടയ്ക്കിടെ വീട്ടിൽ വരും. എന്റെ കുട്ടികൾ അദ്ദേഹത്തെ തങ്ങളപ്പൂപ്പനെന്നാണ് വിളിച്ചിരുന്നത്. ഹജ്ജിനും മറ്റും പോയിവരുമ്പോൾ അവർക്ക് എന്തെങ്കിലും കളിക്കോപ്പുകൾ വാങ്ങിക്കൊണ്ടുവരും. വീട്ടിലെത്തിയാൽ എന്റെ ഭാര്യയോട് ‘‘ചിത്രേ ഒരു ചായ’’ -എന്നു വിളിച്ചുപറഞ്ഞ് അകത്തേക്കുവരും. ഭാര്യക്ക് കുറെ ഉപദേശങ്ങളും നൽകും. എന്നെക്കൊണ്ട് അധികം ജോലിചെയ്യിപ്പിക്കരുത്, ആവശ്യത്തിന് വിശ്രമംകൊടുക്കണം എന്നെല്ലാം ഒരു സഹോദരനെപ്പോലെ അവളെ ഉപദേശിക്കും. അത്രയ്ക്ക് അടുപ്പവും സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.

കെ. കരുണാകരനെയും ചികിത്സിച്ച കഥകേട്ടിട്ടുണ്ട്

= അദ്ദേഹത്തിന് ഒരിക്കൽ ചിക്കൻപോക്സ് പിടിപെട്ടു. ഗുരുവായൂർ ഗസ്റ്റ്ഹൗസിലായിരുന്നു. പകരുന്ന അസുഖമായിരുന്നതുകൊണ്ട് ആരും അധികമടുക്കില്ല. ഞാൻ ചെന്ന് മൂന്നുദിവസം കൂടെനിന്ന് ചികിത്സിച്ചു. ഓരോ മരുന്നുകൾ മാറിമാറിക്കൊടുത്താണ് രോഗം മാറ്റിയത്. ഭേദമായപ്പോൾ കരുണാകരനെ തിരുവനന്തപുരത്ത് കൊണ്ടുചെന്നാക്കിയാണ് ഞാൻ മടങ്ങിയത്. അന്നദ്ദേഹം മുഖ്യമന്ത്രിയല്ല. വ്യക്തിബന്ധം കാരണമാണ് അങ്ങനെയെല്ലാം ചെയ്തത്‌. നായനാരെ ചികിത്സിച്ചിട്ടില്ല. പക്ഷേ, അദ്ദേഹവുമായും നല്ലസൗഹൃദമായിരുന്നു. വീട്ടിൽ വരും. കാര്യങ്ങളെല്ലാം ചോദിച്ചറിയും. പിണറായി വിജയനെയും ഒരിക്കൽ ചികിത്സിച്ചിണ്ട്. അദ്ദേഹം ജില്ലാ സെക്രട്ടറി ആയപ്പോൾമുതലേ ബന്ധമുണ്ടായിരുന്നു. പിന്നെ പാണക്കാട് ശിഹാബ് തങ്ങളുടെയും ഡോക്ടറായിരുന്നു ഞാൻ. അദ്ദേഹം അധികം വീടുവിട്ടു പോകാറുണ്ടായിരുന്നില്ല. സംഘടനയുടെ പരിപാടികൾക്കുമാത്രമേ അദ്ദേഹം പോകുമായിരുന്നുള്ളൂ. കൂടുതലും വീട്ടിലായിരിക്കും. അവിടെ പോയിട്ടാണ് ചികിത്സ. മകൻ കാറുമായിവന്ന് എന്നെ കൂട്ടിക്കൊണ്ടുപോവും.

സാനുമാഷു(എം.കെ. സാനു)മായും വലിയ അടുപ്പമായിരുന്നല്ലോ ?

= പല സമ്മേളനങ്ങളിലും ഞങ്ങളൊരുമിച്ച് പ്രാസംഗികരായി പങ്കെടുക്കുമായിരുന്നു. പിന്നെ ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നപ്പോൾ അവിടെ പ്രസംഗിക്കാൻ സാനുമാഷെ കൊണ്ടുപോയിട്ടുണ്ട്. വി.ആർ. കൃഷ്ണയ്യർ, സാനുമാഷ്, ജസ്റ്റിസ് അപ്പുനായർ, പിന്നെ ഞാൻ. ഞങ്ങൾ എറണാകുളത്ത് വരുമ്പോൾ വൈകുന്നേരം ഒരുമിച്ച് നടക്കാൻപോകുമായിരുന്നു. എറണാകുളത്തപ്പൻ ഗ്രൗണ്ടിലായിരുന്നു നടത്തം. കൃഷ്ണയ്യരെ രോഗിയെന്നനിലയിലാണ് ആദ്യം പരിചയപ്പെടുന്നത്. ഒരിക്കൽ അദ്ദേഹത്തിന് നടക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടു. ആരെങ്കിലും പിടിച്ചാലേ നടക്കാൻ കഴിയൂ. പോയി ചികിത്സിച്ച് മാറ്റിയെടുത്തു. നടക്കാൻ ചെറിയ പേടിയുമായിരുന്നു അയ്യർക്ക്. പിന്നെ ഉഷാറായി നടന്നുതുടങ്ങി. പിന്നെ ഞങ്ങൾക്കൊപ്പം നടക്കാൻ വന്നുതുടങ്ങി. നടക്കാൻ മടിച്ചിരുന്ന അദ്ദേഹത്തെ നടത്തിക്കാനായിരുന്നു ഞങ്ങളുടെ ഈവനിങ് വാക്ക് തുടങ്ങിയതുതന്നെ. കൃഷ്ണയ്യർക്ക് ഐസ്‌ക്രീം വളരെ ഇഷ്ടമായിരുന്നു. നടത്തം കഴിഞ്ഞാൽ ഐസ്‌ക്രീം വാങ്ങിക്കഴിക്കും. രണ്ട് ഐസ്‌ക്രീം ഒക്കെ കഴിക്കും. ഡയബെറ്റിക് ആണെന്ന ചിന്തയൊന്നും അപ്പോഴുണ്ടാവില്ല.

എം.ടി.യെപ്പോലുള്ള എഴുത്തുകാരുടെയും ഡോക്ടറായിരുന്നു സി.കെ.ആർ. അല്ലേ ?

= എം.ടി. വാസുദേവൻ നായരെ ചികിത്സിച്ചിട്ടുണ്ട്. അദ്ദേഹത്തിന് കരൾരോഗമായിരുന്നു. രക്തം ഛർദിച്ച് മേരിക്കുന്ന് ആശുപത്രിയിലുള്ളപ്പോൾ അദ്ദേഹത്തെ അന്നു പരിശോധിച്ചിരുന്ന എന്റെ ശിഷ്യനായ ഡോക്ടർ എന്നെ വിളിച്ചപ്പോൾ ചെന്നു. ഒരു പാതിരാത്രിക്കാണ് അവിടെയെത്തിയത്. മരണത്തോടടുത്ത അവസ്ഥയിലായിരുന്നു എം.ടി. ഞാൻ ചില മരുന്നുകൾ നിർദേശിച്ചു. ‘‘ഇയാളെ മരിക്കാൻ അനുവദിക്കരുത്, ഇയാളിൽനിന്ന് ഇനിയും കേരളത്തിന് ചിലതൊക്കെ കിട്ടാനുണ്ട്‌’’. എന്ന് ഞാൻ എന്റെ ശിഷ്യനോട് പറഞ്ഞതായി ഓർമ്മയുണ്ട്. അപ്പോഴാണ് കിടക്കുന്നത് എം.ടി.യാണെന്ന് അയാൾക്ക് മനസ്സിലായത്. നല്ല അനുസരണയുള്ള രോഗിയായിരുന്നു എം.ടി. അന്നത്തെ സംഭവത്തിനുശേഷം മദ്യപാനം പൂർണമായും നിർത്തി. പിന്നെ വൈക്കം മുഹമ്മദ് ബഷീർ ഇടയ്ക്കിടെ വീട്ടിൽവരും. രാജൻ എന്ന സുഹൃത്തും ഒപ്പമുണ്ടാവും. ബഷീറിന് വേണ്ടത് എനിക്ക് മെഡിക്കൽ റെപ്പുമാർ കൊണ്ടുവന്നുതന്നിരുന്ന ­ടോണിക്കുകളായിരുന്നു. ഞാൻ ടോണിക്കുകൾ വെച്ചിരുന്ന അലമാര തുറന്നിട്ടുകൊടുക്കും. അതിൽനിന്ന് ചിലതൊക്കെ തിരഞ്ഞെടുക്കും. ഏത് കുടിക്കാം, കുടിക്കരുത് എന്നൊക്കെ ധാരണയുണ്ടായിരുന്നു, ബഷീറിന്. എന്നാലും ­എടുത്ത ടോണിക്കുകൾ ഞാൻ നോക്കും. അദ്ദേഹത്തിന് ­പറ്റിയതാണെന്ന് ഉറപ്പുവരുത്തും. മലയാറ്റൂർ രാമകൃഷ്ണനെയും ചികിത്സിച്ചിരുന്നു. വലിയ തമാശക്കാരനായിരുന്നു. പാലക്കാട് ഡെപ്യൂട്ടി കളക്ടർ ആയിരിക്കുമ്പോൾ അദ്ദേഹത്തിന് വയറിളക്കവും ഛർദിയും പിടിപെട്ടു. ഞാൻ മരുന്നുകൊടുത്തു.

മാതൃഭൂമിയുമായുള്ള ബന്ധത്തെക്കുറിച്ച് പറയാമോ?

= മാതൃഭൂമിയുടെ അക്കാലത്തെ പ്രവർത്തകരുമായി വളരെ അടുത്തബന്ധമുണ്ടായിരുന്നു. മുൻപ്‌ ബോർഡ് മീറ്റിങ്‌ കഴിഞ്ഞ് കേശവമേനോൻ, മാധവമേനോൻ, കുട്ടിമാളു അമ്മ എന്നിവരെല്ലാം ഒരുമിച്ച് എന്റെ വീട്ടിൽവരും. കുറെനേരം സംസാരിച്ചിരിക്കും. ഇടയ്ക്കവരുടെയൊക്കെ ആരോഗ്യവും പരിശോധിക്കുമായിരുന്നു. പിന്നെ എം.പി. വീരേന്ദ്രകുമാറുമായി വളരെ അടുത്തബന്ധം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ അമ്മയ്ക്ക് അസുഖംവരുമ്പോൾ ഞാൻ വീട്ടിൽപ്പോകും. അദ്ദേഹത്തെയും ഞാൻ ചികിത്സിച്ചിട്ടുണ്ട്. പി.വി. സാമിയുമായി കോഴിക്കോട്ടുവന്ന കാലംതൊട്ടേ നല്ലപരിചയമായിരുന്നു. എന്റെ കാര്യങ്ങളിലെല്ലാം വലിയ താത്‌പര്യമെടുത്ത മനുഷ്യനായിരുന്നു. മാതൃഭൂമിയുടെ ആരോഗ്യമാസിക തുടങ്ങിയ കാലംതൊട്ട് ദീർഘകാലം എന്റെ പംക്തിയുണ്ടായിരുന്നു. അതുമാത്രമായിരുന്നില്ല. മാസികയുടെ ഉള്ളടക്കത്തെക്കുറിച്ച് എനിക്കു കഴിയാവുന്ന നിർദേശങ്ങൾ നൽകും. മാസികയുടെ അന്നത്തെ ചുമതലക്കാരനായിരുന്ന ജയകുമാർ എന്നെ പലപ്പോഴും മാസികയുടെ പത്രാധിപരെന്ന് തമാശയായി വിശേഷിപ്പിക്കാറുണ്ടായിരുന്നു.

പ്രായത്തെ വെറും അക്കമാക്കിമാറ്റുന്ന ആരോഗ്യരഹസ്യം എന്താണ്?

= ജീവിതശൈലിതന്നെയാണ് കാരണം. ഞാൻ ഭക്ഷണം വളരെക്കുറച്ചേ കഴിക്കൂ. മിതമായ ഭക്ഷണം. പിന്നെ വ്യായാമം. സുഹൃത്തുക്കൾക്കൊപ്പം നടക്കാനിറങ്ങും. അവരോട് വർത്തമാനങ്ങൾ പറയും. നല്ല സൗഹൃദങ്ങൾ തരുന്ന സന്തോഷം വലുതാണ്. ഒരു വ്യക്തിക്ക് ആയുസ്സും ആരോഗ്യവും നൽകുന്നതിൽ നല്ലസൗഹൃദത്തിന് വലിയ പങ്കുണ്ട്. ആയുർവേദത്തിലും അത് പറയുന്നുണ്ട്. പരന്മാരെ ആരാധിക്കുന്നവൻ പണ്ഡിതനാണ് എന്നമട്ടിൽ പറയുന്നുണ്ട്. കണ്ടുമുട്ടുന്നവരോട് നല്ല സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കും. അങ്ങനെ എനിക്ക് ഒരുപാട് സുഹൃത്തുക്കളെ ലഭിച്ചു. ഒപ്പം ആരോഗ്യവും.

വിശ്വാസിയാണോ?

= സത്യവും ധർമവും ചേർന്നാൽ അത് ദൈവമാണ്. അതാണ് എന്റെ ദൈവസങ്കല്പം. പിന്നെ കർമം. ഇവിടെ ഞങ്ങൾക്ക് ഒരു ആരാധനാമൂർത്തിയുണ്ട്, ധന്വന്തരി. അഞ്ചു തലമുറകളായി പരിപാലിച്ചുവരുന്നു. ആയുർവേദത്തിൽ ചരകൻ മെഡിസിനിൽ വിദഗ്ധനായിരുന്നപോലെ, വലിയ ശസ്ത്രക്രിയാ വിദഗ്ധനായിരുന്നുവത്രേ ധന്വന്തരി മഹർഷി. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു സുശ്രുതൻ എന്നാണ് വിശ്വാസം. പിന്നെ ബുദ്ധന്റെ ആരാധകനാണ് ഞാൻ. ബുദ്ധന്റെ അവതാരമാണ് ധന്വന്തരി. പിന്നെ സർവ മതഗ്രന്ഥങ്ങളും വായിക്കുമായിരുന്നു. ഖുർആൻ, ബൈബിൾ-എല്ലാം വായിച്ചിരുന്നു.

പുതിയ തലമുറ ഡോക്ടർമാർക്ക് നൽകാനുള്ള സന്ദേശമെന്താണ്?

= ക്ലിനിക്കൽ മെഡിസിൻ മറക്കരുത്. രോഗി വന്നുകഴിഞ്ഞാൽ എന്തെങ്കിലും ചോദിച്ച് മരുന്ന് എഴുതിക്കൊടുക്കുന്ന രീതി പറ്റില്ല. കൃത്യമായി പരിശോധിക്കണം. രോഗിയുടെ ചരിത്രം നന്നായി മനസ്സിലാക്കിയശേഷമേ ചികിത്സിക്കാവൂ. അതിന് ഒരുപാട് സമയമെടുത്താലും പ്രശ്നമില്ല. ഡയഗ്‌നോസിസ് ആണ് പ്രധാനം. മരുന്ന് ആവശ്യമെങ്കിൽ യുക്തിപോലെ നൽകുക. നമ്മുടെ അടുത്തെത്തുന്ന അറുപത് ശതമാനം രോഗികൾക്കും പ്രത്യേകിച്ച് രോഗം ഉണ്ടാകില്ല. പക്ഷേ, രോഗം ഉണ്ടെന്ന ഒരു വിശ്വാസത്തിന്റെ പുറത്താണവർ വരുന്നത്. അവരോട് പെരുമാറുന്ന രീതി വളരെ പ്രധാനമാണ്. എന്റെ രീതി, രോഗിയുടെ ലോങ് ഹിസ്റ്ററി എടുക്കും. അപ്പോൾ രോഗം മനസ്സിലാകും. തുടർന്ന് നന്നായി എക്സാമിൻ ചെയ്യും. കോഴിപ്പുറത്ത് മാധവമേനോന്റെ കാര്യം പറയാം. അന്ന് അദ്ദേഹം മന്ത്രിയായിരുന്നു. കൈക്ക് എന്തോ കുഴപ്പമുണ്ട് എന്ന തോന്നലിൽ എപ്പോഴും ഞെക്കിക്കൊണ്ടാണ് നടക്കുക. അങ്ങനെ അമർത്തിപ്പിടിച്ചാൽ വേദനയുണ്ടാകില്ല എന്നാണ് പറയുന്നത്. ഞാൻ പരിശോധിച്ചപ്പോൾ ഒന്നുമില്ല. ഒരു മണിക്കൂർ നോക്കി. ഒരു രോഗവുമില്ലെന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം എഴുന്നേറ്റ് ചുറ്റുമൊന്നു നോക്കി. പിന്നെ നടന്ന്‌ ഒറ്റപ്പോക്കുപോയി. പിന്നെ ഒരു കുഴപ്പവും വന്നില്ല. രോഗികളെ രോഗമില്ലെന്ന് വിശ്വസിപ്പിക്കണം. അതിന് നന്നായി പരിശോധന നടത്തണം.

നാലുമക്കളാണല്ലോ ഡോക്ടർക്ക്

= മൂത്തയാൾ സുലേഖ. കുവൈത്തിൽ ഇംഗ്ലീഷ് ടീച്ചറായിരുന്നു. അവളുടെ ഭർത്താവ് ബാബു നല്ല ഫിസിഷ്യനാണ്. തൃശ്ശൂരിൽ കാർഡിയോളജിസ്റ്റാണ്. രണ്ടാമത്തവൾ സേതുലക്ഷ്മി. അവളുടെ ഭർത്താവ് ബാഷി കാർഡിയാക് സർജനാണ്. ബാഷി എന്റെ വിദ്യാർഥിയുമായിരുന്നു. മൂന്നാമത്തെയാൾ സിന്ധു അമേരിക്കയിൽ യൂറോളജിസ്റ്റാണ്. അവൾ കിഡ്നി ട്രാൻസ്‌പ്ളാന്റേഷൻ സർജറിയൊക്കെ നടത്തിയിട്ടുണ്ട്. ഭർത്താവ് രമേഷ്. നാലാമത്തെയാൾ ഷീല, അഭിഭാഷകയാണ്. ഖുർആൻ വായനയ്ക്കിടയിലാണ് സുലേഖ എന്ന പേര് എനിക്കു കിട്ടുന്നത്. സേതുലക്ഷ്മി ജനിച്ചപ്പോൾ സേതുസമുദ്രത്തിൽ അവളെ കൊണ്ടുപോയി മുക്കി. അങ്ങനെ ആ പേരിട്ടു.