
മിടുക്കനായിരുന്നു അവൻ. ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ. പ്രണയനൈരാശ്യങ്ങളില്ല, കുടുംബ പ്രശ്നങ്ങളില്ല. ഒരിക്കൽ ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിൽക്കുമ്പോൾ അതിലേക്ക് ചാടി ആ ഒഴുക്കിനൊപ്പമങ്ങൊലിച്ചു പോയാലോ എന്നവൻ ചോദിച്ചു. സ്വിമ്മിങ് പൂളിലെ വെള്ളത്തിൽ ഇറങ്ങാൻ പേടിച്ചു മാറി നിൽക്കുന്നവനാണ്...!! വേറൊരിക്കൽ "എന്റെ വീടിന്റെ ഉത്തരത്തിനുറപ്പില്ല, തൂങ്ങിമരിക്കാൻ നിന്റെ മുറി കടം തരുമോ" എന്നും ചോദിച്ചു. ഒരൽപം ഉയരത്തിൽ നിന്നാൽ തലചുറ്റുന്നവനാണ്...!
അവന്റെ ഈ ചോദ്യങ്ങളൊക്കെ കേട്ടു ഞങ്ങൾ കളിയാക്കുമ്പോൾ കൂട്ടത്തിൽ ഒരുവൾ മാത്രം പറഞ്ഞു...അവനെ ശ്രദ്ധിക്കണം, ഡോക്ടറെ കാണിക്കണം..!
ഞങ്ങളപ്പോഴും പറഞ്ഞു... "ഇങ്ങനെ പറഞ്ഞു നടക്കുന്നവർ ചെയ്യില്ല...പോരാത്തതിന് അവനു പേടിയില്ലാത്ത യാതൊന്നും ലോകത്തില്ല.. ധൈര്യമില്ലാത്തവൻ എങ്ങനെ ആത്മഹത്യ ചെയ്യും!?"
പിന്നീടൊരു വൈകുന്നേരം അവന്റെ വിളി വന്നു. ജീവിതത്തിന്റെ നശ്വരതയെ പറ്റിയുള്ള കുറെ ഓഷോ വചനങ്ങളും അവന്റെ സ്ഥിരം ആത്മഹത്യാപ്രേമവും. സമയം പോകുന്നതിന് എന്റെ തലയിൽ തല്ലി ഒരു വിധം കുറച്ചു നേരം കുത്തിയിരുന്നു കേട്ടു, എന്നിട്ട് മനപ്പൂർവം കട്ട് ചെയ്ത് ഫോൺ സൈലന്റ് ആക്കിവച്ചു .. !!
പിറ്റേന്നു രാവിലെ അവന്റെ ചേട്ടന്റെ വിളിയാണ് ഉണർത്തിയത്. ഓടിക്കിതച്ച് ചെല്ലുമ്പോൾ മുകളിലെ കുടുക്കിൽ നിന്ന് ഇറക്കുന്നതെ ഉണ്ടായിരുന്നുള്ളു... ഞാൻ മുറി കടം കൊടുക്കാഞ്ഞിട്ടും അവനത് ചെയ്തല്ലോ എന്നോർത്തു....! ഇന്നലെ കുറച്ചു സമയംകൂടി അവനോട് മിണ്ടിയിരുന്നെങ്കിൽ...? ഇല്ല.. എങ്കിലും അവനിത് ചെയ്യുമായിരുന്നു!
അവനൊന്നും എഴുതി വച്ചില്ല... അവനൊന്നിനും പരാതി പറഞ്ഞില്ല... ആരും അവനെ പ്രേരിപ്പിച്ചില്ല... പക്ഷേ, അവനു ജീവിക്കണ്ടായിരുന്നു! അവനു ഞങ്ങൾ നൽകേണ്ടത് കൃത്യസമയത്ത് കൃത്യമായ ചികിത്സയായിരുന്നു.
ഇങ്ങനെയാണ് പല ആത്മഹത്യകളും. ചുറ്റുമുള്ളവരെ ഞെട്ടിച്ചു കൊണ്ട്, ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രഹരം തന്നുകൊണ്ട് അവരങ്ങു പോകും. ആത്മഹത്യ പരിഹാരമല്ലെന്നും ജീവിച്ചു കാണിക്കുന്നതാണ് മിടുക്കെന്നും വ്യാപകമായി അവബോധനം നടക്കുമ്പോഴും ദിനംപ്രതി കൂടിക്കൂടി വരികയാണ് ആത്മഹത്യാമരണങ്ങൾ.
ലോക ആത്മഹത്യ പ്രതിരോധദിനമാണിന്ന്. ഇന്ത്യയിൽ ഓരോ വർഷവും ഒരുലക്ഷത്തിലധികം പേരാണ് ആത്മഹത്യചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ, ആത്മഹത്യനിരക്ക് ഗണ്യമായി വർധിച്ചു. ലഹരിയുടെ ഉപയോഗവും പഠനകാലത്തെ സമ്മർദ്ദവും കാരണം വിദ്യാർഥികൾക്കിടയിലെ ആത്മഹത്യ ഏറെ കൂടി നിൽക്കുന്നു.15 വയസ്സിനും 45 വയസ്സിനും ഇടയ്ക്കുള്ളവരാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജീവനൊടുക്കുന്നത്. ആത്മഹത്യയിലെ ആഗോള സ്ത്രീ-പുരുഷ അനുപാതം 1:1.7 ആണ്. അങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരാണെന്ന് കാണാന്‍ കഴിയും. കുടുംബ ആത്മഹത്യകളുടെ കാര്യത്തിലും കേരളം പിന്നിലല്ല.
സാമ്പത്തികപ്രതിസന്ധിയുമായി ബന്ധപ്പെട്ടു മാത്രമായിരുന്നു പണ്ടൊക്കെ ആത്മഹത്യകൾ കേട്ടിരുന്നത്. എന്നാൽ ഇപ്പോഴോ? പ്രണയനൈരാശ്യം മുതൽ ഗെയിം കളിക്കാൻ ഫോൺ കൊടുക്കാത്തത് വരെ ആത്മഹത്യയിൽ അവസാനിക്കുന്ന അവസ്ഥ! യാതൊരു കാരണവും പ്രത്യേകിച്ച് പറയാനില്ലാത്ത വിഷാദരോഗമാണ് ഇതിൽ ഏറ്റവും മുൻപിൽ.
പ്രതിരോധിക്കാം... സഹായിക്കാം
മൂന്ന് രീതിയിൽ, മൂന്ന് തലത്തിൽ ഈ പ്രവണതയെ തടുക്കാനായി പ്രവർത്തിക്കാം.
1.വിഷാദം എന്ന രോഗാവസ്ഥയെ മനസിലാക്കുക എന്നതാണ് ആദ്യത്തെ പടി. ഈ തലമുറയിലെ കുട്ടികളിലും മുതിർന്നവരിലും പല രീതിയിൽ ഈ അവസ്ഥ കാണാൻ കഴിയും. ജീവിതത്തിലെ സമ്മർദങ്ങൾ പലതാണ്. പഠനം മുതൽ ഒരു ജോലി വരെ, അന്നത്തെ അന്നം മുതൽ ഒരു വീട് വയ്ക്കുന്നത് വരെ, പ്രണയം മുതൽ വിവാഹം വരെ, കൂട്ടുകാരുടെ നിലവാരത്തിനൊപ്പം നമ്മളെ ഉയർത്താനുള്ള പെടപ്പാട് വരെ.. നമ്മൾ മനസികമായി തളർന്നു പോയേക്കാം. ചിലർ അവിടെ നിന്ന് സൗഹൃദങ്ങൾ വഴി, അല്ലെങ്കിൽ കുടുംബത്തിന്റെ സഹായത്തോടെ പിടിച്ചു കയറുന്നു.. എന്നാൽ മറ്റു ചിലർ ആ തളർച്ചയിൽ നിന്ന് തകർച്ചയിലേക്ക് വീണുപോകുന്നു. അവരിൽ നിന്ന് ആത്മഹത്യാ പ്രവണത ഒരുപക്ഷേ പുറത്തേക്ക് പ്രകടമായേക്കാം. ചിലപ്പോൾ ഉള്ളിലൊതുക്കുകയുമാവാം.
ഇന്നത്തെ ലോകത്തിന്റെ ഏറ്റവും വലിയ പോരായ്മയായി തോന്നിയിട്ടുള്ളത് ഓരോരുത്തരും അവനവനൊരുക്കുന്ന ഒരു സോപ്പ് കുമിളയ്ക്കുള്ളിൽ സുരക്ഷിതമെന്ന് കരുതി, മറ്റൊരുവന്റെ ആകുലതയോ ബുദ്ധിമുട്ടോ തങ്ങളെ ബാധിക്കുന്നതല്ലെന്ന ചിന്തയിൽ ജീവിക്കുന്നതാണ്. ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ മാത്രമേ തൊട്ടടുത്ത വീട്ടിലുള്ളവന്റെ മനസികമോ ശാരീരികമോ സാമ്പത്തികമോ ആയ ബുദ്ധിമുട്ടുകൾ നമുക്ക് കാണാനാവൂ. അങ്ങനെ കണ്ടറിഞ്ഞാൽ മാത്രമേ അവർ ചോദിക്കാതെ തന്നെ അവരെ വിഷാദത്തിന്റെ പടുകുഴിൽ നിന്നു പിടിച്ചു കയറ്റാനാകൂ..
"ഞാൻ തൊട്ടടുത്തുണ്ടായിരുന്നല്ലോ, എന്നോടൊന്ന് പറഞ്ഞുകൂടായിരുന്നോ നിന്റെ വിഷമം എന്നതിനേക്കാൾ, എനിക്ക് നിന്റെ സങ്കടം നീപറയാതെ തന്നെ മനസിലാകും എന്ന് പറയുന്നിടത്തേ ഒരു ജീവനെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കാനാകൂ.
അത്തരത്തിൽ ഒരാളെ മനസിലാക്കിയാൽ, അവർക്ക് എത്രയും വേഗം കൃത്യമായ ചികിത്സ ലഭ്യമാക്കുകയാണ് ചെയ്യേണ്ടത്. നമ്മൾ സ്വയം നമ്മുടെ ചിന്തയിൽ വരുന്ന കാര്യങ്ങൾ ഉപദേശിച്ചു കൊടുത്ത് അവരെ പിന്തിരിപ്പിക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.
തെറ്റായ ചികിത്സയും ഉപദേശങ്ങളും ശരിയായ ചികിത്സ വൈകിപ്പിക്കുമെന്ന് മാത്രമല്ല, വിപരീതഫലമുണ്ടാക്കുകയും ചെയ്യുന്നു. കൗൺസിലിംഗിൽ പരിശീലനം ലഭിച്ച സൈക്കോളജിസ്റ്റിനോ അല്ലെങ്കിൽ വിദഗ്ദ്ധനായ ഒരു സൈക്യാട്രിസ്‌റ്റിനോ ആണ് അവരെ സഹായിക്കാൻ കഴിയുക.
ആത്മപരിശോധനയും പ്രധാനമാണ്. താൻ വിഷാദത്തിലേക്ക് വീണുപോവുകയാണ് എന്ന് സ്വയം മനസിലാക്കിയാൽ സ്വയം സഹായം തേടാൻ മടിക്കരുത്. മാനസികപ്രശനമെന്ന് പറയുന്നത് നാണക്കേടായി കരുതുന്ന മനസ്ഥിതി മാറേണ്ടിയിരിക്കുന്നു.
2. ആത്മഹത്യാനിരക്ക് കുറയ്ക്കാൻ സർക്കാരിന്റെയും ഒപ്പം സമൂഹത്തിന്റെയും കൃത്യമായ ഇടപെടലുകൾ വേണം.
താലൂക്ക്, ജില്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പ്രവര്‍ത്തിക്കുന്ന ആത്മഹത്യാപ്രതിരോധ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.
ആത്മഹത്യപ്രവണതകൾ നിരീക്ഷിക്കാൻ ഫലപ്രദമായ സംവിധാനങ്ങൾ അവലംബിക്കുക . മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി, എല്ലാ ജില്ലകളിലും ആശുപത്രികളിൽ മാനസികരോഗ പ്രതിരോധവിഭാഗം സ്ഥാപിക്കുക. മാനസികക്ഷേമം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക. ആത്മഹത്യകളുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടിങ് ഉത്തരവാദിത്വമുള്ളതാക്കാൻ മാർഗനിർദേശങ്ങൾ വികസിപ്പിക്കുക. ആത്മഹത്യ പ്രതിരോധകേന്ദ്രങ്ങൾ നിരവധി ഉണ്ടെങ്കിലും അതിന്റെ സഹായം എങ്ങനെയെടുക്കണം എന്ന് പലർക്കും അറിയില്ല തണൽ, മൈത്രി തുടങ്ങിയ നമ്മുടെ ആത്മഹത്യാപ്രതിരോധകേന്ദ്രങ്ങളുടെ വിവരങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക. ഇതിനെല്ലാം ഉപരി മുകളിൽ പറഞ്ഞത് പോലെ സമൂഹമെന്ന നമ്മൾ കുറേ കൂടി സഹജീവികളെ ശ്രദ്ധിക്കുക.
3. ഇനി ശ്രദ്ധിക്കേണ്ട മറ്റൊന്ന് മാനസികാരോഗ്യവും ധൈര്യവുമുള്ള ഒരു വരുംതലമുറയെ സൃഷ്ടിക്കുക എന്നതാണ്.
ആത്മഹത്യാപ്രവണതയെയും വിഷാദത്തെയും തരണം ചെയ്ത് പുറത്ത് വരുന്നവരുന്നവരേയൊന്നു ശ്രദ്ധിച്ചാൽ എങ്ങനെ നമുക്കത്തരമൊരു തലമുറയെ വാർത്തെടുക്കാമെന്ന് മനസിലാകും. ഈയവസ്ഥ തരണം ചെയ്തു വരുന്നവർ സത്യത്തിൽ അത്ര നിസ്സാരക്കാരല്ല.
ആത്മഹത്യയുടെ മുനമ്പിൽ നിന്ന് സ്വന്തം മനസ്സാന്നിദ്ധ്യം കൊണ്ട് തിരികെ വരുന്നവരേക്കാൾ ധൈര്യശാലികളാരുണ്ട് ഭൂമിയിൽ? "എന്നെ ആശുപത്രിയിൽ കോണ്ടുപോണം, എനിക്ക് മരുന്നു വേണം" എന്ന് പറയുന്നവരേക്കാൾ ആത്മവിശ്വാസമുള്ള മറ്റാരുണ്ട്? ഇവരിൽ പൊതുവായി കാണാവുന്ന മറ്റ് ചില കാര്യങ്ങളുണ്ട്.
a) ഒരു നല്ല കുട്ടിക്കാലം
മനസ്സിനോ ശരീരത്തിനോ മുറിവേൽക്കാതെ ടീനേജ് കാലം വരെയെങ്കിലും തള്ളിനീക്കാനായവർ, ജീവിതയാത്രയിൽ പിന്നീടുണ്ടാകുന്ന തിരിച്ചടികളെ മറ്റുള്ളവരെ അപേക്ഷിച്ച് അല്പം കൂടി മെച്ചമായ രീതിയിൽ അഭിമുഖീകരിക്കുന്നുണ്ട് എന്നു തോന്നുന്നു.
b) സർഗവാസനകളും ഇഷ്ടങ്ങളും അടിച്ചമർത്തപ്പെട്ടിട്ടില്ലാത്തവർ
തങ്ങൾക്ക് ഇഷ്ടമുള്ള ജോലിയും മേഖലയും ജീവിതത്തിൽ ചേർത്ത് വയ്ക്കാൻ സ്വാതന്ത്ര്യം കിട്ടിയവർ പിന്നീടങ്ങോട്ട് ഇടയ്ക്ക് കയറി വരുന്ന ഡിപ്രഷനോട് നന്നായി തന്നെ പൊരുതാറുണ്ടെന്നു തോന്നിയിട്ടുണ്ട്.
c) യാത്രകളെ സ്നേഹിക്കുന്നവർ, വീടിന്റെ ചുവരിനുള്ളിൽ തളയ്ക്കപ്പെടാത്ത യൗവ്വനകാലം
മാനസികാരോഗ്യത്തിന്റെ ഏറ്റവും വലിയ ആണിക്കല്ലാണ് യാത്രകൾ എന്നതുറപ്പ്. അവർ ചുറ്റും കാണുന്ന ലോകത്തെ നിമിഷനേരത്തേക്കെങ്കിലും സ്‌നേഹിക്കുന്നവരാണ്. വിളിക്കാതെ കയറി വരുന്ന വിഷാദത്തെ പുറത്ത് കയറ്റിയ ട്രാവൽ ബാഗ് കൊണ്ട് തട്ടിയേറിയുന്നവരെ നേരിട്ടറിയാം.
വരുന്ന തലമുറയ്ക്ക് വിഷാദമെന്ന വിപത്തിനോട് പയറ്റാനുള്ള മാനസികാരോഗ്യം നൽകി വളർത്താം.. അവരുടെ ഇഷ്ടങ്ങളെ അവർക്ക് വിട്ടുകൊടുക്കുക, അവർ യാത്ര ചെയ്യട്ടെ, അവരുടെ ബാല്യം മനോഹരമാവട്ടെ...
Content Highlights: World Suicide Prevention Day, Suicide Prevention Tips
Published: 10 Sept 2023, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented