
ലോക നട്ടെല്ല് ദിനമാണിന്ന്. നട്ടെല്ലിനുണ്ടാകുന്ന വേദനയും അതിനോടനുബന്ധിച്ചുള്ള ശാരീരിക ബുദ്ധിമുട്ടുകളും കാൻസർ, സ്ട്രോക്ക്, ഹൃദ്രോഗങ്ങൾ, ഡയബെറ്റിസ്, അൽഷിമേഴ്‌സ് എന്നിങ്ങനെയുള്ള അസുഖങ്ങൾ മൂലം ഉണ്ടാക്കുന്ന അസ്വസ്ഥതകളേക്കാൾ കൂടുതൽ വൈകല്യം ഉളവാക്കുന്നവയാണ്. ദീർഘനേരം ഇരുന്നുള്ള ജോലിക്കാരിലും നടുവേദന പോലുള്ള പ്രശ്നങ്ങൾ ഇന്ന് സാധാരണമാണ്. നടുവേദനയുടെ കാരണങ്ങളും പരിഹാരമാർഗങ്ങളും പരിശോധിക്കാം.
പുറം വേദനയും അതിന്റെ കാരണങ്ങളും
എല്ലാ നടുവേദനയും അസുഖമല്ല. നടുവേദനയ്‌ക്കൊപ്പം കാലുവേദനയോ കാലുതരിപ്പോ കാലിനു ബലക്ഷയമോ ഉണ്ടെങ്കിൽ, അത് അസുഖങ്ങളുമായി ബന്ധപ്പെട്ടതായിരിക്കാം. രാത്രിയിൽ കിടക്കുമ്പോൾ അനുഭവപ്പെടുന്ന വേദന, പരിക്ക്, പനി, ഭാരക്ഷയം എന്നിവ പൊതുവെ കാണപ്പെടാറുള്ള ലക്ഷണങ്ങളാണ്. നടുവേദനയുടെ യഥാർഥ കാരണം അനുമാനിക്കാൻ അതിന്റെ സമയദൈർഘ്യം നോക്കുന്നത് പ്രധാനമാണ്.
നടുവേദനയുടെ തരം, വേദന ഹ്രസ്വകാലത്തേക്കുള്ളതാണോ അല്ലെങ്കിൽ ദീർഘകാലത്തേക്കുള്ളതാണോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ദിവസങ്ങൾ അല്ലെങ്കിൽ ഒന്നോ രണ്ടോ ആഴ്ചകൾ മാത്രം നീണ്ടുനിൽക്കുന്നതാണ് ആദ്യത്തേത്. ആറ് ആഴ്ചയിലധികം നീണ്ടുനിൽക്കുന്നതാണ് ദീർഘകാലത്തേക്കുള്ളതായി കണക്കാക്കപ്പെടുന്നത്. പലപ്പോഴും, ഇതിന്റെ കാരണം ഡിസ്ക് തെറ്റുന്നതോ ഡിസ്ക് തേയ്മാനമോ ആണ്. ഇതിനെ ക്രോണിക് ബാക്ക് പെയിൻ എന്നും പറയുന്നു. കൃത്യമായ രോഗനിർണയവും നട്ടെലിനുള്ള വ്യായാമങ്ങളും നടുവിന്റെ പോസ്ചറൽ കെയറും കൊണ്ട് ഇത് കുറയ്ക്കാൻ കഴിയും. അതേസമയം, ഹ്രസ്വകാല നടുവേദന ചിലപ്പോൾ പരിക്കുകൾ, പനി അല്ലെങ്കിൽ മറ്റ് അസുഖങ്ങളുടെ ഭാഗമായും വരാം.
ചിലപ്പോൾ കിടക്കുമ്പോൾ വേദന ഇല്ലാതെയും നടക്കുമ്പോഴും കുനിയുമ്പോഴും വേദന വരികയും ചെയ്യുന്നതിന്റെ കാരണം പോസ്ചറൽ ബാക്ക് പെയ്ൻ ആകാം. ഈ അവസ്ഥയിൽ, നട്ടെല്ലിന്റെ സാധാരണമായ സ്ഥിതിയിൽ നിന്ന് വ്യത്യസ്തമായ പോസ്ചറിലായിരിക്കുമ്പോൾ വേദന ഉണ്ടാകുന്നു. അതേപോലെ, നട്ടെല്ലിന്റെ സാധാരണമായ സ്ഥിതിയിൽ നിന്ന് വ്യത്യസ്തമായ പോസ്ചറിൽ ഉള്ള പേശികൾ മൂലവും വേദന ഉണ്ടാകുന്നു. ഇത് കൃത്യമായി നിർണയിച്ചാൽ, ആ പോസ്ചറൽ പേശികൾ ബലപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങൾ ചെയ്യുന്നത് വേദനയ്ക്ക് ശമനം നൽകും. ഈ അവസ്ഥയ്ക്ക് പലപ്പോഴും മരുന്നുകളോ മറ്റു വിശദമായ പരിശോധനകളോ ആവശ്യമായി വരാറില്ല.
തേയ്മാനം കൊണ്ടുള്ള നടുവേദനയോടൊപ്പം ചിലപ്പോൾ കാലുവേദനയോ അല്ലെങ്കിൽ ഡിസ്ക് തേയ്മാനം മൂലം ഞരമ്പിനു തരിപ്പോ അനുഭവപ്പെടാം. ഇത് കണ്ടെത്താനായാൽ, കൃത്യമായ വ്യായാമത്തിലൂടെ പൂർവസ്ഥിതിയിൽ എത്താൻ സാധിക്കും. സാധാരണയായി ഫിസിയോതെറാപ്പി നിർദ്ദേശിച്ചാൽ, രോഗി ചൂട് പിടിക്കുകയോ ട്രാക്ഷൻ തെറാപ്പിയോ ചെയ്യാറുണ്ട്. എന്നാൽ ഇത് ഫിസിയോതെറാപ്പി അല്ല. ചൂട് പിടിക്കുന്നതിലൂടെ ലഭിക്കുന്ന താൽകാലിക ആശ്വാസം എന്നതിലുപരി ചികിത്സാസംബന്ധമായ ഒരു ഗുണവും ഇതിലൂടെ ലഭിക്കില്ല. ചികിത്സ എന്നത് പോസ്ച്റൽ മസിലുകളെ ബലപ്പെടുത്തുക എന്നത് മാത്രമാണ്.
നടുവേദന വരുമ്പോൾ നടുവിന് ബെൽറ്റ് ഇടുക എന്നത് ഒരു സാധാരണ ശീലമാണ്. എന്നാൽ, അത് ദീർഘകാലം തുടർന്നാൽ, നടുവിന് കൂടുതൽ ദോഷം ചെയ്യും. സ്ഥിരമായി ബെൽറ്റ് ഉപയോഗിക്കുന്നത് പോസ്ചറൽ പേശികളെ ബലഹീനമാക്കും. അതിനാൽ, പരിക്ക് സംഭവിച്ചാൽ ബെൽറ്റുകളും ബ്രേസുകളും താൽക്കാലികമായി മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ.
എംആർഐ/ എക്സ്-റേ വേണ്ടത് എപ്പോൾ?
ഒരു പരിക്ക് പറ്റിയാൽ ആദ്യപടിയായി എക്സ്-റേ എടുക്കുന്നു. അതേസമയം, ക്രോണിക് നടുവേദനയ്ക്ക് ഒരു വിശദപരിശോധന ആവശ്യമായി വന്നേക്കാം. കാലിൽ തരിപ്പ്, പെരുപ്പ് അല്ലെങ്കിൽ മലമൂത്രവിസർജ്ജനത്തിന് തടസ്സം എന്നിവ അനുഭവപ്പെട്ടാൽ, പൊതുവെ എംആർഐ സ്കാൻ നിർദ്ദേശിക്കപ്പെടാറുണ്ട്. ഇതിലൂടെ വേദനയുടെ കാരണം വെറും തേയ്മാനമാണോ, അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും അണുബാധ, ട്യൂമർ അല്ലെങ്കിൽ ഡിസ്ക് തേയ്മാനം കാരണമുണ്ടാകുന്ന ഞരമ്പ് ഞെരുക്കം പോലുള്ള രോഗങ്ങളുടെ സാന്നിധ്യം ഉണ്ടോ എന്ന് അറിയുന്നതിന് ഉപയോഗപ്രദമാണ്. ഇത്തരം സാഹചര്യങ്ങളിൽ, ചെറിയ ശസ്ത്രക്രിയകൾ വഴി രോഗാവസ്ഥ കൂടുതൽ വഷളാകാതിരിക്കാൻ അല്ലെങ്കിൽ ഭേദപ്പെടുത്താൻ കഴിയും.
ഷോർട്ട്-ടേം പുറം വേദനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എക്സ്-റേയിൽ കാണാൻ കഴിയില്ല. ഡിസ്ക് തേയ്മാനവുമായി ബന്ധപ്പെട്ട ലോംഗ്-ടേം വേദനകൾക്ക് മാത്രമേ എക്സ്-റേകൾ ഫലപ്രദമാകൂ. അക്യൂട്ട് ബാക്ക് പെയിനുകൾ ചിലപ്പോൾ ഡിസ്കിന്റെ ലഘുവായ ദ്രവ്യമാനത്തിന് കാരണമാകും. ഇതിന് പലപ്പോഴും ഫിസിയോതെറാപ്പിയും വിശ്രമവും ആവശ്യമാണ്.
ഈ വർഷത്തെ ലോക നട്ടെല്ല് ദിനത്തിന്റെ തീം "മൂവ് യുവർ സ്പൈൻ" ആണ്. ഈ തീം പ്രതിഫലിപ്പിക്കുന്നത്, ഭൂരിപക്ഷം പുറംവേദനകളും പ്രതിരോധ മാർഗങ്ങളിലൂടെ ഒഴിവാക്കാൻ സാധിക്കുമെന്നാണ്. നടുവിന് നൽകുന്ന വ്യായാമം, വെയിറ്റ് മാനേജ്‌മന്റ് തുടങ്ങി പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുന്നത് വഴിയും പുറംവേദന ഒഴിവാക്കാൻ ഒരു പരിധി വരെ സാധിച്ചേക്കാം.
ഐ ടി പ്രൊഫഷണലുകൾ, ഓഫീസ് ജോലി ചെയ്യുന്നവർ തുടങ്ങി ഒരു ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഇരുന്നു ജോലി ചെയ്യേണ്ടി വരുന്നവരിൽ പോസ്ച്ചറൽ ബാക്ക് പെയിൻ കൂടുതലായി കാണപ്പെടുന്നു. ഇരിക്കുന്ന രീതികൾ ശ്രദ്ധിക്കുന്നതുവഴിയും വ്യായാമം വഴിയും ഇത് കുറയ്ക്കാൻ സാധിക്കും.
മറ്റൊരു പ്രധാനപ്പെട്ട കാര്യം, ഡിസ്കിന്റെ പ്രശ്നം കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ഡോക്ടർ ശസ്ത്രക്രിയ ചെയ്യണം എന്ന നിഗമനത്തിൽ എത്തിയാൽ, ശരീരം തളർന്നു പോകാനോ അല്ലെങ്കിൽ കിടപ്പായി പോകുമോ എന്ന ചിന്തയും പലരിലും കണ്ടു വരാറുണ്ട്. എന്നാൽ മനസ്സിലാക്കേണ്ട വസ്തുത എന്തെന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ നട്ടെലിന്റെ ശസ്ത്രക്രിയ തികച്ചും അപകടരഹിതവും സുരക്ഷിതവുമാണെന്ന വസ്തുതയാണ്. കീഹോൾ വഴി നട്ടെല്ലിന്റെ ഭൂരിഭാഗം പ്രശ്നങ്ങൾക്കുമുള്ള ശസ്ത്രക്രിയകൾ ഇന്ന് ചെയ്യാൻ സാധ്യമാണ്.
തിരുവനന്തപുരം കിംസ്ഹെൽത്തിൽ ഓർത്തോപീഡിക് കൺസൾട്ടന്റും സ്പൈൻ സർജനാണ് ലേഖകൻ.
Content Highlights: World Spine Day , Back pain Symptoms and causes
Published: 16 Oct 2023, 05:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented