ശ്വാസകോശ അണുബാധയെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. ജീവിതത്തിൽ ഒരുപ്രാവശ്യമെങ്കിലും ശ്വാസകോശ അണുബാധമൂലം ചുമ വന്നിട്ടില്ലാത്തവർ വിരളമായിരിക്കും. ചെറിയ ചുമയിൽത്തുടങ്ങി ചിലപ്പോൾ പനിയും മഞ്ഞനിറത്തിലുള്ള കഫവും കാണുകയും ചെയ്യും. മിക്കവാറും എല്ലാവരും തുടക്കത്തിൽത്തന്നെ ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കുന്നതിനാൽ, അധികം വഷളാകാതെ രോഗം മാറുകയും ചെയ്യും. എന്നാൽ, അശ്രദ്ധമൂലം ജീവനുതന്നെ ഭീഷണിയാകുന്ന സംഭവങ്ങളുമുണ്ടാകാറുണ്ട്. ഒരനുഭവം പറയാം: 68 വയസ്സുള്ള റിട്ടയേഡ് ഉദ്യോഗസ്ഥൻ കുറച്ചുനാൾ മുൻപ് കടുത്ത ശ്വാസകോശ അണുബാധയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായി. ആൾ പുകവലിക്കാറുണ്ട്. ഇതിനൊപ്പം പ്രമേഹവും അമിതരക്ത സമ്മർദവുമുണ്ട്. മരുന്നുകൾ കഴിക്കാൻ പൊതുവേ മടിയുള്ള അദ്ദേഹത്തിന് ചുമയും പനിയും തുടങ്ങിയിട്ട് പത്തുദിവസത്തോളമായി. അലോപ്പതിമരുന്നുകളോട് താത്പര്യക്കുറവുള്ളതിനാൽ, ഡോക്ടറെ കാണുകയോ ചികിത്സയെടുക്കുകയോ ചെയ്തില്ല. പ്രമേഹമുള്ളതിനാൽ, അധികം പനി അനുഭവപ്പെട്ടതുമില്ല. ചില പൊടിക്കൈ മരുന്നുകൾ കഴിച്ച് ദിവസങ്ങൾ നീണ്ടുപോയി. പെട്ടെന്ന്, കടുത്ത പനിയും ശ്വാസതടസ്സവും തോന്നിയപ്പോഴാണ് മെഡിക്കൽ കോളേജിലേക്കെത്തുന്നത്. കടുത്ത ശ്വാസകോശ അണുബാധയും അത് ന്യൂമോണിയയും ശ്വാസകോശത്തിൽ നീർക്കെട്ടലുമായി മാറിയിരിക്കുന്നതായും ആദ്യപരിശോധനയിൽത്തന്നെ മനസ്സിലായി. അദ്ദേഹത്തിന് ശരിയായ ആന്റിബയോട്ടിക്കുകൾ നൽകിയെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നതിന് പകരം ശ്വാസകോശത്തിലെ അണുബാധ രക്തത്തിൽക്കൂടി ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുകയാണുണ്ടായത്. ഒപ്പം രക്തസമ്മർദം കുറയുകയും ശ്വാസഗതി നിയന്ത്രിക്കാൻ വെന്റിലേറ്ററിന്റെ സഹായം വേണ്ടിവരുകയും ചെയ്തു. എന്നാൽ, രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളെയും മറികടന്ന് അദ്ദേഹം മരണത്തിന് കീഴടങ്ങി. മേൽപ്പറഞ്ഞ അനുഭവകഥ തെളിയിക്കുന്നത് കൃത്യസമയത്ത് ശ്വാസകോശ അണുബാധ ചികിത്സിക്കാതിരുന്നാൽ, ഗുരുതരമായ പ്രശ്നങ്ങളിലേക്ക് പോകുമെന്നാണ്.
ശ്വാസകോശ അണുബാധ എങ്ങനെ?
വളരെ മൃദുവായ വായു അറകൾ ചേർന്നതാണ് ശ്വാസകോശം. നാം ശ്വസിക്കുന്ന വായുവിലടങ്ങിയിരിക്കുന്ന അണുക്കളെ മിക്കവാറും ശ്വാസകോശംതന്നെ നശിപ്പിക്കാൻ ശ്രമിക്കും. ശ്വാസകോശത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം ശ്വസനപ്രക്രിയയും അതുമൂലം ശരീരത്തിനാവശ്യമായ ഓക്സിജൻ വിവിധ അവയവങ്ങൾക്ക് നൽകുകയുമാണ്. ശ്വാസകോശത്തിലെത്തിപ്പെടുന്ന അണുക്കളെയും മറ്റ് ദുഷിച്ച വസ്തുക്കളെയും അവിടെത്തന്നെ നശിപ്പിക്കുകയെന്നതാണ് ശ്വാസകോശത്തിന്റെ മറ്റൊരു പ്രധാന പ്രവർത്തനം. ചിലപ്പോഴെങ്കിലും നാം ശ്വസിക്കുന്ന അണുക്കൾ ശ്വാസകോശത്തിന് നശിപ്പിക്കാൻ കഴിയുന്നതിനെക്കാൾ അധികമാണെങ്കിൽ, ക്രമേണ അത് അണുബാധയായിമാറുകയും രോഗലക്ഷണങ്ങൾ തുടങ്ങുകയും ചെയ്യും. തുടക്കത്തിൽത്തന്നെ ചികിത്സയെടുത്തില്ലെങ്കിൽ കടുത്ത ന്യൂമോണിയയായി മാറാം.
അണുബാധ കുടുതൽ ആരിൽ?
ശ്വാസകോശത്തിലെ അണുബാധ ഏത് പ്രായത്തിലും വരാമെങ്കിലും കുട്ടികൾക്കും പ്രായമായവരിലുമാണ് കൂടുതൽ സാധ്യത. പ്രമേഹം, മറ്റ് ജീവിതശൈലീരോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, ഹൃദ്രോഗം, എച്ച്.ഐ.വി. എന്നിവയുള്ളവർ ശ്വാസകോശ അണുബാധയുണ്ടാകാൻ വളരെ സാധ്യതയുള്ളവരാണ്. ഇവരിൽ അണുബാധ ന്യൂമോണിയയായി മാറാനും സാധ്യത കൂടുതലുണ്ട്. പുകവലി, അമിതവണ്ണം, മദ്യപാനം, പോഷണക്കുറവ് എന്നിവയെല്ലാം അപകടഘടകങ്ങൾതന്നെ. മുക്കിലും തൊണ്ടയിലും കയറിക്കൂടുന്ന അണുക്കൾ ചില അവസരങ്ങളിൽ ശ്വാസകോശത്തിലേക്ക് വ്യാപിക്കുകയും അതിലൂടെ ശ്വാസകോശ അണുബാധയ്ക്കും ന്യൂമോണിയയ്ക്കും കാരണമാവുകയും ചെയ്യുന്നു.
എന്താണ് രോഗലക്ഷണങ്ങൾ?
ചുമയിൽത്തുടങ്ങി, ദിവസങ്ങൾക്കുള്ളിൽ മഞ്ഞനിറത്തിലുള്ള കഫവും പനിയുമാണ് തൊണ്ണൂറ് ശതമാനം ആളുകളിലും കാണുന്ന രോഗലക്ഷണങ്ങൾ. ക്രമേണ അത് കടുത്ത പനിക്കും ന്യൂമോണിയയുടെ തീവ്രതയും ശ്വാസകോശത്തിലെ വ്യാപനവുമനുസരിച്ച് ശ്വാസതടസ്സത്തിനും ചിലപ്പോൾ നെഞ്ചുവേദനയ്ക്കും കാരണമായിമാറാം. ചിലപ്പോൾ നെഞ്ചിൽ നീർക്കെട്ടലും കടുത്ത ശ്വാസതടസ്സവും അനുഭവപ്പെടും. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ, ഈ അണുബാധ രക്തത്തിൽ കലരുകയും മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുകയും ആ അവയവങ്ങളുടെ പ്രവർത്തനപരാജയത്തിലേക്ക് നയിക്കുകയും ചെയ്യും. ശ്വാസകോശം അമിതമായി പ്രവർത്തിക്കുന്നത് കാരണം ക്രമേണ അതിന്റെ പൂർണ പരാജയത്തിലേക്ക് നയിക്കുകയും ചെയ്യാം.
തുടക്കത്തിൽ രോഗിക്ക് ഓക്സിജന്റെ ആവശ്യവും ക്രമേണ വെന്റിലേറ്ററിന്റെ സഹായവും വേണ്ടിവരും. വെന്റിലേറ്ററിന്റെ സഹായം വേണ്ടിവരുന്ന രോഗികളിൽ വലിയൊരു ശതമാനവും മരണത്തിന് കീഴടങ്ങുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ശ്വാസകോശത്തിലെ അണുബാധ ന്യൂമോണിയയായി മാറുന്നതും അതുമൂലം ശ്വാസകോശത്തിന് പ്രവർത്തിക്കാൻ കഴിയാതെവരുന്നതുമായ അവസ്ഥ ഒഴിവാക്കാൻ കൃത്യസമയത്തെ ചികിത്സ പ്രധാനമാണ്.
രോഗനിർണയം എങ്ങനെ?
ചെറിയ രീതിയിലുള്ള ശ്വാസകോശ അണുബാധയ്ക്ക് ഡോക്ടർ നിർദേശിക്കുന്ന രക്തപരിശോധന മാത്രം മതിയാകും. രക്തം പരിശോധിക്കുന്നതിലൂടെ അണുബാധയുടെ ഏകദേശരൂപം അറിയാൻ കഴിയും. ബാക്ടീരിയമൂലമുള്ള അണുബാധയാണെങ്കിൽ, അതിലെ ടോട്ടൽ കൗണ്ട് കൂടുകയും മറ്റ് വ്യത്യാസങ്ങൾ കാണിക്കുകയും ചെയ്യും. ന്യൂമോണിയ സംശയിക്കുന്നവർക്ക് നെഞ്ചിന്റെ എക്സ്റേ എടുക്കേണ്ടിവരും. ഈ അവസരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ടെസ്റ്റ് കഫം കൾച്ചറാണ്. അണുബാധയുണ്ടോ എന്നും ഉണ്ടെങ്കിൽ അതേത് അണുബാധയാണന്നും ആ സാഹചര്യത്തിൽ ഏത് മരുന്നാണ് ഫലപ്രദമെന്നും അറിയാൻ കഫം കൾച്ചർ സഹായിക്കും. അണുബാധയുടെ തീവ്രതയറിയാൻ ചിലപ്പോൾ സി.ടി. സ്കാൻ, രക്തത്തിലെ സി.ആർ.പി. ലാക്റ്റേറ്റ്, പ്രോകാൽസിടോണിൻ എന്നീ പരിശോധനകളും വേണ്ടിവരും. ന്യുമോണിയ തീവ്രമായി രോഗിയുടെ ഓക്സിജൻ അളവ് കുറയുന്ന അവസ്ഥയിൽ ശുദ്ധരക്തമെടുത്ത് ഓക്സിജന്റെ അളവ് തിട്ടപ്പെടുത്തുന്ന ആർട്ടീരിയൽ ബ്ലഡ് ഗ്യാസ് ടെസ്റ്റ് വേണ്ടിവന്നേക്കും.
ചികിത്സ എങ്ങനെ?
ശ്വാസകോശത്തിലെ അണുബാധ നേരത്തേതന്നെ മനസ്സിലാക്കുകയും അതിന്റെ ചികിത്സ തുടങ്ങുകയും ചെയ്യുന്നതിന്റെ പ്രാധാന്യം നേരത്തേ സൂചിപ്പിച്ചിരുന്നു. ആന്റിബയോട്ടിക്കുകളാണ് പ്രധാനചികിത്സ. എന്നാൽ, അനാവശ്യമായി ആന്റിബയോട്ടിക് മരുന്ന് കഴിക്കുന്നതും വളരെ അപകടമാണ്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ആവശ്യമായ ആന്റിബയോട്ടിക് മരുന്ന് കഴിക്കണമെന്നതാണ് ഈ അസുഖത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഫത്തിന്റെ കൾച്ചറനുസരിച്ച് ആന്റിബയോട്ടിക് ചികിത്സ രൂപപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ചികിത്സ ഏത് രീതിയിൽ വേണമെന്നും എത്രദിവസം വേണമെന്നും തീരുമാനിക്കുന്നതും രോഗത്തിന്റെ തീവ്രതയും രോഗിയുടെ അവസ്ഥയുമനുസരിച്ചാണ്. അഞ്ചുദിവസംമുതൽ ആഴ്ചകളോളം ചികിത്സ വേണ്ടി വന്നേക്കാം.
ന്യുമോണിയ എങ്ങനെ തടയാം?
ന്യൂമോണിയ വരാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം പ്രതിരോധ കുത്തിവെപ്പെടുക്കുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങളുള്ളവർക്കും ഈ വാക്സിനുകൾ വളരെ പ്രധാനമാണ്. ന്യൂമോ കോക്കൽ വാക്സിൻ, വർഷംതോറുമെടുക്കേണ്ട ഇൻഫ്ലുവൻസാ വാക്സിനുകൾ തുടങ്ങിയവയാണ് നിർബന്ധമായും എടുക്കേണ്ട വാക്സിനുകൾ. പുകവലി ഉപേക്ഷിക്കുക, പ്രമേഹം നിയന്ത്രിക്കുക, കൃത്യമായ വ്യായാമം, നല്ല ആഹാരരീതി, ആവശ്യത്തിന് വെള്ളം കുടിക്കൽ എന്നിവയൊക്കെ പ്രധാനംതന്നെ. കൈകൾ ഇടയ്ക്കിടെ കഴുകുക, വായുടെയും പല്ലുകളുടെയും വൃത്തി എന്നിവ ശ്വാസകോശ അണുബാധ കുറയ്ക്കുന്ന ഘടകങ്ങളാണ്.
തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിൽ പൾമണറി മെഡിസിൻ വിഭാഗം അഡീഷണൽ പ്രൊഫസറാണ് ലേഖകൻ
Content Highlights: complications of pneumonia and lung infection
Published: 17 Sept 2023, 05:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented