
ചിട്ടയില്ലാത്ത ജീവിതശൈലിയും ക്രമം തെറ്റിയുള്ള ആഹാരരീതിയുംകൊണ്ട് കൂടുതലായി കണ്ടുവരുന്ന ഒരു രോഗമാണ് 'പൈല്‍സ്' അഥവാ 'അര്‍ശസ്'. കൃത്യമായ രോഗനിര്‍ണയവും ചികിത്സയും ഈ രോഗത്തിന് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ 'അര്‍ശസ്' (പൈല്‍സ്) സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാവര്‍ഷവും 'നവംബര്‍ 20' ലോക പൈല്‍സ് ദിനമായി ആചരിക്കുന്നു.
'അരിവത് പ്രാണിനോ മാംസകീലകാ വിശസന്തിയത്
അര്‍ശാസി തസ്മാത് ഉച്യന്തേ ശുഭമാര്‍ഗ നിരോധിത'
ആയുര്‍വേദ ശാസ്ത്രത്തില്‍ അര്‍ശസിനെ മാംസാങ്കുരങ്ങളായാണ് കണക്കാക്കുന്നത്. മാംസകീലകങ്ങള്‍ ഗുദമാര്‍ഗത്തെ നിരോധിച്ചിട്ട് ഒരു ശത്രുവിനെപ്പോലെ രോഗിയെ കഷ്ടപ്പെടുത്തുന്നതുകൊണ്ട് 'അര്‍ശസ്' എന്ന് വിളിക്കുന്നു.
മനുഷ്യശരീരത്തിലെ വിസര്‍ജനാവയവമായ മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകള്‍ തടിക്കുന്ന അവസ്ഥയാണ് 'അര്‍ശസ്. ആന്തരികമായും ബാഹ്യമായും രണ്ടുതരത്തില്‍ പൊതുവേ അര്‍ശസ് കാണപ്പെടുന്നു. ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ ഒന്നായ അഷ്ടാംഗഹൃദയത്തില്‍ പ്രതിപാദിക്കുന്ന എട്ടു മഹാവ്യാധികളില്‍ ഒന്നാണ് അര്‍ശസ്. രോഗത്തിന്റെ പ്രാരംഭഘട്ടങ്ങളില്‍ തന്നെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ആയുര്‍വേദത്തിലൂടെ അര്‍ശസിനെ ഫലപ്രദമായി ഭേദപ്പെടുത്താന്‍ കഴിയുന്നതാണ്.
പൈല്‍സിന്റെ പ്രധാന ലക്ഷണങ്ങള്‍
-വേദന ഇല്ലാതെ രക്തം പോകുക
-മല വിസര്‍ജനത്തിന് മുന്‍പും ശേഷവും തുള്ളിയായി രക്തം പോകുക
-മലദ്വാരത്തിന് ചുറ്റും തടിപ്പുണ്ടാകുക.
-ദഹനക്കുറവ്
രോഗത്തെ ചികിത്സിക്കുന്നതിലും നല്ലത് രോഗകാരണങ്ങള്‍ ഒഴിവാക്കുന്നതാണ. പ്രധാനമായും മലബന്ധവും ദഹനക്കുറവും പൈല്‍സിന് കാരണമാകുന്നു. ജീവിതശൈലിയിലെ വ്യത്യാസം, ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം ഇവയെല്ലാം തന്നെ മലബന്ധത്തിന് കാരണമാവുകയും ചെയ്യും. അര്‍ശസ് രോഗം ഉണ്ടാകാനിടയാകുന്ന കാരണങ്ങള്‍ താഴെ പറയുന്നവയാണ്.
-അമിതമായ എരിവ്, പുളി, മസാല ചേര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉപയോഗം
-ഭക്ഷണത്തില്‍ പച്ചക്കറികളുടെയും ഇലവര്‍ഗങ്ങളുടെയും അഭാവം
-ഭക്ഷണത്തില്‍ വേണ്ടത്ര ജലാംശം ഇല്ലായ്മ
-അധികസമയം ഇരുന്നുള്ള ജോലികള്‍
-അമിതവണ്ണം
സ്ത്രീകളില്‍ പ്രസവശേഷം സര്‍വസാധാരണയായി പൈല്‍സ് കണ്ടുവരാറുണ്ട്. ആയുര്‍വേദ ശാസ്ത്രത്തിലെ ചികിത്സാരീതികളിലുടെയും കൃത്യമായ പഥ്യാപഥ്യങ്ങള്‍ ആചരിക്കുന്നതിലൂടെയും അര്‍ശസിനെ ഒരു പരിധിവരെ ഫലപ്രദമായി ഭേദപ്പെടുത്താന്‍ സാധിക്കുന്നതാണ്. രോഗിയുടെ പ്രകൃതിയും രോഗാവസ്ഥയും കണക്കിലെടുത്ത് ഔഷധശാസ്ത്ര പ്രയോഗങ്ങളിലൂടെ ഇത് സാധ്യമാകുന്നു.
ഔഷധപ്രയോഗത്തിലൂടെ ദഹനപ്രക്രിയ സുഗമമാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിന് പുറമെ ക്ഷാരസൂത്രം, ക്ഷാരകര്‍മം, അഗ്‌നികര്‍മം തുടങ്ങിയ ലഘുശസ്ത്രക്രിയകളിലൂടെ പൈല്‍സിനെ ഉന്മൂലനം ചെയ്യാന്‍ കഴിയുന്നു. ക്ഷാരം പുരട്ടുന്നത് പൈല്‍സിനെ സങ്കോചിപ്പിച്ചു കളയുന്നു. ചില പ്രത്യേക ഔഷധങ്ങള്‍ ലേപനം ചെയ്ത് ഉണക്കിയെടുത്ത നൂലാണ് ക്ഷാരസൂത്രം. ക്ഷാരസൂത്രപ്രയോഗത്തിലൂടെ അണുബാധ കുറഞ്ഞ രീതി വേഗത്തിലും അര്‍ശസിനെ ചികിത്സിക്കുകയും തിരിച്ചുവരുന്നതിന്റെ നിരക്ക് വലിയതോതില്‍ കുറയ്ക്കുകയും ചെയ്യുന്നു.
ചികിത്സ പോലെ തന്നെ പ്രധാനമാണ് പ്രതിരോധവും പൈല്‍സ് രോഗാവസ്ഥയില്‍ ഒഴിവാക്കേണ്ടതും ആചരിക്കേണ്ടതുമായ ശീലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
-എരിവും പുളിവും വറുത്തതും മസാല ചേര്‍ത്തതുമായ ആഹാരങ്ങള്‍ ഒഴിവാക്കുക
-കൊഴുപ്പ് കൂടിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക
-പുകവലി, മദ്യപാനം ഒഴിവാക്കുക
-അമിതവണ്ണം കുറയ്ക്കുക
-ധാരാളം വെള്ളം കുടിക്കുക
-ആഹാരത്തില്‍ തവിടടങ്ങിയ ധാന്യങ്ങള്‍, നാരടങ്ങിയ ഭക്ഷണങ്ങള്‍, ഇലവര്‍ഗങ്ങള്‍, പഴങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക
-കൃത്യമായി വ്യായാമം ചെയ്യുക
പൈല്‍സിന്റെ ഏറ്റവും സാധാരണവും വ്യക്തവുമായ കാരണം ഉദാസീനമായ ജീവിതശൈലിയാണ്. യോഗയും പതിവ് വ്യായാമങ്ങളും ശരീരത്തെ ഉദാസീനമായ ചക്രത്തില്‍ നിന്നും പുറത്തു കൊണ്ടുവരാനും പൈല്‍സിന്റെ അവസ്ഥ വഷളാകുന്നത് തടയാനും കഴിയും. കൊല്ലം ജില്ല ആയുര്‍വേദ ആശുപത്രിയില്‍ പൈല്‍സ് പോലെയുള്ള അസുഖങ്ങളുടെ സുഗമമായ ചികിത്സയ്ക്ക് 'അനോറെക്റ്റല്‍ ക്ലിനിക്ക്' എന്ന ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. ശല്യതന്ത്രവിഭാഗം സ്‌പെഷലിസ്റ്റ് ഓഫീസറുടെ സേവനം ഇവിടെ ലഭ്യമാണ്.
(കൊല്ലം ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറാണ് ലേഖകന്‍)
Content Highlights: world piles day Symptoms causes and treatments
Published: 20 Nov 2023, 05:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented