
ശരീരത്തിന് കൂടുതല്‍ അസ്ഥിക്ഷയം സംഭവിക്കുകയോ കുറഞ്ഞ അളവില്‍ മാത്രം എല്ലുകള്‍ രൂപപ്പെടുകയോ ചെയ്യുന്ന എല്ലു രോഗമാണ് ഓസ്റ്റിയോ പോറോസിസ് അഥവാ അസ്ഥിക്ഷയം. എല്ലുകള്‍ ദുര്‍ബലമാകുന്നതോടെ പൊട്ടാനുള്ള സാധ്യത വര്‍ധിക്കുന്നു.
ഓസ്റ്റിയോപോറോസിസ് എന്നാല്‍ തുള വീണ എല്ലുകള്‍ എന്നും പറയാം. ആരോഗ്യമുള്ള ഒരാളുടെ എല്ലിന്റെ ഘടന ഒരു മൈക്രോസ്‌കോപ്പിലൂടെ നോക്കുമ്പോള്‍ ഒരു തേനീച്ചക്കൂടു പോലെയാണ്. തുളകള്‍ക്കിടയിലെ വിടവുകളും മറ്റും വലുതാവുന്നതിനനുസരിച്ച് എല്ലുകള്‍ ദുര്‍ബലമാണെന്ന് കണ്ടെത്താന്‍ കഴിയും. സാന്ദ്രതയും ബലവും നഷ്ടപ്പെട്ട എല്ലുകളില്‍ അസാധാരണമായ കോശഘടനയും കാണപ്പെടുന്നു. ദുര്‍ബലമാകുന്നതിനനുസരിച്ച് പൊട്ടാനുള്ള സാധ്യതയും കൂടുന്നു. നിങ്ങള്‍ക്ക് 50 വയസ്സ് കഴിഞ്ഞുവെങ്കില്‍, ഒരു വീഴ്ചയിലോ മറ്റോ നിങ്ങളുടെ എല്ല് പൊട്ടിയിട്ടുണ്ടെങ്കില്‍ ബോണ്‍ ഡെന്‍സിറ്റി ടെസ്റ്റ് നടത്താന്‍ നിങ്ങളുടെ ഡോക്ടര്‍മാരോട് ആവശ്യപ്പെടുന്നതാണ് നല്ലത്.
ലോകത്ത് ഓസ്റ്റിയോപോറോസിസ് രോഗം ബാധിച്ചവരുടെ എണ്ണം വളരെയേറെയാണ്. 50 വയസ്സു കഴിഞ്ഞവരില്‍ പുരുഷന്‍മാരില്‍ നാലില്‍ ഒരാള്‍ക്ക് ഈ രോഗമുണ്ടെങ്കില്‍ സ്ത്രീകളില്‍ ഇത് രണ്ടില്‍ ഒരാള്‍ക്ക് എന്ന അവസ്ഥയിലാണ്. പലപ്പോഴും ഇടുപ്പെല്ലുകളിലോ നട്ടെല്ലിലോ ക്ഷതമേല്‍ക്കുന്നതോടെ ജീവിതം തന്നെ ആകെ തകിടം മറിയുന്ന അവസ്ഥയാണ്. പൂര്‍ണ്ണമായും കിടപ്പിലാകുകയും രോഗത്തിന്റെയോ അതുമായി ബന്ധപ്പെട്ടു ചെയ്യുന്ന ചികിത്സകളുടെയോ സങ്കീര്‍ണ്ണതകളുടെ ഫലമായി മരണം വരിക്കുന്ന രോഗികളുടെ എണ്ണം 20 ശതമാനമാണെന്ന് കണക്കുകള്‍ പറയുന്നു.
രോഗാവസ്ഥയുടെ ഗൗരവം തന്നെയാണ് ചികിത്സാ ചെലവിന്റെ കാര്യത്തിലും. പലപ്പോഴും ചിലവേറിയ ചികിത്സയാണ് ആവശ്യമായി വരുന്നത്. അതുതന്നെ ചികിത്സ തേടാതിരിക്കാനും ആവശ്യമായ തുടര്‍ ചികിത്സകള്‍ ലഭിക്കാതിരിക്കാനുമെല്ലാം കാരണവുമാകുന്നുണ്ട്.
മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഓസ്റ്റിയോപോറോസിസ് ഒരു നിശബ്ദ വില്ലനാണ്, കാരണം എല്ലുകള്‍ ദുര്‍ബലമാകുന്നതിന്റെ ലക്ഷണങ്ങളൊന്നും പലപ്പോഴും ശരീരം കാണിച്ചെന്നു വരില്ല. എന്തെങ്കിലും ചെറിയ കാരണങ്ങള്‍ കൊണ്ട് എല്ലുകള്‍ പൊട്ടുമ്പോള്‍ മാത്രമാണ് അസ്ഥിക്ഷയം തിരിച്ചറിയപ്പെടുന്നത് തന്നെ. നട്ടെല്ല് കുനിഞ്ഞു മുന്നോട്ടു വരുന്ന വിധത്തില്‍ വളവ് സംഭവിക്കുകയും ഉയരം വയ്ക്കുന്നതിന് തടസ്സം സംഭവിക്കുകയും ചെയ്താല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
ചില ആരോഗ്യപ്രശ്നങ്ങള്‍, ചില ചികിത്സാവിധികള്‍ എന്നിവയൊക്കെ നമ്മെ ഓസ്റ്റിയോപോറോസിസില്‍ കൊണ്ടു ചെന്നെത്തിക്കാം. ആമവാതം, ചര്‍മ്മാര്‍ബുദം, മള്‍ട്ടിപ്പ്ള്‍ സ്‌ക്ലീറോസിസ്- കലകള്‍ കല്ലിക്കുന്ന അവസ്ഥ, സ്പോണ്ടിലൈറ്റിസ് തുടങ്ങിയ പ്രതിരോധ സംബന്ധമായ രോഗങ്ങള്‍, പോഷകങ്ങള്‍ വലിച്ചെടുക്കാനും മറ്റും കഴിവില്ലാതാവുന്നതുകൊണ്ടുണ്ടാകുന്ന സെലിയാക് ഡിസീസ്, ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ്, ഭാരം കുറയ്ക്കാനായി നടത്തുന്ന ശസ്ത്രക്രിയ തുടങ്ങിയവയുണ്ടെങ്കില്‍ നിങ്ങളുടെ എല്ലുകളുടെ ആരോഗ്യ സംരക്ഷണത്തിന് എന്തു ചെയ്യണമെന്ന് ഡോക്ടറോട് നിര്‍ദ്ദേശം തേടാവുന്നതാണ്.
ഗാസ്ട്രക്ടമി, ഗാസ്ട്രോഇന്റസ്റ്റിനല്‍ ബൈപാസ് പ്രൊസീജര്‍, ബ്രസ്റ്റ് കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍, പക്ഷാഘാതം, നട്ടെല്ലിനുണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയ നിരവധി രോഗങ്ങളുണ്ടെങ്കിലും എല്ലുകളുടെ ബലത്തെ അത് പ്രതികൂലമായി ബാധിച്ചേക്കാം.
വിവിധ രോഗങ്ങള്‍ക്കു വേണ്ടി നാം കഴിക്കുന്ന മരുന്നുകളും രോഗം ഭേദമാകാന്‍ സഹായിക്കുന്നുണ്ടെങ്കിലും പലപ്പോഴും അസ്ഥിക്ഷയമുണ്ടാക്കുന്നവയാണ്. കാന്‍സര്‍ രോഗത്തിനുള്ള കീമോതെറാപ്പി സംബന്ധമായ മരുന്നുകള്‍ ഉദാഹരണം. ജീവന്‍ രക്ഷാ മരുന്നുകളുടെ ഗണത്തിലാണ് സ്റ്റിറോയ്ഡ് മരുന്നുകള്‍ പരിഗണിക്കപ്പെടുന്നതെങ്കിലും അവ അസ്ഥിക്ഷയത്തിനും കാരണമാകും. സ്റ്റിറോയ്ഡ്സ്, ഗ്ലൂക്കോകോര്‍ട്ടിസോയ്ഡ്സ്, കോര്‍ട്ടിക്കോസ്റ്റിറോയ്ഡ്സ് തുടങ്ങിയ വിഭാഗങ്ങളായാണ് ഈ മരുന്നുകള്‍ അറിയപ്പെടുന്നത്.
സന്ധി മാറ്റി വയ്ക്കല്‍ ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ അത്യാധുനിക സംവിധാനങ്ങളെ ഉപയോഗിച്ചു തുടങ്ങിയതോടെ കൂടുതല്‍ ഫലപ്രദമായി വന്നിട്ടുണ്ട്. അതി സൂക്ഷ്മമായ ശസ്ത്രക്രിയാ നടപടികളിലൂടെ ഏറ്റവും കുറഞ്ഞ കോശനഷ്ടത്തിലൂടെ വേദന കുറച്ച് ശസ്ത്രക്രിയ സാധ്യമാക്കാന്‍ റോബോട്ടിക് സര്‍ജറിക്ക് സാധിക്കുന്നുണ്ട്. പുതിയ നിരവധി അത്യാധുനിക ചികിത്സാ കേന്ദ്രങ്ങള്‍ നിലവില്‍ വരുന്നതോടെ നാട്ടില്‍ നിന്നും വിദഗ്ധ ചികിത്സ തേടി മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്നതിന് ആക്കം കുറഞ്ഞിട്ടുണ്ട്.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ ബോണ്‍ ആന്റ് ജോയിന്റ് കെയര്‍ വിഭാഗം മേധാവിയാണ് ലേഖകന്‍)
Content Highlights: World Osteoporosis Day 2021, What is Osteoporosis and how to prevent this, Health, Bone Health
Published: 20 Oct 2021, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented