എല്ലാ വർഷവും ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു നിശ്ശബ്ദ രോഗത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനുള്ള അവസരമായാണ് കണക്കാക്കുന്നത്. 'Hepatitis: Let's Break It Down' എന്നതാണ് 2026-ലെ പ്രമേയം. രോഗത്തെക്കുറിച്ചുള്ള അജ്ഞത, പരിശോധനയിലും ചികിത്സയിലുമുള്ള പരിമിതികൾ, ചികിത്സാച്ചെലവ്, സാമൂഹിക അപമാനം (സ്റ്റിഗ്മ) തുടങ്ങിയ പ്രതിസന്ധികൾ ഇല്ലാതാക്കാനുള്ള ആഹ്വാനമാണ് ഈ പ്രമേയം മുന്നോട്ടുവയ്ക്കുന്നത്.
ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടെത്തുകയും അതിനെതിരായ ആദ്യ വാക്‌സിൻ വികസിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്ത നോബൽ സമ്മാന ജേതാവായ ഡോ. ബറൂച്ച് ബ്ലംബർഗിന്റെ ജന്മദിനം കൂടിയാണ് ജൂലൈ 28.
നിശബ്ദമായി കരളിനെ കീഴടക്കുന്ന രോഗം
കരളിൽ ഉണ്ടാകുന്ന വീക്കത്തെയാണ് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ അഞ്ച് വൈറസുകളാണ് പ്രധാനമായും ഈ രോഗത്തിന് കാരണമാകുന്നത്.
ഇവയിൽ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വർഷങ്ങളോളം യാതൊരു ലക്ഷണങ്ങളും പ്രകടമാക്കാതെ ശരീരത്തിൽ നിലനിൽക്കാം. രോഗിക്ക് യാതൊരു അസ്വസ്ഥതയും അനുഭവപ്പെടാതെ തന്നെ വൈറസ് കരളിനെ നിശ്ശബ്ദമായി നശിപ്പിച്ചുകൊണ്ടിരിക്കും.
ക്ഷീണം, മഞ്ഞപ്പിത്തം, വയറുവീക്കം, കരളിന്റെ പ്രവർത്തന തകരാറ് മൂലമുള്ള ലക്ഷണങ്ങൾ എന്നിവ പ്രത്യക്ഷപ്പെടുമ്പോഴേക്കും കരളിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകാം. ചിലരിൽ ഇത് കരൾ ചുരുങ്ങുന്ന സിറോസിസിലേക്കോ കരൾ കാൻസറിലേക്കോ വരെ നയിക്കാം.
അതുകൊണ്ടുതന്നെ ലക്ഷണങ്ങൾ വരുന്നത് വരെ കാത്തിരിക്കരുത്. ലളിതമായ ഒരു രക്തപരിശോധനയിലൂടെ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വളരെ നേരത്തെ തന്നെ കണ്ടെത്താൻ കഴിയും.
അഞ്ച് വൈറസുകൾ, അഞ്ച് വ്യത്യസ്ത അപകടസാധ്യതകൾ
ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്നതാണ്. സാധാരണയായി ഇവ താൽക്കാലിക രോഗബാധയാണെങ്കിലും, ഗർഭിണികളിൽ ഹെപ്പറ്റൈറ്റിസ് ഇ ഗുരുതര സങ്കീർണ്ണതകൾക്ക് കാരണമാകാം.
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ രോഗബാധിതരുടെ രക്തത്തിലൂടെയോ ശരീരസ്രവങ്ങളിലൂടെയോ പകരുന്നു. അണുവിമുക്തമാക്കാത്ത സൂചികൾ ഉപയോഗിക്കുക, സൂചികളോ റേസറുകളോ പങ്കുവെയ്ക്കുക, സുരക്ഷിതമല്ലാത്ത ടാറ്റൂ അല്ലെങ്കിൽ പിയേഴ്‌സിംഗ്, പ്രസവസമയത്ത് അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എന്നിവയാണ് രോഗ കാരണങ്ങൾ.
ഹെപ്പറ്റൈറ്റിസ് ബി-യ്ക്ക് ഫലപ്രദമായ വാക്‌സിൻ ലഭ്യമാണ്. അതേസമയം, ഹെപ്പറ്റൈറ്റിസ് സി-യ്ക്ക് വാക്‌സിൻ ഇല്ലെങ്കിലും, ആധുനിക മരുന്നുകളുടെ സഹായത്തോടെ 95 ശതമാനത്തിലധികം രോഗികളിൽ 8 മുതൽ 12 ആഴ്ചയ്ക്കുള്ളിൽ രോഗം പൂർണ്ണമായും ഭേദമാക്കാൻ ഇന്ന് സാധിക്കുന്നു.
ഹെപ്പറ്റൈറ്റിസ് ബി ഉള്ളവരിൽ മാത്രമാണ് ഹെപ്പറ്റൈറ്റിസ് ഡി അണുബാധ ഉണ്ടാകുന്നത്. അതിനാൽ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനേഷൻ എടുക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് ഡിയെയും തടയുന്നു.
ഏറ്റവും വലിയ വെല്ലുവിളി - രോഗം അറിയാതെ ജീവിക്കുന്നവർ
ലോകത്ത് 35 കോടിയിലധികം ആളുകൾ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി ബാധിച്ച് ജീവിക്കുന്നുണ്ടെന്നാണ് കണക്കുകൾ. എന്നാൽ ഇവരിൽ ഭൂരിഭാഗം പേർക്കും തങ്ങൾ രോഗബാധിതരാണെന്ന കാര്യം അറിയില്ല. രോഗം തിരിച്ചറിയപ്പെടാത്തതിനാൽ ചികിത്സയും ലഭിക്കുകയില്ല.
അതുകൊണ്ടുതന്നെ അപകടസാധ്യതയുള്ളവർ നിർബന്ധമായും പരിശോധന നടത്തണം. സുരക്ഷിതമല്ലാത്ത രക്ത സമ്പർക്കം ഉണ്ടായിട്ടുള്ളവർ, അണുവിമുക്തമല്ലാത്ത സാഹചര്യങ്ങളിൽ ശസ്ത്രക്രിയയോ, ദന്തചികിത്സയോ, ടാറ്റൂ ചെയ്തവർ, ആരോഗ്യപ്രവർത്തകർ, ഗർഭിണികൾ എന്നിവർക്ക് പരിശോധന വളരെ പ്രധാനമാണ്.
രോഗ പ്രതിരോധ മാർഗ്ഗങ്ങൾ നമ്മുടെ കൈകളിലുണ്ട്
ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും ആവശ്യമായ ശാസ്ത്രീയ പരിഹാരങ്ങൾ ഇന്ന് ലഭ്യമാണ്.
- ഹെപ്പറ്റൈറ്റിസ് ബി-യ്ക്ക് സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിൻ ലഭ്യമാണ്.
- ലളിതമായ രക്തപരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്താം.
- ഹെപ്പറ്റൈറ്റിസ് സി പൂർണമായി ഭേദമാക്കാൻ കഴിയുന്ന മരുന്നുകൾ ലഭ്യമാണ്.
- ഹെപ്പറ്റൈറ്റിസ് ബി നിയന്ത്രിക്കുന്ന ചികിത്സയിലൂടെ സിറോസിസിന്റെയും കരൾ കാൻസറിന്റെയും സാദ്ധ്യത ഗണ്യമായി കുറയ്ക്കാം.
ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധം ജനനം മുതൽ തന്നെ ആരംഭിക്കണം. ജനിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ നൽകുന്ന വാക്‌സിനും തുടർന്ന് ശുപാർശ ചെയ്യുന്ന ഡോസുകളും ജീവിതകാലം മുഴുവൻ സംരക്ഷണം നൽകാൻ സഹായിക്കുന്നു.
ഹെപ്പറ്റൈറ്റിസിനെ അകറ്റാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ
ഹെപ്പറ്റൈറ്റിസ് രോഗത്തെപ്പറ്റി ബോധവാന്മായിരിക്കുക. രോഗം പകരുന്നതെങ്ങനെ എന്ന് മനസ്സിലാക്കുക. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിൻ സ്വീകരിക്കുക, അപകടസാദ്ധ്യതയുള്ളവർ പരിശോധന നടത്തുക, ശുദ്ധജലവും സുരക്ഷിതമായ ഭക്ഷണവും ഉപയോഗിക്കുക, സൂചികളോ റേസറുകളോ പങ്കുവെക്കാതിരിക്കുക, ടാറ്റൂ-പിയേഴ്‌സിംഗ് ചെയ്യുമ്പോൾ അണുവിമുക്ത ഉപകരണങ്ങൾ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക, രോഗം സ്ഥിരീകരിച്ചാൽ ചികിത്സ വൈകരുത്.
അതോടൊപ്പം, ഹെപ്പറ്റൈറ്റിസ് ബാധിതരെ വിവേചനത്തിനിരയാക്കാതിരിക്കുകയും വേണം. ഹെപ്പറ്റൈറ്റിസ് ഒരു അണുബാധയാണ്; അത് ഒരു വ്യക്തിയുടെ സ്വഭാവത്തെയോ ജീവിതരീതിയെയോ വിലയിരുത്താനുള്ള കാരണമല്ല. സാമൂഹിക അപമാനത്തെ ഭയന്ന് പലരും പരിശോധനയും ചികിത്സയും ഒഴിവാക്കുന്നു. അതിനാൽ രോഗത്തെക്കുറിച്ചുള്ള നിശ്ശബ്ദത തകർക്കുന്നതും രോഗവ്യാപനം തടയുന്നതുപോലെ തന്നെ പ്രധാനമാണ്.
പരിശോധിക്കുക, പ്രതിരോധിക്കുക
ഹെപ്പറ്റൈറ്റിസ് ഇല്ലാതാക്കാൻ വ്യക്തിപരമായ മുൻകരുതലുകൾ മാത്രം മതിയാകില്ല. പരിശോധന, വാക്‌സിനേഷൻ, ചികിത്സ എന്നിവ എല്ലാവർക്കും ലഭ്യമാകുന്ന തരത്തിൽ ആരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്തണം. പ്രത്യേകിച്ച് മാതൃ-ശിശു ആരോഗ്യപരിപാലന പരിപാടികളിലും ഉയർന്ന അപകടസാദ്ധ്യതയുള്ള വിഭാഗങ്ങളിലും ഹെപ്പറ്റൈറ്റിസ് സ്‌ക്രീനിംഗിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.
വൈറൽ ഹെപ്പറ്റൈറ്റിസിനെ പൊതുജനാരോഗ്യ ഭീഷണിയിൽ നിന്ന് ഇല്ലാതാക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. അത് സാധ്യമാകണമെങ്കിൽ ശാസ്ത്രീയ പുരോഗതിക്കൊപ്പം ജനകീയ അവബോധവും, എളുപ്പത്തിൽ ലഭ്യമാകുന്ന പരിശോധനയും ചികിത്സയും, സർക്കാരിന്റെ ശക്തമായ പിന്തുണയും ആവശ്യമാണ്.
ഈ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിൽ നമുക്ക് കൈകോർക്കാം - ഹെപ്പറ്റൈറ്റിസ് തടയാം, ചികിത്സിക്കാം, ഹെപ്പറ്റൈറ്റിസ് സി പൂർണമായും ഭേദമാക്കാം. ഒരു വാക്‌സിൻ, ഒരു രക്തപരിശോധന, അല്ലെങ്കിൽ രോഗത്തെക്കുറിച്ചുള്ള ഒരു തുറന്ന സംഭാഷണം പോലും ഒരു ജീവൻ രക്ഷിക്കാൻ വഴിയൊരുക്കും.
(പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം ജൂനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ.)
Content Highlights: Hepatitis is a silent disease that often shows no symptoms until advanced liver damage occurs., 2026 Theme: 'Hepatitis: Let's Break It Down' focuses on removing barriers to testing and treatment., Early detection via simple blood tests is the most effective way to prevent cirrhosis and liver cancer.
Published: 27 Jul 2026, 05:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented