ലോകമെമ്പാടുമുള്ള ആളുകളിൽ കാൻസറിനെ കുറിച്ചുള്ള ബോധവത്കരണം വർധിപ്പിക്കാനും പ്രതിരോധവും നേരത്തെ കണ്ടെത്തലും പ്രോത്സാഹിപ്പിക്കാനും ആചരിക്കുന്ന ദിനമാണ് ലോക കാൻസർ ദിനം. ഇത് ഔദ്യോഗികമായി എല്ലാ വർഷവും ഫെബ്രുവരി 4 നാണ് ആചരിക്കുന്നത്. കാൻസർ എന്ന രോഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കി, ശരിയായ അറിവും മുൻകരുതലുകളും ജനങ്ങളിലേക്കെത്തിക്കുകയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

To advertise here,

കാൻസർ ഒരു രോഗമല്ല, പലതരം രോഗങ്ങളുടെ കൂട്ടായ്മയാണ്. ശരീരത്തിലെ കോശങ്ങൾ നിയന്ത്രണമില്ലാതെ വളർന്ന് മറ്റ് അവയവങ്ങളിലേക്കു പടരുന്ന അവസ്ഥയാണ് കാൻസർ. ജീവിതശൈലി, പുകവലി, മദ്യപാനം, അസന്തുലിത ആഹാരം, വ്യായാമക്കുറവ്, പരിസ്ഥിതി മലിനീകരണം, ചില വൈറസ് ബാധകൾ എന്നിവ കാൻസറിന് കാരണമാകാം. എന്നാൽ, കാൻസറിന്റെ വലിയൊരു ശതമാനം കേസുകളും ശരിയായ ജീവിതശൈലി മാറ്റങ്ങൾ വഴി പ്രതിരോധിക്കാനാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

നേരത്തെ കണ്ടെത്തൽ കാൻസർ ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. പല കാൻസറുകളും ആരംഭഘട്ടത്തിൽ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ച് സുഖപ്പെടുത്താൻ കഴിയും. പൊതുവേ കാൻസറിന്റെ ലക്ഷണങ്ങൾ ഏതു ഭാഗത്തെയാണോ അവ ബാധിക്കുന്നത് അതിനനുസരിച്ച് വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും പൊതുവേ കാണുന്ന ചില ലക്ഷണങ്ങൾ കാൻസർ കൊണ്ട് മാത്രമല്ല എങ്കിൽപോലും ശരിയായ പരിശോധന നടത്തി അത് ഉറപ്പുവരുത്തേണ്ടതുണ്ട്.

  • ക്ഷീണം
  • ചർമത്തിനടിയിൽ അനുഭവപ്പെടുന്ന മുഴ അല്ലെങ്കിൽ കട്ടിയാകൽ
  • ശരീരഭാരത്തിലെ പെട്ടെന്നുള്ള വ്യത്യാസം
  • ചർമത്തിന്റെ നിറ മാറ്റങ്ങൾ, സുഖപ്പെടാത്ത വ്രണങ്ങൾ, അല്ലെങ്കിൽ നിലവിലുള്ള മറുകുകളിലെ മാറ്റങ്ങൾ
  • കുടലിലോ മൂത്രസഞ്ചിയിലോ ഉള്ള മാറ്റങ്ങൾ, മൂത്രമൊഴിക്കാനുള്ള പ്രയാസം, യോനീ സ്രവത്തിലെ വ്യത്യാസം
  • തുടർച്ചയായ നീണ്ടുനിൽക്കുന്ന ചുമ, അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട്
  • വിഴുങ്ങാൻ ബുദ്ധിമുട്ട്
  • ശബ്ദത്തിലെ മാറ്റങ്ങൾ

ഭക്ഷണത്തിനു ശേഷമുള്ള സ്ഥിരമായ ദഹനക്കേട് അല്ലെങ്കിൽ അസ്വസ്ഥത. മലത്തിലെ നിറവ്യത്യാസം, വിശദീകരിക്കാൻ സാധിക്കാത്ത പേശി അല്ലെങ്കിൽ സന്ധി വേദന, രാത്രിയിൽ തുടർച്ചയായി ഉണ്ടാവുന്ന വിയർപ്പ്, പനി, അപ്രതീക്ഷിതമായ രക്തസ്രാവം എന്നീ ലക്ഷണങ്ങൾ എല്ലാം പരിശോധിച്ചു കാൻസറുമായി ബന്ധപ്പെട്ടവയാണോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ആരോഗ്യ പരിശോധന, സ്ക്രീനിംഗ് ടെസ്റ്റുകൾ, ശരീരത്തിൽ ഉണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ ശ്രദ്ധിക്കുക എന്നിവ അത്യാവശ്യമാണ്. ഉദാഹരണത്തിന്, ബ്രസ്റ്റ് കാൻസർ , ഗർഭാശയമുഖ കാൻസർ, വായ്കാൻസർ തുടങ്ങിയവയ്ക്ക് ലളിതമായ സ്ക്രീനിംഗ് മാർഗങ്ങൾ ലഭ്യമാണ്.

ഇന്നത്തെ കാലത്ത് കാൻസർ ചികിത്സയിൽ വൻ സാങ്കേതിക പുരോഗതികളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ടാർഗറ്റഡ് തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി, ജീൻ അടിസ്ഥാനമാക്കിയ ചികിത്സ, കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ചുള്ള രോഗ നിർണയം എന്നിവ ചികിത്സയെ കൂടുതൽ ഫലപ്രദമാക്കുന്നു. രോഗിയുടെ സ്വഭാവത്തിന് അനുയോജ്യമായ ചികിത്സാ രീതികൾ വികസിപ്പിക്കുന്നതും ആരോഗ്യരംഗത്ത് വലിയ മുന്നേറ്റമാണ്.

കാൻസറിനെ ഭയക്കേണ്ട രോഗമായി കാണാതെ, അറിവോടെയും മുൻകരുതലോടെയും നേരിടേണ്ട ആരോഗ്യ പ്രശ്നമായി കാണണമെന്നാണ് ലോക കാൻസർ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്. പുകവലി ഒഴിവാക്കുക, ആരോഗ്യകരമായ ആഹാരം പാലിക്കുക, വ്യായാമം പതിവാക്കുക, നിരന്തരം ആരോഗ്യ പരിശോധന നടത്തുക — ഇതെല്ലാം കാൻസർ പ്രതിരോധത്തിന്റെ അടിസ്ഥാന ചുവടുകളാണ്.

“അറിവ് — പ്രതിരോധം — നേരത്തെ കണ്ടെത്തൽ” എന്നീ മൂന്നു തത്വങ്ങൾ പാലിച്ചാൽ കാൻസറിനെതിരെ നമുക്ക് ശക്തമായി നിലകൊള്ളാം.

 

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഫാർമസ്യൂട്ടിക്കൽ സയൻസസ് ഡിപ്പാർട്മെന്റിൽ പ്രൊഫസറാണ് ലേഖകൻ.