ലോകമെമ്പാടും ആസ്ത്മയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെ സഹകരണ സംഘടനയായ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ (GINA) 2024 മെയ് 7-ന് ലോക ആസ്ത്മ ദിനമായി ആചരിക്കുന്നു. 'ആസ്ത്മയെ കുറിച്ചുള്ള അറിവ്, ശാക്തീകരിക്കൽ' (Asthma Education, Empower)എന്നതാണ് ഈ വർഷത്തെ വിഷയം. ആസ്ത്മ ഭേദമാക്കാൻ കഴിയില്ല, പക്ഷേ അത് നിയന്ത്രിക്കാനും കൈകാര്യം ചെയ്യുവാനും കൂടാതെ എക്‌സസർബേഷൻസ് (Exacerbations) എന്നറിയപ്പെടുന്ന ആസ്ത്മ ആക്രമണങ്ങളെ പ്രതിരോധിക്കാനും സാധിക്കും.

To advertise here,

ആസ്ത്മ പരിചരണത്തിൽ നിരവധി ന്യൂനതകൾ ഉണ്ട്, അത് മറികടക്കുവാനും ആസ്ത്മ ചികിത്സയിലൂടെ ചെലവ് വർധനവിനെതിരെയും ഇടപെടലുകൾ ആവശ്യമാണ്.

ആസ്ത്മ രോഗത്തെപ്പറ്റിയുള്ള അറിവ് എങ്ങനെ ശാക്തീകരിക്കുന്നു?

സമൂഹത്തിൽ

ആസ്ത്മ രോഗത്തെ പറ്റിയുള്ള അറിവ് രോഗ നിയന്ത്രണത്തിന് സഹായിക്കുകയും ഏതു ഘട്ടത്തിലാണ് വൈദ്യസഹായം തേടേണ്ടതെന്ന അവബോധം ഉണ്ടാക്കുകയും ചെയ്യുന്നു.

ആരോഗ്യപരിപാലന രംഗത്തുള്ളവരിൽ

ആസ്ത്മ രോഗബാധയും അതു കാരണമായ മരണ നിരക്കും കുറയ്ക്കുന്നതിനും രോഗികളിൽ ഈ രോഗത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും അതിലുപരി ആസ്ത്മ രോഗം മികച്ച രീതിയിൽ ചികിത്സിച്ച് ഭേദമാക്കുവാനുമായി ഡോക്ടർമാർ ഉൾപ്പെടുന്ന ആരോഗ്യ സംരക്ഷണ മേഖലയിലെ ആൾക്കാരിൽ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.

ലോകത്താകമനം 760 ദശലക്ഷം ആൾക്കാരെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. ലോകമെമ്പാടും 4,50,000 ആൾക്കാർ ഈ രോഗം മൂലം മരണമടയുന്നു, ഇതിൽ മിക്കതും പ്രതിരോധ വിധേയമാണെന്നുള്ളതാണ് ഞെട്ടിക്കുന്ന സത്യം. അതിനാൽ ഈ രോഗത്തെ പറ്റിയുള്ള അവബോധം എന്നത് ഏത് ഘട്ടത്തിൽ വൈദ്യസഹായം തേടണം, ഇൻഹേലറുകൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം, കൃത്യമായി മരുന്നുകൾ കഴിക്കുന്നതിന്റെ ആവശ്യകത എന്നിവയാണ്.

മരുന്ന് വ്യവസായ കമ്പനികളും മറ്റ് അനുബന്ധ ആളുകളും ലോകമെമ്പാടും സമൂഹത്തിൽ ആസ്ത്മയെ പറ്റിയുള്ള അവബോധം സൃഷ്ടിക്കുന്നതോടൊപ്പം പരിസ്ഥിതി സൗഹൃദ മരുന്നുകളുടെ നിർമാണം ഉറപ്പാക്കേണ്ടതുമാണ്.

ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് ലോകമെമ്പാടും വെല്ലുവിളിയാണ്, കാരണം അവ പ്രാദേശികമായി ബാധകമായേക്കില്ല. അതിനാൽ ഈ വിഷയം ഇന്റർനാഷണൽ റെസ്പിറേറ്ററി കൂട്ടായ്മകൾക്ക് ഒരുമിച്ചു പ്രവർത്തിക്കാനും ആസ്ത്മ പരിചരണത്തിലെ ന്യൂനതകൾ മറികടക്കുവാനും ഒരു വെല്ലുവിളിയാണ്.

എന്താണ് ആസ്ത്മ?

പാരിസ്ഥിതികമോ ആന്തരികമോ ആയ വിവിധ ഘടകങ്ങൾ മൂലം, പെട്ടെന്ന് അസ്വസ്ഥമാകുന്ന വ്യക്തികളിൽ ശ്വാസനാളത്തിന്റെ സങ്കോചം മൂലം ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ പ്രശ്‌നമാണ് ആസ്ത്മ.

എന്താണ് ആസ്ത്മയ്ക്ക് കാരണമാകുന്നത്?

ജനിതക ഘടകങ്ങളും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള പരസ്പര ബന്ധമാണ് ആസ്ത്മയ്ക്ക് കാരണം. 

ആസ്ത്മയുടെ പ്രേരക ഘടകങ്ങൾ

  • പൊടി (പരിസ്ഥിതി)
  • വീടിനുള്ളിലെ പൊടി
  • വീട്ടിലെ ചെറു പ്രാണികൾ
  •  പൂമ്പൊടികൾ
  • പ്രാണികൾ
  • പക്ഷികളുടെ വിസർജ്ജനം
  • ഫംഗസ്
  •  പ്രതികൂലമായ തീവ്രമായ താപനില
  • ചിരി
  • വികാരങ്ങൾ
  • വ്യായാമം
  • ചില മരുന്നുകൾ

ആസ്ത്മയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

  • കഷ്ടപ്പെട്ട് ശ്വാസോച്ഛ്വാസം ചെയ്യുക
  • നെഞ്ച് ഇറുകുന്ന അവസ്ഥ
  • രാത്രിയിൽ ചുമ
  • ശ്വാസം മുട്ടൽ

എങ്ങനെയാണ് ആസ്ത്മ രോഗനിർണ്ണയം നടത്തുന്നത്?

ലക്ഷണങ്ങൾ: സ്‌പൈറോമെട്രി അല്ലെങ്കിൽ ശ്വാസകോശ പ്രവർത്തന പരിശോധനയ്ക്കൊപ്പം ശ്വാസംമുട്ടലിന്റെ സാന്നിധ്യം. ബ്രോങ്കോഡൈലേറ്റർ മരുന്ന് കഴിക്കുന്നതിന് മുമ്പും ശേഷവും നടത്തുന്ന ശ്രമങ്ങളെ ആശ്രയിച്ചുള്ള പരിശോധനയാണ് ശ്വാസകോശ പ്രവർത്തന പരിശോധന (PFT). ബ്രോങ്കോഡൈലേറ്ററുകൾക്ക് ശേഷം നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുകയാണെങ്കിൽ, ആ വ്യക്തിക്ക് ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ആസ്ത്മയ്ക്കുള്ള മറ്റു പരിശോധനകൾ

1. പീക്ക് ഫ്‌ലോ മീറ്റർ (Peak flow meter)
2. ബ്രോങ്കിയൽ ചലഞ്ച് ടെസ്റ്റ് (Bronchial Challenge Test)
3. അലർജി പരിശോധന (Allergy test)
4. ബ്രീത്ത് നൈട്രിക് ഓക്‌സൈഡ് ടെസ്റ്റ് (Breath Nitric oxide test)
5. കഫത്തിലെ ഇസിനോഫിൽ അളവ് അളക്കുക (Measuring Sputum eosinophil counts)

ആസ്ത്മ ചികിത്സ

ശ്വസിക്കുന്ന മരുന്നുകളിൽ ബ്രോങ്കോഡൈലേറ്ററുകളോ സ്റ്റിറോയിഡുകളോ ആകാം. ആസ്ത്മയ്ക്കുള്ള മരുന്നുകൾ രണ്ടായി തരം തിരിച്ചിരിക്കുന്നു.

1. റെസ്‌ക്യൂ/റിലീവർ മരുന്നുകൾ - ബ്രോങ്കോഡൈലേറ്ററുകൾ/സ്റ്റിറോയിഡുകൾ അല്ലെങ്കിൽ കോമ്പിനേഷൻ എന്നിവ അടങ്ങിയിരിക്കുന്നു.

2. കൺട്രോളർ മരുന്നുകൾ - പ്രിവന്റീവ് എന്നും അറിയപ്പെടുന്നു, ഇതിൽ പ്രധാനമായും ബ്രോങ്കോഡൈലേറ്ററുകളും സ്റ്റിറോയിഡുകളും ചേർന്നതാണ്.

പുകവലി, ജോലി സമയത്ത് പ്രേരിത ഘടകങ്ങളുമായി സമ്പർക്കം പുലർത്തുക തുടങ്ങിയവ ഒഴിവാക്കുന്നത് രോ​ഗശമനത്തിന് സഹായിക്കും. ബാക്ടീരിയ അണുബാധകൾ മൂലം ആസ്ത്മ ബാധിക്കുമ്പോൾ ഓക്‌സിജനും ആന്റിബയോട്ടിക്കുകളും ഉള്ള പിന്തുണ നൽകുന്ന പരിചരണം ആവശ്യമാണ്. സാധാരണയായി പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാനുള്ള കാരണം വൈറൽ അണുബാധകളാണ്, ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല.

ആസ്ത്മയുടെ തീവ്രത തടയുവാൻ

  • പ്രേരക ഘടകങ്ങളെ ഒഴിവാക്കുക
  • പുകവലി ഉപേക്ഷിക്കുക
  • നിങ്ങളുടെ ഡോക്ടർ നിർദ്ദേശിച്ച പ്രകാരം പതിവായി മരുന്നുകൾ കഴിക്കുക
  • പ്രതിരോധ കുത്തിവയ്പ്പ് - Flu Vaccine വർഷാ വർഷം എടുക്കുക.

പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ സീനിയർ കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ആണ് ലേഖിക.