വീടുകളില്‍ ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നവരാണ് മിക്കയാളുകളും. എന്നാല്‍ ഗ്യാസ് സ്റ്റൗവിന്റെ ഉപയോഗം ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ പഠനം പറയുന്നത്. സയന്റിഫിക് ജേണലായ സയന്‍സ് അഡ്വാന്‍സസിലാണ് ഇതുമായി ബന്ധപ്പെട്ട റിസര്‍ച്ച് പബ്ലിഷ് ചെയ്തിട്ടുള്ളത്. ഗ്യാസ് സ്റ്റൗവ് ദീര്‍ഘകാലമായി ഉപയോഗിക്കുന്നത് ആസ്ത്മ പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനത്തില്‍ പറയുന്നു.

To advertise here,

ഗ്യാസ് സ്റ്റൗവില്‍ നിന്നും പ്രൊപ്പെയ്ന്‍ സ്റ്റൗവില്‍ നിന്നും പുറന്തള്ളപ്പെടുന്ന നൈട്രജന്‍ ഡയോക്‌സൈഡാണ് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ദീര്‍ഘകാലമായി നൈട്രജന്‍ ഡയോക്‌സൈഡ് ശ്വസിക്കുന്നത്, യു.എസ്സില്‍ പ്രതിവർഷം അമ്പതിനായിരത്തോളം കുട്ടികളെ ആസ്ത്മ ബാധിതരാക്കുന്നതിനും 19,000ത്തോളം പേരുടെ മരണത്തിനും ഇടയാക്കുമെന്നും പഠനത്തിലുണ്ട്.

സ്ത്രീകളെയാണ് ഇത് കൂടുതലായി ബാധിക്കുകയെന്നാണ് ഹാര്‍വാര്‍ഡ് ടി.എച്ച് ചാൻ സ്കൂൾ ഓഫ് പ ബ്ലിക് ഹെൽത്തിലെ പ്രിന്‍സിപ്പല്‍ റിസര്‍ച്ച് സയന്റിസ്റ്റായ മാരി മാര്‍ഗരറ്റ് ജോണ്‍സണ്‍ പറയുന്നത്. ​പാചകം ചെയ്യുന്നതിലും വീട്ടുപകരണങ്ങള്‍ വൃത്തിയാക്കുന്നതിലുമെല്ലാം കൂടുതലായി ഏർപ്പെടുന്നത് സ്ത്രീകളാണ്. അതിനാൽ പുരുഷൻമാരേക്കാൾ സ്ത്രീകളിൽ ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാക്കുമെന്ന് മാര്‍ഗരറ്റ് പറയുന്നു. ഗ്യാസ് സ്റ്റൗവിന് പകരം ഇന്‍ഡക്ഷന്‍ സ്റ്റൗ ഉപയോഗിക്കാനും അവര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ ഗ്യാസ് സ്റ്റൗ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ തന്നെ പുറന്തള്ളപ്പെടുന്ന നൈട്രജന്‍ ഡയോക്‌സൈഡിന്റെ അളവ് കുറക്കാം. അടുക്കളകളില്‍ വായുസഞ്ചാരം ഉറപ്പാക്കുക, വായുവിന്റെ ഗുണനിലവാരം കൃത്യമായി പരിശോധിക്കുക തുടങ്ങിയ മുന്‍കരുതലുകളും സ്വീകരിക്കാവുന്നതാണ്.