ചൈനയിലെ വുഹാനില്‍ 2019 ഡിസംബര്‍ അവസാനം കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഏഴുമാസവും ഇന്ത്യയിലാദ്യമായി 2020 ജനുവരി മുപ്പതിന് ചൈനയില്‍നിന്ന് കേരളത്തിലെത്തിയ ഒരു വിദ്യാര്‍ഥിനിയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ആറുമാസവുമാകുന്നു.

To advertise here,

കേരളം നേരിട്ട വെല്ലുവിളികള്‍
കേരളത്തില്‍ കോവിഡ് രോഗം വലിയ വെല്ലുവിളികളാണ് ഉയര്‍ത്തിയത്. ജനസാന്ദ്രതയും അപകടസാധ്യതയുള്ള ജനസമൂഹത്തിന്റെ എണ്ണവും വളരെ കൂടുതലായ സംസ്ഥാനത്ത് കോവിഡ് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, ആരോഗ്യവകുപ്പ് മുന്‍കൂട്ടി സ്വീകരിച്ച കരുതല്‍നടപടികള്‍മൂലം ആദ്യഘട്ടങ്ങളില്‍ കോവിഡിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞു. വുഹാനില്‍നിന്ന് വിദ്യാര്‍ഥികള്‍ കേരളത്തിലെത്തിയതുമുതല്‍ അന്തര്‍സംസ്ഥാന വിദേശയാത്രകള്‍ നിരോധിച്ച് ലോക്ഡൗണ്‍ വരെയുള്ള കാലത്തെ ഒന്നാംഘട്ടമായും (ജനുവരി അവസാനംമുതല്‍ മാര്‍ച്ച് 25 വരെ) ലോക്ഡൗണ്‍ ലഘൂകരിച്ച് വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ക്ക് കേരളത്തിലേക്കു വരാന്‍ അനുമതിനല്‍കിയ വന്ദേഭാരത് വരെയുള്ള കാലത്തെ (മേയ് നാലുവരെ) രണ്ടാംഘട്ടമായും കണക്കാക്കാം. ഒന്നും രണ്ടും ഘട്ടങ്ങളിലായി 499 പേര്‍ക്കാണ് രോഗം ബാധിച്ചത്. മൂന്നുപേര്‍ മാത്രമാണ് മരിച്ചത്.

ലോക്ഡൗണ്‍ ലഘൂകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അന്തരാഷ്ട്ര വിമാനസര്‍വീസും അന്തസ്സംസ്ഥാന ട്രെയിന്‍ സാര്‍വീസുകളും പുനരാരംഭിക്കാന്‍ തീരുമാനിച്ച മേയ് നാലുമുതല്‍ കേരളം കോവിഡ് നിയന്ത്രണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നതോടെ വലിയ വെല്ലുവിളികള്‍ നേരിടാന്‍ തുടങ്ങി. കോവിഡ് രോഗം അതിവേഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കയാണ്. മലയാളികള്‍ ഏറെ തിരികെവരാന്‍ സാധ്യതയുള്ള ചൈന്നെ, മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങള്‍ കോവിഡ് ഹോട്‌സ്പോട്ടുകളുമാണ്. സ്വാഭാവികമായും ഇവിടെ നിന്നെത്തുന്നവരില്‍ രോഗബാധിതര്‍ ഒന്നാംഘട്ടത്തിലേതിനെക്കാള്‍ വളരെ കൂടുതലാവുകയും മരണനിരക്ക് നേരിയതോതിലാണെങ്കിലും വര്‍ധിക്കുകയും ചെയ്തു.

ക്ലസ്റ്റര്‍ വ്യാപനം
ഇതിനിടെ കോവിഡിന്റെ മറ്റൊരു പ്രത്യേകതയും കേരളത്തില്‍ രോഗവ്യാപനം വര്‍ധിപ്പിക്കുന്ന തരത്തില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിന് കാരണമായി. രോഗം ബാധിക്കുന്ന കുറച്ചുപേരില്‍നിന്ന് മറ്റ് ഏതാനും പേരിലേക്കുമാത്രം രോഗംപകരുന്ന രീതിയിലല്ല കോവിഡ് വ്യാപനം നടക്കുന്നത്. രോഗം ബാധിച്ച ബഹുഭൂരിപക്ഷംപേരും മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്തണമെന്നില്ല. എന്നാല്‍, അതേയവസരത്തില്‍ വളരെ ചുരുക്കംപേരില്‍നിന്ന് ഒട്ടേറെപ്പേരിലേക്ക് രോഗം പകരുന്ന അതിവ്യാപന രീതിയിലാണ് (Super Spread) രോഗം വ്യാപിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. കമ്പോളങ്ങള്‍, കടകള്‍, സാമൂഹിക ചടങ്ങുകള്‍ എന്നിവയില്‍ ആളുകള്‍ കൂട്ടത്തോടെ പങ്കെടുക്കുന്ന അതിവ്യാപന സംഭവങ്ങളാണ് (Super Spread Events) രോഗവ്യാപനം വര്‍ധിക്കുന്നതിനു കാരണമാവുന്നതെന്നും മനസ്സിലായിട്ടുണ്ട്. നിപയും പ്രളയവും ഒരുമാസംവീതം നീണ്ടുനിന്ന പ്രതിസന്ധികളായിരുന്നു. എന്നാല്‍, കോവിഡിനെ നേരിടാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ആറുമാസത്തിലേറെയാവുന്നു. അതിന്റെ ക്ഷീണവും ആലസ്യവും മടുപ്പം പലരെയും ബാധിച്ചിട്ടുണ്ട്. സ്വാഭാവികമായും ഈയൊരു മാനസികാവസ്ഥ 'ബ്രേക്ക് ദി ചെയിന്‍' ജീവിതരീതികള്‍ കര്‍ശനമായി പാലിക്കുന്നതിലുള്ള ഉദാസീനതയിലേക്ക് നയിച്ചതും അതിവ്യാപന സംഭവങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി.

രോഗികളുടെ എണ്ണം കൂടുമ്പോള്‍
ഇതിന്റെയെല്ലാം ഫലമായി സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍, ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികള്‍, എന്നിവരുടെയെല്ലാം എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. മാത്രമല്ല, ആരോഗ്യപ്രവര്‍ത്തകരിലും രോഗബാധ വര്‍ധിച്ചുവരുന്നു. ഈ സാഹചര്യത്തെ വിലയിരുത്തി കരുതല്‍നടപടികള്‍ ശക്തമാക്കാനും ഉചിതമായ ചികിത്സാ സംവിധാനങ്ങള്‍ സംഘടിപ്പിക്കാനുമാണ് ഈ ഘട്ടത്തില്‍ ശ്രമിച്ചുവരുന്നത്. ഗുരുതര രോഗമുള്ളവരെ ചികിത്സിക്കാന്‍ ഐ.സി.യു., വെന്റിലേറ്റര്‍ സൗകര്യമുള്ള കോവിഡ് ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലായി സജ്ജമാക്കിയിട്ടുള്ള കോവിഡ് ആശുപത്രികളിലായി 8704 കിടക്കകളാണുള്ളത്. ഇവയില്‍ നാലിലൊന്ന് കിടക്കകളില്‍ (2747) മാത്രമാണ് രോഗികളുള്ളത്. കടുത്തരോഗലക്ഷണമില്ലാത്തവരെ പരിചരിക്കുന്നതിനായുള്ള 101 കോവിഡ് ഫസ്റ്റ്ലൈന്‍ ചികിത്സാകേന്ദ്രങ്ങള്‍ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. ഇവിടെ ഇപ്പോള്‍ 12,801 കിടക്കകളാണുള്ളത്. പകുതി കിടക്കകളില്‍ മാത്രമാണ് (5881) ഇതിനകം രോഗികളെ അഡ്മിറ്റ് ചെയ്യേണ്ടിവന്നിട്ടുള്ളത്. എങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കോവിഡ് ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന്‍ ചികിത്സാകേന്ദ്രങ്ങളും സ്ഥാപിക്കാന്‍ ഊര്‍ജിതശ്രമം നടന്നുവരുകയാണ്.

കേരളത്തിലുള്ള രോഗികളില്‍ അറുപതു ശതമാനത്തിലേറെ രോഗലക്ഷണമൊന്നും പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളില്‍ത്തന്നെ താമസിച്ച് പരിചരിച്ചാല്‍ മതിയെന്ന് വിദഗ്ധര്‍ ഉപാധികളോടെ നിര്‍ദേശിച്ചിട്ടുണ്ട്. അപകടസാധ്യതാവിഭാഗത്തില്‍ പെടാത്തവരായ രോഗലക്ഷണമില്ലാത്തവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാകേന്ദ്രങ്ങളുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ വീട്ടില്‍ത്തന്നെ കഴിയാന്‍ അനുവദിക്കാവുന്നതാണെന്നാണ് മറ്റ് പലരാജ്യങ്ങളിലെയും രീതികള്‍ പിന്തുടരുന്നവരുടെ അഭിപ്രായം. രോഗികളുടെ എണ്ണം അമിതമായി വര്‍ധിച്ചാല്‍ ഈ നിര്‍ദേശവും പരിഗണിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചിട്ടുണ്ട്.

ആരോഗ്യസംവിധാനങ്ങള്‍ സജ്ജമോ
കോവിഡ് ഒരു ആരോഗ്യപ്രശ്‌നം മാത്രമല്ല, സാമൂഹിക-സാമ്പത്തിക പ്രശ്‌നം കൂടിയാണ്. പല രാജ്യങ്ങളിലും മിക്ക സംസ്ഥാനങ്ങളിലും രോഗികള്‍ക്ക് പൊതുജനാരോഗ്യസംവിധാനം ദുര്‍ബലമായതുകൊണ്ട് ചികിത്സയ്ക്കായി സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവരുന്നു. പല സംസ്ഥാനങ്ങളില്‍നിന്നും സ്വകാര്യമേഖല ഈടാക്കുന്ന അമിത ചികിത്സാഫീസിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കയാണ്. രോഗികളും ബന്ധുക്കളും വലിയ സാമ്പത്തികബാധ്യതയാണ് നേരിടുന്നത്. എന്നാല്‍, കേരളത്തിലാവട്ടെ സര്‍ക്കാര്‍ ആശുപത്രികളില്‍ പൂര്‍ണമായും സൗജന്യചികിത്സയാണ് നല്‍കുന്നത്. കോവിഡ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും രോഗികള്‍ക്ക് സൗജന്യ ഭക്ഷണവും നല്‍കുന്നു.

കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്ക് സര്‍ക്കാരുമായി സഹകരിക്കുന്നുണ്ട്. കാരുണ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി കോവിഡ് കാലത്ത് കൂടുതല്‍ ആശുപത്രികള്‍ സര്‍ക്കാരുമായി കൈകോര്‍ത്തുവരുകയാണ്. കാസ്പ് ഗുണഭോക്താക്കള്‍ക്കും സര്‍ക്കാര്‍ റഫര്‍ചെയ്യുന്ന കോവിഡ് രോഗികള്‍ക്കും എം പാനല്‍ചെയ്ത സ്വകാര്യ ആശുപത്രികളില്‍നിന്ന് സൗജന്യചികിത്സ ലഭിക്കും. കോവിഡ് ചികിത്സയ്ക്ക് മാത്രമായി താത്കാലിക എം പാനല്‍മെന്റ് സൗകര്യം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ ചികിത്സനിരക്ക് നിശ്ചയിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ജനറല്‍ വാര്‍ഡില്‍ 2300 രൂപയും ഐ.സി.യു.വില്‍ 6500 രൂപയും വെന്റിലേറ്റര്‍ ഐ.സി.യു.വില്‍ 11,500 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

മനുഷ്യവിഭവലഭ്യത
ചികിത്സാകേന്ദ്രങ്ങളുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനയും ആരോഗ്യപ്രവര്‍ത്തകരില്‍ വര്‍ധിച്ചുവരുന്ന രോഗവ്യാപനവും പരിഗണിച്ച് ആരോഗ്യ മനുഷ്യവിഭവ ലഭ്യത ഉറപ്പാക്കുക എന്ന ശ്രമകരമായ വെല്ലുവിളിയും ഏറ്റെടുക്കേണ്ടതുണ്ട്. ഇ.എസ്.ഐ., സഹകരണമേഖല, ആയുഷ് എന്നീ വിഭാഗങ്ങളില്‍നിന്ന് ആരോഗ്യപ്രവര്‍ത്തകരെ കോവിഡ് പരിചരണത്തിന് വിനിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദേശീയാരോഗ്യ മിഷനിലൂടെ ആവശ്യാനുസരണം താത്കാലിക നിയമനം നടത്താനുമുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ബ്രേക്ക് ദി ചെയിന്‍ ജീവിതരീതികള്‍ ശക്തമായി പിന്തുടരുകയും അപകടസാധ്യതയുള്ളവര്‍ക്ക് ഐ.സി.യു. പരിചരണം ഉറപ്പാക്കുകയും രോഗവ്യാപനവും മരണനിരക്കും നിയന്ത്രിക്കുകയുംചെയ്താല്‍ നമുക്ക് കോവിഡിനെ അതിജീവിക്കാന്‍ കഴിയും.

Content Highlights: what is the situation of Kerala six months after Covid19 Corona Virus outbreak, Health