ഡെങ്കിപ്പനിയെ തുടക്കത്തിൽ തന്നെ പ്രതിരോധിക്കാം; അറിയണം ഇക്കാര്യങ്ങൾ


ഡോ. സജ്‌ന സഈദ്

'ഡെങ്കിപ്പനി പ്രതിരോധം വീട്ടിൽ നിന്നാരംഭം' എന്നതാണ് ഈ വർഷത്തെ ‍ഡെങ്കി ദിനത്തിന്റെ മുദ്രാവാക്യം

Representative Image| Photo: GettyImages

ലോക്ഡൗൺ കാലം. നമ്മൾ വീട്ടിലിരുന്ന് കോവിഡിനെ പ്രതിരോധിക്കുകയാണ്. വീട്ടിലിരുന്നു കൊണ്ട് മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുന്നത് വഴി നമുക്ക് പല പകർച്ചവ്യാധികളെയും പമ്പകടത്താൻ കഴിയും. കൂടെ കൊതുകുകളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിലൂടെ ഡെങ്കിപ്പനിയേയും.

കൊതുകുകൾ പലതരത്തിലുണ്ട്. അതിൽ ഈഡിസ് വിഭാഗത്തിലുൾപ്പെടുന്ന ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് എന്നിവയാണ് ഡെങ്കിപനിയുടെ രോഗവാഹകർ. ശരീരത്തിൽ വെള്ള വരകളുള്ള ഇത്തരം കൊതുകുകൾ രക്തപാനം ചെയ്യുന്നത് പകൽ സമയത്താണ്. ഫ്ലാവി വൈറസ് കുടുംബത്തിലെ ഡെങ്കി വൈറസ് ആണ്‌ ഡെങ്കി പനിയുണ്ടാക്കുന്നത്.

ഡെങ്കി വൈറസ് തന്നെ സീറോടൈപ്പ് 1,2,3,4 എന്നിങ്ങനെ നാലു വിധമുണ്ട്. ഒരു സീറോ ടൈപ്പ് കാരണം ഒരിക്കൽ ഡെങ്കി പനി ബാധിച്ചാൽ അടുത്ത തവണ മറ്റൊരു ടൈപ്പ് ആക്രമിക്കുമ്പോൾ തീവ്രതയേറിയ ഡെങ്കി ആവാൻ സാധ്യതയുണ്ട്. ഒരു വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണു ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

1950കളിൽ ഫിലിപ്പീൻസിലും തായ്ലൻഡിലും ഉണ്ടായ ഡെങ്കി പകർച്ചവ്യാധിയുണ്ടായപ്പോഴാണ് തീവ്രതയേറിയ ഡെങ്കിപ്പനിയെ കുറിച്ച് ലോകം അറിയുന്നത്. കേരളത്തിലും ഓരോയിടങ്ങളിലായി ഇക്കൊല്ലത്തെ ഡെങ്കിപ്പനി തലപൊക്കി വരാൻ തുടങ്ങിയിട്ടുണ്ട്. കോവിഡിനിടയിൽ അതൊക്കെ വാർത്തയല്ലാതാവുന്നു എന്ന് മാത്രം. യുദ്ധം തുടങ്ങുന്നതേയുള്ളൂ. നമ്മൾ ജാഗരൂകരാകേണ്ടതുണ്ട്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടല്ലോ!

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ

 • കടുത്ത പനി
 • തലവേദന
 • കണ്ണിന്റെ പുറകിൽ വേദന
 • ശരീരവേദന - എല്ലു നുറുങ്ങുന്ന വേദനയായതുകൊണ്ടാവണം ബ്രേക്ക്‌ ബോൺ ഫീവർ അഥവാ ബാക്ക് ബ്രേക്ക്‌ ഫീവർ എന്ന അപരനാമത്തിൽ ഡെങ്കിപ്പനി പ്രസിദ്ധി നേടിയത്.
 • തൊലിപ്പുറത്തെ ചുവന്ന പാടുകൾ മുതൽ രോഗതീവ്രത കൂടുന്നതനുസരിച്ചു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രക്തസ്രാവം വരെയുണ്ടാകാം.
ഈ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തുടങ്ങേണ്ടതാണ്. സ്വയം ചികിത്സ ആപത്തുകൾ വിളിച്ചുവരുത്തിയേക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ പനിയുടെ ഒന്നാമത്തെ കാരണം കോവിഡ് ആണെങ്കിലും അതുപോലുള്ള അണുക്കളുണ്ടാക്കുന്ന മറ്റസുഖങ്ങളെ വിസ്മരിച്ചുകൂടാ. ചികിത്സ ലഭിച്ചാലും മരണം വരെ സംഭവിക്കാവുന്ന ഈ വൈറൽ പനിയിൽ നിന്നു എങ്ങനെ രക്ഷ നേടാം എന്ന് വേണം നമ്മൾ ആലോചിക്കാൻ.

രോഗിയാവാൻ പോകുന്ന ഒരാളിൽ നിന്നും ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന്റെ തലേ ദിവസം മുതൽ അഞ്ചു ദിവസം വരെയാണ് രക്തം കുടിക്കാനെത്തുന്ന കൊതുകിൽ ഈ രോഗാണു എത്തുന്നത്. അതിനു ശേഷം 8-10 ദിവസം കഴിയുമ്പോഴേക്കും മറ്റൊരാളിലേക്ക് ഈ വൈറസിനെ കൊണ്ടുതള്ളാൻ കൊതുക് പ്രാപ്തി നേടുന്നു. ഒരിക്കൽ വൈറസ് അകത്തു കടന്നു കഴിഞ്ഞാൽ ആ കൊതുക് ആജീവനാന്തം ഡെങ്കിപ്പനി പടർത്താൻ കഴിവുള്ള ക്രൂരനായി ഭവിക്കും. ഈഡിസ് കൊതുകിന്റെ മുട്ടയിലേക്കും കൂടി ഇറങ്ങിച്ചെന്ന് ഭൂജാതരാവാനിരിക്കുന്ന കൊതുകുകൾ പോലും രോഗവാഹകരായി മാറുന്നു.

16-30 ഡിഗ്രി സെൽഷ്യസ് ഊഷ്മാവിലാണ് ഈഡിസ് കൊതുകുകൾ എറ്റവും കൂടുതൽ കാണപ്പെടുന്നത്. അന്തരീക്ഷത്തിലെ ഈർപ്പം (ഹ്യൂമിഡിറ്റി ), മാറിമാറി വരുന്ന മഴയും വെയിലും, നഗരവത്കരണം ഒക്കെ ഈഡിസ് കൊതുകുകൾക്ക് വളമാണ്. അന്തരീക്ഷത്തിലെ ഊഷ്മാവ് വർധിക്കുന്നതിനനുസരിച്ചു കൊതുകിന് നിർജലീകരണം ഉണ്ടാവുകയും കൂടുതൽ തവണ രക്തപാനം ചെയ്യാനുള്ള അവസ്ഥയുണ്ടാവുകയും ചെയ്യുന്നു.

ഡെങ്കിപ്പനി സങ്കീർണമാവാൻ സാധ്യതയുള്ളത് ആരിലൊക്കെ?

 • കൊച്ചു കുട്ടികൾ
 • പ്രായമായവർ
 • ഗർഭിണികൾ
 • ജന്മനാ ഹൃദയവൈകല്യം ഉള്ളവർ
 • ജീവിത ശൈലി രോഗങ്ങളുള്ളവർ
 • മറ്റ് അസുഖങ്ങൾക്ക് ദീർഘകാലമായി സ്റ്റിറോയ്ഡ്, വേദന സംഹാരികൾ കഴിക്കുന്നവർ
 • ഡെങ്കിപ്പനിക്ക് മൂന്നു ഘട്ടങ്ങളുണ്ടെങ്കിലും എല്ലാവരും എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോകണമെന്നില്ല.
 • ഡെങ്കിപ്പനി
 • ഡെങ്കി ഹെമോറജിക്(hemorrhagic) ഫീവർ - രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥ
 • ഡെങ്കി ഷോക്ക് സിൻഡ്രോം - കടുത്ത രക്തസ്രാവം, പ്രഷർ കുറയുക, ശക്തമായ വയറുവേദന, ശ്വാസം മുട്ടൽ അനുഭവപ്പെടുക .മരണകാരണമായേക്കാം.
ആപത്സൂചകമായ ലക്ഷണങ്ങൾ

 • ശക്തമായ വയറുവേദന
 • നിർത്താതെ ഛർദിക്കുക
 • ശ്വാസകോശപാളിയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും നീർക്കെട്ട്
 • രക്തസ്രാവം
 • അമിതമായ ക്ഷീണം
 • ഡോക്ടറുടെ പരിശോധനയിൽ ആന്തരികവായവങ്ങൾക്ക് വീക്കം
 • ടെസ്റ്റ്‌ റിപ്പോർട്ടിൽ ഹേമറ്റോക്രിറ്റ് (PCV അഥവാ പാക്ക്ഡ് സെൽ വോളിയം ) ക്രമാതീതമായി കൂടുകയും പ്ലേറ്റ് ലെറ്റ്‌ കുറയുകയും ചെയ്യുക
ടെസ്റ്റുകൾ

 • Dengue NS1 Antigen ടെസ്റ്റ്‌ - 20 മിനുട്ടുകൾക്കകം റിസൾട്ട്‌ തരുന്നു. ആദ്യത്തെ അഞ്ചു ദിവസങ്ങളിലാണ് ഈ ടെസ്റ്റിന് കൂടുതൽ പ്രാധാന്യം
 • Dengue IgM ആന്റിബോഡി ടെസ്റ്റ്‌ -പനി തുടങ്ങി 5-7 ദിവസം കഴിഞ്ഞ രോഗികൾക്ക് ഉത്തമം.
ചികിത്സ

ചെറിയ തോതിൽ അസുഖം വന്നവർ ഡോക്ടറുടെ നിർദേശ പ്രകാരം ചികിത്സ വീട്ടിൽത്തന്നെ മതിയാവും. നന്നായി വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, പനിക്കും ശരീരവേദനയ്ക്കും പാരസെറ്റമോൾ മൂന്നു നേരം വെച്ചു കഴിക്കുക. (വേദന സംഹാരികൾ ഡെങ്കിപ്പനിക്ക് കഴിക്കുന്നത് നല്ലതല്ല) ആപത് സൂചനകൾ ഒന്നുമുണ്ടാകുന്നില്ലെന്നു സ്വയം നിരീക്ഷിക്കുക. കൂടുതൽ ബുദ്ധിമുട്ടുണ്ടെങ്കിൽ ഉടനെ തന്നെ വൈദ്യസഹായം തേടുക. അപ്പോൾ ആന്റിബയോട്ടിക്‌ വേണ്ടേ ഡോക്ടറേ എന്നാവും അടുത്ത ചോദ്യം! വൈറസ് മൂലമുണ്ടാകുന്ന പനികൾക്ക് ആന്റിബയോട്ടിക്‌ ആവശ്യമില്ല എന്ന് മനസ്സിലാക്കുക. സമൂഹ മാധ്യമങ്ങളിൽ ധാരാളം ലഭ്യമായ തെറ്റായ പ്രചരണങ്ങൾക്ക് അടിമപ്പെടാതിരിക്കുക!

ഡെങ്കി ഷോക്ക് സിൻഡ്രോം (Dengue shock syndrome) എന്ന അവസ്ഥ ഒരു മെഡിക്കൽ എമർജൻസിയാണ്. രോഗിയുടെ രക്തത്തിലെ കൗണ്ടുകൾ കൃത്യമായ ഇടവേളകളിൽ ടെസ്റ്റ്‌ ചെയ്തു അതിനനുസരിച്ച് '​ഗ്ലൂക്കോസ് ഡ്രിപ് ' എന്ന നോർമൽ സലൈൻ ഒരു മണിക്കൂറിൽ ഇത്ര മില്ലി എന്ന കണക്കിൽ മൂത്രത്തിന്റെ അളവും മറ്റു അളവുകോലുകളും നിരീക്ഷിച്ച് കൊടുക്കേണ്ടതാണ്. സങ്കീർണതകളനുസരിച്ച് ചികിത്സ ഇടയ്ക്കിടെ ക്രമപ്പെടുത്തേണ്ടി വരും. ഡ്രിപ്പിടുമ്പോൾ ശരീരത്തിൽ ജലാംശം അധികമാവാതെ ശ്രദ്ധിക്കുന്നതും പ്രധാനമാണ്.

ഡെങ്കിപ്പനിക്കെതിരേ വാക്‌സിനുണ്ടോ?

1970 കളിലാണ് ഡെങ്കിക്കെതിരെയുള്ള വാക്‌സിനുവേണ്ടി പരിശ്രമിച്ചു തുടങ്ങിയത്. ഫ്രഞ്ച് മരുന്ന് കമ്പനിയായ Sanofi Pasteur 'Dengvaxia' (ഡെങ്ക് വാക്സിയ) എന്ന പേരിൽ ഒരു വാക്‌സിൻ കണ്ടുപിടിച്ചിട്ടുണ്ട്. 9-45 വയസ്സ് പ്രായമുള്ളവരിലാണ് ഈ വാക്‌സിൻ കുത്തിവെക്കാൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചത്. ഒരിക്കൽ ഡെങ്കിപ്പനി വന്നവർക്ക് രണ്ടാമത് തീവ്രമായ അസുഖം വരുന്നത് തടയാൻ മാത്രമാണ് ഈ വാക്‌സിൻ ഉപയോഗിക്കുന്നത്. എന്തുകൊണ്ടെന്നാൽ ഡെങ്കിപ്പനി ഇതുവരെ വരാത്ത ആൾക്കാർ വാക്‌സിൻ സ്വീകരിച്ചാൽ അയാൾക്ക് ആദ്യമായുണ്ടാകുന്ന ഡെങ്കിപ്പനി ഗുരുതരമായേക്കാം. ഈ വാക്‌സിൻ പല രാജ്യങ്ങളിലും പ്രചാരം നേടി വരുന്നേയുള്ളൂ. 80-90 ശതമാനം വരെ ഗുരുതരരോഗം വരുന്നതിൽ നിന്ന് ഈ വാക്‌സിൻ സംരക്ഷിക്കുമെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ പറയുന്നത്.

പ്രതിരോധമാർഗങ്ങൾ തന്നെ മുഖ്യം!

നമുക്കെല്ലാവർക്കും അറിയാവുന്നത് പോലെ ശുദ്ധ ജലത്തിലാണ് ഈഡിസ് കൊതുകുകൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും കൊതുകായി രൂപാന്തരപ്പെടുന്നതും. ഈഡിസ് കൊതുകുകൾ ഒരു സമയത്ത് 100-200 മുട്ടകൾ വരെയിടും. കെട്ടിനിൽക്കുന്ന വെള്ളമുണ്ടെങ്കിൽ ഒരാഴ്ച മതി ഈ മുട്ടകളിൽ നിന്നും അത്രയും കൊതുകുകൾ ഉണ്ടാവാൻ.ഇതൊഴിവാക്കാൻ ഉറവിട നശീകരണം ചെയ്യൽ നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.ആരോഗ്യപ്രവർത്തകർ ഓരോ ഇടത്തിലും വീട്ടിലും ഉള്ള കൂത്താടികളുടെ എണ്ണത്തിനനുസരിച്ചു Container Index, House Index, Breteau Index എന്നീ അളവുകോലുകൾ ഉപയോഗിച്ച് ഒരു പ്രദേശത്തു കൊതുക് വളരാനും ഡെങ്കിപ്പനിയുണ്ടാകാനുള്ള സാധ്യതയും കണ്ടെത്തുന്നു. അതിനനുസരിച്ചാണ് പ്രതിരോധ മാർഗങ്ങൾ എവിടെയൊക്കെ കേന്ദ്രീകരിക്കണം എന്ന് തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ലോക്ക്ഡൗൺ കാലം നമുക്ക് വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്താം.

 • വീട്ടിനകത്തും പുറത്തുമുള്ള വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, ഫ്രിഡ്ജിന്റെ പുറകിലുള്ള ട്രേ, നമ്മൾ അലസമായി വലിച്ചെറിയുന്ന ചിരട്ട, ടയർ, മുട്ടത്തോട്, പൊട്ടിയ പാത്രങ്ങൾ ഒക്കെ വെള്ളം കെട്ടി നിൽക്കാതെ നീക്കം ചെയ്യുക.
 • ബയോഗ്യാസ് പ്ലാന്റ് ഉണ്ടെങ്കിൽ കൊതുകുവല കെട്ടി മൂടുക.
 • ടെറസ്, സൺ ഷെയ്ഡ് എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്നു ഉറപ്പു വരുത്തുക.
 • കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോൾ നമ്മിൽ മിക്കവരും പൂന്തോട്ടം, ചെടി വളർത്തൽ, ഇൻഡോർ പ്ലാന്റ്സ് ഒക്കെ പരീക്ഷിച്ചവരാണ്. ഇത്തരം ചെടിച്ചട്ടികളിലും വെള്ളം കെട്ടിനിൽക്കുന്നില്ലെന്നു ഉറപ്പു വരുത്തണം.
 • ഇതൊക്കെ കൃത്യമായ ഇടവേളകളിൽ ചെയ്യേണ്ടതാണ്. കൂടാതെ ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ (dry day) ആയി ആചരിക്കാൻ എല്ലാ കുടുംബാംഗങ്ങളും ഒത്തൊരുമിച്ചു ഇറങ്ങാവുന്നതേയുള്ളൂ.
കൊതുകുകൾ ഉണ്ടായി കഴിഞ്ഞാൽ കടി ഒഴിവാക്കുക എന്നതാണ് ഏക പ്രതിരോധ മാർഗം. വിപണിയിൽ കൊതുകുതിരി പോലുള്ള ഒരു പാട് മോസ്ക്വിറ്റോ റിപ്പല്ലെന്റ്സ്( mosquito repellants) ലഭ്യമാണ്. ഉറങ്ങുന്ന നേരത്ത് ശരീര ഭാഗങ്ങൾ പരമാവധി മറയ്ക്കുന്ന വസ്ത്രധാരണത്തിന് ശ്രമിക്കുക. കൊതുകുവല ഉപയോഗിക്കൽ ശീലമാക്കാം. കൊതുക് കടിയേൽക്കാതിരിക്കാൻ കടകളിൽ നിന്നും തൊലിപ്പുറത്തു പുരട്ടുന്ന ലേപനങ്ങൾ വാങ്ങാം. കൂടാതെ മോസ്ക്വിറ്റോ റിപ്പല്ലെന്റ് സ്പ്രേ (indoor spraying) ഉപയോഗിച്ചു വീട്ടിലെ മുക്കിലും മൂലയിലും ഒളിച്ചിരിക്കുന്ന കൊതുകുകളെ തുരത്താം.

ഇന്ത്യയിൽ മേയ്‌ മാസം 16 ാം തിയ്യതിയാണ് എല്ലാ വർഷവും ഡെങ്കി ദിനമായി ആചരിക്കുന്നത്. 'ഡെങ്കിപ്പനി പ്രതിരോധം വീട്ടിൽ നിന്നാരംഭം '( Prevention of Dengue starts from home)എന്നതാണ് ഈ വർഷത്തെ തീം. ഇന്ന് തന്നെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നമുക്ക് മുന്നിട്ടിറങ്ങാം. ഡെങ്കിപ്പനി പമ്പകടക്കട്ടെ!!

(ചെറുകുന്ന് പുന്നച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനും ശിശുരോഗ വിദഗ്ധയുമാണ് ലേഖിക)

കടപ്പാട്: കെ.ജി.എം.ഒ.എ. അമൃതകിരണം

Content Highlights: What is Dengue Fever Symptoms, Causes, and Treatments, Health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented