ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനിക്കേസുകൾ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ ഐ.സി.എം.ആർ. പിന്തുണയോടെ രാജ്യവ്യാപകമായി നടത്തിയ പഠനത്തിൽ ഡെങ്കിപ്പനി വൈറസിന്റെ നാല് സെറോടൈപ്പുകളും വ്യാപിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ്. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഈ വകഭേദങ്ങൾ ഒരുമിച്ചു വ്യാപിക്കുന്നുവെന്ന് പഠനം പറയുന്നു.
നാല് സാമ്യമുള്ള വൈറസ് സെറോടൈപ്പുകളായ DENV-1, DENV-2, DENV-3, DENV-4 എന്നിവ മൂലമാണ് ഡെങ്കിപ്പനി ഉണ്ടാകുന്നത്. ഒന്നിലധികം ഡെങ്കിപ്പനി സെറോടൈപ്പുകൾ ഒരുമിച്ച് വ്യാപിക്കുന്നതിലൂടെ നേരത്തേ ഡെങ്കിപ്പനി ബാധിച്ച വ്യക്തിക്ക് വീണ്ടും മറ്റൊരു വിഭാഗത്തിലുള്ള വകഭേദം സ്ഥിരീകരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. ഇത് ഗുരുതരമായ ഡെങ്കിപ്പനി ഉണ്ടാകാനുള്ള സാധ്യതയും കൂട്ടും.
ഒരു സെറോടൈപ്പ് ബാധിച്ച വ്യക്തിക്ക് ആ പ്രത്യേക വിഭാഗത്തിനെതിരെ മാത്രമേ ദീർഘകാല രോഗപ്രതിരോധ ശേഷി ലഭിക്കൂ. ശേഷം മറ്റൊരു സെറോടൈപ്പ് ബാധിച്ചാൽ ആരോഗ്യം വഷളാവുകയും ഗുരുതരമാവുകയും ചെയ്യും. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഡെങ്കിപ്പനി വളരെ വ്യാപകമായി മാറിയിരിക്കുന്നു എന്നും പഠനം പറയുന്നു. ചില രോഗികളിൽ ഒന്നിലധികം സെറോടൈപ്പുകൾ ഉൾപ്പെട്ട കോ-ഇൻഫെക്ഷനുകളും കാണുന്നുണ്ട്. ഇത് ഒന്നിലധികം വിഭാഗങ്ങൾ ഒരേസമയം പടരുന്നു എന്നാണ് സൂചിപ്പിക്കുന്നതെന്നും പഠനം പറയുന്നു.
ഡെങ്കിപ്പനിക്കെതിരായ ആദ്യ വാക്സിന് ഇന്ത്യ അംഗീകാരം നൽകി അധികമാവുംമുമ്പാണ് ഈ പഠനവും പുറത്തുവന്നിരിക്കുന്നത്. നാലുമുതൽ 60 വയസ്സുവരെ പ്രായമുള്ള വ്യക്തികളിൽ ഡെങ്കിപ്പനി പ്രതിരോധിക്കാനാണ് QDENGA എന്ന വാക്സിന് ഇന്ത്യയിലെ ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകിയത്. ജാപ്പനീസ് മരുന്നുകമ്പനിയായ ടാകെഡയാണ് വാക്സിൻ വികസിപ്പിച്ചത്. ഡെങ്കിവൈറസിന്റെ നാല് സെറോടൈപ്പുകളിൽ നിന്നും സംരക്ഷണം നൽകാൻ രൂപകൽപ്പന ചെയ്ത വാക്സിനാണ് QDENGA.
ഭയം വേണ്ട, ജാഗ്രത മതി
കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവനു ഭീഷണിയാകുന്ന രോഗമാണ് ഡെങ്കിപ്പനി. രക്തത്തിലെ കൗണ്ട് കുറയൽ മുതൽ ഹൃദയത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് പനി ഗുരുതരമാകാനിടയുണ്ട്. അപകടകരമാംവിധം രക്തസമ്മർദം വർധിക്കാനിടയുണ്ട്. തീവ്രമായ പനി, കടുത്തല തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ലെന്നും ഉടൻ ഡോക്ടറുടെ സഹായം തേടണമെന്നും ആരോഗ്യവകുപ്പധികൃതർ പറയുന്നു.
എന്താണ് ഡെങ്കിപ്പനി ?
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
രോഗലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകടസൂചനകൾ
പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ ലസൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.
ചികിത്സ പ്രധാനം
എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.
തുരത്താം, കൊതുകിനെ
- കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
- ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
- ജലസംഭരണികൾ കൊതുക് കടക്കാത്ത രീതിയിൽ വലയോ തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
- കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
- ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
- ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.
Content Highlights: ICMR study confirms simultaneous circulation of all four DENV serotypes in India., Re-infection with a different serotype increases the risk of severe dengue complications., India has approved the QDENGA vaccine for ages 4-60 to combat all four serotypes
Published: 31 Jul 2026, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented