ഗുഹ്യ അണുബാധകൾ സാധാരണമാണെങ്കിലും, ഇതു സംബന്ധിച്ച് സമൂഹത്തിൽ ഉള്ളത് ശരിയായ ധാരണകളെക്കാൾ ഏറെ തെറ്റിദ്ധാരണകളാണ്.  പ്രായം, ലിംഗഭേദം, ലൈംഗിക അഭിരുചി തുടങ്ങിയ ഒന്നും കണക്കിലെടുക്കാതെ  യോനിയും ലിംഗവും ഉള്ള ഏതൊരാളെയും ബാധിക്കാവുന്ന  സാധാരണ പ്രശ്നമാണ് ഗുഹ്യ അണുബാധകൾ. ചിലത് അസ്വസ്ഥത ഉണ്ടാക്കിയേക്കാം, മറ്റുള്ളവ ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.

To advertise here,

സാധാരണ അണുബാധകൾ

പൂപ്പൽ അണുബാധ (Yeast Infection): യോനിയിൽ സ്വാഭാവികമായി കാണപ്പെടുന്ന പൂപ്പൽ (Candida) അമിതമായി വളരുന്നതാണ് ഇതിന് കാരണം. ചൊറിച്ചിൽ , കുത്തൽ,  ചുവപ്പ്, കട്ടിയുള്ള വെളുത്ത സ്രവം എന്നിവയാണ് ലക്ഷണങ്ങൾ. ഓർക്കുക:  ഇന്ത്യയിൽ, മുക്കാൽ പങ്ക് സ്ത്രീകളെ ഇത്  ഒരിക്കലെങ്കിലും ബാധിക്കുന്നു.

ബാക്ടീരിയൽ വജൈനോസിസ് (BV): യോനിയിലെ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥയാണിത്. ഇത് മത്സ്യഗന്ധവും നേർത്ത ചാര നിറത്തിലുള്ള സ്രവവും ഉണ്ടാക്കുന്നു. പൂപ്പൽ അണുബാധകളിൽ നിന്ന് വ്യത്യസ്തമായി, BV  പകർച്ചവ്യാധിയല്ല. ഇന്ത്യയിലെ സ്ത്രീകളിൽ 31% വരെ ഇതിന്റെ സാന്നിധ്യം ഉണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു .

ട്രൈക്കോമോണിയാസിസ് (Trichomoniasis): ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന ഒരു പരാദം മൂലം ഉണ്ടാകുന്ന ഈ അണുബാധ മഞ്ഞ-പച്ച നിറത്തിലുള്ള സ്രവം, മത്സ്യഗന്ധം, മൂത്രമൊഴിക്കുമ്പോൾ കുത്തൽ,  ലൈംഗിക ബന്ധത്തിൽ വേദന എന്നിവ ഉണ്ടാക്കിയേക്കാം. ഇന്ത്യയിൽ, ലൈംഗിക പകർച്ചവ്യാധി ക്ലിനിക്കുകളിൽ വരുന്ന സ്ത്രീകളിൽ ട്രൈക്കോമോണിയാസിസിന്റെ സാന്നിധ്യം 20-30% വരെയാണ്.

കാരണങ്ങളും ലക്ഷണങ്ങളും

ഗുഹ്യ അണുബാധകൾ ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവ പോലുള്ള വിവിധ ഘടകങ്ങളിൽ നിന്ന് ഉണ്ടാകാം. ചൊറിച്ചിൽ, എരിച്ചിൽ, അസാധാരണ സ്രവം, മൂത്രമൊഴിക്കുമ്പോഴോ ലൈംഗിക ബന്ധത്തിലോ വേദന തുടങ്ങിയ ലക്ഷണങ്ങളിലൂടെയാണ് ഇവ പ്രകടമാകുന്നത്.

ചികിത്സ

ചികിത്സ പ്രത്യേക അണുബാധയെ ആശ്രയിച്ചിരിക്കും, പക്ഷേ സാധാരണയായി ആന്റിബയോട്ടിക്കുകൾ, ആന്റിഫംഗൽ മരുന്നുകൾ, അല്ലെങ്കിൽ ആന്റിവൈറൽ മരുന്നുകൾ എന്നിവയാണു നൽകാറുള്ളത്. നല്ല ഗുഹ്യശുചിത്വം പാലിക്കുക, ലൈംഗിക ബന്ധത്തിൽ സംരക്ഷണം ഉപയോഗിക്കുക, വൈദ്യസഹായം തേടുക എന്നിവ ഫലപ്രദമായ ചികിത്സയ്ക്ക് നിർണായകമാണ്. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കുന്നതിലൂടെയാണ് മിക്ക ഗുഹ്യ അണുബാധകളും എളുപ്പത്തിൽ ചികിത്സിക്കുന്നത്. പ്രാരംഭഘട്ടത്തിലെതന്നെ രോഗനിർണയവും ചികിത്സയും സങ്കീർണതകൾ തടയാൻ അത്യാവശ്യമാണ്. ശരിയായ രോഗനിർണയം ഇല്ലാതെ കൗണ്ടർ മരുന്നുകൾ ഉപയോഗിക്കുന്നത് അവസ്ഥ വഷളാക്കിയേക്കാം.

തെറ്റിദ്ധാരണകൾ

അനിയന്ത്രിത ലൈംഗിക ജീവിതവും  ശുചിത്വക്കുറവും മാത്രമാണ് അണുബാധകൾക്ക് കാരണമെന്ന് കരുതുന്നവരാണ് അധികപേരും. എന്നിരുന്നാലും, മതിയായ ശുചിത്വ പരിപാലന രീതികൾ സ്വീകരിക്കുന്നവരിലും ഒറ്റ ഭാര്യ/ഭർത്താവ് ബന്ധം ഉള്ളവരിലും അണുബാധകൾ ഉണ്ടാകാം. ചികിത്സയല്ലാത്ത പ്രതിവിധികൾ  തേടുന്നവരും ഉണ്ട്. ഇത് ശരിയായ വൈദ്യചികിത്സയിൽ കാലതാമസം വരുത്തും. എല്ലാ സ്രവവും മോശമല്ല: ആരോഗ്യമുള്ള യോനിയിൽ സ്രവം ഉണ്ടാകും, ഇത് ആർത്തവ ചക്രം മുഴുവൻ കട്ടിയും അളവും മാറിക്കൊണ്ടിരിക്കും.

വെല്ലുവിളികൾ

ഗുഹ്യാരോഗ്യത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾക്ക് അലിഖിതമായ സാംസ്കാരിക വിലക്കുകൾക്ക്  സാധ്യതയുള്ള ഇന്ത്യയിൽ, ഈ അണുബാധകൾ കൈകാര്യം ചെയ്യുന്നതിന് വലിയ വെല്ലുവിളികൾ ഉണ്ട് . അവബോധത്തിന്റെ കുറവ്, ആരോഗ്യ പരിചരണ സൗകര്യങ്ങളിലേക്ക് എത്തിപ്പെടാനുള്ള പ്രയാസം, ലൈംഗിക പകർച്ചവ്യാധികൾ വരുന്നത് സദാചാരവിരുദ്ധ നടപടികൾ കൊണ്ടാണെന്നുള്ള സമൂഹത്തിന്റെ വിശ്വാസം തുടങ്ങിയ കാരണങ്ങൾ കൊണ്ട് പലപ്പോഴും ഇത്തരം രോഗങ്ങൾ ചികിത്സിക്കപ്പെടാതെപോകുന്നു എന്നതാണ് വസ്തുത.

ആപേക്ഷികമായി ഉയർന്ന സാക്ഷരതാ നിരക്കുള്ള ഒരു സംസ്ഥാനമായിരിക്കെത്തന്നെ, മലയാളി സമൂഹത്തിലും ആഴത്തിൽ വേരുപിടിച്ചിരിക്കുന്ന  ചിന്തകളും ലൈംഗികാരോഗ്യ വിദ്യാഭ്യാസത്തിന്റെ പരിമിതികളും പ്രകടമാണ്. ഗുഹ്യ അണുബാധകൾ സാധാരണമാണ്, എന്നാൽ മനസ്സിലാക്കാനും അവബോധം വളർത്താനും കഴിയുന്ന അവസ്ഥകളാണ്. തുറന്ന സംവാദം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, തെറ്റിദ്ധാരണകൾ ദൂരീകരിക്കുന്നതിലൂടെ, ആരോഗ്യ പരിചരണ സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ വ്യക്തികൾക്ക് സമയോചിതമായ രോഗനിർണയവും ചികിത്സയും തേടാൻ നമുക്ക് അവസരം നൽകാനാകും. ഗുഹ്യാരോഗ്യത്തിന് മുൻഗണന നൽകുന്നത് മൊത്തത്തിലുള്ള ക്ഷേമത്തിന് അത്യാവശ്യമാണ്, അവഗണിക്കപ്പെടാൻ പാടില്ലാത്തതാണ് എന്ന്  ഓർക്കുക.

തലശ്ശേരി മിഷൻ ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗം കൺസൽട്ടന്റ് ആണ് ലേഖിക.