എച്ച്.ഐ.വി., വൈറൽ ഹെപ്പറ്റൈറ്റിസ്, ലൈംഗിക രോഗങ്ങൾ എന്നിവയ്ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. മേൽപ്പറഞ്ഞവ പ്രധാന ആരോഗ്യവെല്ലുവിളികളായി തുടരുകയാണെന്നും പ്രതിവർഷം ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ മരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നുമാണ് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
ഹെപ്പറ്റൈറ്റിസ് ബി,സി രോഗികളുടെ നിരക്ക് ഏറ്റവുംകൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നും ലോകാരോഗ്യസംഘടന പറയുന്നുണ്ട്. ലോകത്തിന്റെ പലയിടങ്ങളിലും ലൈംഗികരോഗങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. 2022-ൽ പുതിയ സിഫിലിസ് രോഗികൾ പത്തുലക്ഷമായി ഉയർന്നു, ആഗോളതലത്തിൽ ഈ രോഗികളുടെ നിരക്ക് എൺപതുലക്ഷമാണ്. അമേരിക്കയിലും ആഫ്രിക്കയിലുമാണ് ഏറ്റവുമധികം സിഫിലിസ് രോഗികളുള്ളത്.
സിഫിലിസ് രോഗികളുടെ വർധനവ് ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ഡോ. ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു. 2030 ആകുമ്പോഴേക്കും ഈ മഹാമാരികൾക്ക് അവസാനമുണ്ടാക്കാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിഫിലിസിന് പുറമേ ഗൊണോറിയ, ക്ലമൈഡിയ, ട്രൈകോമോണിയാസിസ് തുടങ്ങിയ ലൈംഗികരോഗങ്ങളിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട്.
കോവിഡ് കാലത്ത് സിഫിലിസ് രോഗികളിൽ വർധനവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 2022-ൽ മാത്രം 1.1 ദശലക്ഷം സിഫിലിസ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 230,000 മരണങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി. മരുന്നുകളോട് പ്രതിരോധശക്തിയാർജിച്ച ഗൊണോറിയ കേസുകളും കൂടുകയാണ്.
2022-ൽ പുതിയ ഹെപ്പറ്റൈറ്റിസ് ബി കേസുകളുടെ നിരക്ക് 1.2 ദശലക്ഷമായും ഹെപ്പറ്റൈറ്റിസ് സി കേസുകൾ ഒരുദശലക്ഷമായും ഉയർന്നിട്ടുണ്ട്. എന്നാൽ എച്ച്.ഐ.വി. കേസുകളിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2020-ൽ 1.5 ദശലക്ഷമായിരുന്നത് 2022 ആയപ്പോൾ 1.3 ദശലക്ഷമായി കുറഞ്ഞു. 2022-ൽ 6,30,000 എച്ച്.ഐ.വി. മരണങ്ങൾ ഉണ്ടായതിൽ പതിമൂന്നുശതമാനം പതിനഞ്ചു വയസ്സിൽ താഴെയുള്ളവരിലാണ്.
ചര്‍മത്തില്‍ തെളിയുന്ന ലൈംഗികരോഗങ്ങള്‍
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെയാണ് ലൈംഗിക രോഗം അഥവാ സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസസ് എന്നു പറയുന്നത്.
എച്ച്.ഐ. വി., എച്ച്.പി.വി., സിഫിലിസ്, ഗൊണൊറിയ, തുടങ്ങി 35ലധികം ലൈംഗികരോഗങ്ങള്‍ മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ചിലത് പകരാന്‍ ലൈംഗികബന്ധംതന്നെ വേണമെന്നില്ല. അമ്മയില്‍നിന്ന് കുഞ്ഞിലേക്ക്, രക്തമാറ്റത്തിലൂടെ, അണുവിമുക്തമല്ലാത്ത സൂചി, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ എന്നിവയിലൂടെയൊക്കെ രോഗം പടരാനുള്ള സാധ്യതയുണ്ട്.
ജീവശാസ്ത്രപരമായി, ലൈംഗികരോഗം ബാധിക്കാന്‍ പുരുഷന്മാരെക്കാള് കൂടുതല്‍ സാധ്യത സ്ത്രീകള്‍ക്കാണ്. യോനിപ്രദേശം കൂടുതല്‍ വിസ്തൃതമായതിനാല്‍ ലൈംഗികസ്രവങ്ങളുമായുള്ള സമ്പര്‍ക്കം കൂടുന്നുവെന്നതാണ് കാരണം.
പെല്‍വിക് ഇന്‍ഫ്ളമേറ്ററി ഡിസീസ്, സ്ത്രീ വന്ധ്യത, അമ്മയില്‍നിന്ന് കുഞ്ഞിലേക്കുള്ള രോഗപ്പകര്‍ച്ച തുടങ്ങിയ സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്നതിനാല്‍ സ്ത്രീകള്‍ ലൈംഗികരോഗങ്ങള്‍ തുടക്കത്തിലേ ചികിത്സിച്ച് മാറ്റേണ്ടത് അത്യാവശ്യമാണ്.
ലക്ഷണങ്ങള്‍
പ്രകടമായ രോഗലക്ഷണങ്ങളില്ലാതെത്തന്നെ ശരീരത്തെ ബാധിക്കുന്ന ചില ലൈംഗികരോഗങ്ങളുണ്ട്. ഹെര്‍പിസും ക്ലമീഡിയ രോഗബാധയും ചിലരില്‍ ലക്ഷണങ്ങള്‍ കാണിക്കാറില്ല.
ജനനേന്ദ്രിയങ്ങളിലുണ്ടാകുന്ന മുറിവുകള്‍, തിണര്‍പ്പുകള്‍, ചൊറിച്ചില്‍, എരിച്ചില്‍, ജനനേന്ദ്രിയത്തിന് ചുറ്റിലുമുണ്ടാകുന്ന കുമിളകള്‍, കുരുക്കള്‍, അരിമ്പാറ, മൂത്രമൊഴിക്കുമ്പോള്‍ വേദന, യോനി/ ലിംഗത്തില്‍ നിന്ന് ദുര്‍ഗന്ധവും നിറവ്യത്യാസത്തോടും കൂടിയ സ്രവം, വൃഷണസഞ്ചിയിലോ വൃഷണത്തിലോ വേദന, കഴലവീക്കം, പനി, ശരീരവേദന, ജലദോഷം, തൊണ്ടവേദന എന്നിവയാണ് സാധാരണ കണ്ടുവരുന്ന ലൈംഗികരോഗലക്ഷണങ്ങള്‍.
ലൈംഗിക രോഗങ്ങളെ അകറ്റിനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഒഴിവാക്കുക.
- നിരവധി ആളുകളുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുക.
- കോണ്ടം ഉപയോഗിക്കുക.
- കുത്തിവയ്ക്കാൻ ഉപയോഗിച്ച സൂചികൾ വീണ്ടും ഉപയോഗിക്കരുത്.
- പരിശോധനകൾ എല്ലാം നടത്തിയ ശേഷം രോഗമില്ലെന്ന് ഉറപ്പാക്കി മാത്രമേ രക്തം സ്വീകരിക്കാവൂ.
- ലൈംഗിക പങ്കാളിയ്ക്ക് ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ നൽകണം.
- രോഗലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഒട്ടും വൈകാതെ തന്നെ വിദഗ്ധ ചികിത്സ തേടുക. രോഗം നേരത്തെ കണ്ടെത്തി ചികിത്സ തേടുന്നത് രോഗത്തെ ഫലപ്രദമായി നിയന്ത്രിച്ച് ജീവിതം മുന്നോട്ടുനയിക്കാൻ സഹായിക്കും.
Content Highlights: hiv sexually transmitted infections causing 2.5 million deaths each year
Published: 29 May 2024, 10:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented