സ്റ്റോക്ഹോം: യൂറോപ്പിൽ ലൈം​ഗികരോ​ഗങ്ങൾ വ്യാപിക്കുന്നുവെന്ന് യൂറോപ്യൻ യൂണിയന്റെ ഹെൽത്ത് ഏജൻസി വ്യക്തമാക്കി. ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ മഞ്ഞുമലയുടെ അറ്റംമാത്രമാണെന്നും ഏജൻസി അറിയിച്ചു. 

To advertise here,

2022-ൽ ​ഗൊണേറിയ എന്ന രോഗം ബാധിച്ചവരുടെ നിരക്ക് 48 ശതമാനമായാണ് ഉയർന്നത്. സിഫിലിസ് രോ​ഗികളുടെ നിരക്ക് 35ശതമാനമായും ക്ലമീഡിയ രോ​ഗികൾ പതിനാറുശതമാനമായും വർധിച്ചുവെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോൾ കണക്കുകൾ വ്യക്തമാക്കുന്നു. 

ലൈം​ഗികരോ​ഗികളുടെ എണ്ണത്തിലുള്ള ഈ കുതിച്ചുചാട്ടം ഞെട്ടിക്കുന്നതാണെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോൾ ഡയറക്ടർ ആൻഡ്രിയ അമൺ പറഞ്ഞു. 

ഈ നമ്പറുകൾ വളരെവലുതാണ്, മിക്കവാറും മഞ്ഞുമലയുടെ അറ്റംമാത്രമേ റിപ്പോർട്ട് പുറത്തുവന്നിട്ടിട്ടുണ്ടാകൂ. വിവിധരാജ്യങ്ങളിലെ ടെസ്റ്റിങ് രീതികളിലുള്ള സങ്കീർണതകളും ലൈം​ഗിക ആരോ​ഗ്യത്തിന്മേലുള്ള കരുതൽകുറവുമാണ് യഥാർഥനിരക്ക് പുറത്തുവരാതിരിക്കുന്നതിന് പിന്നിലെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. 

ക്ലമീഡിയ, ​ഗൊണേറിയ, സിഫിലിസ് തുടങ്ങിയ രോ​ഗങ്ങൾ ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നും എന്നാൽ അവ ചികിത്സിക്കാത്തപക്ഷം ​ഗുരുതര ആരോ​ഗ്യ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നും ആൻഡ്രിയ പറഞ്ഞു. 

ലൈം​ഗികരോ​ഗികളിലെ ഈ കുതിച്ചുചാട്ടം തടയിടുന്നതിന് അടിയന്തിര നടപടികളും ആരോ​ഗ്യവിദ്യാഭ്യാസവും ആവശ്യമാണെന്നും അവർ പറഞ്ഞു. ടെസ്റ്റിങ്ങുകൾ, ചികിത്സ, പ്രതിരോധം എന്നീ മൂുന്നുകാര്യങ്ങളാണ് രോ​ഗപ്രതിരോധത്തിന് തടയിടുന്ന കാര്യങ്ങളെന്നും അവർ പറഞ്ഞു. 

​ഗർഭകാലത്ത് അമ്മയിൽ നിന്നു കുഞ്ഞുങ്ങളിലേക്ക് പകരുന്ന ലിംഫോ​ഗ്രാന്യുലോമ വെനെറിയം, കോൺജെനിറ്റൽ സിഫിലിസ് എന്നീ രോ​ഗികളുടെ നിരക്കും വർധിക്കുന്നുണ്ടെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. 

ചര്‍മത്തില്‍ തെളിയുന്ന ലൈംഗികരോഗങ്ങള്‍

എച്ച്.ഐ. വി., എച്ച്.പി.വി., സിഫിലിസ്, ഗൊണൊറിയ, തുടങ്ങി 35ലധികം ലൈംഗികരോഗങ്ങള്‍ മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ചിലത് പകരാന്‍ ലൈംഗികബന്ധംതന്നെ വേണമെന്നില്ല. അമ്മയില്‍നിന്ന് കുഞ്ഞിലേക്ക്, രക്തമാറ്റത്തിലൂടെ, അണുവിമുക്തമല്ലാത്ത സൂചി, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ എന്നിവയിലൂടെയൊക്കെ രോഗം പടരാനുള്ള സാധ്യതയുണ്ട്.

ജീവശാസ്ത്രപരമായി, ലൈംഗികരോഗം ബാധിക്കാന്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സാധ്യത സ്ത്രീകള്‍ക്കാണ്. യോനിപ്രദേശം കൂടുതല്‍ വിസ്തൃതമായതിനാല്‍ ലൈംഗികസ്രവങ്ങളുമായുള്ള സമ്പര്‍ക്കം കൂടുന്നുവെന്നതാണ് കാരണം.

പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ്, സ്ത്രീ വന്ധ്യത, അമ്മയില്‍നിന്ന് കുഞ്ഞിലേക്കുള്ള രോഗപ്പകര്‍ച്ച തുടങ്ങിയ സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്നതിനാല്‍ സ്ത്രീകള്‍ ലൈംഗികരോഗങ്ങള്‍ തുടക്കത്തിലേ ചികിത്സിച്ച് മാറ്റേണ്ടത് അത്യാവശ്യമാണ്.

ലക്ഷണങ്ങള്‍

പ്രകടമായ രോഗലക്ഷണങ്ങളില്ലാതെത്തന്നെ ശരീരത്തെ ബാധിക്കുന്ന ചില ലൈംഗികരോഗങ്ങളുണ്ട്. ഹെര്‍പിസും ക്ലമീഡിയ രോഗബാധയും ചിലരില്‍ ലക്ഷണങ്ങള്‍ കാണിക്കാറില്ല.

ജനനേന്ദ്രിയങ്ങളിലുണ്ടാകുന്ന മുറിവുകള്‍, തിണര്‍പ്പുകള്‍, ചൊറിച്ചില്‍, എരിച്ചില്‍, ജനനേന്ദ്രിയത്തിന് ചുറ്റിലുമുണ്ടാകുന്ന കുമിളകള്‍, കുരുക്കള്‍, അരിമ്പാറ, മൂത്രമൊഴിക്കുമ്പോള്‍ വേദന, യോനി/ ലിംഗത്തില്‍ നിന്ന് ദുര്‍ഗന്ധവും നിറവ്യത്യാസത്തോടും കൂടിയ സ്രവം, വൃഷണസഞ്ചിയിലോ വൃഷണത്തിലോ വേദന, കഴലവീക്കം, പനി, ശരീരവേദന, ജലദോഷം, തൊണ്ടവേദന എന്നിവയാണ് സാധാരണ കണ്ടുവരുന്ന ലൈംഗികരോഗലക്ഷണങ്ങള്‍.