കരളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണവും എന്നാൽ മാരകവുമായ ട്യൂമറാണ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ (ലിവർ കാൻസർ - എച്ച്‌സിസി). പുരുഷന്മാരിലുണ്ടാകുന്ന അർബുദങ്ങളിൽ അഞ്ചാം സ്ഥാനവും സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ എട്ടാം സ്ഥാനവും ഇതിനാണ്. ലോകമെമ്പാടുമുള്ള കാൻസർ മരണങ്ങളിൽ മൂന്നാമത്തെ പ്രധാന കാരണം കൂടിയാണ് കരളിലെ അർബുദം.
ഗുരുതരമായ ഹെപ്പറ്റൈറ്റിസ് ബി വൈറസ് (HBV), ഹെപ്പറ്റൈറ്റിസ് സി വൈറസ് (HCV) അണുബാധകൾ, മദ്യപാനത്താലോ മറ്റേതെങ്കിലും കാരണത്താലോ ഉണ്ടാകുന്ന ലിവർ സിറോസിസ്, സ്റ്റിയോട്ടിക് കരൾ രോഗവുമായി (MASLD) ബന്ധപ്പെട്ട് മെറ്റബോളിസത്തിലുണ്ടാകുന്ന തകരാറ് തുടങ്ങിയവ കരളിലെ അർബുദത്തിന് പ്രധാന കാരണങ്ങളാണ്. ഏഷ്യൻ രാജ്യങ്ങളിലാണ് കരൾ രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളേക്കാൾ പൊതുവേ പുരുഷന്മാരിലാണ് എച്ച്‌സിസി ബാധിക്കപ്പെടുന്നതെന്നും കണക്കുകളിൽ നിന്നും വ്യക്തമാണ്. പ്രായം കൂടുന്നതിനനുസരിച്ച് കരളിലെ അർബുദത്തിനുള്ള സാധ്യതയും ഉയരും. 80 ശതമാനത്തോളം എച്ച്‌സിസി കേസുകൾക്കും കാരണമാകുന്നത് ഹെപ്പറ്റൈറ്റിസ് ബി മൂലമുള്ള അണുബാധയാണ്.
സിറോസിസ് ഇല്ലാത്ത ഹെപ്പറ്റൈറ്റിസ് ബി (HBV) വാഹകരിൽ ഏകദേശം 0.5 ശതമാനം പേർക്ക് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ വരാൻ സാധ്യതയുണ്ട്. പ്രായമുള്ളവരിൽ ഇത് 1 ശതമാനം വരെ ഉയരാനും സാധ്യതയുണ്ട്. ഏഷ്യയിൽ 40 വയസ്സിന് മുകളിലുള്ള എച്ച്ബിവി വാഹകരിൽ എച്ച്‌സിസി സാധ്യത 0.2 ശതമാനത്തിലേറെയാണ്. അതിനാൽ 40 വയസ്സു കഴിഞ്ഞ പുരുഷന്മാരിലും 50 വയസ്സിന് മുകളിലുള്ള സ്ത്രീകളിലും സിറോസിസിന്റെ അഭാവത്തിൽ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ പരിശോധന നിർദേശിക്കപ്പെടുന്നു.
ഈ രോഗാവസ്ഥയുടെ അറിയപ്പെടുന്ന അപകട ഘടകങ്ങളുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിലൂടെ കരൾ അർബുദത്തെ ഒരു പരിധി വരെ തടയാൻ കഴിയും, വിട്ടുമാറാത്ത കരൾ രോഗമുള്ള രോഗിയെ പരിചരിക്കുന്നവർ എച്ച്‌സിസി പകരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ഒരേ സിറിഞ്ചുകൾ ഉപയോഗിക്കുന്നതിലൂടെയും, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും എച്ച്ബിവി, എച്ച്‌സിവി വൈറസുകൾ മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യതകളുണ്ട്. അതിനാൽ ഇക്കാര്യങ്ങളിൽ മതിയായ ശ്രദ്ധപുലർത്തേണ്ടത് അനിവാര്യമാണ്. എച്ച്ബിവിക്കെതിരായി വാക്‌സിൻ മുഖേനയും സുരക്ഷിതരാകാം. എച്ച്‌സിവിക്ക് വാക്‌സിൻ നിലവിലില്ല.
ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
പ്രതിരോധിക്കാം
- എൻ3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ, കടൽ മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യ പദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
- മതിയായ അളവിൽ പച്ചക്കറികളും നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക
- റെഡ് മീറ്റ്, സംസ്‌കരിച്ച മാംസ പദാർത്ഥങ്ങൾ, കൊഴുപ്പ് കൂടുതൽ അടങ്ങിയ പാൽ, ഉയർന്ന കൊളസ്‌ട്രോൾ അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കാം. ഒപ്പം സംസ്‌കരിച്ച ധാന്യങ്ങളും, പഞ്ചസാരയും സോഫ്റ്റ് ഡ്രിങ്കുകളും ഒഴിവാക്കാം.
- മദ്യപാനം പുകവലി തുടങ്ങിയ ലഹരി പദാർത്ഥങ്ങളെ ജീവിതത്തിൽ നിന്നും പൂർണമായും മാറ്റി നിർത്താം. അമിതവണ്ണം ഉണ്ടാകാതെ ശ്രദ്ധിക്കണം.
- വ്യായാമം ശീലമാക്കുകയും പൊണ്ണത്തടി വരാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം
- ദിവസവും 2 കപ്പ് കാപ്പി കുടിക്കുന്നത് എച്ച്‌സിസി അപകട സാധ്യതകൾ കുറയ്ക്കുമെന്ന് അടുത്തിടെ പുറത്തുവന്ന ചില റിപ്പോർട്ടുകളിൽ പറയുന്നു.
ഗുരുതരമായ എച്ച്ബിവി, എച്ച്‌സിവി അണുബാധകൾ ലിവർ സിറോസിസും കരളിലെ അർബുദമായി മാറാതിരിക്കാൻ ആന്റി വൈറൽസ് ചികിത്സയും ആവശ്യമാണ്.
തിരുവനന്തപുരം കിംസ്‌ഹെൽത്തിൽ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ആണ് ലേഖകൻ
Content Highlights: understanding liver cancer, world hepatitis day
Published: 28 Jul 2024, 03:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented