കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജുകളിലെയുംമറ്റും കാരുണ്യ ഫാര്‍മസികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ കിട്ടാതായതോടെ രോഗികള്‍ അങ്കലാപ്പില്‍. വൃക്ക, കരള്‍ അടക്കമുള്ള അവയവങ്ങള്‍ മാറ്റിവെച്ച രോഗികള്‍ ഉപയോഗിക്കുന്ന മരുന്നുകളായ പാന്‍ഗ്രാഫ്, വിന്‍ഗ്രാഫ്, ടക്ഫാ, മോഫെറ്റല്‍ 500 എം.ജി. തുടങ്ങിയ മരുന്നുകള്‍ക്കാണ് ക്ഷാമം നേരിടുന്നത്.
ആറുമാസത്തോളമായി ഈ മരുന്നുകള്‍ കാരുണ്യ ഫാര്‍മസിയില്‍ ലഭിക്കാറില്ല. സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്ന് ലഭിക്കുന്നുണ്ടെങ്കിലും രണ്ടും മൂന്നും ഇരട്ടി വിലയാണ് ഈടാക്കുന്നത്. മരുന്നുനിര്‍ത്തിയാല്‍ ജീവന്‍തന്നെ അപകടത്തിലാവുന്ന അവസ്ഥയിലാണ് രോഗികളെന്ന് വൃക്കരോഗികളുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് എ.കെ.പി.എ. പ്രസിഡന്റ് എം. ബാബുരാജ്, കെ.പി.ഡബ്ല്യു.എ. പ്രസിഡന്റ് വിജു എന്നിവര്‍ ആവശ്യപ്പെട്ടു.
മരുന്നുവിതരണ ഏജന്‍സികള്‍ക്ക് നല്‍കാനുള്ളത് 50 കോടിയോളം
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ (കെ.എം.എസ്.സി.എല്‍.) ഏജന്‍സികള്‍വഴി മെഡിക്കല്‍ കോളേജുകള്‍ക്കും കാരുണ്യ ഫാര്‍മസികള്‍ക്കും മരുന്ന് വിതരണംചെയ്തവകയില്‍ കോടികള്‍ കുടിശ്ശികയാണ്. അതിനാല്‍ പല മരുന്നുവിതരണ ഏജന്‍സികളും മരുന്ന് നല്‍കുന്നത് നിര്‍ത്തിയിരിക്കുകയാണ്. 50 കോടിയോളം വിവിധ മെഡിക്കല്‍ കോളേജുകള്‍ ഏജന്‍സികള്‍ക്ക് നല്‍കാനുണ്ട്.
ഡി.എം.ഇ.യുടെ കീഴിലുള്ള മെഡിക്കല്‍ കോളേജുകളില്‍നിന്ന് 27 കോടി രൂപയും ഡി.എച്ച്.എസിന്റെ കീഴിലുള്ള ആശുപത്രികളില്‍നിന്ന് 20 കോടിയും ആറുമാസമായി കുടിശ്ശികയാണ്. കോവിഡ് കാലത്തുള്ള കുടിശ്ശികയാണ് കൂടുതലും.
ആശുപത്രി വികസന സൊസൈറ്റിയുടെ വരുമാനം കുറഞ്ഞതും കുടിശ്ശിക വര്‍ധിക്കാന്‍ കാരണമായെന്ന് കെ.എം.എസ്.സി.എല്‍. അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ നല്‍കാനുള്ള കോടികള്‍ മുടങ്ങിയതോടെ മരുന്നുവിതരണം നിര്‍ത്തിവെച്ചതാണ് കാരുണ്യ ഫാര്‍മസിയില്‍ മരുന്നുക്ഷാമം രൂക്ഷമാക്കിയത്.
ഓരോ രോഗിയുടെയും ആരോഗ്യസ്ഥിതി വിലയിരുത്തിയാണ് വൃക്കരോഗികള്‍ക്ക് ഡോക്ടര്‍മാര്‍ മരുന്ന് കുറിക്കുന്നത്. ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന അതേ ബ്രാന്‍ഡിലെ മരുന്നുകള്‍തന്നെ കഴിക്കേണ്ടതും നിര്‍ബന്ധമാണ്. വിപണിവിലയെക്കാള്‍ കുറഞ്ഞവിലയ്ക്കാണ് കെ.എം.എസ്.സി.എല്‍. കമ്പനികളില്‍നിന്ന് മരുന്ന് വാങ്ങുന്നത്.
സമാശ്വാസ പെന്‍ഷന്‍ മുടങ്ങിയിട്ട് രണ്ടുവര്‍ഷം
വൃക്കരോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന സമാശ്വാസ പെന്‍ഷന്‍ നിലച്ചിട്ട് രണ്ടുവര്‍ഷത്തിലേറെയായെന്ന് വൃക്കരോഗികളുടെ സംഘടനകള്‍ പറഞ്ഞു. മാസം 1100 രൂപയാണ് പെന്‍ഷന്‍ തുക. മുന്‍പ് നല്‍കിയിരുന്ന 600 രൂപ കൃത്യമായി കിട്ടിയിരുന്നു. തുക വര്‍ധിപ്പിച്ചപ്പോള്‍ ഒന്നും കിട്ടാത്ത അവസ്ഥയാണെന്ന് രോഗികള്‍ പറയുന്നു.
സ്വകാര്യ മെഡിക്കല്‍ ഷോപ്പിലെ വിലയും കാരുണ്യയിലെ വിലയും (ഒരു ഗുളികയുടേത്)
പാന്‍ഗ്രാഫ് 2 എം.ജി. - 79-48
മോഫിറ്റല്‍ 500 എം.ജി. - 78-26
ടാക്ഫാ 2 എം.ജി. - 27-13
വിന്‍ഗ്രാഫ് 1 എം.ജി. -34-20
ടെക്റോഗ്രാഫ് 1 - 48-18
(വില രൂപയില്‍)
Content Highlights: there is no medicine in karunya pharmacy for eight months kidney and liver patients are concerned
Published: 17 Feb 2023, 07:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented