
നമ്മുടെ അസ്ഥികളുടെ സാന്ദ്രത കുറയ്ക്കുകയും ബോണ്‍ ടിഷ്യൂവിന്റെ നാശത്തിനു കാരണമാവുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്. ഇത് എല്ലുകള്‍ക്ക് ഒടിവുകള്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. സാധാരണയായി ഇത് മുതിര്‍ന്നവരേയാണ് അധികവും ബാധിക്കാറുള്ളത്. ആര്‍ത്തവവിരാമമായ സത്രീകളില്‍ ഈസ്ട്രജന്‍ ലെവല്‍ കുറയുന്നതിനാല്‍ ഇവരില്‍ ഓസ്റ്റിയോപോറോസിസ് വരാനുള്ള പ്രത്യേക സാധ്യതയുമുണ്ട്. ചില പ്രത്യേക ശാരീരികാവസ്ഥകള്‍കൊണ്ടും, മരുന്നുകളുടെ പരിണിതഫലമായും, വ്യായമമില്ലാത്തും ന്യൂട്രിയന്റുകളുടെ അപര്യാപ്തതയുള്ള ജീവിതശൈലി മൂലവും ഓസ്റ്റിയോപോറോസിസ് വരാറുണ്ട്.
ഓസ്റ്റിയോപോറോസിസ് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാറാണ് പതിവ്. ഇതിന് സാധ്യതയുള്ള വ്യക്തികള്‍ ഇടയ്ക്കിടെ ബോണ്‍ ഡെന്‍സിറ്റി ടെസ്റ്റിന് വിധേയമാകുന്നത് നല്ലതാണ്. ഡിഎക്‌സ്എ സ്‌കാന്‍ എന്നാണ് ബോണ്‍ ഡെന്‍സിറ്റി ടെസ്റ്റിന്റെ പേര്. നട്ടെല്ല്, ഇടുപ്പ്, കൈത്തണ്ട എന്നിവിടങ്ങളിലെ അസ്ഥികളുടെ സാന്ദ്രത അളക്കുകയും എവിടെയെങ്കിലും ഒടിവുണ്ടാകുന്നതിനുമുമ്പ് ഓസ്റ്റിയോപോറോസിസിനെ കണ്ടെത്തുകയും ചെയ്യും.
ഓസ്റ്റിയോപോറോസിസിന്റെ അനന്തരഫലങ്ങള്‍ ഗുരുതരമാണ്. കഠിനമായ വേദനയിലേക്കും വൈകല്യങ്ങളിലേക്കുമൊക്കെ ഇത് നമ്മെ നയിക്കും. പ്രായമുള്ളവരില്‍ ഇതുണ്ടാക്കാറുള്ള ഒടിവ് ജീവന് വരെ ഭീഷണിയായേക്കാവുന്ന തരത്തിലുള്ളതാണ്. ആരോഗ്യകരമായ ജീവിതശൈലി രീതികളിലൂടെ മാത്രമേ ഓസ്റ്റിയോപോറോസിസിനെ തടയാനും നിയന്ത്രണത്തില്‍നിര്‍ത്താനും സാധിക്കൂ.
ഓസ്റ്റിയോപോറോസിസിനെ തടയാന്‍ താഴെപ്പറയുന്ന പൊടിക്കൈകള്‍ പരീക്ഷിക്കൂ:
കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കുക. പാലുത്പന്നങ്ങള്‍, പച്ചിലകള്‍, സോയബീന്‍സ് എന്നിവയില്‍ കാല്‍സ്യം ധാരാളമുണ്ട്. രണ്ടാമതായി, കാല്‍സ്യം വലിച്ചെടുക്കുന്നതിനും എല്ലുകളുടെ ആരോഗ്യപരിപാലനത്തിനും വിറ്റാമിന്‍ ഡി അനിവാര്യമാണ്. സൂര്യപ്രകാശത്തില്‍നിന്ന് നമുക്ക് ആവശ്യത്തിലധികം വിറ്റാമിന്‍ ഡി ലഭിക്കുമെങ്കിലും, പലകാരണങ്ങളാല്‍ പലര്‍ക്കും ഇത് ആവശ്യത്തിന് ലഭിക്കുന്നില്ല. അതിനാല്‍, നല്ല കൊഴുപ്പുള്ള മീനും മറ്റ് വിറ്റാമിന്‍ ഡിയടങ്ങിയ ഭക്ഷ്യവസ്തുക്കളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഡയറ്റിനൊപ്പം വിറ്റാമിന്‍ സപ്ലിമെന്റുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം.
കൃത്യമായി വ്യായാമം ചെയ്യുന്നതാണ് മറ്റൊന്ന്. വ്യായാമം എല്ലുകളെ ബലവത്താക്കും. ഓട്ടമോ ഭാരം ചുമക്കലോ പോലെയുള്ള വ്യായമമാര്‍ഗങ്ങള്‍ കൂടുതല്‍ ഫലപ്രദമാണ്. ദിവസം 30 മിനിട്ടെങ്കിലും എന്തെങ്കിലും ശാരീരികപ്രവൃത്തികളില്‍ മുഴുകാന്‍ ശ്രമിക്കുന്നത് നല്ലതാണ്. അമിതമദ്യപാനവും ഓസ്റ്റിയോപോറോസിസ് കൂട്ടുന്നതിന് കാരണമാകും. അതിനാല്‍, സ്ത്രീകള്‍ ദിവസവും ഒരു ഡ്രിങ്കും പുരുഷന്മാര്‍ ദിവസവും രണ്ടു ഡ്രിങ്കും എന്ന രീതിയിലേക്ക് മദ്യത്തിന്റെ അളവ് ചുരുക്കുക.
ചില മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുക എന്നതും പ്രധാനപ്പെട്ടതാണ്. കോര്‍ട്ടികോസ്റ്റീറോയ്ഡ്‌സ് പോലെയുള്ള മരുന്നുകള്‍ ഓസ്റ്റിയോപോറോസിസ് ഉണ്ടാക്കാനുള്ള സാധ്യത അധികമാണ്. അതിനാല്‍, ഇവ കഴിക്കുന്നതിനു മുമ്പ് ഇതിന്റെ പരിണിതഫലങ്ങളെക്കുറിച്ച് ഡോക്ടറോട് സംസാരിക്കേണ്ടതുണ്ട്. ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറപ്പിയാണ് ഓസ്റ്റിയോപോറോസിസ് തടയാനും ബോണ്‍ ലോസ് ഉണ്ടാവാതിരിക്കാനുമുള്ള മറ്റൊരു മാര്‍ഗം. എന്നാല്‍, ഈ തെറപ്പി ചെയ്യുന്നത് നിങ്ങള്‍ക്ക് അനുയോജ്യമാണോ എന്നും ഡോക്ടറോട് മുന്‍കൂട്ടി ചോദിക്കേണ്ടത് അത്യാവശമാണ്.
ശരീരഭാരം അമിതമാകാതെ നിലനിര്‍ത്തുക എന്നത് പ്രധാന സംഗതിയാണ്. അമിതഭാരമാകുമ്പോള്‍ എല്ലുകള്‍ക്ക് മേല്‍ അധികസമ്മര്‍ദം അനുഭവപ്പെടുകയും ഓസ്റ്റിയോപോറോസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യും. ഇതനുസരിച്ച് ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്താനും ശ്രദ്ധിക്കണം. കൃത്യമായി ബോണ്‍ ഡെന്‍സിറ്റി ടെസ്റ്റുകള്‍ എടുക്കാനും ശ്രദ്ധിക്കണം. ഇത് ഓസ്റ്റിയോപോറോസിസിനെതിരെയുള്ള പ്രധാന മുന്‍കരുതലാണ്.
കൂടാതെ, വീഴാന്‍ സാധ്യതയുള്ള സാഹചര്യങ്ങളെല്ലാം നിര്‍ബന്ധമായും ഒഴിവാക്കണം. ദുര്‍ബലമായ എല്ലുകളുള്ളവര്‍ വീഴുന്നത് ശരീരത്തില്‍ ഒടിവുകളുണ്ടാക്കിയേക്കും. സ്‌റ്റെയര്‍കേസുകള്‍ക്കെല്ലാം കൈവരി പിടിപ്പിക്കാനും വീഴാന്‍ സാധ്യതയില്ലാത്ത, അവരവര്‍ക്ക് അനുയോജ്യമായ ചെരുപ്പുകള്‍ തെരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
Content Highlights: symptoms preventive measures and consequences of osteoporosis
Published: 22 Jun 2023, 12:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented