നമ്മുടെ ശരീരത്തിലെ മാലിന്യങ്ങൾ അരിച്ചു പുറന്തള്ളുന്ന ജോലിയാണ് വൃക്കകൾ ചെയ്യുന്നത്. ഇതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത ജലം, ലവണം, ദ്രാവകങ്ങൾ ഇവയെല്ലാം മൂത്രത്തിലൂടെ പുറത്തേയ്ക്ക് കളയുകയും ചെയ്യുന്നു. വൃക്കയുടെ പ്രവർത്തനക്ഷമത നഷ്ടമാവുമ്പോള്‍ മൂത്രത്തിന്റെ അളവ് ഗണ്യമായി കുറയുകയും മൂത്രത്തിന്റെ നിറംമാറുകയും ചെയ്യുന്നു. കൂടാതെ രക്തത്തിലെ യൂറിയയുടെ അളവ് പെട്ടന്നു വർദ്ധിക്കുകയും ചെയ്യും. രക്തത്തിലെ ക്രിയാറ്റിനിന്റേയും യൂറിയയുടേയും അളവ് പരിശോധിച്ചാൽ വൃക്കയ്ക്ക് തകരാർ ഉണ്ടോ ഇല്ലയോ എന്നു മനസിലാക്കാവുന്നതാണ്.

To advertise here,

ഒരു വൃക്കയ്ക്കു മാത്രം തകരാറ് വന്നാൽ എന്താണ് സംഭവിക്കുക ?

ഒരു വൃക്കയ്ക്ക് തകരാർ സംഭവിച്ചാലും പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റം വരില്ല.  അടുത്ത വൃക്ക സാധാരണ പ്രവർത്തനം തുടരുകയാണ് ചെയ്യുന്നത്. പെട്ടെന്നുണ്ടാകുന്ന ഒന്നായതിനാൽ തക്ക സമയത്ത് ചികിത്സിച്ചാൽ വൃക്കകളുടെ പ്രവർത്തനം പഴയതുപോലെ വീണ്ടെടുക്കാം. എന്നാൽ രണ്ടു വൃക്കയും തകരാറിലാവുകയും, നാം ലക്ഷണങ്ങളെ ശ്രദ്ദിക്കാതിരിക്കുകയും, ചികിത്സിക്കാതെയിരിക്കുകയും, തെറ്റായ ചികിത്സ നൽകുകയും ചെയ്താൽ  സാവധാനത്തിൽ നാം അറിയാതെ നമ്മുടെ വൃക്കകൾ പൂർണ്ണമായും പ്രവർത്തനരഹിതമാകാം. തകരാറിലാകുന്ന വൃക്ക പിന്നെ ചികിത്സകൊണ്ട് ഭേദമാകാത്ത ഒരവസ്ഥയിലെത്തുന്നു. ഇതിനെ End Stage Kidney Disease അഥവാ 'വൃക്കയുടെ പ്രവർത്തനം നിലക്കുന്ന അവസ്ഥ' എന്നുപറയുന്നു.

വൃക്കയുടെ പ്രവർത്തനം പെട്ടന്ന് നിലക്കാൻ ഇനി പറയുന്ന അവസ്ഥകൾ കാരണമാകാറുണ്ട്

വൃക്കയിലേയ്ക്കുള്ള രക്തയോട്ടം കുറയുക, രക്തസമ്മർദ്ദം താഴുക, ആവശ്യമായ ജലാംശം ലഭ്യമാവാതെയിരിക്കുക, കടുത്ത അണുബാധ, എന്തെങ്കിലും ശസ്ത്രകിയയ്ക്കുശേഷവും വൃക്കയുടെ പ്രവർത്തനം പെട്ടെന്നു കുറയാം. മൂത്രതടസ്സം, (സാധാരണ വൃക്കക്കല്ലുകളാണ് ഇതിനു കാരണമാകുന്നത്) അമിത രക്തസ്രാവം, ഡെങ്കുപനി, ഗുരുതരമായ ഹൃദ്രോഗം , സെപ്തസിസ് (ഗുരുതരമായ അണുബാധ), രാസവസ്തുക്കളടങ്ങിയ ചില നാട്ടുമരുന്നുകൾ, വേദനസംഹാരികളുടെ അമിത ഉപയോഗം മരുന്നുകളോടുള്ള അലർജി മുതലായവ ഇതിനു കാരണമാകാറുണ്ട് 

വൃക്കയുടെ പ്രവർത്തനം പെട്ടന്ന് നിലക്കുമ്പോൾ ഈ ലക്ഷണങ്ങൾ കാണാറുണ്ട്

ആരോഗ്യത്തോടെ ഇരിക്കുന്ന ഒരു വ്യക്തിയിൽ ഇനി പറയുന്നലക്ഷണങ്ങൾ ഏതെങ്കിലും ഉണ്ടായാൽ വൃക്കയുടെ പ്രവർത്തനം ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. 

മൂത്രത്തിന്റെ അളവ് ഗണ്യമായി കുറയുക (ചിലരിൽ കുറയാതെയും ഇരിക്കാം), കണങ്കാലിലെ നീര്, ശരീരഭാരം കൂടുക.
വിശപ്പില്ലായ്മ, ഛർദ്ദി, തളർച്ച, ക്ഷീണം, ഓർമ്മക്കുറവ്.
ശ്വാസം മുട്ടൽ, നെഞ്ചുവേദന, ചോരഛർദ്ദിക്കുക, ഹൃദയമിടിപ്പിന്റെ താളം തെറ്റുക, അപസ്മാരം , 

ഈ പറഞ്ഞ ബാഹ്യലക്ഷണങ്ങൾ എല്ലാവരിലും ഉണ്ടാകണമെന്നില്ല. പലപ്പോഴും രക്തപരിശോധന നടത്തുമ്പോഴാകാം പലരും ഇത് കണ്ടെത്തുക. നേരത്തെ തിരിച്ചറിഞ്ഞാൽ വൃക്കയുടെ തകരാറുകൾ ചികിത്സിച്ചു ഭേദമാക്കാവുന്നവയാണ്. 

വൃക്കയുടെ പ്രവർത്തനം തകരാറിലായോ എന്ന് സംശയിക്കാവുന്ന ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ  വൈകിപ്പിക്കാതെ രക്തവും മൂത്രവും പരിശോധിച്ച് ഒരു വൃക്കരോഗ വിദഗ്ദനെ കാണണം.

ശ്രദ്ധിക്കേണ്ടകാര്യങ്ങൾ

1. വൃക്കയെ തകരാറിലാക്കുന്ന കാരണത്തെ കണ്ടെത്തി ചികിത്സിക്കുക

വൃക്കയുടെ പ്രവർത്തനം താത്കാലികമായി നിലയ്ക്കുമ്പോൾ അതിൻറെ കാരണം കണ്ടെത്തിയാൽ മാത്രമെ ശരിയായ ചികിത്സ നൽകാൻ സാധിക്കുകയുള്ളു. വൃക്കയിലെ കല്ല്, മൂത്രാശയ അണുബാധ, രക്തസമ്മർദ്ദം കുറയൽ, ഇതിനെല്ലാം പ്രത്യേകമായി ചികിത്സിക്കേണ്ടതാണ്. കാരണത്തെ കണ്ടെത്തി ചികിത്സിക്കുമ്പോൾ ആ തടസ്സങ്ങൾ അല്ലെങ്കിൽ അസുഖങ്ങൾ ആവർത്തിക്കാതെ ഇരിക്കുകയും വൃക്ക പൂർണ്ണമായും രോഗ വിമുക്തമാകുകയും ചെയ്യുo.

2. മരുന്നും മറ്റാവശ്യമായ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുക

ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രവർത്തനരഹിതമായ വൃക്കയ്ക്ക് ഒരു താങ്ങാവുക എന്നതാണ്. അണുബാധയ്ക്കു മരുന്നു നൽകുക. അലർജിയ്ക്കു കാരണമായതും വൃക്കയ്ക്കു ദോഷമായതുമായ എന്തെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ ഒഴിവാക്കുക. മൂത്രം ഉണ്ടാകുവാനും സാന്ദ്രത കൂട്ടാനും ശരീരത്തിലെ നിര് കുറച്ച് ശ്വാസം മുട്ടൽ മാറ്റുവാനും സഹായിക്കുക. സപ്പോർട്ടീവ് തെറാപ്പി: കുറഞ്ഞ രക്തസമ്മർദ്ദം, ഓക്കാനം, ഛർദ്ദി, പൊട്ടാസിയത്തെ നിയന്ത്രിക്കുക, ശ്വാസം മുട്ടൽ,അപസ്മാരം ഇവഎല്ലാം തന്നെ മരുന്നിലൂടെ നിയന്ത്രിക്കുക.

3. ഭക്ഷണ നിയന്ത്രണം

വൃക്കയുടെ പ്രവർത്തനം നിയന്ത്രണ വിധേയമായി നിർത്തുന്നത്തിൽ ഭക്ഷണം പ്രധാനപങ്കു വഹിക്കുന്നു. ആരോഗ്യമുള്ള ഒരാൾ ധാരാളം വെള്ളം കുടിക്കണം. എന്നാൽ വൃക്കയുടെ പ്രവർത്തനം തടസ്സപ്പെട്ടാൽ  വെള്ളം കൃത്യമായ അളവിൽ മാത്രം ഉപയോഗിക്കുക. ദിവസം എത്ര വെള്ളം കുടിക്കുന്നു, അതിൽ എത്ര പുറത്തേയ്ക്കു പോകുന്നു ഇതെല്ലാം പ്രത്യേകം നിരീക്ഷിക്കണം. വെള്ളത്തിന്റെ ഉപയോഗം കുറച്ചാൽ നീര്, ശ്വാസംമുട്ടൽ ഇവ തടയാൻ സാധിക്കും. വൃക്കയുടെ പ്രവർത്തനം നിയന്ത്രണവിധേയമായി നിർത്തുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്കു വഹിക്കുന്നു.

പഴവർഗ്ഗങ്ങൾ, ഉണങ്ങിയ പഴവർഗ്ഗങ്ങൾ, ജ്യൂസുകൾ ഇവയിലെല്ലാം ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. വൃക്കയുടെ പ്രവർത്തനം താത്ക്കാലികമായി നിലയ്ക്കുമ്പോൾ രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുന്നു. ഇത് വൃക്കയ്ക്കും ആൾക്കും തന്നെ ജീവനു ഭീഷണി ഉയർത്തുന്ന ഒന്നാണ്. അതിനാൽ പഴവർ​ഗങ്ങൾ ഒഴിവാക്കണം.

ഉപ്പ് നിയന്ത്രിക്കുക, ഉപ്പ് നിയന്ത്രിക്കുമ്പോൾ ദാഹം കുറയും. നീര്, രക്തസമ്മർദ്ദം ശ്വാസമുട്ടൽ ഇതിനെല്ലാം ഉപ്പിന്റെ നിയന്ത്രണത്തിലൂടെ ഒരു പരിധിവരെ പരിഹാരം കാണാം.

4. ഡയാലിസിസ്

തുടക്കത്തിൽ എല്ലാവരും നോ പറയുന്ന ഒന്നാണ് ഡയാലിസിസ്. എന്നാൽ ഡയാലിസിസിനെ ഒരിക്കലും തെറ്റിദ്ധരിക്കേണ്ടതില്ല. വൃക്കയുടെ പ്രവർത്തനം ശരീരത്തിനു വെളിയിൽ കൃത്രിമമായി നടത്തുന്നതിന്  പറയുന്ന പേരാണ് ഡയാലിസിസ്. മരണത്തെ വൃക്കരോഗി മുഖാമുഖം കാണുമ്പോൾ ജീവൻ രക്ഷിക്കാൻ ഇന്ന് നിലവിലുള്ളതും ഏറ്റവും പ്രചാരത്തിലുമുള്ള ചികിത്സാരീതിയാണിത്. വൃക്കയുടെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാകുന്നതുവരെ മാത്രമേ ഡയാലിസ്റ്റിസ് ആവശ്യം വരൂ. സാധാരണ 1-4 ആഴ്ചയ്ക്കുള്ളിൽ രോഗി പഴയ ആരോഗ്യ നിലയിലേയ്ക്ക് തിരിച്ചു വരികയും ഡയാലിസ്റ്റിസ് നിർത്താനും സാധിക്കും.

മാരകമായ വൃക്കരോഗങ്ങൾ 

വൈദ്യശാസ്ത്രത്തിൽ ഇതുവരെ പൂർണ്ണ രോഗവിമുക്തി അവകാശപ്പെടുവാൻ കഴിയാത്ത ഒരു അസുഖമാണ് വൃക്കക്കുണ്ടാകുന്ന സ്ഥായിയായ തകരാറുകൾ. ഇത് വളരെ വേഗത്തിൽ നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ഒരു സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. പത്തിലൊരാൾക്ക് വൃക്കരോഗ മുണ്ടെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ഇങ്ങനെ സംഭവിച്ചാൽ രക്തത്തിലെ ക്രിയാറ്റിന്റെ (Creatinine) അളവ് കൂടും. മാത്രമല്ല സ്കാനിൽ വൃക്ക ചുരുങ്ങിയതായി കാണപ്പെടും. ഈ അവസ്ഥയിൽ ഡയാലിസിസോ വൃക്ക മാറ്റിവെക്കലോ മാത്രമേ ഫലപ്രദമാവുകയുള്ളു.

കോഴിക്കോട് ആസ്റ്റർ മിംസിൽ സീനിയര്‍ കണ്‍സള്‍ട്ടന്റും നെഫ്രോളജി വിഭാ​ഗം മേധാവിയുമാണ് ലേഖകൻ.