
ജനനേന്ദ്രിയത്തിലെ അണുബാധയെ സ്ത്രീകളുടെ ആരോഗ്യപ്രശ്നമായാണ് പൊതുവെ കാണുന്നത്. എന്നാൽ വ്യക്തി ശുചിത്വത്തിന്റെ അഭാവം മൂലം സ്ത്രീകളിലും പുരുഷന്മാരിലും പൊതുവായി കാണപ്പെടുന്ന പ്രശ്നങ്ങളിലൊന്നാണ് ഇതെന്നതാണ് യാഥാർഥ്യം. സെക്ഷ്വലി ആക്ടീവായ 30 വയസ്സിന് താഴെയുള്ള സ്ത്രീകളിലും പുരുഷന്മാരിലുമാണ് ജനനേന്ദ്രിയത്തിലെ അണുബാധ കൂടുതലായി കാണാറുള്ളത്. ചികിത്സ വൈകിയാൽ വന്ധ്യതയ്ക്ക് വരെ ജനനേന്ദ്രിയത്തിലെ അണുബാധ കാരണമാവും. ജനനേന്ദ്രിയത്തിലെ അണുബാധ ഏതെല്ലാം, അണുബാധ ഉണ്ടാവാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം, എങ്ങനെയാണ് ഇതിനെ നേരിടേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലിലെ നെഫ്രോ യൂറോസയൻസസ് വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. റയീസ് റഷീദ് സംസാരിക്കുന്നു.

പുരുഷന്മാരെ അപേക്ഷിച്ച് രോഗസാധ്യത കൂടുതൽ സ്ത്രീകൾക്ക്
ജീവശാസ്ത്രപരമായി ജനനേന്ദ്രിയത്തിൽ അണുബാധ ഉണ്ടാവാനുള്ള സാധ്യത പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണ്. സ്ത്രീകളുടെ യോനീപ്രദേശം കൂടുതൽ വിസ്തൃതമായതിനാൽ ലൈംഗിക സ്രവങ്ങളുമായി നേരിട്ട് സമ്പർക്കം ഉണ്ടാവും. സ്ത്രീകളിൽ വജൈനയുടെ പിഎച്ച് സന്തുലനത്തിൽ വ്യതിയാനങ്ങൾ ഉണ്ടാവുന്നതും അണുബാധയുണ്ടാകാൻ കാരണമാവുന്നു. ഇത് കൂടാതെ യോനീഭാഗത്തെ ചർമത്തിലെ ശ്ലേഷ്മപാളി നേർത്തതായതും ഒരു കാരണമാണ്.
അണുബാധ കുട്ടികളിലും കാണപ്പെടാം
സ്ത്രീകളിലും പുരുഷന്മാരിലും മാത്രമല്ല കുട്ടികളിലും ജനനേന്ദ്രിയത്തിൽ അണുബാധ കാണാറുണ്ട്. രോഗബാധിതരാവുന്ന 75 ശതമാനം പെൺകുട്ടികളിലും വൽവോ വജിനൈറ്റിസ് (Vulvovaginitis) എന്ന അണുബാധയാണ് കാണപ്പെടുന്നത്. ഇത് മറ്റൊരാളിലേക്ക് പകരുന്ന തരത്തിലുള്ള അണുബാധയല്ല. സ്വകാര്യ ഭാഗത്തെ ചർമത്തിൽ പുകച്ചിൽ, ചൊറിച്ചിൽ, ചുവപ്പ്, യോനീഭാഗത്തെ ദുർഗന്ധം, സ്രവം എന്നിവയ്ക്ക് ഈ അണുബാധ കാരണമാവും. ശുചിത്വകുറവ്, സോപ്പ്, ബബിൾ ബാത്ത്, സോപ്പ് പൊടി, സ്വിമ്മിങ് പൂൾ, പാഡ് എന്നിവയിലെ രാസ വസ്തുക്കളുടെ സാന്നിധ്യം തുടങ്ങിയവയാണ് വൽവോ വജിനൈറ്റിസിന് കാരണം.
എപ്പിഡിഡൈമോർക്കൈറ്റിസ് ആണ് ആൺ കുട്ടികളുടെ ജനനേന്ദ്രിയത്തിൽ പൊതുവായി കാണപ്പെടുന്ന അണുബാധ. ചെറിയ കുട്ടികളിൽ മൂത്രപ്പഴുപ്പിന് ശേഷവും, പ്രായപൂർത്തിയായ കുട്ടികളിൽ ബാക്ടീരിയയുടെ സാന്നിധ്യം മൂലവും ഈ അണുബാധ ഉണ്ടാവാം. വൃഷണ സഞ്ചിയിലെ വീക്കം, വേദന, ചുവപ്പ് എന്നിവയാണ് എപ്പിഡിഡൈമോ ഓർക്കൈറ്റിസിന്റെ (epididymo-orchitis) ലക്ഷണങ്ങൾ.
ജനനേന്ദ്രിയത്തിൽ അണുബാധ വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?
സ്ത്രീകളിൽ രണ്ട് തരത്തിലാണ് അണുബാധ ഉണ്ടാവുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകർന്നും അല്ലാതെയും അണുബാധ ഉണ്ടാവാം. സ്ത്രീകളുടെ യോനിയിലും സെർവിക്കൽ ഭാഗങ്ങളിലും ഗർഭാശയത്തിലും ഫലോപ്പിയൻ ട്യൂബിലും അണ്ഡാശയത്തിലും അണുബാധ ഉണ്ടാവാറുണ്ട്. സ്ത്രീകളിൽ കാണുന്ന അണുബാധകളിൽ 35 ശതമാനത്തിൽ അധികവും ലൈംഗികമായി പകരുന്നതാണ്. എച്ച്ഐവി, എച്ച് പി വി, ഹെർപ്പിസ്, ഗൊണൊറിയ , ട്രൈക്കോമോണിയാസിസ് തുടങ്ങിയവയാണ് ലൈംഗികമായി പടരുന്നവ.
യോനീഭാഗത്തെ ചുവപ്പ്, ചെറിയ കുമിളകൾ, വ്രണങ്ങൾ, ദുർഗന്ധം എന്നിവയാണ് ഇത്തരം രോഗങ്ങളുടെ ലക്ഷണങ്ങൾ. പെൽവിക് ഇൻഫ്ലമേറ്ററി ഡീസീസ് ഉള്ളവർക്ക് അടിവയറ്റിൽ വേദന, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ മൂത്ര സംബന്ധമായ ബുദ്ധിമുട്ടുകൾ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. രോഗലക്ഷണങ്ങളിലില്ലാതെയും ശരീരത്തെ ബാധിക്കാൻ ചില ലൈംഗിക രോഗങ്ങൾക്ക് സാധിക്കും എന്നതാണ് ഓർക്കേണ്ട മറ്റൊരു കാര്യം.
വജൈനൈറ്റിസ് (Vaginitis), ബാക്ടീരിയൽ വജിനോസിസ് (Bacterial Vaginosis), കാൻഡീഡിയാസിസ് (Candidiasis) എന്നിവയാണ് സ്ത്രീകളിൽ പൊതുവായി കാണുന്ന മറ്റ് അണുബാധകൾ. യോനീഭാഗത്തെ പുകച്ചിൽ, ചൊറിച്ചിൽ, വേദന, യോനീസ്രവത്തിൽ നിറമാറ്റം, ദുർഗന്ധം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അണുബാധകൾ പലവിധത്തിൽ ഉള്ളതിനാൽ സ്രവ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർമാർ ചികിത്സ നിർണയിക്കുക. പങ്കാളിയുടെ ചികിത്സയും നിർബന്ധമാണ്.
പൊതുവിലുള്ള ആരോഗ്യവും വ്യക്തി ശുചിത്വവും മെച്ചപ്പെടുത്തുക. സ്വകാര്യ ഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക. കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. ടോയ്ലെറ്റിൽ പോവുമ്പോൾ സ്വകാര്യ ഭാഗം വൃത്തിയാക്കുക. ആ ഭാഗം നനവില്ലാതെ സൂക്ഷിക, സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കുമ്പോൾ പെർഫ്യൂമ്ഡ് സോപ്പ് ഒഴിവാക്കുക. കോട്ടൺ അടിവസ്ത്രങ്ങൾ കഴുകുമ്പോൾ ഫാബ്രിക് സോഫ്റ്റനേഴ്സ് ഉപയോഗിക്കാതിരിക്കുക തുടങ്ങിയവയാണ് ഫംഗൽ ഇൻഫെക്ഷൻ തടയാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. എച്ച്പിവിയ്ക്ക് വാക്സിനേഷൻ എടുക്കേണ്ടതും ലൈംഗിക ബന്ധം സുരക്ഷിതമാക്കേണ്ടതും അനിവാര്യമാണ്.
പുരുഷന്മാരിൽ കാണപ്പെടുന്ന അണുബാധകൾ, ലക്ഷണങ്ങൾ, പ്രതിരോധം
ബലനൈറ്റിസ് (Balanitis), പ്രോസ്റ്ററ്റൈറ്റിസ് (Prostatitis), എപ്പിഡിഡിമൈറ്റിസ് (Epididymitis), എച്ച്പിവി, ക്ലമിഡിയ (Chlamydia), ഗൊണോറിയ, ഹെർപ്പിസ്, ഓർക്കൈറ്റിസ് (Orchitis), തുടങ്ങിയവയാണ് പുരുഷ ജനനേന്ദ്രിയങ്ങളിൽ കാണപ്പെടുന്ന അണുബാധകൾ. ഇവയിലും കൂടുതലും ലൈംഗികമായി പടരുന്നവയാണ്. പുരുഷ ലിംഗത്തിലേയോ മലദ്വാരത്തിലെയോ ചർമത്തിൽ കുമിളകൾ, വ്രണങ്ങൾ, ചുവപ്പ്, വിസർജനം, സ്ഖലനം എന്നീ വേളകളിൽ വേദന, അല്ലെങ്കിൽ പുകച്ചിൽ, ദുർഗന്ധമുള്ള വെള്ള, പച്ച നിറങ്ങളിലുള്ള സ്രവം. വൃഷണത്തിന് വീക്കം, അല്ലെങ്കിൽ വേദന, എന്നിവയാണ് പുരുഷന്മാരിൽ ജനനേന്ദ്രിയ അണുബാധ ഉണ്ടാവുമ്പോൾ കാണുന്ന ലക്ഷണങ്ങൾ.
വ്യക്തിശുചിത്വം, സുരക്ഷിതമായ ലൈംഗിക ബന്ധം, അടിവസ്ത്രം ഇടക്കിടെ മാറ്റി ഉപയോഗിക്കുക, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പും ശേഷവും ലിംഗം വൃത്തിയാക്കുക, തുടങ്ങിയവയാണ് ജനനേന്ദ്രിയത്തിലെ അണുബാധ ഒഴിവാക്കാൻ പൊതുവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പുരുഷൻമാർക്ക് ജനനേന്ദ്രിയ രോഗത്തിന് വാക്സിനേഷൻ ലഭ്യമാണെങ്കിലും നമ്മുടെ നാട്ടിൽ ഇത്തരം വാക്സിൻ ലഭ്യമല്ല.
അണുബാധയും പ്രത്യുത്പാദന ശേഷിയും വന്ധ്യതയും
സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയ്ക്ക് കാരണമാവുന്ന ഘടകങ്ങളിൽ ഒന്നാണ് ജനനേന്ദ്രിയത്തിലെ അണുബാധ. പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതിന് അണുബാധ കാരണമാവാം. ക്ലമിഡിയ, ഹെർപിസ്, എച്ച്‌ഐവി എയ്ഡ്‌സ്, ഗോണേറിയ, സിഫിലിസ് തുടങ്ങിയവയെല്ലാം പുരുഷന്മാരുടെ പ്രത്യുത്പാദനശേഷിയെ ബാധിക്കാവുന്ന രോഗങ്ങളാണ്.
സ്ത്രീകളിലും അണുബാധകൾ ചികിത്സിക്കാതെ ഇരിക്കുമ്പോൾ പ്രത്യുത്പാദന വ്യവസ്ഥ തകരാറിലാവുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തും.
ഗർഭപാത്രം, അണ്ഡാശയം, ഫലോപിയൻ ട്യൂബ് (fallopian tube), എന്നിവയിലേക്ക് വ്യാപിച്ച് വീക്കം ഉണ്ടാവും. സമാന രീതിയൽ പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസും ഫലോപ്യൻ ട്യൂബിനും ഓവറിയ്ക്കും കേടുപാടുകൾ വരുത്തും. ചികിത്സിച്ചില്ലെങ്കിൽ മാറ്റാനാവാത്ത കേടുപാടുകൾക്കും കാരണമാവും.
എത്ര ഗുരുതരമാണ് ജനനേന്ദ്രിയത്തിലെ അണുബാധ?
വന്ധ്യത , ഗർഭാശയേതര ഗർഭം, സെർവിക്കൽ കാൻസർ, വജൈനൽ കാൻസർ, തുടങ്ങിയ ഗുരുതരാവസ്ഥകൾ അണുബാധ ചികിത്സിക്കാതിരുന്നാൽ ഉണ്ടാവാം. HPV പോലുള്ള അണുബാധ ഹൈ റിസ്ക് വൈറസ് മൂലമുള്ളവയിൽ ചുരുങ്ങിയ പക്ഷം 10- 20 വർഷം കഴിയുമ്പോൾ ആയിരിക്കും കാൻസർ പ്രകടമാവുക. എച്ച്.പി.വി വാക്സിന്റെ പ്രധാന്യം ഇവിടെയാണ്. എച്ച്.ഐ.വി അണുബാധ യഥാക്രമം ചികിത്സിച്ചില്ലെങ്കിൽ എയ്ഡ്സ് എന്ന മാരകരോഗമാവാം. ഇവിടെ ചികിത്സയുടെ ലക്ഷ്യം രോഗം പകരുന്നതിനെ തടയുക എന്നതാണ്. ഗർഭിണികളിലെ അണുബാധ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കും നവജാത ശിശുക്കൾക്കും പകരാം. ആയതിനാൽ ഗർഭിണികൾ എസ്ടിഡി പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. എസ്ടിഡി കാരണം പ്രസവ സമയത്ത് സങ്കീർണതകൾ ഉണ്ടാവാനും മാസം തികയാതെ ഉളള പ്രസവം, ചാപിള്ള പ്രസവം, കുഞ്ഞിന് ഭാരക്കുറവ് തുടങ്ങിയവയ്ക്കും കാരണമാവാം.
വ്യക്തി ശുചിത്വവും ജനനേന്ദ്രിയത്തിലെ അണുബാധയും
ജനനേന്ദ്രിയത്തിലെ അണുബാധ തടയുന്നതിൽ വ്യക്തി ശുചിത്വത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. സ്വകാര്യ ഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഈർപ്പം നിലനിർത്താതെ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. അണുബാധ ഇല്ലാതിരിക്കാൻ വായു സഞ്ചാരം അത്യാവശ്യമാണ്. ബാത്ത് ടബ്ബിന് പകരം ഷവർ ബാത്ത് ഉപയോഗിക്കുക. അടിവസ്ത്രങ്ങൾ കഴുകുമ്പോൾ ഫാബ്രിക് സോഫ്റ്റനേഴ്സ് ഉപയോഗിക്കാതെ ഇരിക്കുക തുടങ്ങിയവാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
വിപണിയിൽ ഉള്ള ഉള്ള വജൈനൽ വാഷുകളേക്കാൾ നല്ലത് യോനിയിലെ പിഎച്ച് ബാലൻസ് പ്രകൃതിദത്തമായി നിലനിർത്തുന്നതാണ്. പാന്റി ലൈനേഴ്സ് സ്ഥിരമായി ഉപയോഗിക്കുന്നതും ഡ്രൈഫീൽ കിട്ടാൻ വേണ്ടി പാഡ് വെക്കുന്നതും ഒഴിവാക്കണം. ആർത്തവ സമയങ്ങളിൽ പാഡ് നീക്കം ചെയ്യാൻ വൈകുന്നതും ഇൻഫെക്ഷന് കാരണമാവും. പുരുഷന്മാരിൽ ലിംഗം നന്നായി വൃത്തിയാക്കുന്നത് വീക്കവും അണുബാധയും ഉണ്ടാക്കാനുള്ള സാധ്യത കുറയ്ക്കും.
എപ്പോഴും ഈർപ്പം നിലനിർത്തുന്നതും അടിവസ്ത്രം മാറ്റി ഉപയോഗിക്കാത്തതും ഫംഗസ്സിനുള്ള സാധ്യത കൂട്ടുന്നു. സ്വകാര്യ ഭാഗങ്ങളിൽ സോപ്പ് ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുക, അയഞ്ഞ കോട്ടൺ അടിവസ്ത്രം വൃത്തിയുള്ളതും ഉണങ്ങിയതും ആണെന്ന് ഉറപ്പുവരുത്തുക എന്നിവയും പ്രധാനമാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ടോയ്ലറ്റ് ഉപയോഗിക്കാൻ പഠിപ്പിക്കുമ്പോൾ കാൽ മുട്ട് വിടർത്തി ഇരിക്കുവാൻ പഠിപ്പിക്കുകയും. ശോധന കുറവ് ഉണ്ടെങ്കിൽ ചികിത്സിക്കുകയും വേണം.
Content Highlights: Sexually Transmitted Diseases, Male Yeast Infection, Vaginal Infections
Published: 25 Jun 2023, 10:58 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented