കൊച്ചി: റീച്ചാർജ് ചെയ്ത് അഞ്ചു ദിവസത്തോളം ഉപയോഗിക്കാവുന്ന എൻ 95 മാസ്കുകൾ തയ്യാറാക്കി മലയാളികൾ. ഹൈദരാബാദ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ (ടി.ഐ.എഫ്.ആർ.) സംഘമാണ് മാസ്കുകൾ തയ്യാറാക്കിയത്. അസോസിയേറ്റ് പ്രൊഫസറും പാലക്കാട് സ്വദേശിയുമായ ഡോ. ടി.എൻ. നാരായണൻ, കൊച്ചി സ്വദേശിയായ സ്റ്റെൽബിൻ പീറ്റർ ഫിഗറസ് എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് ഈ മാസ്കിന് പിന്നിൽ. നാലുമാസത്തെ ഗവേഷണത്തിനൊടുവിലാണ് സംഘം മാസ്കിന്റെ ആശയം പുറത്തിറക്കുന്നത്.

To advertise here,

എല്ലാ എൻ95 മാസ്കുകളിലും പുറത്തുനിന്നെത്തുന്ന വൈറസുകളെയും കണികകളെയും തടയുന്നതിനായി ഫിൽറ്റർ ഉണ്ടായിരിക്കും. മാസ്കിലെ ഇലക്ട്രോസ്റ്റാറ്റിക് ചാർജാണ് ഇവ അരിക്കുന്നത്. എന്നാൽ, നിരന്തരമായ ഉപയോഗത്തിലൂടെ ഈ ചാർജ് കുറയുകയും ഇല്ലാതാകുകയും ചെയ്യും.

ചാർജ് പൂർണമായും തീർന്നാൽ പിന്നീട് എൻ 95 മാസ്കുകൾ സാധാരണ മാസ്കുകളുടെ ഗുണമേ ചെയ്യുകയുള്ളൂവെന്ന് ഗവേഷണ സംഘം പറയുന്നു. രാജ്യത്ത് എൻ95 മാസ്കുകളുടെ ലഭ്യതക്കുറവാണ് ഇത്തരത്തിൽ ഒരു ആശയത്തിലേക്ക് എത്തിച്ചതെന്ന് ഡോ. നാരായണൻ പറയുന്നു.

ചലനത്തിൽ നിന്ന് ചാർജ് ചെയ്യാൻ സാധിക്കുന്ന ട്രൈബോ ഇലക്ട്രിസിറ്റി ഉപയോഗിച്ചാണ് മാസ്ക് തയ്യാറാക്കിയിരിക്കുന്നത്. മൂന്നു ലെയർ ഉള്ള മാസ്കിൽ ശരീരത്തോട് ചേർന്നിരിക്കുന്ന ഭാഗം കോട്ടൺ ഉപയോഗിച്ചും ഉള്ളിലെ രണ്ടെണ്ണം ട്രെബൈ ഇലക്ട്രിക് നെഗറ്റീവ്പോസിറ്റീവ് ഘടകങ്ങളാണ് ഉപയോഗിക്കുന്നത്. മാസ്കിൽ തട്ടിയാലോ താടി അനക്കിയാലോ ഇവ ചാർജ് ആകും എന്നതാണ് പ്രത്യേകത.

റീച്ചാർജ് ചെയ്താൽ അഞ്ചു ദിവസം വരെ ഇത് ഉപയോഗിക്കാൻ സാധിക്കും. സാനിറ്റൈസ് ചെയ്തോ വെള്ളം ഉപയോഗിച്ചോ ഇവ കഴുകിയെടുക്കാനും സാധിക്കും.

0.3 മൈക്രോണിന് താഴെയുള്ള ഘടകങ്ങൾ പോലും കടത്തിവിടാത്ത രീതിയിലാണ് മാസ്കുകൾ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ എൻ95 മാസ്ക് നിർമാതാക്കൾ സംഘത്തെ സമീപിച്ച് ഇത് വിപണിയിൽ എത്തിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

ഇതോടൊപ്പം, മാസ്കിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം അളക്കാനുള്ള ഉപകരണവും സംഘം തയ്യാറാക്കിയിട്ടുണ്ട്.

Content Highlights:Rechargeable N95 mask made by Malayalees, Health, COvid19, Corona VIrus