മലപ്പുറത്ത് അഞ്ചര വയസ്സുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. കുട്ടി വാക്സിൻ എടുത്തിരുന്നു എന്നതും ആശങ്കയ്ക്ക് കാരണമായി. ഇവിടെ, വാക്സിന് എടുത്തിട്ടും അപൂര്‍വമായെങ്കിലും പേവിഷബാധ ഉണ്ടാവാനുള്ള പൊതുവായ കാരണങ്ങള്‍ നമ്മള് ശരിയായി മനസ്സിലാക്കേണ്ടതാണ്. ആദ്യമായി നായയുടെ കടിയേറ്റാല്‍ പേവിഷബാധ ഏല്‍ക്കാതിരിക്കാന്‍ ചെയ്യേണ്ട പ്രധാന കാര്യങ്ങള്‍ ആദ്യം പറയാം.
കുത്തിവെപ്പ് എത്രയും വേഗം
കടിയേറ്റോ മാന്തിയോ മുറിവുണ്ടായാല്‍ രണ്ടുതരം മരുന്നുകളാണ് കുത്തിവയ്ക്കുന്നത്:
1. റാബിസ് വാക്സിന്. നിര്‍വീര്യമാക്കിയ റാബിസ് വൈറസ് ആണത്. ഇനാക്ടിവേറ്റഡ് (inactivated) വാക്സിന് എന്ന് പറയും.
2. RIG അഥവാ റാബിസ് ഇമ്മ്യുണോഗ്ലോബുലിന് അഥവാ 'റെഡിമെയ്ഡ്' ആന്റിബോഡി.
ഈ കുത്തിവെപ്പുകള്‍ രണ്ടും വ്യത്യസ്തരീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. വാക്സിന് നമ്മുടെ പ്രതിരോധനിരയെ ഉണര്‍ത്തും. ഒരാഴ്ചയ്ക്കകം ആന്റിബോഡികളും മറ്റും ശരീരം ഉത്പാദിപ്പിച്ച് തുടങ്ങും. ശരീരത്തിലെവിടെയെങ്കിലും വൈറസ് എത്തിയിട്ടുണ്ടെകില് അവ അത് കൈകാര്യം ചെയ്തുകൊള്ളും. വൈറസ് വളരെ പതിയെ സഞ്ചരിക്കുന്നതിനാല്‍, ലക്ഷ്യസ്ഥാനമായ തലച്ചോറില്‍ എത്തുന്നതിന് മുന്‍പുതന്നെ നമ്മുടെ പ്രതിരോധ സംവിധാനം അതിനെ കീഴ്പ്പെടുത്തും.
വാക്സിന് ഇന്‍ട്രാ ഡെര്‍മല്‍ ആയോ (ചര്‍മത്തില്‍ കൊതുക് കടിച്ചതുപോലെ തടിപ്പുണ്ടാക്കുന്ന കുത്തിവെപ്പ്) അല്ലെങ്കില്‍ കോവിഡ് വാക്സിന് എടുത്തതുപോലെ ഇന്‍ട്രാ മസ്കുലാര്‍ ആയോ കൊടുക്കാവുന്നതാണ്.
കടിയേല്‍ക്കുന്നത് ഏത് ഭാഗത്താണെന്നുള്ളതും ഏറെ പ്രധാനപ്പെട്ട വിഷയമാണ്. കാലിലെ നാഡിയില്നിന്ന് തലച്ചോറിലേക്ക് കുറെയധികം ദൂരമുണ്ട്. വൈറസിനെ സംബന്ധിച്ച് ആഴ്ചകള്‍ നീളുന്ന യാത്രയാണിത്. എന്നാല്‍ മുഖത്തോ മറ്റോ ആണ് കടിയേല്‍ക്കുന്നതെങ്കില്‍ പെട്ടെന്ന് തന്നെ തലച്ചോറിലേക്ക് എത്താം. അതിനാല്‍ അത്തരം മുറിവുകള്‍ക്ക് റിസ്ക് കൂടുതലാണ്. മുഖത്തും മറ്റും ആഴത്തില്‍ കടിയേറ്റവരില്‍ പില്ക്കാലത്ത് പേവിഷബാധ ഉണ്ടായിട്ടുണ്ട്, വാക്സിന് എടുത്തവരിലും അപൂര്‍വമായെങ്കിലും.
രണ്ടാമത്തെത് ഇമ്മ്യുണോഗ്ലോബുലിന് ആണ്. കുത്തിവെച്ചാല്‍ ഉടന്‍ പ്രവര്‍ത്തിക്കുന്ന 'റെഡിമെയ്ഡ്' ആന്റിബോഡികള്‍ ആണിവ. അവ മുറിവിലുള്ള ദശയിലേക്ക് ശ്രദ്ധാപൂര്‍വം കുത്തിവെച്ചാല്‍ ആ ഭാഗത്തെ വൈറസുകള്‍ ഉടന്‍ നശിക്കും. അതുകൊണ്ടാണ് ആഴത്തില്‍ മുറിവേറ്റാല്‍ എത്രയും വേഗം ഇമ്മ്യുണോഗ്ലോബുലിന് കൊടുക്കണം എന്ന് പറയുന്നത്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പേവിഷബാധ പരമാവധി ചെറുക്കാവുന്നതാണ്.
പരാജയ സാധ്യതകള്‍
വാക്സിൻ എടുത്തിട്ടും എന്തുകൊണ്ട് അപൂര്‍വമായിട്ടെങ്കിലും ചിലര്‍ക്ക് പേവിഷബാധ ഉണ്ടാകുന്നു? ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍, പിന്നെ ചൈന, പാകിസ്താന്, തായ്ലാന്ഡ്, ടുണീഷ്യ തുടങ്ങി ലോകത്തുള്ള മറ്റുപല രാജ്യങ്ങളിലും ഈ പ്രശ്നമുണ്ടായിട്ടുണ്ട്. അത്തരം പഠനങ്ങള്‍ വിശകലനം ചെയ്തതില്‍നിന്ന് ശ്രദ്ധയില്‍പ്പെട്ട ചില കാര്യങ്ങള്‍ ഇപ്രകാരമാണ്.
എല്ലാ മുറിവും ഒരുപോലെയല്ല
ആഴത്തിലുള്ള, പലയിടങ്ങളിലുള്ള മുറിവുകളുണ്ടായാല്‍ താരതമ്യേന റിസ്ക് കൂടുതലാണ്. മുഖത്തും തലയുടെ പലഭാഗങ്ങളിലും കഴുത്തിലും കടിയേല്‍ക്കുകയാണെങ്കില്‍ റിസ്ക് കൂടും. പ്രത്യേകിച്ച് ഇത്തരം സാഹചര്യങ്ങളില്‍ വളരെ വേഗം ചികിത്സ തേടുന്നതിലും ചികിത്സിക്കുന്നതിലും ഒരു വിട്ടുവീഴ്ചയും പാടില്ല.
ചൂടും തണുപ്പും അമിതമായാല്‍ പ്രശ്നം
വാക്സിന്, ഇമ്യൂണോഗ്ളോബുലിന് എന്നിവ കൃത്യമായ രീതിയില്‍ നിശ്ചിത താപനിലയില്‍ സൂക്ഷിക്കേണ്ട മരുന്നുകളാണ്. സാങ്കേതിക തകരാറുകള്ക്കൊണ്ട് പ്രശ്നങ്ങളുണ്ടാവാം. ഉദാഹരണത്തിന്, ഇമ്യൂണോഗ്ളോബുലിന് ഫ്രീസറില്വെച്ചാല് വീര്യം നഷ്ടപ്പെട്ടേക്കാം. രണ്ട് മുതല്‍ ആറ് ഡിഗ്രി സെന്റിഗ്രേഡിലാണ് ഈ മരുന്ന് സൂക്ഷിക്കേണ്ടത്.
വിവേചനം പാടില്ല
'വളര്‍ത്തു നായയല്ലേ, സാരമില്ല' എന്നുപറഞ്ഞ് കുത്തിവെപ്പ് എടുക്കാതിരിക്കരുത്. കേരളത്തില്‍ വളര്ത്തുനായ്ക്കളില്നിന്ന് കടിയേല്‍ക്കുന്നത് പേവിഷബാധയ്ക്ക് കാരണമായിട്ടുണ്ട്.
വാക്സിന് വിമുഖത
വാക്സിന് എടുക്കാതിരിക്കുക, അശാസ്ത്രീയ ചികിത്സയ്ക്ക് മുതിരുക ഇതെല്ലാം അബദ്ധമാണ്. വാക്സിന്, ഇമ്യൂണോഗ്ളോബുലിന് എന്നിവയ്ക്കപ്പുറം ഇന്നേവരെ ഒരു മരുന്നും റാബിസിന് കണ്ടെത്തിയതായി തെളിവില്ല.
വൈകിയാല്‍ അപകടം
കുത്തിവെപ്പുകളെടുക്കാൻ പല കാരണങ്ങളാലും കാലതാമസമുണ്ടാവുക, കോഴ്സ് പൂര്‍ത്തിയാക്കാതെ സ്വയംനിര്ത്തുക ഇവ സാധാരണമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഡോസുകളെടുക്കുന്നതില് മാറ്റം വരുത്താവൂ. അല്ലെങ്കില്‍ അപകടമാണ്.
ഇന്ജെക്ഷന് കൊടുക്കുന്ന രീതിയിലെ പിഴവ്
റാബിസ് കുത്തിവെപ്പ് പ്രത്യേക പരിശീലനം ലഭിച്ചവരാണ് കൊടുക്കേണ്ടത്. ഇന്‍ട്രാ ഡെര്‍മല്‍ ഇന്ജെക്ഷന് നല്കുമ്പോള് സൂചി ചര്‍മം കടന്ന് അല്പം ആഴത്തില്‍ ഇറങ്ങിപ്പോയാല്‍ അത് സബ്ക്യൂട്ടേനിയസ് ദശകളില്പ്പെട്ട് ഫലം നല്‍കാതെ പോയേക്കാം. മുറിവേറ്റ ഭാഗത്ത് ഇമ്യൂണോഗ്ളോബുലിന് നല്കുമ്പോള് മുറിവിലെ ദശകളില്‍ കൃത്യമായി തങ്ങിനില്ക്കുന്ന രീതിയില്‍, അതായത് പുറത്തേക്ക് ഒലിച്ചുപോകാതെ കുത്തിവെയ്ക്കാനും വൈദഗ്ധ്യം വേണ്ടതാണ്.
വവ്വാലും പ്രശ്നക്കാരന്‍
അമേരിക്കയില്‍ നായ്ക്കളില്‍ പേവിഷബാധ തുടച്ചുമാറ്റിക്കഴിഞ്ഞു. എന്നാല്‍ അപൂര്‍വമായി വവ്വാലുകളുമായി സമ്പര്‍ക്കമുണ്ടായിട്ടും, വാക്സിനെടുക്കാന്‍ കൂട്ടാക്കാതെയും പേവിഷബാധയേറ്റ് മരണങ്ങള് അവിടെ സംഭവിച്ചിട്ടുണ്ട്. നാഗാലാന്‍ഡിലെ ചില വവ്വാലുകളില്‍ റാബിസ് ആന്റിബോഡികള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് വലിയ പ്രശ്നമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പൂച്ചയേയും സൂക്ഷിക്കണം
പൂച്ച മാന്തിയാലും പേവിഷബാധ സാധ്യതയുണ്ട്. എന്നാല്‍ ഇതേപ്പറ്റി പലര്‍ക്കും അറിയില്ല. അതിനാല്‍ ചിലപ്പോള്‍ ചികിത്സയെടുക്കാന്‍ വിട്ടുപോയേക്കാം. റാബിസ് വൈറസ് ഉമിനീരിലാണല്ലോ ഉണ്ടാവുക. കൈകള്‍ ഇടയ്ക്കിടയ്ക്ക് നക്കിത്തുടയ്ക്കുന്ന ശീലമുള്ളതിനാല്‍ പൂച്ചയുടെ ഉമിനീര് എപ്പോഴും അതിന്റെ നഖങ്ങളിലുണ്ടാകും.
സോപ്പ് നിസ്സാരമല്ല
കടിയേറ്റ ഉടന്‍, തുറന്നിട്ട ടാപ്പിന് താഴെവെച്ച് ഒഴുക്കുള്ള വെള്ളത്തില്‍ സോപ്പുപയോഗിച്ച് 15 മിനിറ്റെങ്കിലും മുറിവ് നന്നായി കഴുകുക. ഇത് എത്രയും നേരെത്തേ ചെയ്യുന്നുവോ അത്രയും നന്ന്. ഉടുപ്പിട്ട (enveloped) വൈറസ് ആണ് റാബിസ്. ഇത്തരം വൈറസുകളെ സോപ്പ് ഉപയോഗിച്ച് എളുപ്പത്തില്‍ നശിപ്പിക്കാവുന്നതാണ്. ലിക്ക്വിഡ് സോപ്പാണെങ്കില്‍ അത്രയും നല്ലത്. ലഭ്യമല്ലെങ്കില്‍ സാധാരണ സോപ്പ് പൊടിച്ച് വെള്ളത്തില്‍ കലക്കി മുറിവില്‍ അല്പാല്പമായി ഒഴിക്കണം.
കൊഴുപ്പുകൊണ്ട് നിര്‍മിതമായ വൈറസിന്റെ ആവരണത്തെ സോപ്പിന്റെ തന്മാത്രകള് എളുപ്പം നിര്‍വീര്യമാക്കും. കൈയില്‍ എണ്ണപുരണ്ടാല് സോപ്പ് അത് എളുപ്പത്തില്‍ നീക്കം ചെയ്യാറില്ലേ? അതേ രീതിയാണ് വൈറസിന്റെ കാര്യത്തിലും സംഭവിക്കുന്നത്. ഉടുപ്പ് അഥവാ ആവരണം നഷ്ടപ്പെട്ടാല്‍ ഈ വൈറസിന് പിന്നെ ജീവിച്ചിരിക്കാനാവില്ല.
നായയുടെ ഉമിനീരില്‍നിന്ന് മുറിവില്‍ എത്തിയ വൈറസ്, സമീപത്തുള്ള നാഡികളില്‍ (nerves) കയറിപ്പറ്റാതിരിക്കുക എന്നുള്ളതാണ് നമ്മുടെ ഉദ്ദേശ്യം. കാരണം, തലച്ചോറിലേക്കെത്താന്‍ നാഡികളിലൂടെയാണ് വൈറസ് സഞ്ചരിക്കുന്നത്. അതായത് വൈറസ് ഒരു തീവണ്ടിയാണെങ്കില്‍ അതിന് സഞ്ചരിക്കാനുള്ള റെയില്‍പ്പാളമാണ് നാഡികള്‍. അതിനാല്‍ നാഡികളില്‍ കയറാന്‍ വൈറസിനെ അനുവദിക്കാതിരുന്നാല്‍ വിജയിച്ചു. അത് തടയാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് സോപ്പ് ഉപയോഗിച്ചുള്ള കഴുകല്‍.
മുറിവുകള്‍ കാണാതെ പോകരുത്
ദേഹത്ത് അനവധി ഇടങ്ങളില്‍ കടിയേറ്റ വ്യക്തിയെ ധൃതിയില്‍ പരിചരിക്കുമ്പോള്‍ ചില മുറിവുകള്‍ ശ്രദ്ധയില്‍പ്പെടാതെ പോകാം. പക്ഷേ, എത്ര ചെറിയ മുറിവാണെങ്കിലും അവയിലും വൈറസിന്റെ സാന്നിധ്യമുണ്ടാകാം. അതിനാല്‍ ഓരോ മുറിവിനും പ്രത്യേകം ചികിത്സ വേണ്ടതാണ്. ഒരു വ്യക്തിയില്‍ ഇമ്യൂണോഗ്ളോബുലിന്റെ മൊത്തം ഡോസില്‍ മാറ്റമില്ലെങ്കിലും അത് മുറിവുകളില്‍ കുത്തിവെയ്ക്കാനായി തുല്യമായി വീതിക്കേണ്ടതുണ്ട്. അതിനാല്‍ ഒന്നോ രണ്ടോ മുറിവുകള്‍ ശ്രദ്ധിക്കാതിരുന്നാല്‍ അപകടം സംഭവിക്കാം. ചെറിയ കുട്ടികളില്‍ ഇത് എളുപ്പം സംഭവിക്കാം. കാരണം, എവിടെയെല്ലാം കടിയേറ്റു എന്ന് കൃത്യമായി പറഞ്ഞുതരാന്‍ കുഞ്ഞിന് ചിലപ്പോള്‍ സാധിച്ചില്ല എന്നുവരാം.
(ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് പൊതുവായ കാര്യങ്ങളാണ്. കേരളത്തിലുണ്ടായ മരണങ്ങളുടെ കൃത്യമായ കാരണം കണ്ടെത്താന്‍
സമഗ്രമായ പഠനം ആവശ്യമാണ്. )
(കേരള സ്റ്റേറ്റ് ഐ.എം.എ. വൈസ് ചെയര്മാന് ആണ് ലേഖകൻ)
Content Highlights: Rabies Prevention: Understanding Risks & Vaccination
Published: 29 Apr 2025, 12:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented