തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ തടയുന്നതിനുമുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ മൈക്രോചിപ്പ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ് ഗുജറാത്തിലെ അഹമ്മദാബാദ് നഗരസഭ. നായകളുടെ ശരീരത്തിൽ ചെറിയ മൈക്രോചിപ്പ് ഘടിപ്പിച്ച് അവയുടെ ആരോഗ്യവിവരങ്ങളും വാക്‌സിനേഷൻ രേഖകളും ഡിജിറ്റലായി സൂക്ഷിക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത.റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. നായയുടെ തൊലിക്കടിയിൽ സ്ഥാപിക്കുന്ന ചെറിയ ചിപ്പ് പ്രത്യേക സ്‌കാനർ ഉപയോഗിച്ച് വായിക്കാനാകും. ഇതിലൂടെ ഓരോ നായയുടെയും വാക്‌സിനേഷൻ, വന്ധ്യംകരണം, ചികിത്സ തുടങ്ങിയ വിവരങ്ങൾ ലഭിക്കും.

To advertise here,

നായകൾക്കും ആധാർ കാർഡ് മാതൃകയിൽ തിരിച്ചറിയൽ

അഹമ്മദാബാദ് നഗരത്തിൽ ഇതിനോടകം 20,000ത്തിലധികം നായകളിൽ മൈക്രോചിപ്പ് ഘടിപ്പിച്ചതായി നഗരസഭയുടെ കന്നുകാലി ശല്യനിയന്ത്രണ വിഭാഗം മേധാവി നരേഷ് രാജ്പുത് അറിയിച്ചു. വാക്‌സിനേഷൻ നൽകിയതും വന്ധ്യംകരണം നടത്തിയതുമായ നായകളുടെ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തി മൈക്രോചിപ്പുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മനുഷ്യരുടെ ആധാർ കാർഡ് പോലെ നായകൾക്കും ഒരു തിരിച്ചറിയൽ സംവിധാനമായി ഇത് പ്രവർത്തിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.ഓരോ മൈക്രോചിപ്പ് നമ്പറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഭാവിയിലെ നിരീക്ഷണത്തിനും ഉപയോഗിക്കാം. വാക്‌സിനേഷൻ നൽകേണ്ട തീയതി, നായയ്ക്ക് അസുഖം വന്നാൽ നടത്തിയ ചികിത്സ, വന്ധ്യംകരണം നടത്തിയ തീയതി തുടങ്ങിയ കാര്യങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും ഇതിലൂടെ സാധിക്കും.

പേവിഷബാധ തടയാനും സഹായിക്കുമെന്ന് പ്രതീക്ഷ

നഗരസഭയുടെ പുതിയ പദ്ധതിയെ പ്രദേശവാസികളും മൃഗസ്‌നേഹികളും സ്വാഗതം ചെയ്തിട്ടുണ്ട്. തെരുവുനായകൾക്ക് കൃത്യമായി വാക്‌സിനേഷൻ നൽകാനും വന്ധ്യംകരണം ഉറപ്പാക്കാനും കഴിയുന്നത് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് സഹായകമാകുമെന്നാണ് ഇവരുടെ അഭിപ്രായം. തെരുവുനായകൾക്ക് വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കഴിയുന്നത് വളർത്തുമൃഗങ്ങളുമായി പുറത്തുപോകുന്നവർക്കും ആശ്വാസമാകുമെന്ന് പ്രദേശവാസിയായ ശുഭം പറഞ്ഞു. തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനൊപ്പം പേവിഷബാധയുടെ അപകടസാധ്യത കുറയ്ക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ നായകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും

ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്താനും മൈക്രോചിപ്പ് സംവിധാനം കൂടുതൽ നായകളിലേക്ക് വ്യാപിപ്പിക്കാനുമാണ് അഹമ്മദാബാദ് നഗരസഭയുടെ ലക്ഷ്യം.തെരുവുനായകളുടെ വാക്‌സിനേഷൻ, വന്ധ്യംകരണം, ആരോഗ്യപരിപാലനം എന്നിവ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ കഴിയുന്നതോടെ നഗരത്തിലെ തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.