പകര്‍ച്ചവ്യാധികളില്‍ പലതും ആദ്യം കേരളത്തില്‍ കണ്ടെത്തുന്നതെന്തു കൊണ്ട്? | രോഗക്കിടക്കയിലോ കേരളം 01- പരമ്പരയുടെ ഒന്നാംഭാഗം വായിക്കാം

To advertise here,

മടങ്ങിപ്പോയെന്ന് വിശ്വസിച്ചിരുന്ന രോഗങ്ങളെല്ലാം തിരികെ വരുന്നു | രോഗക്കിടക്കയിലോ കേരളം 02- പരമ്പരയുടെ രണ്ടാംഭാഗം വായിക്കാം

40 കഴിഞ്ഞാൽ മരുന്ന് കഴിക്കാത്തവർ ഇല്ലാതായി; ഇരട്ടരോ​ഗമുള്ള മലയാളി | രോ​ഗക്കിടക്കയിലോ കേരളം? 03

ഇന്ത്യയിൽ ഏറ്റവുമധികം സാക്ഷരതയുള്ള ജനത. പക്ഷേ, ആരോഗ്യത്തിന്റെ കാര്യത്തിൽ അത്ര അവബോധമുണ്ടോ എന്നുചോദിച്ചാൽ ഇല്ലെന്ന് പറയേണ്ടിവരും. രോഗങ്ങളോടുള്ള സമീപനത്തിൽ വിചിത്രനിലപാടുകൊണ്ട് അമ്പരപ്പിക്കും നമ്മൾ മലയാളികൾ.

ഏറ്റവുംവേഗത്തിൽ പടരുന്ന വൈറൽ രോഗമെന്നാണ് ഡെങ്കിപ്പനിയുടെ പേര്. കേരളമാകട്ടെ, അതിന്റെ ഏറ്റവും വലിയ വ്യാപനകേന്ദ്രവും. എങ്കിലും ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള മുൻകരുതലെടുക്കാൻ മലയാളിക്ക് മടിയാണ്. ധാരാളം ഡെങ്കിക്കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ട പാലക്കാട്ടെ മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. ഷിലു എം. സക്കറിയയുടെ പഠനത്തിൽ തെളിഞ്ഞ വസ്തുതകൾ മലയാളിയുടെ ആരോഗ്യസാക്ഷരതാനിലവാരം വിളിച്ചുപറയുന്നുണ്ട്. പാലക്കാട് മുനിസിപ്പാലിറ്റിയിലെ രണ്ടു വാർഡുകളെയാണ് ഡോക്ടർ പഠനവിധേയമാക്കിയത്. സർവേയിൽ പങ്കെടുത്ത 95.9 ശതമാനത്തിനും ഡെങ്കിരോഗം പരത്തുന്നത് കൊതുകുകളാണെന്നറിയാം. 67.8 ശതമാനമാളുകൾക്കും ഡെങ്കിക്കൊതുക് പകൽനേരത്താണ് കടിക്കുന്നതെന്നും ബോധ്യമുണ്ട്. 53 ശതമാനം ആളുകളും കൊതുക് നിർമാർജനത്തിനായി ഡ്രൈഡേ ആചരിക്കുന്നു. എന്നിട്ടും ഡെങ്കി പ്രതിരോധിക്കാൻ വ്യക്തിപരമായ മാർഗങ്ങൾ സ്വീകരിക്കാൻ ഭൂരിഭാഗമാളുകളും തയ്യാറല്ല. 15.8 ശതമാനമാളുകളേ കൊതുക് കടിക്കാതിരിക്കാനുള്ള ക്രീം പുരട്ടുന്നുള്ളൂ. 25.9 ശതമാനം മാത്രമാണ് കൊതുകുവല ഉപയോഗിക്കുന്നത്.

അർബുദത്തിന്റെ കാര്യത്തിലാവട്ടെ, ഇതിലും വിചിത്രമായ തെറ്റിദ്ധാരണകൾ കാണാം. തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജിലെ ഓങ്കോളജി-റേഡിയോളജി വിഭാഗങ്ങളിലെയും പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗത്തിലെയും ഡോക്ടർമാർ നടത്തിയ പഠനത്തിൽ അർബുദത്തെയും ചികിത്സയെയും മലയാളി എങ്ങനെ കാണുന്നു എന്നതിന്റെ നിഗമനങ്ങളുണ്ട്. സർവേയിൽ പങ്കെടുത്ത 7.7 ശതമാനം പേരും അർബുദമൊരു പാരമ്പര്യരോഗമാണെന്നാണ് വിശ്വസിക്കുന്നത്. ഈ രോഗമൊരു വിധിയാണെന്നു കരുതുന്നവരാണ് 6.2 ശതമാനവും. ഇതൊരു സാംക്രമികരോഗമെന്ന് വിശ്വസിക്കുന്ന അഞ്ചു ശതമാനം പേരുണ്ട്. അർബുദം ചികിത്സിച്ച് സുഖപ്പെടുത്താൻ പറ്റില്ലെന്നുകരുതുന്ന 3.7 ശതമാനമാളുകളെയും സർവേയിൽ കണ്ടെത്തി.

നമ്മുടെ സാക്ഷരതയ്ക്കനുസരിച്ചുള്ള ആരോഗ്യവിജ്ഞാനം സമൂഹത്തിനില്ല എന്നുതന്നെയാണ് ഇത്തരം പഠനങ്ങൾ വെളിപ്പെടുത്തുന്നത്. അർബുദലക്ഷണം തുടക്കത്തിലേ കണ്ടെത്തിയാലും ചികിത്സ തേടാതിരിക്കാനുള്ള പ്രധാനപ്പെട്ട കാരണം ചെലവിനെക്കുറിച്ചുള്ള ഭീതിയാണെന്നും പഠനങ്ങളുണ്ട്. അതുകൊണ്ടാണ് പലരും രോഗത്തിന്റെ മൂർധന്യഘട്ടത്തിൽ മാത്രം ചികിത്സയ്ക്കെത്തുന്നത്.

സ്വയം ചികിത്സാവിദഗ്ധർ

തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലെ ഡോ. ജാതവേദുസ് മോഹൻലാൽ, ഡോ. അശ്വതി നായർ, ഡോ. അംഗിത അനിൽകുമാർ, കാരിത്താസ് ആശുപത്രിയിലെ ഡോ. ഷാരോൺ രാജ് എലിസ എന്നിവർ ചേർന്ന് മലയാളിയുടെ ആന്റിബയോട്ടിക് ഉപയോഗത്തെക്കുറിച്ച് നടത്തിയ പഠനത്തിലെ കണ്ടെത്തലുകളിൽ സ്വയംചികിത്സയുടെ സംസാരിക്കുന്ന തെളിവുകളാണ്. 236 പേരിൽ നടത്തിയ പഠനത്തിൽ 12.7 ശതമാനവും ആന്റിബയോട്ടിക്കുകൾ സ്വയം ഉപയോഗിക്കുന്നവരാണ്. അമ്പതു വയസ്സിൽ താഴെയുള്ള 73.3 ശതമാനത്തിനും ഈ ശീലമുണ്ട്. സർവേയിൽ പങ്കെടുത്ത പ്രൊഫഷണലുകളുടെ ഇടയിൽ 73.3 ശതമാനവും സ്വയം മരുന്നുപയോഗിക്കാൻ മടിയില്ലാത്തവരാണ്. അസിത്രോമൈസിനാണ് ഏറ്റവും കൂടുതൽപ്പേർ വാങ്ങുന്നത്. അമോക്സിലിനാണ് കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ ഗുളിക. മരുന്നു വാങ്ങുന്നതിൽ മാത്രമല്ല, അതിന്റെ ഡോസ് തീരുമാനിക്കുന്നതിലുമുണ്ട് പലർക്കും സ്വന്തം രീതികൾ. 33.3 ശതമാനമാളുകളും രോഗലക്ഷണം അപ്രത്യക്ഷമായാലുടൻ ഗുളിക കഴിക്കുന്നതും അവസാനിപ്പിക്കും. സ്വയംചികിത്സയാണ് കൂടുതൽ സൗകര്യമെന്നാണ് മിക്കവരും പറയുന്നത് (73.3 ശതമാനം). സ്വയംചികിത്സ നല്ലതല്ലെന്ന് ഇവരിൽ 80 ശതമാനമാളുകൾക്കും അറിവുണ്ടെന്നതാണ് വിചിത്രമായ വസ്തുത. എങ്കിലും ഡോക്ടറുടെ പഴയകുറിപ്പടി ഉപയോഗിച്ചോ സ്വന്തം അനുഭവത്തിലുള്ള വിശ്വാസത്തിലോ അവർ മരുന്ന് വാങ്ങുന്നു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഔഷധങ്ങളുടെ 15-20 ശതമാനവും വിറ്റുപോകുന്നത് 3.43 ശതമാനംമാത്രം ജനസംഖ്യയുള്ള കേരളത്തിലാണെന്നുള്ള കണക്കുകളും ചേർത്തുവായിക്കാം.

രോഗം വന്നോട്ടെ, ചികിത്സിക്കാം

രോഗം വരട്ടെ, ചികിത്സിക്കാം എന്ന നിലപാടുകാരാണ് മലയാളികൾ. ഈയൊരു ആത്മവിശ്വാസം രോഗപ്രതിരോധ മുൻകരുതലെടുക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. കരളിന് അസുഖം വന്നോട്ടെ, അത് മാറ്റിവെച്ചാൽ പോരേ. വൃക്കയ്ക്കോ ഹൃദയത്തിനോ രോഗംവന്നാലും കുഴപ്പമില്ല, ചികിത്സിക്കാം എന്നു ചിന്തിക്കുന്ന ആളുകൾ കൂടിയിട്ടുണ്ടെന്ന് ഡോക്ടർമാരും പറയുന്നു. ഈ സമീപനത്തിനുള്ള പ്രധാനകാരണങ്ങളിലൊന്ന് ഇൻഷുറൻസ് പരിരക്ഷനൽകുന്ന ആത്മവിശ്വാസമാണ്. അതോടെ രോഗപ്രതിരോധവും ജീവിതശൈലീ ക്രമീകരണങ്ങളുമൊക്കെ വിസ്മൃതിയിലാവും.

ഡോക്ടർമാരെ രോഗികൾതന്നെ തിരഞ്ഞെടുക്കുന്ന രീതിയും കേരളത്തിലുണ്ട്. തലവേദന വന്നാൽ ന്യൂറോളജിസ്റ്റിനെ കാണുക, നെഞ്ചുവേദന ഉണ്ടായാൽ കാർഡിയോളജിസ്റ്റിനെ കാണുക തുടങ്ങിയ രീതികൾ വ്യാപകമാണ്. ഡോക്ടർമാരുടെ ലഭ്യത കൂടിയതുകൊണ്ടാണ് ഈ പ്രവണത. പക്ഷേ, ഇത് അമിതവൈദ്യവത്‌കരണത്തിനും അമിതചികിത്സയ്ക്കും ധനദുർവിനിയോഗത്തിനും ഇടയാക്കുന്നുണ്ടെന്ന് ജനകീയാരോഗ്യപ്രവർത്തകർ പറയുന്നു. ഇതിന് പ്രതിവിധി കുടുംബഡോക്ടർ സങ്കല്പമാണെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

ഡോക്ടർമാരുടെ പ്രതിരോധചികിത്സ

കൂടുതൽ പണംമുടക്കി ഐ.സി.യു.വിൽ എത്തിച്ചാൽ ഏതു രോഗിയെയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാമെന്നാണ് പലരും കരുതുന്നത്. ഈ വിശ്വാസം തെറ്റുമ്പോൾ ചികിത്സകർക്കുനേരെയും ചികിത്സാസ്ഥാപനങ്ങൾക്കു നേരെയുമുള്ള അക്രമണങ്ങൾ പതിവു വാർത്തയാവുന്നു.

രോഗം മാറിയാൽ ദൈവത്തിന് നന്ദിയും മാറിയില്ലെങ്കിൽ തങ്ങൾക്ക് അടിയും എന്നൊരു അവസ്ഥയാണ് കേരളത്തിലെന്നുപറയുന്ന ഡോക്ടർമാർ ധാരാളമുണ്ട്. ഡോക്ടറും രോഗിയും പരസ്പരവിശ്വാസത്തോടെ നീങ്ങിയാലേ ഈ പ്രശ്നത്തിന് പരിഹാരമാവൂ. രോഗചികിത്സയല്ല, പ്രതിരോധമാണ് ആരോഗ്യത്തിന്റെ രഹസ്യമെന്ന് പൊതുസമൂഹവും അംഗീകരിക്കണം. ശരീരത്തിന് തകരാർവന്നാൽ ചികിത്സിക്കുന്ന പങ്കേ ആശുപത്രികൾക്കുള്ളൂ എന്ന് തിരിച്ചറിഞ്ഞാൽ തീരുന്നതാണ് മിക്ക പ്രശ്നങ്ങളും.

(തുടരും)