43 വര്‍ഷംമുമ്പാണ് ഞാന്‍ ഡോക്ടര്‍ വല്യത്താനെ കാണുന്നത്. താളംതെറ്റിയ ഹൃദയമിടിപ്പ് കാരണം ട്രാക്കില്‍നിന്ന് വിടവാങ്ങേണ്ടിവരുമെന്നു തോന്നിയ ഒരു ഘട്ടമായിരുന്നു അത്. അന്നദ്ദേഹത്തെ കണ്ടില്ലായിരുന്നെങ്കില്‍ രാജ്യാന്തരതലത്തില്‍ ഞാന്‍ നേടിയ 103 മെഡലുകളും മറ്റാര്‍ക്കെങ്കിലുമാകുമായിരുന്നു.

To advertise here,

1981-ല്‍ ബെംഗളൂരുവില്‍ നടന്ന ഇന്റര്‍‌സ്റ്റേറ്റ് മീറ്റാണ് സംഭവങ്ങളുടെ തുടക്കം. 100, 200 മീറ്ററില്‍ ഞാന്‍ ഓടി ഒന്നാമതായി. തുടര്‍ന്ന് 4x400 മീറ്റര്‍ റിലേ. അതില്‍ ടീം വിജയിച്ചപ്പോള്‍ സ്റ്റേഡിയത്തില്‍ ചിരിച്ചുകൊണ്ട് ഓടി നടന്നു. ഇതിനിടെ മൈതാനിയില്‍ വീണു. അത് വലിയ വാര്‍ത്തയായി. അന്നത്തെ സംസ്ഥാന കായികമന്ത്രി എ.സി. ഷണ്‍മുഖദാസ് വിദഗ്ധചികിത്സയ്ക്കായി ഡല്‍ഹി എയിംസില്‍ പറഞ്ഞയച്ചു. അവിടെനടന്ന പരിശോധനയില്‍ ഹൃദയമിടിപ്പിന് ഫിറ്റ്‌നസ് കിട്ടിയില്ല. ഒരു സെക്കന്‍ഡില്‍ നടക്കുന്ന ഹൃദയമിടിപ്പിനുശേഷം മൈക്രോ സെക്കന്‍ഡിന്റെ ഒരംശം സമയത്തില്‍ മിടിപ്പ് ഉണ്ടാകുന്നില്ലെന്നായിരുന്നു റിസള്‍ട്ട്. ഇനി മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. ഞാന്‍ കരച്ചിലുമായി കഴിച്ചുകൂട്ടി.

അമ്മാവന്‍ ടി.വി. നാരായണനാണ് എന്നെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. വല്യത്താന്റെ മുന്നിലെത്തിച്ചത്. അദ്ദേഹത്തിന്റെ പരിശോധനയിലും താളംതെറ്റിയ ഹൃദയമിടിപ്പുതന്നെ. ആദ്യം അദ്ദേഹം അമ്പരന്നെങ്കിലും കൂടുതല്‍ പരിശോധന കഴിഞ്ഞപ്പോള്‍ വല്യത്താന്‍ ഡോക്ടര്‍ അത് കാര്യമാക്കിയില്ല. നോര്‍മല്‍ ഇ.സി.ജി. എന്നുപറയുന്നത് സാധാരണ മനുഷ്യരുടേതാണെന്ന് അദ്ദേഹം വിലയിരുത്തി. ഫിറ്റന്‌സ് സര്‍ട്ടിഫിക്കറ്റും തന്നു. എയിംസിന്റെ റിപ്പോര്‍ട്ടിനെ മറികടന്നുകൊണ്ട് നല്‍കുന്ന സര്‍ട്ടിഫിക്കറ്റായതിനാല്‍ അദ്ദേഹം എല്ലാവശവും പരിശോധിച്ചു. അന്ന് ഡോ. വല്യത്താന്റെ സ്റ്റെതസ്‌കോപ്പ് നെഞ്ചില്‍വെച്ചില്ലായിരുന്നുവെങ്കില്‍ കായികലോകത്ത് ഞാന്‍ ഉണ്ടാവുമായിരുന്നില്ല. 60-ാംവയസ്സിലും എന്റെ ഹൃദയത്തിന്റെ താളം അതേപോലെ തന്നെ. ഡോക്ടറുടെ വിയോഗവാര്‍ത്ത അറിഞ്ഞപ്പോള്‍ എന്റെ ഹൃദയമൊന്നു പിടഞ്ഞു.