മനുഷ്യരുടെ ശാരീരികവും മാനസികവുമായ അവസ്ഥകള്‍ക്കനുസരിച്ചാണ് അവരുടെയുള്ളിലെ വികാരങ്ങളും രൂപപ്പെടുന്നത്. എന്നാല്‍ ഇവയോട് നാം നടത്തുന്ന പ്രതികരണങ്ങള്‍ പലപ്പോഴും ഈ അവസ്ഥകളെ വഷളാക്കാറാണ് പതിവ്. ഏതെങ്കിലും വിഷയത്തില്‍ നമ്മുടെ ഉള്ളില്‍ രൂപപ്പെടുന്ന ശക്തമായ വികാരം, പ്രവൃത്തിയായി മാറുന്നതിനുമുമ്പ് വൈകാരിക പ്രതികരണങ്ങളുടെ ഒരു ചക്രത്തിലൂടെ കടന്നുപോകുന്നുണ്ട്.

To advertise here,

ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുളവാക്കുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അതിനോട് നമ്മള്‍ ആദ്യം നടത്തുന്ന പ്രതികരണങ്ങള്‍ മിക്കപ്പോഴും അപക്വവും അപ്പോഴത്തെ ആവേശത്തിലുള്ളതുമായിരിക്കും. 'ഫൈറ്റ് ഓര്‍ ഫ്‌ളൈറ്റ്' എന്നു വിശേഷിപ്പിക്കുന്ന, അപകടത്തില്‍നിന്ന് സ്വയം രക്ഷിക്കാനുള്ള പ്രതികരണവും സ്വാഭാവികമായും ഉണ്ടാവും. അതിനുശേഷം, പ്രസ്തുത വിഷയത്തില്‍ സ്വന്തം നിലനില്‍പ്പിന് ആവശ്യമായ തീരുമാനം കൈക്കൊള്ളും. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പിന്നീടുള്ള നമ്മുടെ മാനസികാവസ്ഥ. ഇങ്ങനെയാണ് സാധാരണഗതിയില്‍ ഒരു വ്യക്തി അസാധാരണ സാഹചര്യങ്ങളോട് പ്രതികരിക്കുക. വികാരങ്ങളുടെ ഈ ചക്രം ഭേദിച്ച് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ ഇപ്പോഴത്തേക്കാള്‍ പക്വതയാര്‍ന്ന തീരുമാനങ്ങളെടുക്കാന്‍ നമുക്ക് സാധിക്കുമെന്നാണ് മനഃ
ശാസ്ത്രജ്ഞര്‍ പറയുന്നത്.

അവനവന്റെമേലുള്ള വിശ്വാസവും ആത്മധൈര്യവുമാണ് വികാരങ്ങളെ നിയന്ത്രിക്കാന്‍ ഏറ്റവും ആവശ്യമായ സംഗതിയെന്നാണ് സൈക്കോളജിസ്റ്റ് നിക്കോള്‍ ലെപ്പേര പറയുന്നത്. ഈ വിഷയത്തില്‍ നിക്കോള്‍ കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും പങ്കുവെച്ചിരുന്നു. വൈകാരികമായ പ്രതികരണങ്ങള്‍ ഒഴിവാക്കാനായി നിക്കോള്‍ കുറിച്ചത് അഞ്ച് കാര്യങ്ങളാണ്.

1) ഒരു ഇടവേളയെടുക്കുക എന്നതാണ് ആദ്യം വേണ്ടത്. തീവ്രമായ വികാരങ്ങളോട് അടിയന്തരപ്രതികരണം നടത്താതെ, എന്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അതിനോട് എങ്ങനെ പ്രതികരിക്കണമെന്നും ഒരു ബ്രേക്ക് എടുത്ത് ആലോചിക്കണം. ഇത് നമ്മുടെ ചിന്തകളെ ക്രോഡീകരിക്കാനും മനസ്സിനെ കംപോസ് ചെയ്യാനും സഹായിക്കും.

2) ഇത്തരം സാഹചര്യങ്ങളില്‍ സംഭവിക്കുന്ന വയറ് കൊളുത്തിപ്പിടിക്കല്‍, ഹൃദയമിടിപ്പ് കൂടല്‍ മുതലായ ശാരീരികസംവേദനങ്ങളെ ഉള്‍ക്കൊള്ളുകയും അവയെ സാധൂകരിക്കുകയും വേണം. അവയെ അഭിമുഖീകരിക്കുക എന്നത് പ്രധാനമാണ്.

3) നന്നായി ശ്വാസോച്ഛ്വാസം സംഭവിക്കുമ്പോഴാണ് ശരീരം ശാന്തമാകുന്നത്. ഇത് ഉത്കണ്ഠ കുറച്ച് ശരീരത്തിനും മനസ്സിനും സുരക്ഷാസന്ദേശങ്ങള്‍ കൈമാറും.

4) വികാരങ്ങളെ പുറന്തള്ളലാണ് അടുത്തത്. നമ്മുടെ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം സാധാരണത്തേതുപോലെയാക്കാന്‍ കരച്ചിലിലൂടെയോ ശരീരത്തിന്റെ വിറയലിലൂടെയോ മറ്റുവിധേനയോ ഉള്ളിലുള്ള വികാരങ്ങളെ പുറന്തള്ളണം.

5) ഒരു സംഭവത്തോട് മറ്റൊരു സംഗതിയിലൂടെ പ്രതികരിക്കുക (react) എന്നതിനേക്കാള്‍ നല്ല ആലോചനയിലൂടെയുള്ള പ്രവര്‍ത്തനം (respond) നടത്തുകയാണ് വേണ്ടതെന്നും നിക്കോള്‍ പറയുന്നു.