1940-50-കളോടെ വർഷം അഞ്ചുലക്ഷം പേരെയെങ്കിലും ബാധിക്കുന്ന ഒരു വ്യാധിയായി പോളിയോ മാറി. പോളിയോ വൈറസിനെ 1908-ൽ കാൾ ലാൻഡ്സ്റ്റെയ്നറും (Karl Landsteiner) ഇർവിൻ പോപ്പറും (Erwin Popper) ചേർന്ന്‌ കണ്ടെത്തിയിരുന്നുവെങ്കിലും ലബോറട്ടറിയിൽ വലിയ തോതിൽ വൈറസിനെ വളർത്താനുള്ള രീതികളുടെ അഭാവം വാക്സിനുത്പാദനത്തിനു വിലങ്ങുതടിയായി. കുരങ്ങന്മാരിലും മനുഷ്യന്റെ നാഡീകോശങ്ങളിലുമൊക്കെയാണ്‌ പോളിയോ വൈറസിനെ അക്കാലത്തു വളർത്തിയിരുന്നത്‌.

To advertise here,

പോളിയോക്കെതിരേ രണ്ട്‌ വ്യക്തികൾ

ഇവരുടെയൊന്നും പേരല്ല പക്ഷേ, പോളിയോ നിർമാർജനത്തിന്റെ മഹത്സംരംഭവുമായി നാം ചേർത്തുവായിക്കാറുള്ളത്‌ - ജോനാസ്‌ സാൽക്കിന്റെയും (Jonas Salk) ആൽബർട്ട്‌ സാബിന്റേതുമാണ്‌ (Albert Sabin) - പോളിയോ പ്രതിരോധത്തിന്റെ വ്യതിരിക്തമായ രണ്ടുമുഖങ്ങൾ - പോളിയോയെ തോൽപ്പിക്കാൻ അവർ പരസ്പരം പോരാടി. പോളിയോ യുദ്ധത്തിൽ ആദ്യം മുൻതൂക്കം നേടിയത്‌ ജോനാസ്‌ സാൽക്കാണ്‌. ഫ്ലൂവിനെതിരേ കിൽഡ്‌ വാക്സിനുണ്ടാക്കിയ ഡോക്ടർ തോമസ്‌ ഫ്രാൻസിസിന്റെ ശിഷ്യനായ സാൽക്‌, കുരങ്ങുകളുടെ വൃക്കയിലെ കോശങ്ങളിൽ വൻതോതിൽ പോളിയോ വൈറസിനെ വളർത്താമെന്നു കണ്ടെത്തി (1951). വളരെവേഗംതന്നെ അദ്ദേഹം 3-തരം പോളിയോ വൈറസിനുമെതിരേ കിൽഡ്‌ വാക്സിനുണ്ടാക്കി. അതിനിടെ അമേരിക്കയിൽ 1952-ൽ 60,000 കുട്ടികൾക്ക്‌ പോളിയോ ബാധിച്ചത്‌ സാൽക്കിന്റെ ഉദ്യമത്തിന്‌ അടിയന്തരപ്രാധാന്യം നൽകി. 1953-ൽ അദ്ദേഹം കിൽഡ്‌ വാക്സിൻ സ്വന്തം മക്കളടക്കം ചുരുക്കം കുട്ടികളിൽ പരീക്ഷിച്ചു സുരക്ഷ തെളിയിച്ചു, എന്നിട്ട്‌ 1954-ൽ അമേരിക്ക കണ്ട ഏറ്റവും വലിയ ക്ലിനിക്കൽ ട്രയലുകൾക്കൊന്നിനു നേതൃത്വം കൊടുത്തു - 13 ലക്ഷം കുട്ടികൾക്കു വാക്സിനോ പ്ലാസിബോയോ നൽകി. ഒരു വർഷത്തോളമെടുത്തു വാക്സിന്റെ ഫലപ്രാപ്തി മനസ്സിലാക്കാനുള്ള പരിശോധനകൾക്ക്‌. ഒടുവിൽ 1955-ൽ സാൽക്കിന്റെ പോളിയോ വാക്സിൻ അംഗീകാരം നേടി.

സാൽക്കിന്റെ കിൽഡ്‌ പോളിയോ വാക്സിൻ കുത്തിവെപ്പിന്‌ പോരായ്മകളുണ്ടായിരുന്നു. അത്‌ കിൽഡ്‌ വാക്സിനായതിനാൽ ദീർഘകാല സംരക്ഷണം നൽകില്ല എന്നതായിരുന്നു ആൽബർട്ട്‌ സാബിന്റെ വാദം. അദ്ദേഹം അധികം താമസിയാതെ വീര്യംകുറച്ച സജീവ (live) പോളിയോ വാക്സിൻ - നമുക്കെല്ലാം പരിചിതമായ പോളിയോ തുള്ളിമരുന്ന്‌- തയ്യാറാക്കി. ഉദരത്തിലൂടെ നാഡീകോശങ്ങളിലേക്കു പടരുന്ന പോളിയോയെ നേരിടാൻ വായിലൂടെ നൽകുന്ന തുള്ളിമരുന്നിനു കഴിവേറുമെന്നും സജീവ വാക്സിനായതിനാൽ കുറച്ചുകൂടി ത്വരഗതിയിലുള്ളതും ശക്തിമത്തായതുമായ പ്രതിരോധം ലഭ്യമാകുമെന്നും കുത്തിെവപ്പിനുപകരം മധുരമുള്ള തുള്ളിമരുന്ന്‌ വളരെ പെട്ടെന്നു കുട്ടികൾക്കിടയിൽ വിതരണം ചെയ്യാമെന്നതുമായിരുന്നു സാബിന്റെ വാക്സിന്റെ ആകർഷണീയമായ വശങ്ങൾ.

പക്ഷേ, സാൽക്കിന്റെ വാക്സിന്‌ അംഗീകാരം കിട്ടിയതിനാൽ മറ്റൊരു വലിയ ക്ലിനിക്കൽ ട്രയലിനു അമേരിക്കയിൽ സാബിന്‌ പിന്തുണ കിട്ടിയില്ല. അദ്ദേഹം സോവിയറ്റ്‌ യൂണിയനിലാണ്‌ ഉദ്ദേശം 10 ലക്ഷത്തോളം കുട്ടികളിൽ വിജയകരമായി പരീക്ഷണം (Clinical trial) നടത്തിയത്‌. എന്തിനു പറയട്ടെ, 1960-ഓടെ സാബിന്‍റെ വാക്സിന്‌ അമേരിക്കയിലടക്കം പല രാജ്യങ്ങളിലും അംഗീകാരം കിട്ടിയെന്നു മാത്രമല്ല അത്‌ മിക്കവാറും എല്ലായിടത്തും സാൽക്കിന്റെ വാക്സിനു പകരമാകുകയും ചെയ്തു. തത്ഫലമായി 1979-ഓടെ അമേരിക്ക പോളിയോ നിർമാർജനം നേടി.

ഇന്ത്യ ഒന്നിക്കുന്നു

1978 മുതൽ പോളിയോ നിർമാർജനത്തിനുള്ള ശ്രമങ്ങൾ ഇന്ത്യയിൽ ആരംഭിച്ചു. 1984-’85-ൽ യൂണിവേഴ്‌സൽ ഇമ്യൂെെണസേഷൻ പ്രോഗ്രാം (YIP) വഴി വാക്സിൻ സംരക്ഷണം കൂടുതൽ കുട്ടികളിലേക്കെത്തിക്കാൻ കഴിഞ്ഞു. രാജ്യത്തെ പൂർണമായി പോളിയോമുക്തമാക്കാൻ 1994 ഗാന്ധിജയന്തിദിനത്തിൽ ഇന്ത്യ പൾസ്‌ പോളിയോ പ്രോഗ്രാം ഊര്‍ജിതമായി ആരംഭിക്കുമ്പോൾ ലോകത്തിലെ 60 ശതമാനം പോളിയോ കേസുകളും ഇന്ത്യയിൽനിന്നാണ്‌ റിപ്പോർട്ട്‌ ചെയ്തിരുന്നത്‌.

ഇന്ന്‌ ലോകത്തെ രണ്ടു രാജ്യങ്ങളിലാണ്‌ പോളിയോ വ്യാധിയുള്ളത്‌; പാകിസ്താനിലും അഫ്ഗാനിസ്താനിലും. ഈ രാജ്യങ്ങളിൽപ്പോലും വർഷങ്ങളായുള്ള പോളിയോ നിർമാർജനശ്രമങ്ങൾമൂലം വളരെ കുറച്ചുകേസുകളേ ഇപ്പോൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുള്ളൂ. പക്ഷേ, ആഫ്രിക്കയിലെയും ഏഷ്യയിലെയും പല രാജ്യങ്ങളിലും രോഗം പൊട്ടിപ്പുറപ്പെടാൻ ഇനിയും സാധ്യതയുള്ളതിനാലും മറ്റു രാജ്യങ്ങളിൽനിന്നു യാത്രക്കാരിലൂടെയും മറ്റും രോഗം ഇനിയുമെത്താൻ സാധ്യതയുള്ളതിനാലും ഇന്ത്യയിൽ ദേശീയമായും പ്രാദേശികമായും പോളിയോ തുള്ളിമരുന്ന്‌ വിതരണം തുടർന്നു പോരുന്നു. അധികം താമസിയാതെ വസൂരിക്കുശേഷം മറ്റൊരു മഹാമാരികൂടി മനുഷ്യരെ പൂർണമായും വിട്ടൊഴിയുമെന്നു നമുക്ക്‌ പ്രതീക്ഷിക്കാം.

ന്യൂയോർക്കിൽ ഫൈസർ വാക്സിൻസിന്റെ ഡയറക്ടറാണ് ലേഖകൻ.