പലതരത്തിലുള്ള അപൂർവമായ ഈറ്റിങ് ഡിസോർഡറുകളേക്കുറിച്ച് (ഭക്ഷണം കഴിക്കുന്നതിലെ അപര്യാപ്തതകള്‍) കേട്ടിട്ടുണ്ടാകും. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ തിന്നുന്നത് ശീലമാക്കുന്നതും ഒരുതരം ഈറ്റിങ് ഡിസോർഡറാണ്. അത്തരത്തിൽ സോഫ, ഗ്ലാസ്, കിടക്കവിരി തുടങ്ങിയവ കഴിക്കുന്നത് ശീലമാക്കിയ ഒരു മൂന്നുവയസ്സുകാരിയുടെ വാർത്തയാണ് അടുത്തിടെ പുറത്തുവന്നത്. ബ്രിട്ടൻ സ്വദേശിയായ വിന്റർ ഹിയേൺ എന്ന പെൺകുട്ടിയാണ് ചുമരിലെ പ്ലാസ്റ്റർ, സോഫയിലെ പഞ്ഞി തുടങ്ങിയവ സദാസമയം ചവച്ചുനടക്കുന്നത്. പൈക എന്നാണ് ഈ ഈറ്റിങ് ഡിസോർഡറിനെ വിദഗ്ധർ വിളിക്കുന്നത്.
മകൾക്ക് ഈ അത്യപൂർവ അവസ്ഥയായതിനാൽ ദിവസത്തിലേറിയ പങ്കും അവൾ ഇത്തരത്തിലെന്തെങ്കിലും കഴിക്കുന്നുണ്ടോ എന്നുനോക്കി പിന്നാലെയുണ്ടാകുമെന്ന് അമ്മ സ്റ്റേസി പറയുന്നു. പുതിയ സോഫയുടെ ഭാഗങ്ങൾപോലും മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് വിന്റർ കഴിക്കുമായിരുന്നുവെന്ന് അമ്മ പറയുന്നു. തീർന്നില്ല ഗ്ലാസ് കൊണ്ടുള്ള വസ്തുക്കൾപോലും മകൾ ചവയ്ക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് സ്റ്റേസി പറയുന്നു. എന്നാൽ ഇതുവരെ മകൾ സ്വയം ഉപദ്രവിക്കുകയോ മറ്റുള്ളവരെ ഉപദ്രവിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നതാണ് തങ്ങൾക്ക് ആശ്വാസമുളവാക്കുന്നതെന്നും അവർ പറഞ്ഞു. പൈക എന്ന ഈറ്റിങ് ഡിസോർഡറിനൊപ്പം ഓട്ടിസ്റ്റിക് കൂടിയാണ് വിന്റർ.
എന്താണ് പൈക?
ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ കഴിക്കുന്ന അവസ്ഥയെ പറയുന്ന പേരാണിത്. പ്രത്യേകിച്ച് കുട്ടികളിലും ചിലതരം രോഗാവസ്ഥയുള്ളവരിലുമാണ് ഇതുകണ്ടുവരാറുള്ളത്. പൊതുവേ ഈയവസ്ഥ ഉപദ്രവകാരിയല്ലെങ്കിലും കഴിക്കുന്ന വസ്തുക്കൾ പലതും അപകടാവസ്ഥയുണ്ടാക്കാം. തെറാപ്പിയിലൂടെയും ജീവിതശൈലീമാറ്റങ്ങളിലൂടെയും ഇതിന് പരാഹാരം കണ്ടെത്താമെന്നാണ് വിദഗ്ധർ പറയുന്നത്. അസാധാരണമായ വസ്തുക്കൾ തിന്നുന്ന പൈക എന്ന ഒരിനം പക്ഷിയുടെ പേരിൽ നിന്നാണ് ഈയവസ്ഥയ്ക്കും ഈ പേര് ലഭിച്ചത്.
ആരെയെല്ലാം ബാധിക്കാം?
ഏതു പ്രായക്കാരേയും പൈക ബാധിക്കാമെങ്കിലും പ്രത്യേകിച്ച് മൂന്നുവിഭാഗങ്ങളിലാണ് കണ്ടുവരാറുള്ളത്. ആറുവയസ്സിനു താഴെയുള്ള കുട്ടികൾ, ഗർഭിണികൾ കൂടാതെ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, സ്കിസോഫ്രീനിയ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരെയും ബാധിക്കാം.
സങ്കീർണതകൾ
ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ കഴിക്കാനുള്ള ത്വര ഇക്കൂട്ടർക്ക് തടയാനാകില്ല, എന്തൊക്കെതരം വസ്തുക്കളാണ് തിന്നുന്നത് എന്നതിനെ അപേക്ഷിച്ച് അവസ്ഥയും സങ്കീർണമാകാം. കഴിച്ചാലും പ്രശ്നമില്ലാത്ത ചില വസ്തുക്കളാണ് ചിലർ ശീലമാക്കുന്നതെങ്കിൽ മറ്റുചിലർ ടോക്സിക് ആയ അപകടകരമായ വസ്തുക്കൾ കഴിക്കുന്നത് ശീലമാക്കാം. ചിലരിൽ മുടി വരെ തിന്നുന്ന ശീലമുണ്ടാകാം. ഇത് ദഹനപ്രക്രിയയെ താറുമാറിലാക്കും. മാത്രമല്ല സ്വയം ഈയവസ്ഥ ആലോചിച്ച് മാനസികനില തകരാറിലാവുകയും ചെയ്യും. മണ്ണുംമറ്റും തിന്നുന്ന ശീലമുള്ളവരിൽ പാരസൈറ്റ്, ഫംഗി, ബാക്ടീരിയ, വൈറസ് അണുബാധകളുമുണ്ടാകാം. പൈക എന്ന അവസ്ഥയുള്ള പലർക്കും അതേക്കുറിച്ച് വിദഗ്ധരോട് തുറന്നുപറയാനോ ചികിത്സ തേടാനോ ഭയവും മടിയും മൂലം കഴിയാറില്ല.
ലക്ഷണങ്ങൾ
- അനീമിയ
- വിരശല്യം
- മലബന്ധം
- അണുബാധ
- ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ
- ഹൃദയസ്പന്ദനത്തിലെ തകരാറുകൾ
- ചെറുകുടലിലെയും വൻകുടലിലെയും തടസ്സങ്ങൾ
- ലെഡ് പോയ്സണിങ്
ഇക്കൂട്ടർ പൊതുവേ കഴിക്കുന്നവ
ചാരം, ചോക്ക്, മണ്ണ്, പൗഡർ, മുട്ടയുടെ തോട്, വിസർജ്യം, മുടി, നാരുകൾ, ഐസ്, പേപ്പർ, ചെറിയ കല്ലുകൾ, മൃഗങ്ങൾക്കുള്ള ഭക്ഷണങ്ങൾ, സോപ്പ്, കമ്പിളിയോ വസ്ത്രമോ.
കാരണം
എന്താണ് പൈകയ്ക്ക് പിന്നിലെ കാരണമെന്നത് സംബന്ധിച്ച യഥാർഥ കാരണമൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. പക്ഷേ ചില ഘടകങ്ങൾ സാധ്യത വർധിപ്പിക്കാം. അമിതസമ്മർദത്തിലൂടെ കടന്നുപോകുന്നവർ അതിനെ മറികടക്കാൻ ഈ ഈറ്റിങ് ഡിസോർഡറിൽ അഭയം തേടാറുണ്ട്. കുട്ടിക്കാലത്തെ അരക്ഷിതാവസ്ഥകളും മറ്റും ഇതിലേക്ക് നയിച്ചേക്കാം. അയൺ, കാൽസ്യം, സിങ്ക് തുടങ്ങിയവയുടെ കുറവുകളും കാരണമാകാറുണ്ട്. ഗർഭവും സിക്കിൾ സെൽ അനീമിയ രോഗവും ഈയവസ്ഥയിലേക്ക് നയിക്കാറുണ്ട്. ചില മരുന്നുകളും പൈകയ്ക്ക് സമാനമായ അവസ്ഥയിലേക്ക് നയിക്കുമെന്ന് പറയാറുണ്ട്.
രോഗസ്ഥിരീകരണം
രക്തം, മൂത്രം, മലം തുടങ്ങിയവയിലെ പരിശോധനകളിലൂടെ അണുബാധ, വിഷബാധ, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ തുടങ്ങിയവ പരിശോധിക്കും. ഈയവസ്ഥ കൊണ്ട് എന്തെങ്കിലും ആന്തരികപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് എക്സ്-റേ, സി.ടി. സ്കാൻ, എം.ആർ.ഐ. തുടങ്ങിയവയിലൂടെ പരിശോധിക്കും. കൂടാതെ ഇ.സി.ജി., ഇ.കെ.ജി. എന്നിവയിലൂടെ ഹൃദയതാളവും പരിശേധിക്കും.
ചികിത്സ
ഗർഭിണികളിലെ പൈക സ്വാഭാവികമായി തന്നെ ഇല്ലാതാവുകയാണ് പതിവ്. പൊതുവേ തെറാപ്പികളിലൂടെയും മറ്റും ഭക്ഷ്യയോഗ്യമായവയെയും അല്ലാത്തവയെയും തിരിച്ചറിയാൻ പഠിപ്പിക്കുകയും മറ്റുകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യും. ചിലഘട്ടങ്ങളിൽ ആന്റിസൈക്കോട്ടിക് മരുന്നുകളും നൽകാറുണ്ട്.
Content Highlights: pica rare eating disorder causes and symptoms
Published: 25 Mar 2024, 08:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented