ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച് മുമ്പും തുറന്നുപറഞ്ഞിട്ടുള്ള താരമാണ് ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്. അപസ്മാരം സ്ഥിരീകരിച്ചതിനേക്കുറിച്ചും വിമാനയാത്രയ്ക്കിടെ ഒന്നിലേറെ തവണ അപസ്മാരം ഉണ്ടായതിനേക്കുറിച്ചുമൊക്കെ ഫാത്തിമ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ബുളീമിയ എന്ന ഈറ്റിങ് ഡിസോർ‍ഡറിലൂടെ കടന്നുപോയതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഫാത്തിമ. ദംഗൽ സിനിമയുടെ ചിത്രീകരണ സമയത്താണ് താൻ അനിയന്ത്രിതമായി ഭക്ഷണം കഴിക്കുന്ന ശീലത്തിലേക്ക് പോയതെന്നും ഫാത്തിമ പറയുന്നുണ്ട്.

To advertise here,

ദംഗൽ എന്ന ചിത്രത്തിനുവേണ്ടി വണ്ണം വെക്കേണ്ടതുണ്ടായിരുന്നു. അന്ന് മൂന്നുമണിക്കൂറോളം പരിശീലനം ഉണ്ടായിരുന്നു, അതുകൊണ്ടുതന്നെ ദിവസവും വണ്ണംവെക്കാനായി 2500 മുതൽ 3000 കലോറിയോളം കഴിക്കാൻ തുടങ്ങി. സിനിമ കഴിഞ്ഞതോടെ എന്റെ പരിശീലനവും മുടങ്ങി, പക്ഷേ അപ്പോഴും മുമ്പ് കഴിച്ചിരുന്ന അതേ 3000 കലോറി കഴിക്കുമായിരുന്നു. കാരണം അതെന്റെ ശീലമായി മാറിയിരുന്നു.- നടി റിയ ചക്രബർത്തിക്കൊപ്പമുള്ള പോ‍ഡ്കാസ്റ്റ് ഷോയ്ക്കിടെയാണ് ഫാത്തിമ ഇതേക്കുറിച്ച് പങ്കുവെച്ചത്.

രണ്ടുവർഷത്തോളം താൻ ബുളീമിയയുമായി മല്ലിടുകയുണ്ടായെന്നും ഫാത്തിമ പറയുന്നുണ്ട്. എപ്പോഴും തനിക്ക് വിശപ്പാണ്, ഭക്ഷണത്തേക്കുറിച്ചുതന്നെ ആലോചിച്ചിരിക്കും. ഭക്ഷണം തന്റെ കംഫർട്ട് ഇടമായി മാറിയെന്നും മണിക്കൂറുകളോളം നിർത്താതെ ഭക്ഷണം കഴിക്കാൻ തനിക്കാവുമെന്നും ഫാത്തിമ പറയുന്നു. ഇതുകൊണ്ടുതന്നെ പലപ്പോഴും തന്നോട് സ്വയം വെറുപ്പ് തോന്നും. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രണ്ടുമണിക്കൂറോളം ഭക്ഷണം കഴിച്ചിരുന്നിട്ടുണ്ട്. പിന്നെ പട്ടിണിയിലേക്ക് മാറും. വീട്ടിൽ നിന്ന് പുറത്തുപോലും ഇറങ്ങാത്ത രീതിയിൽ അതുതന്നെ വലച്ചിട്ടുണ്ടെന്നും ഫാത്തിമ പറയുന്നുണ്ട്.

ഭക്ഷണവുമായുള്ള തന്റെ അനാരോഗ്യകരമായ ബന്ധത്തെ ചൂണ്ടിക്കാണിച്ചത് ദംഗലിലെ സഹതാരം കൂടിയായ സാന്യ മൽഹോത്രയാണെന്നും ഫാത്തിമ പറയുന്നു. എന്നാൽ എന്താണ് തെറ്റെന്ന് അപ്പോഴും മനസ്സിലായിരുന്നില്ല. പക്ഷേ പിന്നീട് നാണക്കേട് തോന്നുകയും താൻ ചെയ്യുന്നത് ശരിയല്ലെന്ന് മനസ്സിലാവുകയും ചെയ്തു. ഈ ശീലം തന്റെ മാനസികാരോഗ്യത്തേക്കൂടി ബാധിക്കുന്നതായി മനസ്സിലാക്കിയെന്നും ഫാത്തിമ വ്യക്തമാക്കുന്നു.

അമിതമായി ഭക്ഷണം കഴിക്കുന്നതല്ല പ്രശ്നം, മറിച്ച് അവനവനിൽ തന്നെയാണ് പ്രശ്നമെന്നും അരക്ഷിതാവസ്ഥയാണ് ഇതിലേക്കെല്ലാം നയിക്കുന്നതെന്നും ഫാത്തിമ പറയുന്നു.

എന്താണ് ഈറ്റിങ് ഡിസോർഡർ?

ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കും വിധത്തിൽ ഭക്ഷണക്രമത്തിലുണ്ടാകുന്ന താളക്രമവും അതുമായി ബന്ധപ്പെട്ട അസ്വസ്ഥപ്പെടുത്തുന്ന ചിന്തകളുമാണ് ഈറ്റിങ് ഡിസോർ‍ഡർ. അനോറെക്സിയ നെർവോസ, ബുളീമിയ നെർവോസ, ബിഞ്ച് ഈറ്റിങ് ഡിസോർ‍ഡർ എന്നിങ്ങനെ പലവിഭാഗങ്ങളുണ്ട്. ഈറ്റിങ് ഡിസോർ‍ഡർ ഉള്ള ഒരു വ്യക്തി വളരെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുകയോ അമിതമായി കഴിക്കുകയോ ചെയ്തേക്കാം. മനഃശാസ്ത്രപരമായ ഈ അവസ്ഥ ശാരീരിക അവസ്ഥയെയും സാരമായി ബാധിക്കാം. ജൈവശാസ്ത്രപരം, ജനിതകം , മനഃശാസ്ത്രപരവുമായ കാരണങ്ങളാലാണ് ഈറ്റിങ് ഡ‍ിസോർഡർ ഉണ്ടാകുന്നത്. ഒരാൾ തന്റെ ശരീരത്തിന് ആവശ്യമായതിലും അധികം ഭക്ഷണം കഴിക്കുന്നതും ആ അളവിനേക്കാൾ വളരെ കുറവ് കഴിക്കുന്നതുമൊക്കെ ഈറ്റിങ് ഡിസോർ‍ഡറിന്റെ പരിധിയിൽ വരും.

ഈറ്റിങ് ഡിസോർഡറിന്റെ ചില ലക്ഷണങ്ങൾ

അമിതമായി വണ്ണം കുറയൽ

പൊതുഇടത്തിൽ ഭക്ഷണംകഴിക്കാനുള്ള ആശങ്ക

ഭാരം, ഭക്ഷണം, കലോറി, കൊഴുപ്പ്, ഡയറ്റിങ് എന്നിവയെക്കുറിച്ചുള്ള വ്യഗ്രത

ഭക്ഷണം ഒഴിവാക്കുക

അമിതവണ്ണം വെക്കുമോ എന്ന ഭയം

ഭക്ഷണത്തിന്റെ അളവ് നന്നേ കുറയ്ക്കുക

അമിതമായി വ്യായാമം ചെയ്യൽ

വയറുവേദന, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ

തലകറക്കം

എപ്പോഴും തണുപ്പ് അനുഭവപ്പെടൽ

ഉറക്കത്തിലെ ക്രമക്കേട്

ആർത്തവ ക്രമക്കേടുകൾ

മസിലുകൾ ക്ഷയിക്കുന്നത്

പ്രതിരോധശേഷി കുറയൽ

ഈറ്റിങ് ഡിസോർഡറിന്റെ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയംചികിത്സ നടത്താതെ വിദഗ്ധ ഉപദേശം തേടണം.