അഡിക്ഷൻമുതൽ അൽസ്‌ഹൈമേഴ്‌സ്‌വരെയുള്ള പല അസുഖങ്ങൾക്കും ചികിത്സയ്ക്ക് ഉപയോഗിച്ചേക്കാവുന്ന മരുന്ന് ഇപ്പോൾ നിലവിലുണ്ട് എന്നത് ഈ നൂറ്റാണ്ടിലെ സ്ഫോടനാത്മകമായ കണ്ടുപിടിത്തമായുള്ള വ്യാഖ്യാനം വന്നുകഴിഞ്ഞു. ഒസെമ്പിക് (Ozempic) എന്ന മരുന്ന്. സമാനമായ വെഗോവി (Wegovy) യോടൊപ്പം. പ്രമേഹത്തിനും പിന്നീട് അമിതവണ്ണത്തിനുംവേണ്ടി ആവിഷ്കരിക്കപ്പെട്ടതായിരുന്നു ഈ മരുന്ന്.
വിശപ്പ് കുറയ്ക്കുകയെന്നതാണ് ഈ മരുന്നുകളുടെ അടിസ്ഥാന ധർമം. പിന്നീട് തലച്ചോറിന്റെ പ്രവർത്തനങ്ങൾ, കിഡ്‌നിയുടെ ധർമം ഇവയൊക്കെ സുഗമമാക്കാനുള്ള ഉപാധിയായി ഈ മരുന്നുകൾ ഉപയോഗിക്കാമെന്ന് കണ്ടുപിടിച്ചു. ഉറക്കപ്രശ്നങ്ങൾ, അൽസ്‌ഹൈമേഴ്‌സ്, വിഷാദരോഗം, കാഴ്ചപ്രശ്നങ്ങൾ, കരളിന്റെ അസുഖങ്ങൾ, വേദന ഇവയ്ക്കെല്ലാമുള്ള ഒറ്റമൂലിയാണീ മരുന്നുകളത്രേ. കൂടാതെ മദ്യം, ലഹരികൾ, സിഗരറ്റ് എന്നിവയോടുള്ള ആസക്തിയും കുറയ്ക്കുമെന്നാണ് അറിവ്. അമിതവണ്ണമോ പ്രമേഹമോ ഉള്ളവരുടെ സർവരോഗസംഹാരിയെന്ന് ഓമനപ്പേര് വിളിക്കാം ഒസെമ്പിക്കിനെയും സമാനമരുന്നുകളെയും.
അമേരിക്കയിൽ ഇന്ന് പരക്കേ ഉപയോഗിക്കപ്പെടുന്നു, ഒസെമ്പിക്കും വെഗോവിയും. ഓരോ ആഴ്ചയും 25,000 പേർ പുതുതായി ഉപയോഗിച്ചുതുടങ്ങുന്നുണ്ടെന്നാണ് കണക്ക്. മറ്റുപല രാജ്യങ്ങളിലും ഈ ശീലം പ്രചാരത്തിലാകുന്നുണ്ട്. കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ രണ്ടാമത്തെ മരുന്നായിരുന്നു ഒസെമ്പിക്. എണ്ണത്തിൽ 2023-നെക്കാളും 26 ശതമാനം കൂടുതൽ.
ഒന്നല്ല ഒരുപിടി
വിശപ്പ് കുറയ്ക്കാനുള്ള മരുന്നുകളുടെ അന്വേഷണങ്ങൾ പണ്ടേ തുടങ്ങിയിരുന്നു, അതിൽ അവസാനത്തേതാണ് ഒസെമ്പിക്കും വെഗോവിയും സമാനമായ മറ്റുപല മരുന്നുകളും. തൃപ്തിയായി, വയറുനിറഞ്ഞുവെന്ന തോന്നലുളവാക്കുന്ന ഒരു ഹോർമോണിനെ (GLP-1) അനുകരിക്കുന്ന ‘ഡ്യൂപ്‌ളിക്കേറ്റു’കളാണ് ഇവയെല്ലാം. കുറച്ച് ആഹാരം കഴിക്കുമ്പോൾത്തന്നെ ഈ തോന്നൽ വരുത്താൻ ഇവയ്ക്ക് കഴിയും. അതോടൊപ്പം ഇവ ഇൻസുലിൻ നിർമാണത്തിന്റെ തോത് കൂട്ടുന്നുമുണ്ട്. അതുകൊണ്ടാണ് പ്രമേഹത്തിന് ഈ മരുന്ന് ഉപയുക്തമാകുന്നത്.
തലച്ചോറും ഒസെമ്പിക്കും
മദ്യാസക്തി കുറയ്ക്കുന്നതിൽ ഈ മരുന്ന് കൂടുതൽ ഫലപ്രദമാകുന്നത് അമിതവണ്ണമുള്ളവരിലാണ്. അവരിൽ ആസക്തിയുളവാക്കുന്ന തന്ത്രങ്ങൾ വേറിട്ടതാകാൻ സാധ്യതയുണ്ടെന്നാണ് അനുമാനം. അമിതവണ്ണമുള്ളവരിലെ കൊഴുപ്പുകോശങ്ങൾ, നീർവീക്കം (inflammation) ഉളവാക്കുന്ന ത്വരകവസ്തുക്കൾ സ്രവിക്കുന്നുണ്ട്. ഒസെമ്പിക്കും മറ്റ് മരുന്നുകളും ഈ പ്രതിഭാസത്തിന്റെ തീവ്രത കുറയ്ക്കുമ്പോൾ അത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുകയും അതുവഴി ഭാവാവസ്ഥകളും വികാരങ്ങളും സുഖാനുഭൂതിയിലേക്ക് മാറുകയും ചെയ്യുമത്രേ.
ഒസെമ്പിക് തലച്ചോറിനെ എങ്ങനെ നവീകരണരീതികളിലേക്ക് നയിക്കുന്നുവെന്നതിന് ചില സിദ്ധാന്തങ്ങൾ നിലവിലുണ്ട്. പെരുമാറ്റങ്ങളിൽ വ്യതിയാനംവരുന്നത് തലച്ചോറിന്റെ ചില പ്രയോഗരീതിമാറ്റംമൂലമാണ്. എന്നാൽ ,മേൽച്ചൊന്ന മരുന്നുകൾ വലിയ പ്രോട്ടീൻ തന്മാത്രകളാണ്, തലച്ചോറിൽ പ്രവേശിക്കാൻ എളുപ്പമുള്ളവയല്ല. പക്ഷേ, ചിലയിടങ്ങളിൽ ഈ പ്രതിബന്ധങ്ങൾ അത്ര കടുത്തതല്ല, ഒസെമ്പിക്കും സമാനമരുന്നുകളും തലച്ചോറിനകത്ത് കടക്കും.
അതിലൊന്ന് മനംപുരട്ടൽ ഉളവാക്കുന്ന തലച്ചോറിടമാണ്. ഏറ്റവും കീഴ്ഭാഗത്തുള്ള ‘കാണ്ഡം’ (brainstem) ആണിത്. ഒസെമ്പിക്കും മറ്റ് മരുന്നുകളും ഹൈപ്പോതലാമസ് എന്നൊരിടത്തും പ്രാഭവംചെലുത്തുന്നുണ്ട്, ഊർജം സംഭരിക്കുന്നതിനെയും ചെലവഴിക്കുന്നതിനെയും നിയന്ത്രിക്കുന്നതാണ് ഈ ഇടം. മറ്റൊന്ന് ഏറ്റവും നീളംകൂടിയ മസ്തിഷ്കഞരമ്പായ വേഗസ് (vagus nerve) വഴി ശരീരത്തിന്റെ പല സമതുലിതാവസ്ഥകളെ ബാധിക്കുന്നതാണ്.
സർവരോഗസംഹാരി?
അമിതവണ്ണത്തിനും പ്രമേഹത്തിനുമല്ലാതെ മറ്റ് അസുഖങ്ങൾക്കും ഈ മരുന്നുകൾ ഫലപ്രദമാണെന്നതിന് തെളിവുകൾ ധാരാളം ലഭിക്കുന്നുണ്ട്. ഹൃദ്രോഗങ്ങൾക്ക് ഉചിത ചികിത്സാവിധിയാണെന്നതിന് തെളിവുകൾ ശക്തമാണ്. മസ്തിഷ്കാഘാതവും ഹൃദയസ്തംഭനവും ഗണ്യമായി കുറയ്ക്കുന്നുണ്ട് ഇവ. അമേരിക്കയിലെ FDA-യുടെ (Food and Drug Administration) അംഗീകാരവും ഈ മരുന്ന് നേടിക്കഴിഞ്ഞു. കിഡ്‌നി അസുഖങ്ങൾക്ക്, പ്രത്യേകിച്ചും പ്രമേഹരോഗികളിൽ ഈ മരുന്നുചികിത്സ വളരെ ഫലപ്രദമത്രേ. ക്ളിനിക്കൽപരീക്ഷണങ്ങൾ തെളിയിക്കുന്നത് ഉറക്കത്തിൽ ശ്വാസംനിലയ്ക്കുന്ന അസുഖത്തിനും ഈ മരുന്നുകൾ ഉപയോഗിക്കാമെന്നാണ്. അൽസ്‌ഹൈമേഴ്‌സ് അസുഖത്തിനുള്ള ഉചിതചികിത്സ ഈ മരുന്നുകൾവഴിയാവാമെന്നതിന് തെളിവുകൾ ലഭിച്ചുവരുകയാണ്.
വിഷാദരോഗം, പ്രത്യേകിച്ചും പ്രമേഹരോഗികളുടേത് ചികിത്സിക്കാൻ ഒസെമ്പിക്കും മറ്റ് മരുന്നുകളും ഉപയുക്തമാകുമെന്ന് വ്യക്തമായ സൂചനകളുണ്ട്. പ്രായമാകുമ്പോൾ കാഴ്ചക്കുറവ് വരുന്നത് പ്രതിരോധിക്കാനും ഈ മരുന്നുകൾക്ക് ശക്തിയുണ്ടത്രേ. വാതസംബന്ധിയായ പേശീവേദന കുറയ്ക്കാനും ഈ മരുന്നുകൾ ഉപയോഗിക്കാമെന്നത് തീർച്ചയാക്കപ്പെട്ടുകൊണ്ടിരിക്കയാണ്.
മദ്യപാനശീലംകൊണ്ടല്ലാത്ത കരളിന്റെ അസുഖങ്ങൾക്കും ഈ ചികിത്സാമാർഗം ഉചിതമാണത്രെ. പഠനങ്ങൾ കൂടുതലായും നടത്തിയിട്ടുള്ളത് അമിതവണ്ണമോ പ്രമേഹമോ ഉള്ളവരിലാണ്,
സാധാരണക്കാരിൽ ഈ മരുന്ന് എത്ര ഫലപ്രദമാകുമെന്നതിന് തെളിവുകൾ കൂടുതൽ ലഭിക്കേണ്ടിയിരിക്കുന്നു. വയറ്റിൽ അസുഖം, വയർ ഒഴിച്ചിൽ, മനംപുരട്ടൽ ഇങ്ങനെ ചില പാർശ്വഫലങ്ങളുണ്ട് ഈ മരുന്നുകൾക്ക്, അത് മറക്കേണ്ട. മരുന്ന് നിർത്തിയാൽ അമിതവണ്ണം തിരിച്ചുവരുന്നുവെന്നും സ്ഥിരം വ്യായാമംചെയ്യേണ്ടിയിരിക്കുന്നുവെന്നും അറിയുന്നുണ്ട് ഇപ്പോൾ.
ഇപ്പോൾ വലിയ വിലയാണ് ഈ മരുന്നിന് എന്നത് ലഭ്യതയെ ബാധിക്കുന്നുണ്ട്. അമേരിക്കയിൽ ഇൻഷുറൻസ് കമ്പനികൾ ഈ മരുന്നുകൾ ലിസ്റ്റിൽ പെടുത്തിയിട്ടില്ല, ഇംഗ്ളണ്ടിൽ ദേശീയ ആരോഗ്യ സ്‌കീമുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അമിതവണ്ണവും ഒപ്പം അനുബന്ധ അസുഖങ്ങളുമുള്ളവർക്കേ ഇത് ലഭ്യമാകൂ എന്നുമാത്രം.
Content Highlights: Ozempic and Wegovy are revolutionizing healthcare
Published: 30 Apr 2025, 08:25 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented