ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ആരോഗ്യപരിരക്ഷ. സമഗ്ര ആരോഗ്യ പരിശോധന ചില സ്ഥാപനങ്ങളിൽ അവരുടെ തൊഴിലിന്റെ ഭാഗമായി നടത്തുന്നുണ്ട്. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാവരും എല്ലാവർഷവും ആരോഗ്യ പരിശോധനകൾക്ക് വിധേയരാകണമെന്ന് നിഷ്കർഷിക്കുന്ന സ്ഥാപനങ്ങൾ അനവധിയാണ്. അതിനുവേണ്ടി വരുന്ന ചെലവും അതാത് സ്ഥാപനങ്ങൾ വഹിക്കുന്നു. ഇത്തരം സൗകര്യങ്ങൾ ഇല്ലാത്ത മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെ ഉദ്ദേശിച്ചാണ് ഈ ലേഖനം.
പലപ്പോഴും പുരുഷന്മാർക്ക് എന്തെങ്കിലും തരത്തിൽ ഇത്തരം പരിശോധനകൾ ലഭ്യമാകുന്നുണ്ട്. എന്നാൽ ഒരു വീട്ടമ്മയ്ക്കോ, മറ്റു ചെറിയ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്കോ ഈ രീതിയിൽ ഒരു പരിരക്ഷ ലഭിക്കുന്നില്ല. സാധാരണഗതിയിൽ പ്രസവം കഴിഞ്ഞ സ്ത്രീകൾ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രം ഡോക്ടറെ കാണുകയും പ്രശ്നത്തിന് പരിഹാരം കാണുകയും ചെയ്യും. രോഗരഹിതരായി ആരോഗ്യത്തോടെ ഇരിക്കുന്ന അവസ്ഥയിൽ തന്നെ രോഗം വരാതിരിക്കുന്നതിന് ഉപദേശം തേടുകയും അതിനുവേണ്ട പരിശോധനകൾ ചെയ്യുകയും ചെയ്യേണ്ടത് ആരോഗ്യപ പരിരക്ഷയിലെ പ്രധാന ഘടകമാണ്. ഇതിലുപരി ഒരു വിധത്തിലുമുള്ള ആരോഗ്യപ്രതിരോധ പരിശോധനകൾക്ക് അവർ വിധേയരാകാറില്ല. ഇതിൽ നിന്നും ഒരു വ്യത്യാസം തീർച്ചയായും വരേണ്ടതായിട്ടുണ്ട്. കേരളീയർ വിദ്യാഭ്യാസ സമ്പന്നരാണ്, എന്നാൽ ആരോഗ്യകാര്യങ്ങളിൽ വേണ്ട രീതിയിലുള്ള പ്രാധാന്യം നൽകുന്നില്ല എന്നതാണ് വാസ്തവം. ഒരു സ്ത്രീയുടെ ആരോഗ്യപരിരക്ഷ എന്നത് പ്രസവത്തിലും പ്രസവശുശ്രൂഷയിലും മാത്രമായി ഒതുങ്ങുന്നു. ഒരു വ്യക്തി അസുഖമുള്ളപ്പോൾ മാത്രം ഡോക്ടറെ കാണുന്ന രീതി മാറണം.
എന്തിനാണ് സമഗ്ര ആരോഗ്യ പരിരക്ഷ നടത്തുന്നത്?
പല രോഗങ്ങളും അവയുടെ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടുപിടിക്കാൻ സാധിക്കുന്നു. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പേ സ്ക്രീനിംഗ് പരിശോധനകളിലൂടെ രോഗനിർണ്ണയം സാദ്ധ്യമാണ്. ആരോഗ്യത്തെപ്പറ്റി നാം ചിന്തിക്കുന്നത് രോഗം വന്നതിനുശേഷം ആകരുത്. പല രോഗങ്ങളും മുൻകൂട്ടി അറിയാൻ സാധിക്കുന്ന സംവിധാനങ്ങൾ നിലവിലുണ്ട്. ഈ ഒരു ലക്ഷ്യത്തോടെയാണ് സമഗ്ര ആരോഗ്യ പരിശോധനകൾ നിലവിലുള്ളത്.
ഹൃദയപേശികളിൽ രക്തം എത്തിക്കുന്ന മഹാധമനികളിൽ കൊഴുപ്പ് കൊണ്ടോ രക്തക്കട്ട മൂലമോ കൃത്യമായി രക്തം എത്തിക്കാൻ പറ്റാതെ വരുമ്പോഴാണ് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്നത്. ശരീരത്തിലും രക്തത്തിലും കൊഴുപ്പിന്റെ അളവ് കൂടുന്നത് മൂലമാണ് രക്ത ധമനികളിൽ കൊഴുപ്പ് അടിയുന്നത്. ഇത് നേരത്തെ അറിയാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. രക്തത്തിലെ കൊളസ്ട്രോൾ, ഗ്ലൂക്കോസ് എന്നിവയുടെ അളവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതാണ്. വളരെ കാലമായി പ്രമേഹം ഉള്ളവരിലും കൊളസ്ട്രോളിന്റെ അളവ് കൂടി നിൽക്കുന്നവരിലും രക്തസമ്മർദ്ദം കൂടുതലുള്ളവരിലും ഹൃദയാഘാതം വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇത്തരം രോഗികൾ ഒരു ഹൃദ്രോഗ വിദഗ്ധനെ കാണേണ്ട ആവശ്യകത അനിവാര്യമാണ്. ശരീരത്തിലെ കൊഴുപ്പ് കൂടുന്നത് രക്തസമ്മർദ്ദനത്തിന് കാരണമാകുന്നു. ഇസിജി മുതലായ പരിശോധനകൾ ഒരു പ്രായം വരെ എല്ലാവരും ചെയ്യേണ്ടതായിട്ടില്ല, എന്നാൽ കൊളസ്ട്രോൾ, ഗ്ലൂക്കോസ് മുതലായ രക്ത പരിശോധനകളും രക്തസമ്മർദ്ദവും പരിശോധിക്കുന്നതിലൂടെ പല രോഗങ്ങളുടെയും പ്രതിരോധം സാദ്ധ്യമാകുന്നു.
എല്ലാവരും സാധാരണ രീതിയിൽ ഒരു ഭയത്തോടെ നോക്കിക്കാണുന്ന രോഗമാണ് അർബുദം. നിരവധി സ്ക്രീനിംഗ് പരിശോധനയിലൂടെ രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പേ അർബുദരോഗം കണ്ടുപിടിക്കാൻ സാധിക്കും. രോഗാവസ്ഥയുടെ പ്രാരംഭഘട്ടത്തിൽ രോഗലക്ഷണങ്ങൾ നേരിയ രീതിയിൽ പ്രകടമായാലും അത് സാരമാക്കാതെ പോകുന്നതാണ് കാൻസർ രോഗനിർണ്ണയം വൈകുന്നതിന്റെ പ്രധാന കാരണം. രോഗം അവസാന ഘട്ടത്തിൽ എത്തിയാൽ ശസ്ത്രക്രിയയിലൂടെയോ മരുന്നിലൂടെയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ രോഗിയുടെ ജീവൻ നിലനിർത്താൻ സാധിക്കുകയില്ല എന്നുള്ളതാണ് അർബുദത്തെ സംബന്ധിച്ച് വൈഷമ്യകരമായ ഒരു പ്രധാന വസ്തുത. രക്തബന്ധമുള്ള കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും അർബുദം ബാധിച്ചിട്ടുണ്ടെങ്കിലോ, അസാധാരണമായ ശാരീരിക മാറ്റങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിലോ സ്ക്രീനിംഗ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.
സ്ത്രീകളിലെ അർബുദം
സ്ത്രീകളെ സംബന്ധിച്ച് കൂടുതലായും കണ്ടുവരുന്നത് സ്തനാർബുദം, ഗർഭാശയ കാൻസർ, ഗർഭാശയമുഖത്തെ സെർവിക്സ് കാൻസർ, അണ്ഡാശയത്തിന്റെ അകത്തുള്ള കാൻസർ എന്നിവയാണ്. ഇവയൊക്കെ തന്നെയും രോഗം ബാധിക്കുന്നതിന് മുമ്പേ കണ്ടുപിടിക്കാനുള്ള പരിശോധനകൾ ഉണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ സെർവിക്കൽ കാൻസർ ഉള്ളത് ഇന്ത്യയിലാണ്. കേരളത്തിലെ ആരോഗ്യ സൂചികകൾ വളരെ മെച്ചപ്പെട്ടതുകൊണ്ട് രോഗികളുടെ എണ്ണം കേരളത്തിൽ താരതമ്യേന കുറവാണ്. എന്നിരുന്നാലും കേരളത്തിലും അർബുദ രോഗനിർണ്ണയം നടക്കുന്നത് പ്രാരംഭഘട്ടത്തിലല്ല. കാൻസർ സർവിക്സ് വരുന്നതിന് 10 വർഷം മുമ്പ് അത് കണ്ടുപിടിക്കാൻ സാധിക്കും. Ayer's spatula എന്ന ഉപകരണം വച്ച് ഗർഭാശയത്തിന്റെ മുഖത്ത് നിന്ന് കോശങ്ങൾ ശേഖരിച്ച് പരിശോധിക്കുന്നതിലൂടെ കാൻസർ സർവിക്സ് ഉണ്ടോ, അതിലേക്ക് നയിക്കുന്ന വ്യത്യാസങ്ങൾ ഉണ്ടോ എന്ന് കണ്ടുപിടിക്കാൻ സാധിക്കുന്നു. പരിശോധനാ ഫലം നോർമൽ ആണെങ്കിൽ മൂന്നു വർഷത്തിനുശേഷം വീണ്ടും ഈ പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. 30 വയസ്സ് മുതൽ 65 വയസ്സ് വരെ പാപ്സ്മിയർ പരിശോധന കൃത്യമായ ഇടവേളകളിൽ (മൂന്ന് വർഷം കൂടുമ്പോൾ) നടത്തേണ്ടതാണ്.
പരിശോധനാ ഫലം നോർമൽ അല്ലെങ്കിൽ രോഗിയെ കിടത്തി ചികിത്സിക്കേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ കാൻസർ സർവിക്സിലേക്ക് നയിച്ചേക്കാവുന്ന കോശങ്ങളെ ഇലക്ട്രോ തെറാപ്പിയിലൂടെ എടുത്തുമാറ്റാൻ സാധിക്കുന്നു. അതിനുശേഷവും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തേണ്ടതാണ്. ഇത്തരത്തിൽ പരിശോധന നടത്തുന്നതിലൂടെ പ്രാരംഭഘട്ടത്തിൽ തന്നെ രോഗനിർണ്ണയം സാദ്ധ്യമാകുന്നു. പ്രാരംഭ ഘട്ടത്തിൽ ശസ്ത്രക്രിയയിലൂടെ രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. കാൻസർ അതിർത്തി ഭേദിച്ച് ഉള്ളിലെ കോശങ്ങളിൽ ബാധിച്ചിട്ടുണ്ടെങ്കിൽ ശസ്ത്രക്രിയയോ അതോടൊപ്പം കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവയോ ചെയ്ത് ആ രോഗിയുടെ ജീവിത ദൈർഘ്യം കൂട്ടാൻ സാധിക്കും. ഇതൊക്കെ സാദ്ധ്യമാകണമെന്നുണ്ടെങ്കിൽ കൃത്യമായ പരിശോധനകളോടൊപ്പം ഗൈനക്കോളജിസ്റ്റ് കൺസൾട്ടേഷനും നടത്തേണ്ടതാണ്. കാൻസർ സർവിക്സിന്റെ ലക്ഷണങ്ങൾ വെള്ളപോക്ക്, ആയാസമുള്ള ജോലികൾ ചെയ്യുമ്പോൾ മാസമുറ കൂടാതെ ഇടയ്ക്ക് രക്ത പൊട്ടുകൾ കാണുക, ലൈംഗികബന്ധത്തിനുശേഷം രക്ത പൊട്ടുകൾ കാണുക എന്നിങ്ങനെയാണ്. യോനീഭാഗത്തോ ഗർഭാശയ മുഖത്തോ എന്തെങ്കിലും അണുബാധകൾ ഉണ്ടെങ്കിലോ ഇത്തരം രക്തപ്പാടുകൾ കാണാം. മാസമുറയ്ക്ക് ഇടയ്ക്ക് വരുന്ന Inter Menstural bleeding അഥവാ രക്തസ്രാവം എപ്പോഴും കാൻസർ ആയിരിക്കണമെന്നില്ല. എന്നാൽ അസാധാരണമായി വേദനയോ ചൊറിച്ചിലോ ഇല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വെള്ളപോക്ക് ഉണ്ടെങ്കിൽ കാൻസർ സർവിക്സ് ആണോ എന്ന് പരിശോധിക്കുക.
ഗർഭാശയ കാൻസർ ഉണ്ടെങ്കിൽ മാസമുറയിൽ വ്യത്യാസം വരിക, മാസമുറ നേരത്തെ വരിക, രക്തം വളരെയധികം നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ഈസ്ട്രജന്റെ അളവ് കൂടുമ്പോൾ ഗർഭാശയത്തിന്റെ അകത്തുള്ള പാട വളർന്നുകൊണ്ടിരിക്കുകയും ആർത്തവ സമയത്ത് രക്തസ്രാവം വളരെ കൂടുതൽ ആയിരിക്കുകയും ചെയ്യുന്നു. ഈ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ ഗൈനക്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്യുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം ഗർഭാശയത്തിന്റെ സ്കാൻ ചെയ്ത് ഗർഭാശയമുഖത്തിന്റെ അകത്തെ പാടയുടെ (Endometrium) ഘനം പരിശോധിച്ച് പ്രായത്തിനനുസരിച്ചുള്ള ഘനമേയുള്ളോ എന്ന് മനസ്സിലാക്കേണ്ടതാണ്. അതിൽ അസാധാരണമായി എന്തെങ്കിലും ഉണ്ടെങ്കിൽ ബയോപ്സിക്ക് വിധേയരാകേണ്ടതാണ്. ബയോപ്സി ഫലത്തിന് അനുസൃതമായ ചികിത്സാരീതി തിരഞ്ഞെടുക്കാവുന്നതാണ്. ബയോപ്സി ഫലത്തിന്റെ അടിസ്ഥാനത്തിൽ ഗർഭാശയം എടുത്തുകളയുകയോ ഹോർമോൺ ചികിത്സയ്ക്ക് വിധേയരാവുകയോ ചെയ്യാവുന്നതാണ്.
അണ്ഡാശയ കാൻസർ രോഗികളിൽ PCOD ഉള്ളവർ, കൃത്യതയില്ലാത്ത മാസമുറ വരുന്നവർ, വണ്ണം കൂടുതൽ ഉള്ളവർ, പ്രമേഹമോ അമിത രക്തസമ്മർദ്ദമോ ഉള്ളവർ, കുടുംബത്തിൽ ആർക്കെങ്കിലും അണ്ഡാശയ കാൻസറിന്റെ ചികിത്സയുടെ ചരിത്രം ഉള്ളവർ തുടങ്ങിയവർ ഉൾപ്പെടുന്നു.
അണ്ഡാശയ കാൻസർ ആണെങ്കിൽ ലക്ഷണങ്ങൾ ഒന്നും പ്രകടമാകില്ല എന്നതാണ് ഖേദകരമായ ഒരു വസ്തുത. ആർത്തവവിരാമം വന്ന സ്ത്രീകളിലാണ് ഇത് സാധാരണയായി കാണുന്നതെങ്കിലും ആർക്കുവേണമെങ്കിലും ഇത് വരാം. പ്രായത്തിനനുസരിച്ച് രോഗ തീവ്രത കൂടുന്നു. ആർത്തവവിരാമം വന്ന സ്ത്രീകളിൽ അണ്ഡാശയ കാൻസർ ബാധിക്കുമ്പോൾ ഉള്ള ലക്ഷണങ്ങൾ ആഹാരത്തോടുള്ള വെറുപ്പ്, വയറിനകത്ത് ഭാരം തോന്നുക, വിശപ്പില്ലായ്മ, ക്ഷീണം എന്നിങ്ങനെയാണ്. മാസമുറ കഴിയുന്ന സ്ത്രീകളിൽ ഇത് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ ആണെന്ന് കരുതി ഇവ അവഗണിക്കരുത്. 45 വയസ്സിനുശേഷം എല്ലാ സ്ത്രീകളും സ്ക്രീനിംഗ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. അണ്ഡാശയ കാൻസർ പ്രാരംഭദശയിൽ കണ്ടുപിടിച്ചാൽ ഫലവത്തായ ചികിത്സ നൽകാൻ സാധിക്കുന്നു.
സ്തനാർബുദം
കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ഒന്നാണ് സ്തനാർബുദം. ഇതിന് വളരെ നൂതനമായ ചികിത്സ നിലവിലുണ്ട്. മുമ്പ് അസുഖം ബാധിച്ച സ്തനം എടുത്തുകളയുകയാണ് ചികിത്സാ മാർഗ്ഗമായി സ്വീകരിച്ചിരുന്നത്. ഇത് സ്ത്രീകളെ ശാരീരികമായി മാത്രമല്ല മാനസികമായും ബാധിച്ചിരുന്നു. എന്നാൽ ഇന്ന് മറ്റു പല നൂതന ചികിത്സാരീതികളും ഉണ്ട്. രോഗം പ്രാരംഭഘട്ടത്തിൽ കണ്ടെത്തുകയാണെങ്കിൽ മുഴ മാത്രം എടുത്ത് കളഞ്ഞിട്ട് രോഗത്തിന്റെ ഘട്ടം അനുസരിച്ച് ആവശ്യമെങ്കിൽ റേഡിയോ തെറാപ്പി, കീമോ തെറാപ്പി എന്നിവയ്ക്ക് വിധേയരാകാം. ആരംഭ ഘട്ടത്തിൽ രോഗം തിരിച്ചറിയുകയാണെങ്കിൽ ലളിതമായ ചികിത്സയിലൂടെ രോഗശാന്തി നേടാൻ കഴിയും. എന്നാൽ പിന്നീടുള്ള ഘട്ടങ്ങളിൽ കണ്ടുപിടിക്കുമ്പോൾ അതിനനുസരിച്ച് ചികിത്സ ദുഷ്കരമാകുന്നു. അതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ ഇടവേളകളിൽ സ്ക്രീനിംഗ് പരിശോധനകൾ നടത്തേണ്ടതാണ്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് വരെ കാത്തിരിക്കേണ്ടതില്ല. എല്ലാ മാസവും സ്വയം പരിശോധന നടത്തുന്നതിന്റെ പ്രാധാന്യവും രീതിയും ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഗർഭാശയ കാൻസർ, മാറിടത്തിലെ കാൻസർ, അണ്ഡാശയ കാൻസർ, കുടലിലെ കാൻസർ എന്നിവ പാരമ്പര്യമായും വരാൻ സാധ്യതയുള്ളതാണ്. അത്തരത്തിൽ കുടുംബത്തിൽ ആർക്കെങ്കിലും വന്നിട്ടുണ്ടെങ്കിൽ ഡോക്ടറോട് അത് തുറന്നു പറയേണ്ടതാണ്. രക്തപരിശോധനയിലൂടെ ജീൻ സ്റ്റഡി ചെയ്യുകയാണെങ്കിൽ രോഗസാധ്യത മുൻകൂട്ടി അറിയാൻ സാധിക്കുന്നു.
ഒരു പ്രായത്തിനുശേഷം രോഗങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും മെഡിക്കൽ ചെക്കപ്പ് നടത്തേണ്ടത് അനിവാര്യമാണ്. അതിനെ പൈസ ചിലവുള്ള ഒരു പ്രക്രിയയായും ഭയത്തോടെയും നോക്കി കാണാതെ രോഗപ്രതിരോധ മാർഗ്ഗമായി കണ്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരം ആവശ്യമായ പരിശോധനകൾ കൃത്യമായി നടത്തിയാൽ ആരോഗ്യകരമായ വിപത്തുകളിൽ നിന്നും നമുക്ക് രക്ഷനേടാം.
പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ആണ് ലേഖിക.
Content Highlights: Ovarian cancer often shows no early symptoms, making regular screening vital for women over 45., Comprehensive health checkups help detect life-threatening diseases in their early, treatable stages., Cervical cancer can be detected up to 10 years in advance using Pap smear tests
Published: 19 Aug 2026, 12:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented